ദേ ഇങ്ങനെയാണ് ബ്രിട്ടീഷുകാര്‍ നമ്മുടെ 'കറി' കടത്തിക്കൊണ്ടു പോയത്

By Web TeamFirst Published Jul 28, 2018, 5:40 PM IST
Highlights

1810 -ല്‍ ലണ്ടനിലാണ് ആദ്യത്തെ ഇന്ത്യന്‍ റസ്റ്റോറന്‍റ് വന്നത്. അതിലെ മെനുവിലുണ്ടായിരുന്ന വിഭവങ്ങള്‍ കിച്ചടി, ചട്ട്ണി, പുലാവ് എന്നിവയായിരുന്നു. 

കറി ഇന്ത്യക്കാരുടേതാണ്. എന്തൊക്കെ ഉണ്ടെങ്കിലും ഒരിത്തിരി കറിച്ചാറില്ലെങ്കില്‍ നമുക്ക് ഭക്ഷണമിറങ്ങാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ബ്രിട്ടനില്‍ നേരത്തേ അങ്ങനെ കറിയൊന്നുമുണ്ടായിരുന്നില്ല. എന്നാലിന്ന് ബ്രിട്ടനില്‍ 1200 കറി ഹൗസുണ്ടത്രെ. തമിഴിലെ kari എന്ന വാക്കില്‍ നിന്നാണ് നമ്മുടെ കറി ഉണ്ടാകുന്നത്. അതായത് ദ്രവരൂപത്തിലുള്ള മസാല ചേര്‍ത്ത ഒരു സംഭവമെന്നോ മറ്റോ ആണ് അര്‍ത്ഥം. പിന്നീടത് ഒരു സ്വാഭാവിക പേരായി ഉപയോഗിച്ചു തുടങ്ങി. അതില്‍ ചേര്‍ക്കുന്ന മസാലകള്‍ മാറിയാലോ പച്ചക്കറി മാറിയാലോ ഇറച്ചി മാറിയാലോ എല്ലാം കറി, കറി തന്നെ. 

എന്നാല്‍, 1958ലാണ് ഇംഗ്ലീഷില്‍ കറിക്കൊരു നിര്‍വചനമുണ്ടായത്. പക്ഷെ, കറി വയ്ക്കാനുള്ള ആദ്യത്തെ റെസിപ്പി ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കുന്നത് 1747ലാണ്. അപ്പോഴേക്കും ബ്രിട്ടീഷുകാര്‍ പതിയെ പതിയെ ഇന്ത്യയിലെത്തി തുടങ്ങിയിരുന്നു. ആയിരക്കണക്കിന് ബ്രിട്ടീഷ് സ്ത്രീകളും പുരുഷന്മാരും ഇന്ത്യ സന്ദര്‍ശിച്ചു തുടങ്ങി. ഇവിടെ ജീവിച്ചു തുടങ്ങി. അവരുടെ പാചകക്കാരും വീട്ടില്‍ വേലയ്ക്ക് നിന്നവരുമെല്ലാം ഇന്ത്യക്കാരായിരുന്നു. ചിലരൊക്കെ അവരുടെ തന്നെ ഭക്ഷണരീതി പിന്തുടരാനാഗ്രഹിച്ചിരുന്നു. പക്ഷെ, ഇന്ത്യയില്‍ നിന്ന് തിരികെ പോകുമ്പോള്‍ അവരെല്ലാം ഇന്ത്യയുടെ രുചികളും മനസില്‍ കരുതി വച്ചു. എല്ലാ ഇന്ത്യന്‍ വിഭവങ്ങളെയും കറി എന്നല്ല വിളിക്കുന്നതെന്നും അവര്‍ക്കറിയാമായിരുന്നു. 1810 -ല്‍ ലണ്ടനിലാണ് ആദ്യത്തെ ഇന്ത്യന്‍ റസ്റ്റോറന്‍റ് വന്നത്. അതിലെ മെനുവിലുണ്ടായിരുന്ന വിഭവങ്ങള്‍ കിച്ചടി, ചട്ട്ണി, പുലാവ് എന്നിവയായിരുന്നു. പിന്നീടത് ഇംഗ്ലീഷ് പേരുകളിലേക്ക് മാറ്റി. kedgeree,chutney,pilaf എന്നായിരുന്നു അത്. അവര്‍ വേറൊരു കാര്യം കൂടി ചെയ്തു. നമ്മുടെ ഇന്ത്യന്‍ റെസിപ്പി കൊണ്ടുണ്ടാക്കുന്ന ഏറെക്കുറെ എന്തിനെയും അവരങ്ങ് സ്നേഹത്തോടെ 'കറി' എന്ന് വിളിച്ചു തുടങ്ങി. 

അവരാരാന്നാ. അവര്‍ക്ക് നന്നായി ബിസിനസറിയാം അതുകൊണ്ട് അവര്‍ കറിപ്പൊടിയുമുണ്ടാക്കിത്തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടായതോടെ അവരുടെ പാചകബുക്കുകളിലെല്ലാം തന്നെ ഇന്ത്യന്‍ കറി സ്ഥാനം പിടിച്ചു തുടങ്ങി. പിന്നെ പിന്നെ അവര്‍ അച്ചാറിട്ട് സൂക്ഷിച്ചു തുടങ്ങി. പലതും റെഡിമെയ്ഡായി. വിക്ടോറിയ രാഞ്ജി എന്താണ് ചെയ്തതെന്നോ അവരുടെ ഇന്ത്യന്‍ പരിചാരകരെ വച്ച് ദിവസേന ഓരോ ഇന്ത്യന്‍ കറി ഉണ്ടാക്കിച്ചു. 1887ല്‍ അവരുടെ ഗോള്‍ഡന്‍ ജൂബിലി നാളില്‍ അവരുടെ റോയല്‍ സ്റ്റാഫില്‍ കേറിയവരാണ് നമ്മുടെ ഈ പാചകക്കാര്‍. 

ഇന്ത്യക്കാര്‍ നടത്തിയിരുന്ന കുറച്ച് പാചകപ്പുരകള്‍ മാത്രമാണുണ്ടായിരുന്നത്. 1920കളിലാണ് വലിയ വലിയ റസ്റ്റോറന്‍റുകളുണ്ടാകുന്നത്. 1946 ആകുമ്പോഴേക്കും ലണ്ടനില്‍ 20 ഇന്ത്യന്‍ റെസ്റ്റോറന്‍റുകള്‍ പിറവിയെടുത്തിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ് കറിക്ക് കുറച്ചു കൂടി പ്രചാരം കിട്ടുന്നത്. ഇന്ത്യന്‍ വിഭജനവും കുടിയേറ്റവും മറ്റും ഇതിന് കൂടുതല്‍ കാരണമായിത്തീര്‍ന്നു. 1970ലെ ബംഗ്ലാദേശ് ആഭ്യന്തരയുദ്ധത്തിന് ശേഷം നിരവധി പേര്‍ ബ്രിട്ടനിലേക്ക് കടന്നു. അതിന് ശേഷം ഇന്നുവരെ പല ഇന്ത്യന്‍ റസ്റ്റോറന്‍റുകളിലും ഇന്ത്യന്‍ കറി എന്ന നിലയില്‍ വിളമ്പുന്നത് ബംഗ്ലാദേശിലെ കറികളാണ്. 1970 ആയപ്പോഴേക്കും കറികള്‍ക്ക് മേലുണ്ടായിരുന്ന വലിയ വില കുറഞ്ഞു. കൂടുതല്‍ നല്ല വിഭവങ്ങളുമുണ്ടായിരുന്നു. 2001ല്‍ ഫോറിന്‍ സെക്രട്ടറിയായിരുന്ന റോബിന്‍ കുക്ക് പറഞ്ഞത് ബ്രിട്ടനിലെ ദേശീയ ആഹാരം ചിക്കന്‍ ടിക്ക മസാല ആണെന്നാണ്. അതായത് നമ്മുടെ ഇന്ത്യന്‍ ബട്ടര്‍ ചിക്കന്‍ കറി. അതില്‍ ടൊമാറ്റോ സോസും മറ്റും ചേര്‍ത്തത്. അങ്ങനെ വര്‍ഷങ്ങളായി നമ്മുടെ കറികളെ മാറ്റിയും മറിച്ചും ബ്രിട്ടനില്‍ വില്‍ക്കുകയും കഴിക്കുകയും ചെയ്യുന്നു. 

(ഭക്ഷണത്തെ കുറിച്ചും അതിന്‍റെ ചരിത്രവും പഠിക്കുന്ന ആനീ ഗ്രേ പറഞ്ഞത്. കടപ്പാട്: ബിബിസി)

click me!