പുഴകള്‍ തിരിച്ചുപിടിക്കാന്‍ ഡോ. എ ലത പറഞ്ഞ കാര്യങ്ങള്‍

By Dr. A LathaFirst Published Nov 16, 2017, 5:43 PM IST
Highlights

പുഴകളുടെ പുനരുജ്ജീവനം  നമ്മുടെ മുഖ്യ അജണ്ടയായി മാറണം. പുഴയുടെ പുനരുജ്ജീവനത്തിനായി പുഴയെ ആശ്രയിക്കുന്ന എല്ലാത്തരം ജനസമൂഹങ്ങളും പങ്കു ചേരേണ്ടിവരും. കാരണം കുടിവെള്ളം എല്ലാവരുടെയും ജീവനാഡിയാണ്. നമുക്ക് കേരളത്തില്‍ ചെയ്‍തു തുടങ്ങാവുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഇവിടെ ചര്‍ച്ചയ്‍ക്കു വെക്കുന്നു - റിവര്‍ റിസേര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. എ ലത ഏഷ്യാനെറ്റ് ന്യൂസിന്റെ എന്റെ പുഴ പ്രോഗ്രാമിനായി എഴുതിയ ലേഖനം

കാലാവസ്ഥ വ്യതിയാനം യാഥാര്‍ഥ്യമാണ് എന്ന് ചെന്നൈയില്‍ ഉണ്ടായ തോരാത്ത മഴയും വെള്ളപോക്കവും നമ്മെ ബോധ്യപ്പെടുത്തി കഴിഞ്ഞു. ഇത്തരത്തിലുള്ള തീഷ്‍ണമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഇനിയും വന്നു കൂടായ്‍കയില്ല. ലോകത്ത് ഇങ്ങനെയുള്ള കാലാവസ്ഥ പ്രതിഭാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ കാലവര്‍ഷത്തിന്റെ രീതിയും മാറിക്കഴിഞ്ഞു. എന്നാല്‍ മാറിവരുന്ന കാലാവസ്ഥ ഉണ്ടാക്കുന്ന കെടുതികളിലും പ്രശ്‍നങ്ങളിലും നിന്നും രക്ഷനേടാന്‍ നാം പ്രാപ്‍തരാണോ എന്ന വലിയ ചോദ്യവും ഉയരുന്നുണ്ട്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നമ്മുടെ പുഴകളെ മറ്റൊരു കണ്ണില്‍ കൂടി കാണാന്‍ തയ്യാറാണോ എന്നുള്ള ചോദ്യവും നാം അഭിമുഖീകരിക്കേണ്ടതുണ്ട്.

കുടിവെള്ളത്തിന് നാം എന്തു ചെയ്യും?

ഈ ഭൂമിയില്‍ ജീവിക്കണമെങ്കില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ശുദ്ധജലലഭ്യത. മാറുന്ന കാലാവസ്ഥയും ശുദ്ധജല ലഭ്യതയും പുഴകളുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട് എന്നും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഡിസംബര്‍ 12നു സമാപിച്ച പാരിസ് കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യ മറ്റു പല രാജ്യങ്ങളുടെ കൂടെ ചേര്‍ന്നുകൊണ്ട് ഒരു ആഗോള കാലാവസ്ഥ ജല കൂട്ടായ്‍മ ( Global Water Alliance ) രൂപീകരിച്ച വാര്‍ത്ത ഒരുപക്ഷെ പൊതുസമൂഹം ശ്രദ്ധിച്ചുകാണില്ല. പ്രസ്‍തുത കാലാവസ്ഥാ ജല കൂട്ടായ്‍മയുടെ ഭാഗമായി ഭൂഗര്‍ഭ ജലത്തിന്റെ പരിപാലനം മെച്ചപെടുത്താന്‍ വേണ്ടി കോടികളുടെ മുതല്‍മുടക്കുള്ള പദ്ധതിക്ക് ഇന്ത്യ തുടക്കം ഇടും എന്നാണ് വാര്‍ത്ത. ഇന്ത്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഭൂഗര്‍ഭ ജലത്തെയാണ് കുടിവെള്ളത്തിനും കൃഷിക്ക് വേണ്ടിയിട്ടുള്ള വെള്ളത്തിനും വേണ്ടി ആശ്രയിച്ചുപോരുന്നത്. കേരളത്തിലെ 65 % ഗ്രാമീണ കുടുംബങ്ങളും  59% നാഗരിക കുടുംബങ്ങളും വെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത് എന്നാണ് സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ 45 ലക്ഷം കിണറുകള്‍ ഉണ്ടെങ്കിലും അവയില്‍ 48 ശതമാനവും വേനല്‍കാലത്ത്‌ വറ്റുന്നുണ്ട്. പുഴകളിലെ വേനല്‍ക്കാല നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണു താനും. പെരിയാര്‍ ഒഴികെ ബാക്കി എല്ലാ പുഴകളിലും മഴക്കാലത്തിനു ശേഷമുള്ള നീരൊഴുക്ക് കുറഞ്ഞുവരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കിണറുകള്‍ കഴിഞ്ഞാല്‍ പിന്നെ കേരളം കുടിവെള്ളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പുഴകളെയാണ്.

വര്‍ധിച്ചുവരുന്ന കുടിവെള്ള ക്ഷാമത്തെ നേരിടാന്‍ നമ്മുടെ ഗ്രാമ പഞ്ചായത്തുകള്‍ എന്താണ് ചെയ്യുന്നത് ? വേനല്‍കാലം വരുമ്പോളേക്കും എവിടെനിന്നെങ്കിലും ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുക, പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുക, പുഴയെ ആശ്രയിച്ചുള്ള പുതിയ കുടിവെള്ള പദ്ധതികള്‍ക്കു  തുടക്കം കുറിക്കുക - ഇത്തരത്തിലുള്ള നടപടികള്‍ ആണ് കഴിഞ്ഞ കുറെ കാലമായി മിക്ക ഗ്രാമ പഞ്ചായത്തുകളും പിന്തുടര്‍ന്നു പോരുന്നത്. എന്നാല്‍ കേരളത്തില്‍ മാറി വരുന്ന മഴക്കാലത്തിന്റെ രീതിയും, വേനല്‍ കാലത്ത് വര്‍ദ്ധിച്ചുവരുന്ന കുടിവെള്ള ക്ഷാമവും ഒഴുക്കു നിലയ്‍ക്കുന്ന പുഴകളുടെ അവസ്ഥയുമായി ബന്ധപ്പെടുത്തി സമഗ്രതയോടെ തദ്ദേശസ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ കുടിവെള്ള ക്ഷാമത്തെ കാണുന്നില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ട്

തന്നെയാണ് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്ന ശാശ്വത പരിഹാരങ്ങളിലേക്ക് നാം എത്തി ചേരാത്തതും.


പുഴകളുടെ ശോഷണവും ശുദ്ധമായ കുടിവെള്ള ലഭ്യതയും തമ്മിലുള്ള ബന്ധം

കേരളത്തിലെ ഒരു പുഴയുടെ മലത്തലപ്പുകള്‍ മുതല്‍ കടല്‍ വരെയുള്ള യാത്ര മനസ്സില്‍ സങ്കല്‍പ്പിക്കുക. പശ്ചിമഘട്ടത്തിലെ ചോല പുല്‍മേടുകളില്‍ നിന്ന് ഉത്ഭവിച്ചു, കൊച്ചരുവികളായി തുള്ളിച്ചാടി ഒഴുകി, പുഴയോര കാടുകളുടെ സമൃദ്ധിയും ഏറ്റു വാങ്ങി, വെള്ളച്ചാട്ടങ്ങള്‍ക്ക് ജന്മം നല്‍കി,  നിതാന്തമായ ഒഴുക്കിന്റെ താളത്തിനൊത്ത് മണലും എക്കലും ഒഴുകുന്ന വഴി മുഴുവന്‍ നിക്ഷേപ്പിച്ചുകൊണ്ട്, പുഴത്തടങ്ങളെയും, കണ്ടല്‍ക്കാടുകളെയും സ്‍പര്‍ശിച്ചുകൊണ്ട് കടല്‍ വരെ ശുദ്ധ ജലം എത്തിക്കാന്‍, ഒഴുകുന്ന ഒരു പുഴയ്‍ക്കു മാത്രമേ കഴിയുകയുള്ളൂ. കാട് മുതല്‍ കടല്‍ വരെ ശുദ്ധജലം എത്തിക്കാന്‍ കഴിവുള്ള ഒരേ ഒരു ആവാസവ്യവസ്ഥ ഒഴുകുന്ന പുഴയാണ്. പുഴയെന്ന ആവാസവ്യവസ്ഥ വെറും മഴ വെള്ളം ഒഴുകുന്ന ചാല് മാത്രമല്ല. ഒരു പുഴയ്‍ക്കു ശുദ്ധ ജലം കടല്‍ വരെ എത്തിക്കണം എന്നുണ്ടെങ്കില്‍ അതിനെ പോഷിപിക്കുന്ന പല ഘടകകങ്ങള്‍ വേണം. വൃഷ്‍ടി പ്രദേശത്ത് നല്ല സമൃദ്ധമായ കാട് വേണം; ഒഴുക്കിന്റെ താളവും, ഗതിയും നിയന്ത്രിച്ചു വെള്ളത്തിനെ ശുദ്ധീകരിക്കാന്‍ കഴിവുള്ള പുഴയോര കാടുകള്‍ വേണം; മണലും എക്കലും ഉണ്ടാക്കി ഒഴുകുന്ന വഴി മുഴുവന്‍ നിക്ഷേപ്പിക്കാനും അതുവഴി വെള്ളത്തിനെ ശുദ്ധീകരിക്കാനുമുള്ള കഴിവ് വേണം; ഒഴുക്കിന്റെ കണ്ണി മുറിയാതിരിക്കണം; കടല്‍ അടുത്ത് എത്തുമ്പോള്‍ അവിടെ ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം ഇല്ലാതാക്കി ശുദ്ധജലത്തിനെ കടല്‍ വരെ എത്തിക്കാന്‍ സഹായകമാകുന്ന സമൃദ്ധമായ കണ്ടല്‍ക്കാടുകള്‍ വേണം. എന്നാല്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ എല്ലാംതന്നെ ഒറ്റയ്‍ക്കും മൊത്തത്തോടെയും പുഴകളുടെ നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വൃഷ്‍ടിപ്രദേശത്തെ കാടുകളുടെ നാശവും, ക്വാറികളും, വയല്‍ നികത്തലും, ഒഴുക്കു മുറിക്കുന്ന അണക്കെട്ടുകളും, പുഴയോര കാടുകളുടെ നാശവും, മണല്‍ വാരലും, കണ്ടല്‍ക്കാടുകളുടെ ശോഷണവും, നഗരങ്ങളുടെ വളര്‍ച്ചയും, പുഴയോര പട്ടണങ്ങളും പഞ്ചായത്തുകളും മറ്റും വഴി പുഴകളില്‍ എത്തി ചേരുന്ന മാലിന്യങ്ങളും, വ്യവസായ മലിനീകരണവും എല്ലാം കൂടി ഏറ്റുവാങ്ങി നമ്മുടെ പുഴകള്‍ വളരെയധികം ശോഷിച്ചു കഴിഞ്ഞിരിക്കുന്നു. അവയുടെ സ്വാഭാവിക നീരൊഴുക്ക് കുറഞ്ഞിരിക്കുന്നു;  ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു. അവയ്‍ക്കു ജലം ശുദ്ധീകരിക്കാനുള്ള കഴിവ് നഷ്‍ടപ്പെട്ടിരിക്കുന്നു. മണല്‍ വാരല്‍ കാരണം പുഴകളുടെ ആഴം വര്‍ദ്ധിക്കുകയും അവയ്‍ക്കു ഭൂഗര്‍ഭ ജലം പോഷിപ്പിക്കാനുള്ള കഴിവ് നഷ്‍ടപ്പെട്ടിരിക്കുന്നു. പുഴത്തീരത്തുള്ള കിണറുകളും കുളങ്ങളും പോലും വേനല്‍കാലങ്ങളില്‍ വറ്റുന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ പുഴകള്‍ക്ക് അവയുടെ പാരിസ്ഥിതിക ധര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിവില്ലാതായി. താഴേയ്‍ക്കുള്ള നീരൊഴുക്ക് കുറഞ്ഞു വരുന്നതിന്റെ ഫലമായി വേനല്‍കാലങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ തള്ളിച്ച പുഴയുടെ ഇരു കരകളില്‍ വരെ വ്യാപിക്കുന്നു. കാലവര്‍ഷം കഴിയുമ്പോള്‍ മണ്ണിലും, പുഴകളിലും, തണ്ണീര്‍ത്തടങ്ങളിലും, കുളങ്ങളിലും എല്ലാം ജലം നിറയുമ്പോള്‍, അത് ഭൂഗര്‍ഭ ജലത്തിനെ സമ്പുഷ്‍ടമാക്കാന്‍ സഹായിക്കുന്നു. ഇവയെല്ലാം തന്നെ പരസ്‍പരം ബന്ധപ്പെട്ടു കിടക്കുന്ന ആവാസവ്യവസ്ഥകള്‍ ആണ് താനും. അതുകൊണ്ട് തന്നെ പുഴകളുടെ ശോഷണം ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യതയേയും, പുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മഴദിനങ്ങള്‍ കുറയുന്നു, ഭൂമിയിലേക്കുള്ള വഴി അടയുന്നു

കേരളത്തിലെ ഓരോ ഗ്രാമ പഞ്ചായത്തും, മുനിസിപ്പാലിറ്റിയും, നഗരവും ഏതെങ്കിലും പുഴയുടെ വൃഷ്‍ടിപ്രദേശത്തിന്റെയോ ( catchment area) കീഴ്‍ത്തടപ്രദേശത്തിന്റെയോ ( downstream area ) ഭാഗമാണ്. അതുകൊണ്ടുതന്നെ, മലമുകള്‍ മുതല്‍ കടല്‍ തീരം വരെ നാം വികസനത്തിന്റെ പേരില്‍ ഭൂമിയില്‍ ചെയ്‍തു കൂട്ടുന്ന ഓരോ ഇടപെടലുകളുടെയും ആഘാതം പുഴകളും ഏറ്റു വാങ്ങുന്നുണ്ട്. അത് ജലത്തിന്റെ ഉപരിതല ഒഴുക്കിനേയും, ഭൂഗര്‍ഭ ജലത്തിന്റെ ജലസംപുഷ്‍ടിയേയും ബാധിക്കുന്നുമുണ്ട്. പെയ്യുന്ന മഴയ്‍ക്കു ഭൂമിയിലേക്കും പുഴയിലേക്കും ഇറങ്ങാനുള്ള വഴികള്‍ മണല്‍ വാരല്‍, കാടിന്റെ ശോഷണം, വയല്‍ നികത്തല്‍, തണ്ണീര്‍തടങ്ങള്‍ നികത്തല്‍, ക്വാറികള്‍, തെറ്റായ ഭൂവിനിയോഗം, നഗരവല്‍ക്കരണം എന്നീ കാരണങ്ങള്‍ കൊണ്ട് നാം അടച്ചുകൊണ്ടിരിക്കുന്നു..
മാറുന്ന കാലാവസ്ഥ മഴദിനങ്ങളെ കുറയ്‍ക്കുകയും, പെയ്യുന്ന മഴയുടെ ആഘാതം 4-6 % വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും എന്ന് കേരളത്തിന്റെ കാലാവസ്ഥ ആക്ഷന്‍ പ്ലാന്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നുവെച്ചാല്‍ പെയ്യുന്ന മഴ ഭൂമിയിലേക്ക്‌ ഇറങ്ങാനുള്ള സാഹചര്യം കുറച്ചു കൂടി ബുദ്ധിമുട്ടിലാക്കും എന്ന് മനസിലാക്കാം. മാറുന്ന കാലാവസ്ഥ കുടിവെള്ള ക്ഷാമത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഒഴുകുന്ന പുഴകളെ തിരിച്ചുകൊണ്ടുവരേണ്ട കാലമായി

ടാങ്കര്‍ ലോറിയിലോ, പൈപ്പില്‍ കൂടിയോ എന്നും എങ്ങനെയെങ്കിലും എവിടെ നിന്നെങ്കിലും കുടിവെള്ളം എത്തിക്കാം എന്ന രീതി മാറ്റേണ്ട സമയമായി. പിന്നെ കുഴല്‍ കിണറുകള്‍ക്കും ആയുസ്സില്ല എന്ന് കേരളീയര്‍ അനുഭവത്തില്‍ നിന്നു മനസ്സിലാക്കി കൊണ്ടിരിക്കുന്നുണ്ട്‌. മഴവെള്ളക്കൊയ്‍ത്ത് ഒരു പരിധിവരെ കുടിവെള്ള ക്ഷാമം പരിഹരിച്ചേക്കാം. എന്നാല്‍ മഴവെള്ളക്കൊയ്‍ത്തു കൊണ്ട് പുഴകളുടെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക സാധ്യമല്ല. പുഴകളിലെ നീരൊഴുക്കാണ് അവയുടെ വൃഷ്‍ടിപ്രദേശത്തിന്റെ ആരോഗ്യത്തിന്റെ പ്രധാന അടയാളം. മേല്‍ സൂചിപ്പിച്ച എല്ലാത്തരം ഇടപെടലുകളും നീരൊഴുക്കിന്റെ തോതും ഗുണവും കുറയ്‍ക്കാന്‍ കാരണമായിട്ടുണ്ട്. അത് തിരിച്ചു ശുദ്ധജല ലഭ്യതയെ ബാധിക്കുന്നുണ്ട് താനും. അതുകൊണ്ട് പ്രശ്‍നങ്ങളെ സമഗ്രതയോടെ കണ്ടുകൊണ്ട് പുഴകളുടെയും അവയുടെ വൃഷ്‍ടിപ്രദേശങ്ങളുടെയും പുനരുജ്ജീവനം തന്നെയാണ് ശാശ്വത പരിഹാരം.

പുഴകളെ തിരിച്ചുപിടിക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍

പുഴകളുടെ പുനരുജ്ജീവനം ഇന്നും നമ്മുടെ മുഖ്യ അജണ്ടയായി മാറിയിട്ടില്ല. ലോകത്ത് അമേരിക്ക ഉള്‍പ്പടെ പല രാജ്യങ്ങളും പുഴകളുടെ നീരൊഴുക്ക് തിരിച്ചുവരാന്‍ വേണ്ടി അണക്കെട്ടുകള്‍ വരെ പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പുഴയുടെ പുനരുജ്ജീവനം എന്നുള്ളത് കുറെ കാലം എടുത്തു ചെയ്യേണ്ട ഒരു പ്രക്രിയയാണ്. അതില്‍ പുഴയെ ആശ്രയിക്കുന്ന എല്ലാത്തരം ജനസമൂഹങ്ങളും പങ്കു ചേരേണ്ടിവരും. കാരണം കുടിവെള്ളം എല്ലാവരുടെയും ജീവനാഡിയാണ്. നമുക്ക് കേരളത്തില്‍ ചെയ്‍തു തുടങ്ങാവുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഇവിടെ ചര്‍ച്ചയ്‍ക്കു വെക്കുന്നു.

1. പഞ്ചായത്തുതല ജല വിഭവ പരിപാലനം - കേരളത്തിലെ ഓരോ ഗ്രാമ പഞ്ചായത്തും, മുനിസിപ്പാലിറ്റിയും, നഗരവും ഏതെങ്കിലും പുഴയുടെ വൃഷ്‍ടിപ്രദേശത്ത് അഥവാ കീഴ്‍ത്തട പ്രദേശത്ത് സ്ഥിതി ചെയ്യുന്നുവെന്നത് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവരുടെ നിലവിലുള്ള ജലത്തിന്റെ ലഭ്യതയും ആവശ്യവും പിന്നെ വരുന്ന 25 വര്‍ഷത്തെ ജല ലഭ്യതയും ആവശ്യവും മുന്നില്‍ക്കണ്ടു കൊണ്ടുള്ള പ്ലാനിംഗ് ആണ് നടത്തേണ്ടത്. പഞ്ചായത്തുതല ജല പരിപാലന സമിതികള്‍ വഴി ജല ഓഡിറ്റ്‌ - ജല ബഡ്ജറ്റ്  ഉള്‍പ്പടെ, ജല സ്രോതസ്സുകളുടെ സംരക്ഷണം, ഭൂഗര്‍ഭ ജലത്തിന്റെ റീചാര്‍ജ് എന്നിവ സംയുക്തമായി ചെയ്യേണ്ടതുണ്ട്. ഇതുവഴി പുഴയില്‍ നിന്നും കുടിവെള്ളം പമ്പ് ചെയ്യുന്ന ശീലം കുറയ്‍ക്കാനും സാധിക്കും; പുഴയുടെ നീരൊഴുക്ക് വര്‍ദ്ധിക്കാനും സഹായകമാകും.

2. വൃഷ്‍ടി പ്രദേശത്തിന്റെ പാരിസ്ഥിതിക പുനരുദ്ധാരണം - പുഴകള്‍ ഉത്ഭവിക്കുന്ന വൃഷ്‍ടിപ്രദേശത്തെ വറ്റുന്ന നീര്‍ച്ചാലുകള്‍ കണ്ടുപിടിച്ച് അവയുടെ നീര്‍മറി തടത്തില്‍ വനവല്‍ക്കരണം നടത്തേണ്ടതുണ്ട്. കാടിന്റെ പുനരുദ്ധാരണം വഴി, അവയില്‍ നിന്നു ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളില്‍ നീരൊഴുക്ക് തിരിച്ചുകൊണ്ടുവരാനും, അത് പുഴയുടെ നീരൊഴുക്കിനെ പോഷിപ്പിക്കുകയും ചെയ്യാന്‍ സഹായിക്കും. അതുവഴി ഭൂഗര്‍ഭജല പോഷണവും സാധ്യമാകും.

3. മണല്‍ വാരലിനു അവധി പ്രഖ്യാപിക്കുക – പുഴയിലെ ജലത്തിനെ ശുദ്ധീകരിക്കാനുള്ള കഴിവ് മണലിനുണ്ട്. ഒഴുകുന്ന പുഴയ്‍ക്കു മാത്രമേ മണല്‍ ഉണ്ടാക്കുകയും അതിനെ ഒഴുക്കിന്റെ കൂടെ കടല്‍ വരെ നിക്ഷേപിക്കാനുമുള്ള കഴിവുള്ളു. കടല്‍ വരെ ശുദ്ധജലം എത്തിക്കാന്‍ ഇത് സഹായിച്ചിരുന്നു. നമ്മുടെ പല പുഴകളിലും നിക്ഷേപിക്കുന്നതിനേക്കാള്‍ ഒരുപാടിരട്ടി മണല്‍ വാരി പോകുന്നുണ്ട്. അതുകൊണ്ട് മണല്‍ വാരലിന് അഞ്ചു വര്‍ഷത്തേയ്‍ക്കെങ്കിലും അവധി പ്രഖ്യാപിക്കണം. ജലം ശുദ്ധീകരിക്കാനുള്ള കഴിവ് പുഴയ്‍ക്കു തിരിച്ചുകൊണ്ടുവരാന്‍ ഒരു പരിധി വരെ ഇത് സഹായിക്കും. 2015 നവംബര്‍ മാസത്തില്‍ കേരളത്തിലെ പരിസ്ഥിതി പ്രശ്‍നങ്ങള്‍ മനസ്സിലാക്കാന്‍ വന്ന രാജ്യസഭാ കമ്മിറ്റിയും പ്രസ്‍തുത നിര്‍ദ്ദേശം അംഗീകരിച്ചു.

4.  കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം – കണ്ടല്‍ക്കാടുകളുടെ നാശം കാരണം പുഴകള്‍ക്ക് പണ്ടത്തെ പോലെ കടല്‍ത്തീരം വരെ ശുദ്ധജലം എത്തിക്കാനുള്ള കഴിവ് നഷ്‍ടപ്പെട്ട് തുടങ്ങി. കടലോര പഞ്ചായത്തുകളില്‍ ജനസംഖ്യ കൂടുതലാണ്, ഉപ്പു വെള്ളത്തിന്റെ പ്രശ്നം രൂക്ഷമാണ് താനും. ഓരു വെള്ളം കയറാതിരിക്കാനുള്ള ഏറ്റവും നല്ല ഉപാധി കണ്ടല്‍ക്കാടുകള്‍ തന്നെയാണ്. ലഭ്യമായതും അനുയോജ്യമായ ഇടങ്ങളിലും ജനങ്ങളുടെ പങ്കാളിത്തത്തോടെ കണ്ടല്‍ക്കാടുകള്‍ വെച്ച് പിടിപ്പിക്കുക. കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളില്‍ കണ്ടല്‍ക്കാട് വെച്ചുപിടിപ്പിക്കാനുള്ള ശ്രമംങ്ങള്‍ ജന പങ്കാളിത്തത്തോടെ തുടങ്ങിക്കഴിഞ്ഞു.5. ഭൂവിനിയോഗത്തില്‍ മാറ്റം വരണം – ഒരു പഞ്ചായത്തില്‍ എത്ര ക്വാറികള്‍ ആകാം, എത്ര  മാത്രം വയലും തണ്ണീര്‍ത്തടങ്ങളും നികത്താം, എത്ര മണല്‍ വാരാം, ഇഷ്‍ടിക കളങ്ങള്‍ വെക്കാം ഇവക്കൊന്നും യാതൊരു നിയന്ത്രണവും നിലവില്‍ ഇല്ല. എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തികൊണ്ട് ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാഴ്‍ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഓരോ പ്രദേശത്തിന്റെയും പാരിസ്ഥിതികവഹന ശേഷിക്കപ്പുറം (ecological carrying capacity) ഇത്തരം ഇടപെടലുകള്‍ നടത്തിയാല്‍ അത് കുടിവെള്ള ക്ഷാമത്തിന് വഴിയൊരുക്കും. അതുതന്നെയാണ് കേരളത്തില്‍ ഇന്ന് സംഭവിക്കുന്നതും. അതുകൊണ്ട്, ഒരു പ്രദേശത്തിന്റെ വഹന ശേഷിക്കപ്പുറം ഇത്തരം തെറ്റായ ഇടപെടലുകള്‍ നടത്താതിരിക്കാനുള്ള നിയമ പരമായ നടപടികളും ഒപ്പം രാഷ്‍ട്രീയ ഇച്‍ഛാശക്തിയും  ഉണ്ടാകണം.         കേരളം പോലുള്ള സംസ്ഥാനത്തിന് കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം കുറയ്‍ക്കാന്‍  വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല പ്രവൃത്തി പശ്ചിമഘട്ടത്തിലെ കാടുകളുടെ സംരക്ഷണവും, ജല - പുഴ സംരക്ഷണവും, ജല സ്രോതസ്സുകളുടെയും പുഴകളുടെയും പുനരുജ്ജീവനവും, ഭൂവിനിയോഗത്തിലെ നിയന്ത്രണങ്ങളും ആണ്. നമ്മുടെ കുട്ടികള്‍ക്ക്  ഒഴുകുന്ന ഒരു പുഴയെങ്കിലും കാണിച്ചു കൊടുക്കേണ്ട ബാധ്യതയും ഉത്തരവാദിത്ത്വവും നമുക്കുണ്ട്. ശുദ്ധമായ കുടിവെള്ളം നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടിയെങ്കിലും പുഴകളുടെ പുനരുജ്ജീവനത്തിന് തുടക്കം ഇടേണ്ടതുണ്ട്.

 

click me!