ആവശ്യത്തിന് സോപ്പും വെള്ളവുമില്ല, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നു, കൊറോണ ഭീതിയില്‍ അഭയാർത്ഥി ക്യാമ്പുകൾ

By Web TeamFirst Published Mar 15, 2020, 2:40 PM IST
Highlights

മോറിയ ക്യാമ്പിൽ ആവശ്യത്തിന് വെള്ളവും സോപ്പും ലഭ്യമല്ല. ചില ഭാഗങ്ങളിൽ ഓരോ 1,300 ആളുകൾക്കും ഒരു വാട്ടർ ടാപ്പ് മാത്രമേയുള്ളൂ. 
മൂന്ന് ചതുരശ്ര മീറ്ററിനകത്ത് അഞ്ചോ ആറോ കുടുംബങ്ങൾ ചേർന്നാണ് രാത്രി ഉറങ്ങുന്നത് തന്നെ.

ഗ്രീക്ക് ദ്വീപായ ലെസ്ബോസിലെ കുപ്രസിദ്ധമായ ക്യാമ്പാണ് മോറിയ. വെറും 2,800 പേർക്കായി നിർമ്മിച്ച അവിടത്തെ ക്യാമ്പിൽ തങ്ങുന്നത് 26,000 കുടിയേറ്റക്കാരാണ്. മാലിന്യത്തിന്റെ നടുക്കാണ് അവർ കഴിയുന്നത്. ശുദ്ധമായ വെള്ളമോ, ഭക്ഷണമോ ഇല്ലാതെ നരകിക്കുകയാണ് അവർ. ഒന്ന് കുളിക്കണമെങ്കിൽ പോലും നീണ്ടനിരയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരും. വൃത്തിഹീനമായ സാഹചര്യത്തിൽ ചുണങ്ങും, പേനും, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി ദുരിതമനുഭവിക്കുകയാണ് അവിടെ ജനങ്ങൾ. ഇന്ന് ലോകം മുഴുവൻ കോറോണയുടെ പിടിയിലമരുമ്പോൾ അവരും ഭീതിയിലാണ്. കാരണം ഈ വൃത്തിഹീനമായ ക്യാമ്പുകളില്‍ കൊറോണ ബാധിച്ചാല്‍ എന്താവും എന്ന ഭീതിയിലാണ് അവർ.   

 

കൊറോണ വൈറസ് യൂറോപ്പിൽ പിടിമുറുക്കുമ്പോൾ ഈ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾ ഭീതിയുടെ നിഴലിലാണ്. ആശങ്കകൾ രൂക്ഷമായിത്തീർന്നതിനാൽ ഡോക്ടേഴ്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‍സ് (Doctors Without Borders) എന്ന സംഘടന മോറിയയെയും ഗ്രീക്ക് ദ്വീപുകളിലെ മറ്റുള്ളവരെയും ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ ആദ്യ കേസ് ലെസ്ബോസിൽ സ്ഥിരീകരിച്ചതിനുശേഷം ഈ അവസ്ഥയെക്കുറിച്ചുള്ള ഭയം ദിവസം ചെല്ലുംതോറും വർദ്ധിച്ചു വരികയാണ്. വൈറസിനെ ചെറുക്കാൻ ആളുകൾ തമ്മിൽ അകലം പാലിക്കണമെന്നും, സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണമെന്നും, വൃത്തി ശീലിക്കണമെന്നുമുള്ള കാര്യങ്ങൾ ആ ക്യാമ്പുകളില്‍ പക്ഷേ നടപ്പിലാക്കാൻ സാധിക്കില്ല എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.   

 

“മോറിയ ക്യാമ്പിൽ ആവശ്യത്തിന് വെള്ളവും സോപ്പും ലഭ്യമല്ല. ചില ഭാഗങ്ങളിൽ ഓരോ 1,300 ആളുകൾക്കും ഒരു വാട്ടർ ടാപ്പ് മാത്രമേയുള്ളൂ.  മൂന്ന് ചതുരശ്ര മീറ്ററിനകത്ത് അഞ്ചോ ആറോ കുടുംബങ്ങൾ ചേർന്നാണ് രാത്രി ഉറങ്ങുന്നത് തന്നെ. വൈറസ് പടരാതിരിക്കാൻ പതിവായി കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ പോലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുക അസാധ്യമാണ്” ഗ്രീസിലെ ഓർഗനൈസേഷന്‍റെ മെഡിക്കൽ കോർഡിനേറ്റർ ഹിൽഡ് വോച്ചെൻ പറഞ്ഞു. 

 

അഭയാർഥികൾക്കിടയിൽ കൊറോണ പൊട്ടിപ്പുറപ്പെടാതിരിക്കാൻ സഹായ ഏജൻസികൾ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. രോഗനിർണയ പരിശോധന നടത്താൻ ലാബുകൾ സജ്ജമാക്കുകയും പുതിയ ശൗചാലയങ്ങളും കൈകഴുകുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും നിർമ്മിക്കുകയും ശുചിത്വത്തെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുകയും ചെയ്യുന്നതിനായുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളാൻ അവർ സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. അവർക്കിടയിൽ വൈറസ് എങ്ങാനും പൊട്ടിപ്പുറപ്പെട്ടാൽ അതിവേഗം ഒരു ദുരന്തമായി അത് മാറിയേക്കാം.

അതുപോലെ തന്നെയാണ് സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യ പോലുള്ള സ്ഥലങ്ങളും. തുർക്കി പിന്തുണയുള്ള വിമതരും റഷ്യൻ പിന്തുണയുള്ള സിറിയൻ ഭരണകൂടങ്ങളും തമ്മിലുള്ള കനത്ത പോരാട്ടം ഈ പ്രദേശത്തെ തകർക്കുകയും കഴിഞ്ഞ മാസങ്ങളിൽ ഏകദേശം ഒരു ദശലക്ഷം ആളുകളെ തുർക്കി അതിർത്തിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. വൈറസ് ആളുകൾക്കിടയിൽ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ വേണ്ടതെല്ലാം ചെയ്യും എന്ന് ലോകാരോഗ്യ സംഘടന പറയുന്നുവെങ്കിലും ഒരു ദശലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന അവിടം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്.  

യുഎൻ കണക്കുകൾ പ്രകാരം ആറ് ദശലക്ഷം പേർ സിറിയയിൽ തന്നെ അഭയാർത്ഥികളാണ്. അതിൽ 290,000 പേർ ക്യാമ്പുകളിൽ താമസിക്കുന്നു, ബാക്കിയുള്ളവർ മറ്റ് ക്രമീകരണങ്ങളിൽ താമസിക്കുന്നു. എന്നാൽ തീർത്തും നിരാശാജനകമായ സാഹചര്യത്തിലാണ് അവർ കഴിയുന്നത്. ലോകത്തെവിടെയും അഭയാർഥികൾക്ക് COVID-19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുഎൻ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി അഭിപ്രായപ്പെട്ടു. പക്ഷേ, അത് ആശ്വാസകരമാണ് എന്ന് പറയാൻ കഴിയില്ല. ലോകത്തിന്റെ പല ഭാഗത്തും അതിന്റെ വ്യാപനം വർദ്ധിക്കുമ്പോൾ എപ്പോൾ വേണമെങ്കിലും ക്യാമ്പുകൾ കൊറോണ വൈറസിനാൽ ബാധിക്കപ്പെട്ടേക്കാം. ഒരിക്കൽ വൈറസ് വ്യാപിക്കാൻ തുടങ്ങിയാൽ പിന്നെ അതിനെ പിടിച്ച് കെട്ടാൻ പ്രയാസമാകും. പിന്നീട് ഒരു വലിയ ദുരന്തത്തിലായിരിക്കും അത് അവസാനിക്കുക. 

കോവിഡ് -19 കേസുകൾ ക്യാമ്പുകളോട് കൂടുതൽ അടുത്താണ് റിപ്പോർട്ട് ചെയ്യുന്നത് എന്നതും ഭീതിയ്ക്ക് ഇടനൽകുന്നു. രാജ്യത്ത് കൊറോണ വൈറസ് ഇല്ലെന്ന് സിറിയൻ സർക്കാർ പറയുമ്പോഴും, ഭരണകൂട അനുകൂലികൾ പോലും അത് സംശയത്തോടെയാണ് കാണുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത അവിടെ വളരെ ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന കരുതുന്നു. 3.7 ദശലക്ഷം സിറിയൻ അഭയാർഥികൾ താമസിക്കുന്ന തുർക്കി ഉൾപ്പെടെയുള്ള സിറിയയുടെ അഞ്ച് അയൽ രാജ്യങ്ങളിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിലും, സെർബിയയിലും താമസിക്കുന്ന അഭയാർഥികളുടെയും സ്ഥിതി മറ്റൊന്നല്ല. നിരാശാജനകമായ അവസ്ഥയിലാണ് അവർ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും അതിന്റെ വ്യാപനം തടയാൻ പാടുപെടുകയാണ് ലോകരാജ്യങ്ങൾ. അപ്പോൾ വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ, വൃത്തിഹീനമായ സാഹചര്യത്തിൽ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളുടെ കാര്യം പ്രതേകിച്ച് പറയേണ്ടതില്ലല്ലോ. ഇങ്ങനെ തുടർന്നാൽ, അവിടം ഒരു വലിയ ദുരന്തഭൂമിയാകാൻ അധികം താമസം വേണ്ട. ഇത് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണം. 

click me!