നവാസിക്കയുടെ മകന്‍!

By ഷിജിന്‍ ചാത്തന്നൂര്‍First Published Dec 9, 2017, 8:38 PM IST
Highlights

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ

ഭാരം 95 കിലോ. വെയിറ്റ് നോക്കിയ  കണ്ണുകളും ഞാനും ഞെട്ടി! മസ്തിഷ്‌കത്തിന്റെ അന്തരാളങ്ങളില്‍ 7.2 രേഖപ്പെടുത്തിയ ഞെട്ടലില്‍ നിന്നുണ്ടായ ബോധോദയത്തിലാണ്    വൈകുന്നേരം നടക്കാനിറിങ്ങിയാലോ എന്ന ചിന്ത ഉദിച്ചത്

അത്യാവശ്യം ഉയരം ഉള്ളത് കൊണ്ട് സാധാരണ പ്രവാസികളെപ്പോലെ പൊണ്ണത്തടി, കുടവയര്‍ ഇത്യാധി വ്യാധികളൊന്നും ഇല്ലാത്ത എനിക്കെങ്ങനെ 95 കിലോ? 

രണ്ട് മാസം മുന്നേ ഉണ്ടായിരുന്ന 87 കിലോയില്‍ നിന്നാണ് ഈ മുന്നേറ്റം. തിരിഞ്ഞ് കടിക്കാത്ത എന്തും അകത്താക്കാന്‍ മടിക്കാത്ത എനിക്കത് വന്നില്ലെങ്കിലെ അത്ഭുതമുള്ളൂ.  എന്ന് കരുതി ഫുഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഒരു കോംപ്രമൈസിനും ഞാന്‍ തയ്യാറാകില്ല എന്നറിയാവുന്ന എന്റെ മനസ് എന്നോട് മന്ത്രിച്ചു നീ പോയി കുറച്ച് നടന്നാല്‍ മതി എല്ലാം ശരിയാകും.

രാഷ്ട്രീയക്കാര് പറയും പോലല്ല ശരിയാകും ന്ന് അവന്‍ പറഞ്ഞാ ശരിയാക്കിയിരിക്കും

സായാഹ്നത്തിന്റെ ഇളം കാറ്റേറ്റ് നടത്തം തുടരുന്നതിനിടയിലാണ്  പിറകില്‍ നിന്ന് ആരോ വിളിക്കുന്നത്. നവാസിക്ക! രണ്ട് മൂന്ന് വട്ടം കണ്ടിട്ടുണ്ട് എന്നല്ലാതെ വലിയ പരിചയം ഉള്ള ആളല്ല.  ആരോടും അങ്ങോട്ട് ഇടിച്ച് കയറി മിണ്ടാനും പരിചയപ്പെടാനും നില്‍ക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് ജാഢക്കാരന്‍ എന്ന് വിളിപ്പേര് കിട്ടിയിട്ടുള്ളവരാകും ഞാനും ദൈവവും.

എന്റെ ഫ്‌ളാറ്റിന് കുറച്ച് അടുത്ത് തന്നെയുള്ള അറബി വീട്ടിലെ ജോലിക്കാരനാണ് കക്ഷി. പലപ്പോഴും കാണാറുണ്ടെങ്കിലും മിണ്ടാന്‍ കഴിയുന്നത് ഇന്നാണെന്നും എന്നൊക്കെ പറഞ്ഞ് സുഖ വിവരങ്ങള്‍ അന്വേഷിക്കലും ഒക്കെയായി സൗഹൃദ സംഭാഷണം നീണ്ടു. അതിനിടയിലാണ് നവാസിക്ക അദ്ദേഹത്തെപ്പറ്റിയും നാട്ടിലെ കുടുംബത്തെപ്പറ്റിയും പറഞ്ഞത്. 34 വര്‍ഷത്തെ പ്രവാസം കൊണ്ട് വീടുണ്ടാക്കി.  മൂന്ന് മക്കള്‍. അതില്‍ രണ്ട് പെണ്‍കുട്ടികളാണ്. അവരെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു മകനുള്ളതിനെ കഴിയുന്നത്ര വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടില്‍ ധൂര്‍ത്തടിയും അനാവശ്യ പ്രശ്‌നങ്ങളില്‍ ചെന്ന് ചാടലും പതിവായതോടെ   നവാസിക്ക മകനെ ജോലി ചെയ്യുന്ന വീട്ടിലെ അറബിയുടെ കമ്പനിയില്‍ വിസ തരപ്പെടുത്തി സൗദിയില്‍ കൊണ്ട് വന്നുഴ അതിനിടയില്‍ മകന്റെ വിവാഹവും നടത്തി.  രണ്ട് വര്‍ഷത്തില്‍ ടിക്കറ്റ് കൊടുക്കുന്ന കമ്പനിയില്‍ നിന്ന് ആറ് വര്‍ഷത്തില്‍ ഏഴ് പ്രാവശ്യം നാട്ടില്‍ പോയി നവാസിക്കയുടെ മകന്‍ പ്രവാസത്തിലും മാതൃകയായി. ഒന്നും നേടാതെയുള്ള തിരിച്ച് പോക്ക്. കൂടെ അവന്റെ ഉമ്മയുടെ സപ്പോര്‍ട്ടും.  എന്റെ മകന് കഷ്പ്പാടൊന്നും പറ്റില്ല, അവന്‍ കുഞ്ഞല്ലേന്ന്!

കുഞ്ഞായ അവന് മൂന്ന് കുഞ്ഞുങ്ങളായി. എന്നിട്ടും അവന് ജീവിക്കണം എന്ന ചിന്ത ഇനിയും വന്നില്ല. അത് പറയുമ്പോള്‍ നവാസിക്കിയുടെ കണ്ണുകളില്‍ നനവ് ഞാന്‍ കാണാതിരിക്കാന്‍ അദ്ദേഹം നന്നേ പണിപ്പെട്ടു.

ഇപ്പോള്‍ നാട്ടില്‍ പൈസ അയയ്ക്കുന്നത് മൂത്ത മകളുടെ പേരിലാണ്. ഭാര്യയുടെ പേരില്‍ അയച്ചാല്‍ ഒന്നും ബാക്കി ഉണ്ടാകില്ലെന്ന് നവാസിക്ക. ഉമ്മയും മകനും കൂടി എല്ലാം ധൂര്‍ത്തടിക്കും. അറബി വീട്ടിലെ ആട്ടും, തുപ്പും കഷ്പ്പാടിലും കിട്ടുന്ന ശമ്പളത്തില്‍ ബാക്കിയായി കുറച്ച് രോഗങ്ങളും. 

വീട്ട് ചിലവിന് അത്യാവശ്യം വേണ്ടതൊക്കെ വാങ്ങി നല്‍കാന്‍ മകളെ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട് അതുമതി. 

'മുപ്പത് വയസ് കഴിഞ്ഞ മകനും ഭാര്യയ്ക്കും മക്കള്‍ക്കും ഇനിയും എന്താ ഈ വയസ്സന് ചെയ്യാന്‍ കഴിയുക..?'

ആ ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല എനിക്ക്. 

click me!