ആണുങ്ങള്‍ക്ക് അമ്മയാകാന്‍ കഴിയുമോ?

By Deshantharam SeriesFirst Published Jan 24, 2019, 6:47 PM IST
Highlights

മൂപ്പർക്ക് ഷിഫ്റ്റ് ഡ്യൂട്ടിആയത് കൊണ്ട് പകൽ മിക്കവാറും റൂമിൽ കാണും. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വരുമ്പോ സ്കൂൾ വിട്ട് വന്ന പിള്ളേരാകും ഞങ്ങൾ. നേരെ കിച്ചണിലേക്കായിരിക്കും ഓട്ടം. പഴംപൊരിയോ ഇലയടയോ ഉണ്ടാകുമെന്നറിയാം. പനിച്ചു കിടക്കുമ്പോൾ കഞ്ഞികുടിപ്പിച്ചും ചുക്കുകാപ്പി വച്ചു തന്നും വീക്കെൻഡിൽ വാളുവച്ചു സമാധിയാവുമ്പോ എടുത്തു കട്ടിലിൽ കിടത്തിയും സൈനൂക്ക ഞങ്ങളുടെ പോറ്റമ്മയായി. 

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ആണുങ്ങൾക്ക് അമ്മയാകാൻ പറ്റുമോ? ചോദ്യം കേട്ട് ശങ്കിക്കണ്ട. ഏതായാലും ഈ മരുഭൂമിയിൽ ഞങ്ങൾക്കൊരമ്മയുണ്ട്. ഒരാണമ്മ! ഞങ്ങൾ സൈനൂക്ക എന്ന് വിളിക്കുന്ന സൈനുദ്ധീൻ. ഒന്നും രണ്ടുമല്ല ഞങ്ങൾ അഞ്ചെണ്ണത്തിന്റെ പോറ്റമ്മയാണ് പുള്ളി. ഇദ്ദേഹം മാത്രമല്ല ഈ മരുഭൂമിയിൽ ഞങ്ങളെപ്പോലെയുള്ള കുറേയെണ്ണത്തിനെ  കൂടെ കൂട്ടി റൂമെടുത്തു കഴിയുന്ന സീനിയേഴ്സ് പലരും ഇങ്ങനെ തന്നെയാണ്.

കാലത്തിന്റെ കരവിരുത് കൊണ്ട് ഇത്തരക്കാർ ഒരഞ്ചു കൊല്ലം കൊണ്ട് തന്നെ നല്ലൊരു പാചകക്കാരനായി മാറിയിട്ടുണ്ടാവും. അപ്പൊ ആ കൈത്തരിപ്പ് തീർക്കുക റൂമിലെ പയ്യൻസിനോടാരിക്കും. ലോകത്തിലെ വിവിധങ്ങളായ റെസിപ്പികൾക്ക് പരീക്ഷണവിധേയനാകാൻ ഇവർ നിര്‍ബന്ധിക്കപ്പെടും.

പിള്ളേരെല്ലാം ഇപ്പൊ കരയും എന്ന മട്ടിൽ ഇരിപ്പാണ്

ബാങ്ക് ലോണുകളും നാട്ടിൽ നിന്ന് വരുന്ന പണയപ്പണ്ട ലേലത്തിന്റെ വാട്സാപ്പ് ചിത്രങ്ങളും അമ്മായിഅമ്മയിൽ നിന്നും മരുമകളനുഭവിക്കുന്ന തീരായാതനകളുടെ തുടർ കഥകളും കല്യാണം കഴിച്ചതിനു ശേഷം സ്നേഹം കുറഞ്ഞു പോയെന്ന അമ്മപ്പരാതികളും മരുമകളുടെ അനുസരണയില്ലായ്മയെക്കുറിച്ചുള്ള അപ്ഡേറ്റഡ് റിപോർട്സും കൊണ്ട് ഉറക്കം വെറും സങ്കല്‍പികമായിട്ടുണ്ടാകും മിക്കവാറും ഒരു പാവം സീനിയർ ഗൾഫുകാരന്. 

അപ്പൊ സ്വാഭാവികമായും ആകെ മനസുഖം കിട്ടുന്ന പാചകത്തിൽ തന്നെ അഭയം. പിള്ളേര് പണിക്കു പോകാറാകുമ്പോഴേക്ക് പുട്ടോ ഉപ്പുമാവോ ഒക്കെ റെഡി ആക്കിയിട്ടുണ്ടാകും. രാവിലെ തന്നെ ഞങ്ങൾ തിരക്കിട്ട് അതും കഴിച്ചു ജോലിക്കു പോകുന്നത് ഇങ്ങനെ നോക്കി നിൽക്കുമ്പോൾ ആ കണ്ണുകളിൽ കാണാം മക്കളെ സ്കൂളിലയക്കുന്ന ഒരമ്മയുടെ വാത്സല്യം. അതോ പ്രവാസം നൽകിയ തടവ് ശിക്ഷയിൽ പെട്ട് മക്കളെ ഓമനിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട ഒരച്ഛന്റെ കണ്ണുനീർ അതിലുണ്ടായിരിക്കുമോ?

വര്‍ഷങ്ങളുടെ യാന്ത്രികത ഇവരുടെ ജീവിതത്തിൽ വല്ലാത്ത അടുക്കും ചിട്ടയും ശീലിപ്പിച്ചിട്ടുണ്ടാകും. മിക്കവാറും നാട്ടിൽ ചെന്നാൽ ഭാര്യയുമായി അടി കൂടാനുള്ള പ്രധാന കാരണം തന്നെ ഇതായിരിക്കും. ഓരോ സാധനവും അതാത് സ്ഥാനത്തു വച്ചില്ലെങ്കിൽ പ്രാന്തിളകും.

പുതു ബാച്ചിലർമാർക്ക് പലർക്കും ഈ സംഭവം തൊട്ട് തെറിപ്പിച്ചിട്ടുണ്ടാകില്ല. കിടക്കവിരി മുതൽ സോക്‌സും അടിവസ്ത്രവും വരെ നിരത്തിയിട്ട ഞങ്ങളെ  ചീത്ത പറഞ്ഞു കൊണ്ട് ശരിയാക്കി വയ്ക്കുന്ന സൈനൂക്കയെ നോക്കുമ്പോ അമ്മ മുന്നിൽ നിൽക്കുന്ന പോലെ തോന്നും.

മൂപ്പർക്ക് ഷിഫ്റ്റ് ഡ്യൂട്ടിആയത് കൊണ്ട് പകൽ മിക്കവാറും റൂമിൽ കാണും. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വരുമ്പോ സ്കൂൾ വിട്ട് വന്ന പിള്ളേരാകും ഞങ്ങൾ. നേരെ കിച്ചണിലേക്കായിരിക്കും ഓട്ടം. പഴംപൊരിയോ ഇലയടയോ ഉണ്ടാകുമെന്നറിയാം. പനിച്ചു കിടക്കുമ്പോൾ കഞ്ഞികുടിപ്പിച്ചും ചുക്കുകാപ്പി വച്ചു തന്നും വീക്കെൻഡിൽ വാളുവച്ചു സമാധിയാവുമ്പോ എടുത്തു കട്ടിലിൽ കിടത്തിയും സൈനൂക്ക ഞങ്ങളുടെ പോറ്റമ്മയായി. 

ഇങ്ങനെ പോയിക്കൊണ്ടിരിക്കേ ഒരു ദിവസം വൈകുന്നേരം ബാത്‌റൂമിൽ നിന്ന് തുണി അലക്കിക്കൊണ്ടിരിക്കുന്ന സൈനുക്കയുടെ വിളി. "മോനെ ഒന്നെന്നെ പിടിക്കെടാ" ഓടിയെത്തുമ്പോഴേക്കും വിയർത്തു കുളിച്ചു താഴെ കിടക്കുകയാണ്. അതിനിടയിലും പറയുന്നുണ്ട്, 'ഒന്നൂല്ല പ്രായായില്ലേ അതിന്റെയാ.' പിടിച്ചു കട്ടിലിൽ കിടത്തി. അപ്പോഴേക്കും ആംബുലൻസ് വിളിച്ചു വരുത്തിയിരുന്നു. 
  
അറ്റാക്ക് ആണത്രേ. സൈനുക്ക ഐസിയുവിലാണ്. തടി വിറച്ചിട്ട് നിക്കാൻ പറ്റണില്ല കുറച്ചു വെള്ളമെടുത്തു കുടിച്ചു. പിള്ളേരെല്ലാം ഇപ്പൊ കരയും എന്ന മട്ടിൽ ഇരിപ്പാണ്. ചെറിയൊരു ബ്ലോക്കുണ്ട്. കുഴപ്പൊന്നൂല്ല. കാര്യങ്ങൾ ഡോക്ടർ പറയും. മലയാളി നഴ്‌സ് വന്നു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജായി. മരുന്നിൽ പോകുന്ന ബ്ലോക്കേ ഉള്ളൂ എന്ന് പറഞ്ഞ് അഞ്ചാറു തരം ഗുളികേം തന്നു. രണ്ടു ദിവസായി ലീവായിരുന്ന  എല്ലാവരും ജോലിക്കു പോകാൻ തുടങ്ങി. സൈനൂക്ക ചീത്ത പറഞ്ഞെങ്കിലും ഞാൻ രണ്ടു ദിവസം കൂടി അവധി നീട്ടി. 

"മോനെ ഞാൻ നിർത്തിപ്പോകുകയാണ്", ഉച്ചക്ക് കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണത് പറഞ്ഞത്. മുഖത്തു നോക്കുന്നില്ല. കണ്ണ് നിറഞ്ഞിരിക്കുന്നുവെന്നു മനസിലായി. 'ബാക്കിയെത്രയാ പടച്ചോൻ വെച്ചതെന്നറിയൂല. അത് കുടുബത്തോടൊപ്പം ജീവിക്കണം എന്ന ഒരു മോഹം' വിറയലോടെ പറഞ്ഞൊപ്പിച്ചു.

ആരോ വിളിച്ചെഴുന്നേൽപ്പിച്ച പോലെ ഉറക്കം ഞെട്ടി

'നല്ലൊരു പെണ്ണിന്റെ ജീവിതം ബെർതെ കളഞ്ഞു. ഇത്തറേം കൊല്ലത്തെ ലീവ്... ആകെ കൂട്യാ ഒന്നൊന്നര കൊല്ലാ ഓളെ കൂടെ നിന്നിട്ട്ണ്ടാകുക.' സൈനുക്ക പറയുമ്പോ അറിയാതെ ഞാനും സ്വന്തം സ്ഥിതി ഒന്ന് ആലോചിച്ചു പോയി. 'കടമൊന്നുമില്ല നാട്ടിലെന്തെങ്കിലും പണി നോക്കണം' സൈനൂക്ക തുടർന്നു. കാര്യങ്ങളൊക്കെ പെട്ടെന്നായി. സൈനൂക്കയെ യാത്രയാക്കാൻ എയർ പോർട്ടിൽ നില്‍ക്കുന്നു. ക്ഷീണിതനാണെങ്കിലും കുടുംബത്തിലെത്താൻ പോകുന്നതിന്റെ സന്തോഷം ആ മുഖത്തുണ്ട് ഞങ്ങളെ പിരിയുന്നതിന്റെ കണ്ണുനീരും.

സൈനുക്ക നാട്ടിലേക്ക് പോയി. റൂമിലാരും സംസാരിക്കുന്നില്ല... വല്ലാത്ത അവസ്ഥ. ഉറക്കം വരുന്നില്ല. നാളെ ജോലിക്കു പോണം. ഒന്നുരണ്ടു മണിയായപ്പോ എങ്ങനെയോ ഉറങ്ങി. ആരോ വിളിച്ചെഴുന്നേൽപ്പിച്ച പോലെ ഉറക്കം ഞെട്ടി. നോക്കുമ്പോ സമയം നാല് മണി ആകുന്നതേ ഉള്ളൂ. ബാക്കിയെല്ലാവരും നല്ല ഉറക്കമാണെന്നു തോന്നുന്നു. മെല്ലെ എഴുന്നേറ്റു മുഖം കഴുകി. നടന്നു, കിച്ചണിലേക്ക്... പുട്ടുപൊടി എടുത്ത് നനക്കാൻ തുടങ്ങി.

click me!