മൂന്ന് മാസക്കാലം പൊളളുന്ന മരുഭൂമിയിൽ, ആടുകള്‍ക്കൊപ്പം ജീവിച്ചു തീര്‍ത്ത ഒരാള്‍

By Deshantharam SeriesFirst Published Jan 28, 2019, 3:46 PM IST
Highlights

തേളിനെ കണ്ട ഭയത്തോടെ  കല്ലിലിരുന്ന് ഞാൻ കരയുകയാണ്. പെട്ടന്നാണ് ഒരു സ്ത്രീയുടെ തേങ്ങിത്തേങ്ങിയുളള കരച്ചിൽ കേട്ടത്. എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി, പൊളിഞ്ഞു കിടക്കുന്ന ആ വീടിനുളളിൽ നിന്നാണ് കരച്ചിൽ. എന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. ഭയത്തിന്റെ കാഠിന്യത്തിൽ ഞാൻ തളർന്ന് വീഴുമെന്നു തോന്നി. 

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

നിലാവ് പെയ്തിറങ്ങിയ ആ മരുഭൂമിയിലൂടെ ,  സൈക്കിളിന്റെ പുറകിൽ  എന്നേയുമിരുത്തി അക്തർ ഭായ് ആഞ്ഞ് സൈക്കിൾ ചവിട്ടുകയാണ്. ഭായിയുടെ അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിണച്ച് കരഞ്ഞു കൊണ്ട് ഞാനിരുന്നു. സൈക്കിളിന്റെ ടയർ മണലിൽ ആഴ്ന്നു പോകുന്നുണ്ട്. അതൊന്നും വക വയ്ക്കാതെ ഭായ് ആഞ്ഞു ചവിട്ടികൊണ്ടിരുന്നു. 

ടൗണിലേക്ക് കയറുന്നതിനു മുമ്പ് സൈക്കിളിൽ നിന്ന് എന്നെ ഇറക്കി

ഇടയ്ക്ക് ഞാൻ ഭീതിയോടെ ചുറ്റുമൊന്ന്  കണ്ണോടിച്ചു. അറബിയുടെ വാഹനത്തിന്റെ വെളിച്ചമെങ്ങാൻ ഞങ്ങളെ പിന്തുടരുന്നുണ്ടോ എന്നറിയാൻ. ഇല്ല, ആകാശത്ത് നിലാവും, മരുഭൂമിയിൽ ഞങ്ങളും മാത്രമേയുളളൂ. പെട്ടന്നാണ് പുറകിലത്തെ  ടയറിന്റെ കാറ്റ് പോയതു പോലെ 'ശ്ശ്ശ്' എന്നൊരു ശബ്ദം കേട്ടത്. ''ഭായ്!'' ഞാൻ നിലവിളിച്ചു.

''നീ കാല് പൊക്കിപ്പിടിച്ചോ. അത് ടയർ പഞ്ചറായതല്ല. മനുഷ്യ രക്തത്തിന്‍റെ മണം പിടിച്ച് കൊത്താൻ വരുന്ന മരുഭൂമിയിലെ പാമ്പാണ്. കാല് പൊക്കിപ്പിടിച്ചോ.''
''എന്റെ ഉമ്മിച്ചിയേ...'' ഭായിയുടെ അരക്കെട്ടിലമർന്ന എന്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി.
''ഭായ്... എനിക്കു പേടിയാകുന്നു.''
''നോ ടെൻഷൻ. അളളാ കരീം!!''

ഭായ് സൈക്കിൾ  ആഞ്ഞ് ചവിട്ടിക്കൊണ്ടിരുന്നു. പത്ത് വർഷമായി മരുഭൂമിയിൽ ജീവിക്കുന്ന ഭായിക്ക് വഴികളെല്ലാം സുപരിചിതമായിരുന്നു. കുറെ ദൂരം പിന്നിട്ടപ്പോൾ ദൂരെ വെളിച്ചം കണ്ടു. അതൊരു ചെറിയ ടൗണായിരുന്നു. ടൗണിലേക്ക് കയറുന്നതിനു മുമ്പ് സൈക്കിളിൽ നിന്ന് എന്നെ ഇറക്കി. സൈക്കിൾ മാറ്റി വച്ചു. റോഡ് സൈഡിൽ ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു റൂമിനു മുന്നിൽ ചെന്ന് ഡോറിൽ തട്ടി. പ്രായമായ ഒരു ആൾ ഡോർ തുറന്നു പുറത്തേക്ക് വന്നു. അവരുടേതായ ഭാഷയിൽ എന്തോ സംസാരിച്ചു. ശേഷം അക്തർ ഭായ് ഹിന്ദിയിൽ എന്നോട് പറഞ്ഞു.

''നീ ഈ റൂമിൽ വെയ്റ്റ് ചെയ്യ്. ഞാനിപ്പം വരാം.'' ഞാൻ തലയാട്ടി. പ്രായമായ ആൾ എന്നെ റൂമിലേക്ക് ക്ഷണിച്ചു. ഏസി -യുടെ തണുപ്പുളള ആ റൂമിലേക്ക്  കയറിയപ്പോൾ എന്റെ ശരീരവും, മനസും തണുത്തു. മൂന്ന് മാസക്കാലം പൊളളുന്ന മരുഭൂമിയിൽ കുറെ ആടുകളോടൊപ്പം, അവറ്റകളെ  മേച്ചും, പുല്ലരിഞ്ഞും, ഈന്തപ്പനത്തോട്ടത്തിൽ കൃഷി ചെയ്തും പട്ടിണിയോടെ കഴിഞ്ഞ രാവും പകലും. എന്റെ ആട് ജീവിതം...

ഇടിഞ്ഞു പൊളിയാറായ ഒരു റൂമിനുളളിൽ, ഒരു മണ്ണെണ്ണ വിളക്കും, കുറെ ചാക്കുകളും. ഒരു ദിവസം അതിലൊരു ചാക്കെടുത്തു കുടഞ്ഞപ്പോൾ  മുന്നിലേക്ക് ചാടിയ തേൾ... ജീവനും കൊണ്ട് പുറത്തേക്ക്  ഓടിയ ഞാൻ. അന്നു രാത്രി മരുഭൂമിയിലെ ഒരു വലിയ  കല്ലിൽ കയറിയിരുന്നു. ദൂരെ  പൊളിഞ്ഞു കിടക്കുന്ന ഒരു പഴയ കെട്ടിടം. അവിടേക്ക് നോക്കുമ്പോൾ വല്ലാത്തൊരു ഭയം ശരീരത്തേക്ക് അരിച്ചു കയറുന്നു.

 മരുഭൂമിയിലാകെ മൗനം തളം കെട്ടി കിടക്കുകയായിരുന്നു

തേളിനെ കണ്ട ഭയത്തോടെ  കല്ലിലിരുന്ന് ഞാൻ കരയുകയാണ്. പെട്ടന്നാണ് ഒരു സ്ത്രീയുടെ തേങ്ങിത്തേങ്ങിയുളള കരച്ചിൽ കേട്ടത്. എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി, പൊളിഞ്ഞു കിടക്കുന്ന ആ വീടിനുളളിൽ നിന്നാണ് കരച്ചിൽ. എന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. ഭയത്തിന്റെ കാഠിന്യത്തിൽ ഞാൻ തളർന്ന് വീഴുമെന്നു തോന്നി. ഉമ്മിച്ചിയേയും, ബാപ്പയേയും, സഹോദരങ്ങളേയും  ഓർത്ത്  ഞാൻ വാവിട്ട് കരഞ്ഞു. റൂമിനുളളിൽ തേളും, പുറത്ത് സ്ത്രീയുടെ കരച്ചിലും. സകല ദൈവങ്ങളേയും നെഞ്ചുപൊട്ടി വിളിച്ചു.

പെട്ടന്ന്  ഒരു കാറ്റടിച്ചു. സ്ത്രീയുടെ കരച്ചിൽ നിന്നു. ഞാൻ പാറയിൽ നിന്നിറങ്ങി. എന്‍റെ സമനില തെറ്റുമോ എന്ന് ഭയപ്പെട്ടു. അവിടെ, പാറയോട്  ചേർന്ന് ഒരു ടാങ്കുണ്ട്, വെളളത്തിന്റെ ടാങ്കാണ്. ആ ടാങ്കിന്റെ ചോട്ടിൽ ഞാൻ ചാരിയിരുന്നു നേരം വെളുപ്പിച്ചു. പിറ്റേന്ന്, ബാഗിലേക്ക് വസ്ത്രങ്ങളെല്ലാം എടുത്തു വച്ചു. അറബി വന്നാൽ പറയണം എന്നെ നാട്ടിലേക്ക് കയറ്റി വിടാൻ.

പക്ഷേ, അറബി വന്നില്ല. അയാളുടെ മകൻ വന്നിട്ട് കുറച്ച് കുബ്ബൂസും, വെളളവും തന്നു. രാത്രിയായാൽ എന്നിൽ ഭയം വന്ന് മൂടാൻ തുടങ്ങി. റൂമിനുളളിൽ  കിടക്കാനും ഭയം, പുറത്തിരിക്കാനും ഭയം. എവിടേക്ക്  പോകും?

ഈ മരുഭൂമിയിൽ കിടന്ന് മരിക്കാനായിരിക്കും വിധിയെന്ന് കരുതി. ബാഗിലുണ്ടായിരുന്ന കുടുംബ ഫോട്ടോ എടുത്ത് മടിയിൽ വച്ച് എല്ലാവരോടും  സംസാരിക്കും. കണ്ണുനീർ ധാരധാരയായി ഫോട്ടോയിലേക്ക് വീഴും. സൂപ്പർ മാർക്കറ്റിലേക്കുളള വിസയാണെന്നും പറഞ്ഞ് എന്നെ കയറ്റി അയച്ച  കരുവാരക്കുണ്ട് സ്വദേശി ഹാജിയാരാണ് ഞാൻ കണ്ട ഏറ്റവും വലിയ ചതിയൻ...

മുഴു പട്ടിണിയായി, മരുഭൂമിയിൽ കിടന്ന് മരിക്കും എന്ന് മനസിലായപ്പോഴാണ്, ഒരു ദിവസം രണ്ടും കല്‍പ്പിച്ച്  ആടുകളേയും മേച്ചു കൊണ്ട് ഞാൻ   നടന്നത്. കുറെ ദൂരം പിന്നിട്ടപ്പോൾ ഒരു ഷെഡ്ഡും അതിനോട് ചേർന്ന് പച്ചക്കറി കൃഷിത്തോട്ടവും കണ്ടു. പെട്ടെന്ന് ദൂരെ നിന്ന് ഒരു വണ്ടിയുടെ ഹോൺ. ഞാൻ തിരിഞ്ഞു  നോക്കി. അറബിയാണ്... പൊടി പറപ്പിച്ചു കൊണ്ട് വാഹനം ചീറിപ്പാഞ്ഞ് വരുകയാണ്. ആടുകൾ ചിന്നിച്ചിതറി ഓടി. വാഹനം എന്റെ അടുത്തെത്തി... അറബി ചാടി ഇറങ്ങി, ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്.

ആടുകളേയും കൊണ്ട് ഇത്രയും ദൂരം വന്നതെന്തിനാണെന്നാണ് അയാൾ ചോദിക്കുന്നത്. ''എനിക്കു വയ്യ... എനിക്കു ഇന്ത്യയിലേക്ക് പോകണം. ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു. 'രണ്ട് വർഷം കഴിയാതെ നിന്നെ വിടില്ല.' അതും പറഞ്ഞ് വാഹനത്തിൽ കയറി ആടുകളുടെ പുറകെ അറബി പോയി. പച്ചക്കറിത്തോട്ടത്തിനടുത്തുളള ആ ഷെഡ്ഡിലേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി. ആരായിരിക്കും... മലയാളിയായിരിക്കുമോ? ഒന്നു സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയായിരുന്നെങ്കിൽ....

മുന്നോട്ടു പോയ അറബിയുടെ വാഹനം നിർത്തി. അയാൾ ഹോണടിച്ച് എന്നെ വിളിച്ചു. ആ ഷെഡ്ഡും വഴിയും മനസിലാക്കി ഞാൻ അറബിയുടെ വാഹനത്തിന്റെ പിന്നാലെ  ആടുകളോടൊപ്പം നടന്നു. അന്നു രാത്രി  ഞാൻ റൂമിനു പുറത്തിറങ്ങി. മരുഭൂമിയിലാകെ മൗനം തളം കെട്ടി കിടക്കുകയായിരുന്നു. എങ്ങും നിശബ്ദത. കാറ്റില്ല. അപശബ്ദങ്ങളില്ല. നിശ്ചലമായ ശവകുടീരം പോലെ ഒരു വല്ലാത്ത മൗനത്തിലായിരുന്നു അന്ന് മരുഭൂമി.

പകൽ ആടുകളെ മേച്ച വഴിയിലൂടെ ഞാൻ  നടന്നു. നിലാവിന്റെ വെളിച്ചത്തിൽ അനന്തമായി കിടക്കുന്ന മരുഭൂമിയുടെ സൗന്ദര്യത്തിനെന്തഴകാണ്. ആകാശവും, കടലും, മരുഭൂമിയും അനന്തമായ അത്ഭുതങ്ങൾ തന്നെ. രാത്രിയായാലും  മണലിനെന്തൊരു ചൂടാണ്. ചെരുപ്പിൽ നിന്നും തെന്നി മാറുന്ന ഉളളം കാൽ ചുട്ടുപ്പൊളളുന്ന  മണലിലേക്ക് ആഴ്ന്ന് പോകുന്നു.

ടേപ്പ്റിക്കാർഡിൽ ഹിന്ദി ഗാനവും കേട്ട് ഷെഡ്ഡിന് വെളിയിലിരിക്കുന്ന ആളിനോട് ഞാൻ സലാം പറഞ്ഞു. അയാൾ ചാടി എണീറ്റു. സലാം മടക്കി കൊണ്ട് ഷേക്ക് ഹാൻഡ് തന്നു. അകത്തേക്ക് ക്ഷണിച്ചു. സിമിന്റിട്ട നല്ല വൃത്തിയുളള  റൂം, മണ്ണെണ്ണ സ്റ്റൗ. ആഹാരം പാകം ചെയ്യാനുളള സാധനങ്ങൾ, കട്ടിൽ, പുതപ്പ്... അങ്ങനെ എല്ലാമുളള ചെറിയ റൂം.

അയാളായിരുന്നു അക്തർ ഭായ്. ബംഗ്ലാദേശ് സ്വദേശി, പത്ത് വർഷമായി മരുഭൂമിയിൽ. അറബിയുടെ പച്ചക്കറി തോട്ടത്തിലെ പണിക്കാരനാണ്. അയാളുടെ അറബി നല്ല മനുഷ്യനാണ്. മരുഭൂമിയിൽ നിന്ന് എന്നെ രക്ഷിച്ച മനുഷ്യനാണ് അക്തർ ഭായ്. മരുഭൂമിയിലെ ജിന്ന്.

മദീനയിൽ എത്തിയപ്പോൾ എന്തോ പ്രശ്നം... റോഡിൽ നിറയെ പൊലീസുകാർ

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. റൂമിലുണ്ടായിരുന്ന പ്രായമായ ആൾ ഡോർ തുറന്നു. അക്തർഭായിയും, ഒരു മലയാളിയും റൂമിലേക്ക് കയറി കതകടച്ചു. പാലക്കാട് സ്വദേശിയായ റഷീദ്. ജിദ്ദയിൽ നിന്ന് എന്തോ ലോഡുമായി വന്നതാണ്. ലോഡിറക്കി തിരികെ മടങ്ങുകയാണ്. എന്നെ ജിദ്ദയിലാക്കി തരാം എന്ന് അയാൾ പറഞ്ഞു.

അവിടെ ചെന്നാൽ ധാരാളം ജോലി കിട്ടും. പൊലീസ് കാണാതിരുന്നാൽ മതി. എത്ര നാൾ വേണമെങ്കിലും ജോലി ചെയ്യാം. ശേഷം നല്ലൊരു വിസ ശരിയാക്കി പൊലീസിൽ പിടി കൊടുത്താൽ മതി. വീണ്ടും മടങ്ങി വരാം. അങ്ങനെ ധാരാളം പേർ ജിദ്ദയിലുണ്ടത്രേ എന്നെല്ലാം അയാൾ പറഞ്ഞു. അങ്ങനെ അയാൾ ഓടിക്കുന്ന നീളമുളള വലിയ ലോറിയുടെ പുറകിൽ പടുതയ്ക്കുളളിൽ ഒളിച്ചിരുന്ന്  ജിദ്ദയ്ക്ക് പോകാൻ തീരുമാനിച്ചു. അക്തർ ഭായിയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു.

അങ്ങനെ, പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് ലോറിയിൽ കയറി യാത്ര തിരിച്ചു. ചെക്ക് പോസ്റ്റ് എത്തുമ്പോൾ ഞാൻ പടുതയ്ക്കുളളിൽ കയറി കിടക്കും. ചെക്കിങ്ങ് കഴിയുമ്പോൾ പടുതയുടെ ഉളളിൽ നിന്നിറങ്ങിയിരിക്കും. വഴിയിൽ നിർത്തി ഭക്ഷണം വാങ്ങി തരും റഷീദ്.

പക്ഷേ, മദീനയിൽ എത്തിയപ്പോൾ എന്തോ പ്രശ്നം... റോഡിൽ നിറയെ പൊലീസുകാർ. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു. ഇതു കണ്ട റഷീദിനും  എനിക്കും ഭയമായി. റഷീദ് പെട്ടന്നൊരു അഡ്രസെഴുതി എനിക്കു  തന്നിട്ടു പറഞ്ഞു, ''പൊലീസു പിടിച്ചാൽ ഉംറയ്ക്ക് (തീർത്ഥാടനം) വന്നതാണ്  പാസ്പോർട്ട് കളഞ്ഞു പോയി എന്നു പറഞ്ഞാൽ മതി കേട്ടോ. ഉം....ഞാൻ തലയാട്ടി. മദീന പട്ടണത്തിൽ എന്നെ ഇറക്കി വിട്ട് അയാൾ ലോറി ഓടിച്ചു പോയി. ആ നഗരത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു. എന്റെ കണ്ണിൽ ഇരുട്ടു കയറി. ഞാൻ എവിടേക്ക് പോകും?

റഷീദ് തന്ന പേപ്പറിലേക്ക് നോക്കി, കുഞ്ഞാക്ക, അൽഷിഫ റെസ്റ്റോറന്റ്, മദീന മുനവ്വറ, പിന്നെ ലാൻഡ് ഫോൺ നമ്പരും. അത്രമാത്രം. ഈ നഗരത്തിൽ 
ഞാൻ എവിടെ ചെന്ന് ഇത് കണ്ടെത്തും. എവിടെയാണ് ഫോൺ ചെയ്യാനുളള ബൂത്ത്. എനിക്കു  കരച്ചിൽ വന്നു. ഞാൻ ചുറ്റും നോക്കി. കടകളുടെ ബോർഡുകളെല്ലാം അറബിയിലാണല്ലോ...

അങ്ങനെ വിഷമിച്ചു നില്ക്കുമ്പോൾ ദൂരെ പ്രവാചകന്റെ പളളിയിൽ നിന്ന് സന്ധ്യ പ്രാർത്ഥനയ്ക്കുളള വാങ്ക് വിളി ഉയർന്നു. ആകാശത്തിലേക്കുയർന്നു നില്‍ക്കുന്ന ആ പളളി മിനാരത്തിലേക്ക് നോക്കി പൊട്ടിക്കരഞ്ഞു ഞാൻ. എവിടെയാണ് എനിക്കൊരാശ്രയം? ആരാണൊരു രക്ഷകൻ? പൊലീസെങ്ങാനും പിടിച്ചാൽ... ഞാനേതു രാജ്യക്കാരനെന്നുളള ഒരു രേഖയുമില്ലല്ലോ. ഏതായാലും പൊലീസ് പിടിക്കും. അതിനു മുമ്പ് പ്രവാചകന്റെ പളളിയിൽ കയറണം  പ്രാർത്ഥിക്കണം. അങ്ങനെ തീരുമാനിച്ച്  ധൈര്യം സംഭരിച്ച് ഞാൻ ഫുട്പാത്തിലൂടെ മുന്നോട്ടു നടന്നപ്പോൾ എതിരെ വരുന്ന ഒരാളെ കണ്ടു.

രണ്ട് മാസമായപ്പോഴേക്കും സൗദി ഗവൺമെന്‍റ് പൊതുമാപ്പ് പ്രഖ്യാപിച്ചു

''മലയാളിയാണോ?'' ഞാൻ ചോദിച്ചു, ''അതെ'' ആ മറുപടി വലിയൊരാശ്വാസമായിരുന്നു. ഞാനദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. വിലാസമെഴുതിയ പേപ്പർ  കാണിച്ചു കൊടുത്തു. ദൈവാനുഗ്രഹം അയാളെന്നെ ആ  റെസ്റ്റോറന്റിലെത്തിച്ചു. മദീന പളളിയുടെ അടുത്തുളള ഒരു മലയാളി റെസ്റ്റോറന്റ്.

അന്നെനിക്ക് പ്രായം 23. പിന്നീട്, നല്ല ശമ്പളത്തിൽ മദീനയിൽ ജോലി കിട്ടി. പക്ഷേ, രണ്ട് മാസമായപ്പോഴേക്കും സൗദി ഗവൺമെന്‍റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. രേഖകളില്ലാത്തവർക്ക് നാട്ടിലേക്കുളള ഫ്രീ പാസ് എംബസി നല്‍കുമെന്നുളള അറിയിപ്പും. പിന്നെ താമസിച്ചില്ല, മദീനയോട് സലാം പറഞ്ഞു.

ഇപ്പോള്‍, നീണ്ട  23 വർഷങ്ങൾക്കു ശേഷം ജനുവരി 19 -ന് വീണ്ടും മദീനയിലെത്തി. ജീവിതാനുഭവങ്ങളിലെ  മറക്കാനാകാത്ത  മരുഭൂമിയിലെ  ആ ഓർമ്മകളും അതിലുപരി  ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വലിയൊരു വേദനയുമായി വീണ്ടും  പ്രവാചകന്‍റെ ചാരത്ത്.

click me!