'ഇന്നെന്‍റെ പാത്തുവിന്‍റെ പിറന്നാളാണ്' പറഞ്ഞുകൊണ്ടയാള്‍ പൊട്ടിക്കരഞ്ഞു

By Deshantharam SeriesFirst Published Jan 9, 2019, 5:49 PM IST
Highlights

വാഹനം ആ വീതികുറഞ്ഞ പാതയിലൂടെ  മുന്നോട്ട് കുതിച്ചു. വാഹനത്തിൽ കയറിയിരുന്നയാൾ എന്നോട്  ഒരു വാക്കുപോലും ചോദിക്കാൻ നിൽക്കാതെ ഡാഷ് ബോർഡിലിരിക്കുന്ന കുടിവെളളം ആർത്തിയോടെ  കുടിച്ചു തീർത്തു. ഞാനയാളോട് പേര് പറഞ്ഞു. വിരോധമില്ലെങ്കിൽ താങ്കളുടെ പേര് പറയാമോ എന്നും ചോദിച്ചു.

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

അലറാം ഉച്ചത്തിൽ മുഴങ്ങുന്നത് കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ജോലിക്ക് പോകാനുള്ള സമയം അതിക്രമിച്ചിരുന്നു. അതിവേഗമൊരു കാക്കകുളി പാസാക്കി, പേരറിയാത്തൊരു പെർഫ്യൂം വാരിപ്പൂശി  മുറിയിൽനിന്നുമൊരു സിഗരറ്റ്  കത്തിച്ച് ആഞ്ഞുവലിച്ചുക്കൊണ്ട് തിടുക്കത്തിൽ പുറത്തിറങ്ങി.

സൗദിയിലെ വ്യവസായ നഗരമായ ജുബൈലിൽ നിന്നും ഏകദേശം നൂറ്റിനാലപത് കിലോമീറ്റർ അകലെയുള്ള,  'സറാർ' എന്നൊരു കൊച്ചു ഗ്രാമത്തിലേക്കാണ് എന്‍റെ യാത്ര. ഏകദേശം നാൽപ്പത് കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞാൽ ബാക്കി വരുന്ന മുഴുവൻ യാത്രയും നിരവധി ജീവിതങ്ങൾ  തളർന്നുവീണു പോയ മരുഭൂമിയുടെ ഒത്ത നടുവിൽ കൂടിയുള്ള ഒറ്റവരിപ്പാതയിലൂടെയാണ്.

കുറച്ചധികം വാഹനങ്ങൾക്ക് കൈ കാണിച്ചുവെങ്കിലും  ഒരാൾപോലും നിര്‍ത്തിയില്ല

മരുഭൂമിലേക്കുള്ള കവാടത്തിൽ തന്നെ വലിയ അക്ഷരങ്ങളിൽ മുന്നറിയിപ്പ് ബോർഡ് കാണാം. മണൽ കാറ്റ് വീശുന്നതും, ഏതു നിമിഷവും ഒട്ടകങ്ങൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള അപകടകരമായ വളവും തിരിവും നിറഞ്ഞ വഴി. ശ്രദ്ധിച്ചു വാഹനം ഓടിക്കുക...

വില്പനക്കായി കെട്ടിയിരിക്കുന്ന നിരവധി ഒട്ടക കൂട്ടങ്ങളെ വഴിയരികിൽ കാണാം. അതിൽ മുലചുരത്തി വഴിയാത്രക്കാർക്ക് ചുടുപാൽ നൽകാൻ തയ്യാറായി നിൽക്കുന്ന ഒട്ടകങ്ങള്‍, വിവിധ ജെനുസിൽപ്പെട്ട  രോമാവൃതമായ ആടുകൾ, അറബികൾക്ക് ഏറെയും പ്രിയമായ  പ്രാദേശിക വിപണിയിൽ ലഭിക്കുന്ന പഴങ്ങൾ എന്നിവയും വിൽക്കുന്നത് കാണാം. കച്ചവടക്കാരിൽ ഏറെയും സുഡാൻ വംശജരാണ്. തലയിലൊരു പ്രത്യേക തരത്തിലുള്ള കള്ളികളോട് കൂടിയുള്ള തുണിചുറ്റി, ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നിൽക്കാനുള്ള അവരുടെ കഴിവ് പ്രശംസനീയമാണ്!

വാഹനം അവരുടെ അരികിലെത്തിയതും എന്നെയും അവർ കൈകൊണ്ട് മാടിവിളിച്ചു. അവരുടെയരികിൽ വാഹനം നിർത്തി. സലാം പറഞ്ഞു. കൂട്ടത്തിൽ തടിച്ച്, ഉയരമുള്ള സുഡാനിയോട്  ഇരുപത് റിയാലിന് ഒട്ടകപ്പാൽ തരാൻ ആവശ്യപ്പെട്ടു. അവന്‍ വെളുത്ത പല്ലുകൾ മുഴുവൻ കാണുന്ന രീതിയിലുള്ളൊരു ചിരി ചിരിച്ചുകൊണ്ട് ഒട്ടകത്തിന് അരികിലേക്ക് നടന്നു. ഒട്ടകത്തിന്‍റെ അകിടിൽ അതിന്‍റെ കുഞ്ഞുവന്നു മുലകുടിക്കാതിരിക്കാൻ വേണ്ടി കെട്ടിമറച്ചിരുന്ന ചുവന്ന നിറത്തിള്ള പട്ടുപോലുള്ള തുണിനീക്കി പാൽ കറന്നൊരു തളികയിൽ നിറച്ച്‌ അവനെന്‍റെ നേർക്ക് നീട്ടി.

ചെറിയൊരു ഉപ്പുരസം കലർന്ന പച്ചപ്പാൽ മുഴുവനും മോന്തികുടിച്ചു  ഞാൻ അവനോട് യാത്രപറഞ്ഞു. വീണ്ടും യാത്ര തുടർന്നു... വഴിയിൽ ശക്തിയായ ഉഷ്ണക്കാറ്റ് വീശുന്നതിനാലും, മണൽ വന്നു വഴിമൂടാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് ഉള്ളതിനാലും വാഹനം ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോയി. അതിനിടയിൽ കറുത്ത് മെലിഞ്ഞൊരു മനുഷ്യൻ റോഡിനരുകിൽ നിന്നും കൈ നീട്ടി!

ഞാൻ വാഹനം അല്‍പം മുന്നോട്ട് നീക്കിനിർത്തി. വാഹനത്തിന്‍റെ കണ്ണാടിയിലൂടെ നോക്കുമ്പോൾ ആ മനുഷ്യൻ പതിയെ നടന്നു വാഹനത്തിനരികിലെത്തിയിരുന്നു. 

"അസ്ലലാം മു അലൈക്കും! ഇൻ ത വെൻ റോ?" ഞാനയാളെ സൂക്ഷിച്ചു നോക്കി, സലാം മടക്കികൊണ്ടു പറഞ്ഞു. "വ:അലൈകും മുസ്‍ലാം. സറാർ" അയാളുടെ മുഖഛായ കണ്ടു സംശയം തോന്നി ചോദിച്ചു. "ഇൻന്തഹ്: മലബാറി?" സംശയം തെറ്റിയില്ല. അയാൾ പറഞ്ഞു, "നാമ്: ഐവ ആനഹ്...മലബാറി. ഞാൻ കുറച്ചധികം വാഹനങ്ങൾക്ക് കൈ കാണിച്ചുവെങ്കിലും  ഒരാൾപോലും നിര്‍ത്തിയില്ല. ഭായിക്കു വിരോധം ഇല്ലെങ്കിലെന്നെ അടുത്ത ബക്കാലയിലിറക്കി തരാമോ?"

അയാൾ ഈയൊരു ആവശ്യം എന്നോട് പറഞ്ഞപ്പോൾ തന്നെ ഖഫീൽ നൽകിയ ഉപദേശങ്ങൾ മിന്നൽ വേഗത്തിൽ തലച്ചോറിലെത്തി. കമ്പനിയുടെ ആളുകളെയല്ലാതെ  പുറമെയുള്ള  ആരെയും വാഹനത്തിൽ കയറ്റരുത് അഥവാ കയറ്റിയാൽ, സുർത്തഹ് പിടിച്ചാൽ പ്രശ്നമാകും. നല്ലൊരു തുക പിഴയും, തടവുശിക്ഷയും ലഭിക്കും. ഇങ്ങനെയുള്ള നിയമലംഘനം ഇവിടെ വ്യാജ ടാക്സിയായിയാണ് സുർത്തഹ് കാണുക. പക്ഷെ, ഞാൻ രണ്ടും കൽപ്പിച്ചു വാഹനത്തിന്‍റെ  ഡോർ അയാൾക്ക് മുന്നിൽ തുറന്നു കൊടുത്തു.

വാഹനം ആ വീതികുറഞ്ഞ പാതയിലൂടെ  മുന്നോട്ട് കുതിച്ചു. വാഹനത്തിൽ കയറിയിരുന്നയാൾ എന്നോട്  ഒരു വാക്കുപോലും ചോദിക്കാൻ നിൽക്കാതെ ഡാഷ് ബോർഡിലിരിക്കുന്ന കുടിവെളളം ആർത്തിയോടെ  കുടിച്ചു തീർത്തു. ഞാനയാളോട് പേര് പറഞ്ഞു. വിരോധമില്ലെങ്കിൽ താങ്കളുടെ പേര് പറയാമോ എന്നും ചോദിച്ചു.

അയാൾ പറഞ്ഞു "മുഹമ്മദ് റഹിം..."
"റഹിം ഭായ് നിങ്ങൾനാട്ടിലെവിടെയാണ്?"
"കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി"
"എങ്ങനെ ഈ മരുഭൂമിയിൽ വന്നു പെട്ടു?"

മുഖത്തുള്ള വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞു... "അത്... അതൊരു വലിയ കഥയാണ് ഭായ്!' ഞാനവനോട്  പറഞ്ഞു, "ബക്കാലയിലേക്കെത്താൻ അൽപം  സമയമെടുക്കും. എന്നോട് പറയാൻ കഴിയുന്ന കഥയാണെങ്കിൽ നിങ്ങൾക്ക്  പറയാം."

അവൻ വിജനായ മരുഭൂമിയിൽ നോക്കിയൊരു ദീര്‍ഘശ്വാസമെടുത്തുകൊണ്ട് പറഞ്ഞു, "സാഗർ, ഞാനിവിടെ സൗദിയിൽ വന്നിട്ടിപ്പോൾ എട്ടു മാസങ്ങൾ കഴിഞ്ഞു ഭാര്യവീടിനടുത്തുള്ളൊരു ഖാദർ ഇക്ക വഴിയാണ് സൗദിയിൽ വന്നത്. നാട്ടിലൊരു സ്ഥാപനത്തിലെ ധനകാര്യ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ്  ഖാദർ ഇക്ക ഒരു വിസയുടെ കാര്യമെന്നോട് പറയുന്നത്. തരക്കേടില്ലാത്ത  സാലറിയും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്കാണെങ്കിൽ പെങ്ങളുടെ വിവാഹവും, എന്‍റെ വിവാഹവും കൂടിയായപ്പോൾ കുറച്ചു ബാധ്യത വന്നു. അത് തീർക്കാനായി പടച്ചോൻ കാണിച്ചുതന്ന വഴിയാകുമെന്നു കരുതിയാണ് ഇങ്ങോട്ട് വിമാനം കയറിയത്."

"എന്നിട്ടെന്തു പറ്റി റഹീം ഖഫീൽ നിങ്ങളെ വഞ്ചിച്ചോ?'' അയാൾ പറഞ്ഞു, "ഇല്ല ഒരിക്കലുമില്ല! ഞാൻ വന്നത് ദമ്മാമിലാണ്. എനിക്ക് കമ്പനിയുടെ  അക്കൗണ്ട് വിഭാഗത്തിലായിരുന്നു ജോലി. ആദ്യരണ്ടു മാസം പറഞ്ഞതുപോലെ  തന്നെ നല്ല സാലറിയും താമസവും  ഭക്ഷണവുമെല്ലാം അവർ നൽകിയിരുന്നു. പിന്നെയിവിടെ മാറിവന്ന പുതിയ നിയമങ്ങളും സ്വദേശിവൽകരണവും കമ്പനിക്ക് ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കാതിരുന്നതിനാൽ കമ്പനി സർക്കാർ അടച്ചുപൂട്ടാൻ ഉത്തരവിറക്കി. അതോടെ ആ വലിയ സ്ഥാപനം അടച്ചു പൂട്ടി ആളുകളെ ഒഴിവാക്കി. പക്ഷേ, പുതുതായി വന്ന എന്‍റെയും രണ്ടു സുഡാൻ പൗരന്മാരുടെയും ഇക്കാമ സർക്കാരിൽ നിന്നും ലഭിച്ചിരുന്നില്ല.''

നിങ്ങൾ മൂന്ന് പേരുടെയും താൽക്കാലികമായുള്ള ജോലി ഇവിടെയാണ്

''പിന്നീടൊരു ദിവസം ഞാൻ  ജുമാക്കു പള്ളിയിൽ നിസ്കാരത്തിനുപോയി തിരികെവന്നപ്പോൾ ഞങ്ങളുടെ മുതലാളി താമസസ്ഥലത്ത് അദേഹത്തിന്റെ വാഹനവുമായി നിൽക്കുന്നുണ്ടായിരുന്നു. എന്നോടും, കൂടെയുണ്ടായിരുന്ന സുഡാനികളോടും അത്യാവശ്യം വേണ്ട സാധനങ്ങളെടുത്ത് വാഹനത്തിൽ കയറാൻ പറഞ്ഞു. ഏകദേശം അഞ്ചുമണിയോടുകൂടി ഞങ്ങൾ ഈ മരുഭൂമിയിലുള്ള ഖഫീലിന്‍റെ സ്വന്തം മസറയിലെ ഇരുമുറികളുള്ള തകരപ്പാട്ടയും, മരവും ചേർത്ത് നിർമിച്ച കൊച്ചു കൂരയുടെയരികിൽ വന്ന് വാഹനം നിന്നു. ഖഫീൽ ഞങ്ങളെ മൂന്നുപേരേയും വാഹനത്തിൽനിന്നും ഇറക്കി ഞങ്ങളോട് പറഞ്ഞു, 'നിങ്ങൾ മൂന്ന് പേരുടെയും താൽക്കാലികമായുള്ള ജോലി ഇവിടെയാണ്. കുറച്ച് ഒട്ടകങ്ങളും, ആടുകളുമുണ്ട്. പിന്നെ, കുറച്ചു പുൽ കൃഷിയും. നിങ്ങളാൽ കഴിയുന്ന ജോലി ചെയ്ത് ഇവിടെ കഴിയാം. നിങ്ങളെ കൂടാതെ രണ്ട് യെമനി സ്വദേശികളായ ജോലിക്കാരുമുണ്ടിവിടെ. നിങ്ങൾക്കവരുടെ മുറിയിൽ താമസിക്കാം. ആഹാരം പാകം ചെയ്യാനും അവരുടെ സൗകര്യം ഉപയോഗിക്കാം. പിന്നെ, നിങ്ങളിവിടെ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. ഇവിടെയാരും  നിങ്ങളെ ശല്യംചെയ്യാൻ വരില്ല. എത്രയും വേഗം ഞാൻ നിങ്ങളുടെ ഇക്കാമ ശരിയാക്കി തരാം. നിങ്ങളെല്ലാവരും നാട്ടിലെ ബാങ്കിലെ അക്കൗണ്ട് നമ്പർ എനിക്കുതരണം.''

''നിങ്ങളുടെ ശമ്പളം ഞാൻ എല്ലാ മാസവും കൃത്യമായി ആ അക്കൗണ്ടിൽ ഇടാം. മുതലാളി ഇത്രയും പറഞ്ഞുകൊണ്ട്  ഞങ്ങളോട്  യാത്ര പറഞ്ഞു. അവിടെനിന്നും  മടങ്ങി. അന്ന്  രാത്രി, യാത്രാ ക്ഷീണമുള്ളതിനാൽ സുഖമായി ഉറങ്ങി. പിറ്റേന്ന് നേരം പുലർന്നപ്പോളാണ് ഞാൻ ശരിക്കും കരഞ്ഞുപോയത്. നോക്കെത്താ ദൂരത്തുള്ള വിജനമായ മരുഭൂമിയിൽ ഞങ്ങൾ തനിച്ച്. ഒരു അസുഖം വന്നാലോ മറ്റോ രക്ഷപ്പെടാൻ വിദൂരമായ സാധ്യതയുമില്ലാത്തൊരിടമായിരുന്നു അവിടം.''

ഞാൻ റഹീമിന്‍റെ  കണ്ണുകളിലേക്ക് നോക്കി. കണ്ണീരിൻ നനവുള്ള  മുത്തുകൾ അയാളുടെ കണ്ണിൽ തിളങ്ങി. എന്നിരുന്നാലും റഹിം മുഖത്തൊരു അൽപം പുഞ്ചിരി അഭിനയിച്ചുക്കൊണ്ട് ആരോടൊന്നില്ലാതെ ചുണ്ടനക്കി. "ഓഫീസിലെ കണക്കു നോക്കാൻ വന്നയെനിക്ക് കിട്ടിയത് ആടിന്‍റെയും,ഒട്ടകത്തിന്‍റെയും കണക്കെടുപ്പ് എന്‍റെ വിധി അല്ലാതെ എന്തു പറയാൻ! പിന്നെ ആകെയൊരു സമാധാനം എല്ലാമാസവും ഖഫീൽ ശമ്പളം കൃത്യമായി നാട്ടിൽ എത്തിക്കുന്നുണ്ട് എന്നുള്ളതാണ്."

ഈ കഥകളത്രയും കേട്ടതുകൊണ്ടാകാം എനിക്ക് അവനോടൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്കിടയിലെ മൗനം ഭേദിച്ചുക്കൊണ്ടവൻ പറഞ്ഞു, "ഭായ് ദാ... ആ വളവ് തിരിഞ്ഞാൽ ബക്കാലയായി ട്ടോ." ഞാൻ വാഹനം പതിയെ ബക്കാലയോട് ചേർത്തു നിറുത്തിക്കൊണ്ടവനോട് പറഞ്ഞു, "റഹീം ഭായ് നിങ്ങൾക്കെത്രയും വേഗത്തിൽ ഈ നരകത്തിൽ നിന്നും  നാട്ടിൽ പോകാൻ സാധിക്കും. ഞാനും ദൈവത്തോട് പ്രാർത്ഥിക്കാം..."

ഞാനിന്നാണ് ഈ മരുഭൂമിയിൽ വന്നിട്ട് ഒരാളോട് മനസ് തുറക്കുന്നത്

അവന്‍ മുഖത്തുള്ള പുഞ്ചിരി മായാതെ തന്നെ എന്നോട് പറഞ്ഞു, "ഞാനിന്നാണ് ഈ മരുഭൂമിയിൽ വന്നിട്ട് ഒരാളോട് മനസ് തുറക്കുന്നത്, എന്‍റെ ഭാര്യയോടോ, ഉമ്മയോടോ ഞാനെന്‍റെ വിഷമം പങ്കുവച്ചിട്ടില്ല. ഇപ്പോൾ, മനസ്സിനു വലിയൊരു ആശ്വാസമായതു പോലെ തോന്നുന്നു. എന്തോ വലിയൊരു ഭാരം ഇറക്കി വച്ചതുപോലെ.. ഭായ് പോകാൻ വരട്ടെ. ഒരു നിമിഷം ഞാനിപ്പോൾ വരാം..." ഇത്രയും അവൻ ബക്കാല ലക്ഷ്യമാക്കി ഓടി.

കുറച്ച് കഴിഞ്ഞ്, കാറിന്‍റെ ഇടത് ഭാഗത്ത് റഹീം പ്രത്യക്ഷപ്പെട്ടു. വാഹനത്തിന്‍റെ ചില്ലിൽ തട്ടി. ഞാൻ ചില്ലിറക്കി അവനെ നോക്കുമ്പോൾ കൈനിറയെ മിഠായിയുമായ് റഹീം നിൽക്കുന്നു. ധാര ധാരയായി കണ്ണുനീര്‍  റഹീമിന്‍റെ ഉള്ളം കൈകളിലെ മിഠായികളിൽ പതിക്കുന്നുണ്ടായിരുന്നു. അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു,  "ഇന്നെന്‍റെ  മകൾ പാത്തുവിന്‍റെ മൂന്നാം പിറന്നാളാണ്.. എനിക്ക് ഈ മരുഭൂമിയിൽ ഇതു പറഞ്ഞ് ആഘോഷിക്കുവാൻ ആരുമില്ല. എന്‍റെയൊരു സന്തോഷത്തിനുവേണ്ടി ഈ മിഠായി കഴിക്കണം. എന്‍റെ പാത്തുകുട്ടിയേയും ഉമ്മയേയും ഭാര്യയേയുമെല്ലാം കാണണമ്മെന്നുണ്ട്  പക്ഷേ..."

ഞാനതിൽ നിന്നുമൊരു മിഠായി പൊട്ടിച്ചു പകുതി റഹീമിന്‍റെ വായിൽ വച്ചുകൊടുത്തു. ബാക്കി പകുതി ഞാനും കഴിച്ചുകൊണ്ടവനോട് പറഞ്ഞു,  "റഹിം വീട്ടിൽ വീഡിയോകോൾ വഴി സംസാരിക്കാനുള്ള സൗകര്യമുണ്ടോ? ഉണ്ടെങ്കിൽ ആ നമ്പർ തരൂ. ഞാൻ വിളിച്ചു തരാം വീട്ടിലേക്ക്. മാത്രവുമല്ല എനിക്കും കാണാമല്ലോ നമ്മുടെ പാത്തുകുട്ടിയെ അല്ലെ?"

തമ്മിൽ പിരിയാൻ നേരം ഞാൻ റഹിമിനെ എന്‍റെ മാറോട് ചേർത്തു നിർത്തി

അതുകേട്ട്  അവനെന്നോട് പറഞ്ഞു, "വേണ്ട.  ഫോൺ സൗകര്യമെല്ലാം അവിടെയുണ്ട്. എന്നാലും അതു ശരിയാകില്ല. വിളിച്ചാൽ അവരെന്നോട് ചോദിക്കും നീ എന്നാണ് നാട്ടിൽ വരികയെന്ന്. അതിനു നൽകാൻ എന്‍റെ കൈയ്യിൽ വ്യക്തമായ മറുപടിയില്ല. മാത്രമല്ല എന്‍റെ ഇപ്പോഴുള്ള കോലം അവർ കണ്ടാൽ... അത് വേണ്ട ശരിയാകില്ല ഭായ്....! ഇത്രകാലം ഞാനവരെ കാണാതെ തന്നെ പിടിച്ചു നിന്നില്ലേ. ഇനിയും അങ്ങനെ തന്നെ പോകട്ടെ എന്നാകും അള്ളാഹുവിന്‍റെ തീരുമാനം. എനിക്ക് ഏതോ വലിയ കമ്പനിയിലാണ്  ജോലിയെന്നാണ് ഉമ്മയുടെയും, ഭാര്യയുടെയും വിശ്വാസം! ഇനി ഞാനായിട്ട് അവരുടെ മനസമാധാനം കളയുന്നില്ലായെന്നു കരുതി. അതാ ഞാൻ ഫോൺ വിളിക്കണ്ടയെന്നു പറഞ്ഞത്. എന്നോട് വിഷമം തോന്നരുത്..."

ഞാനവനോട് പറഞ്ഞു, "എന്നാൽ ശരി ഇനി ഞാനായിട്ട് അവരുടെ മനസമാധാനം കൂടി കളയ്യുന്നില്ല റഹീം. സമയം ഒരുപാട്‌ വൈകി. എന്നാൽ ഞാൻ യാത്രയാവട്ടെ."

ഞങ്ങൾ തമ്മിൽ പിരിയാൻ നേരം ഞാൻ റഹിമിനെ എന്‍റെ മാറോട് ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. " നിന്‍റെ കൂടെ ഞാനെന്നുമുണ്ടാകും. ഒരു ജ്യേഷ്ഠസഹോദരനെ പോലെ. ഇനിയിതുവഴി വരുമ്പോൾ ഞാൻ നിന്നെ വിളിക്കാം. നിന്‍റെ മൊബൈൽ നമ്പർ തരൂ." അവന്‍റെ നമ്പർ ഞാനെന്‍റെ ഫോണിൽ സേവ് ചെയ്തു. അവിടെ നിന്നും അവനോട് യാത്ര പറഞ്ഞു പിരിഞ്ഞു. വാഹനം മുന്നോട്ട് നീങ്ങുമ്പോൾ എന്‍റെ  കണ്ണിലും തെളിഞ്ഞു വന്നു റഹീമിന്‍റെ കണ്ണിൽ നേരത്തേ കണ്ടിരുന്ന അതേ വെണ്മണി തിളക്കം. പിന്നീട് അത്  കണ്ണുനീർ തുള്ളികളായി പതിയെ താഴേക്ക് ഊർന്നിറങ്ങി. അതേ സമയം പടിഞ്ഞാറ് സൂര്യൻ മരുഭൂമിയെ ചുംബിച്ചിരുന്നു.

കുറിപ്പ്: 
വെൻ റോ =എവിടെ പോകുന്നു.
റോ സാറാർ=സറാറിൽ പോകുന്നു
ബക്കാല=പലചരക്ക് കട
കഫീൽ=തൊഴിലുടമ
സുർത്തഹ്=പോലീസ് ഉദ്യോഗസ്ഥർ
നാമ്=അതേ
ഇക്കാമ= താമസരേഖ
ജുമാ= വെള്ളിയാഴ്ച
മസറ=കൃഷിസ്ഥലം

click me!