ഓഖി ചുഴലിക്കാറ്റ്: എവിടെയാണ് പിഴച്ചത്?

By ഡോ. ക്ലമെന്റ് ലോപസ്First Published Dec 9, 2017, 4:28 PM IST
Highlights

സമഗ്രമായ മുന്നറിയിപ്പ് സംവിധാനങ്ങളുണ്ടായിട്ടും എങ്ങിനെയാണ് 'ഓഖി ' ചുഴലിക്കാറ്റ് ഇത്രയേറെ വലിയ ദുരന്തമായി മാറിയത്? വരും നാളുകളിലെങ്കിലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്യാനാവുക?  ഓഖി ചുഴലിക്കാറ്റ് ദുരന്തങ്ങള്‍ വിതച്ച പൂന്തുറയില്‍, ജനിച്ച് വളര്‍ന്ന്, ഇപ്പോള്‍ അമേരിക്കയില്‍ ഒരു എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിക്  ഡോ. ക്ലമെന്റ് ലോപസ് എഴുതുന്നു

പൂന്തുറയില്‍ നിന്നും വന്നു കഴിഞ്ഞ് ഇളയ സഹോദരി ഫോണിലൂടെ അവിടെയുള്ള അവസ്ഥകള്‍ പറയുകയായിരുന്നു. മുമ്പ് പൂന്തുറ സ്‌ക്കൂളില്‍ അദ്ധ്യാപിക ആയിരുന്നപ്പോള്‍ അവള്‍ പഠിപ്പിച്ച കുട്ടികളുടെ അപ്പനോ സഹോദരനോ ഒക്കെ ആയിരുന്നു ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരും കാണാതായവരും. 

തൊട്ടടുത്ത് നിന്ന, രക്ഷപെട്ടു കരയില്‍ എത്തിയ ഒരു മത്സ്യത്തൊഴിലാളി തന്നോട് കടലിലെ ഒരു സന്ദര്‍ഭം പങ്കു വച്ചതായി എന്റെ സേഹാദരി പറഞ്ഞു. അവര്‍ നാല് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ വള്ളത്തിലെ കയറുകളില്‍ പിടിച്ചു മൂന്ന്  ദിവസങ്ങളോളം മരണവുമായി മല്ലിടുകയായിരുന്നു. കയറില്‍ നിന്നും പിടിവിടുന്ന നിമിഷം ആഴിയുടെ അടിത്തട്ടിലേക്കോ ഒഴിക്കിലേക്കോ മരണം കൊണ്ടുപോകും. ജീവിക്കുവാനുള്ള ത്വര അവരെ കയറില്‍ പിടിച്ചു കിടക്കാന്‍ നിര്‍ബന്ധിതമാക്കി. മറ്റ്  എന്ത് ചെയ്യുവാനാവും? അവരില്‍ 20, 22 വയസ്സ് പ്രായമുള്ള രണ്ടു ഇളം പ്രായക്കാര്‍ ഉണ്ടായിരുന്നു. ജീവിക്കുവാനുള്ള ആ ഇളംമുറക്കാരുടെ അഭിനിവേശത്തെ അവരുടെ കൈകളുടെ ലോലത മൂന്നാം നാള്‍  കീഴ്‌പ്പെടുത്തി. കയറിലെ പിടി മെല്ലെ അയഞ്ഞു; നിങ്ങളെങ്കിലും രക്ഷപ്പെടൂ, എന്ന് പറഞ്ഞു അവര്‍ ആഴിയുടെ കയങ്ങളിലേക്ക് എങ്ങോ പോയി. നാലഞ്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ രക്ഷാ ഹെലികോപ്റ്റര്‍ എത്തി! അവശേഷിച്ച ആ രണ്ടു പേരെയും രക്ഷപെടുത്തി! മിനിറ്റുകളുടെ വ്യത്യാസത്തില്‍ ആ രണ്ടു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. 

പ്രൈമറി സ്‌കൂളില്‍ എന്റെ സഹപാഠിയും തുടര്‍ന്നിങ്ങോട്ട് സ്‌നേഹിതനുമായിരുന്ന ആരോഗ്യദാസിനെ രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ നാലാം നാള്‍ കണ്ടെത്തുന്നത് ജീവനില്ലാതെയാണ്.  ഇവര്‍ എത്തുന്നതിനു അര  മണിക്കൂര്‍ മുമ്പ് മാത്രമാണ് മരണം സംഭവിച്ചതെന്നാണ് മെഡിക്കല്‍ പരിശോധനയില്‍  വെളിപ്പെട്ടത്!

Courtsey: DNA

എവിടെയാണ് പിഴച്ചത്?
മുന്നറിയിപ്പ് 'പിന്നറിയിപ്പ്' ആയപ്പോള്‍പ്പോലും മൂന്നാം ദിനവും നാലാം ദിനവും രക്ഷപ്പെടുത്താമായിരുന്ന എത്രയോ ജീവനുകള്‍ ഇങ്ങനെ പൊലിഞ്ഞു പോയി. ഈ ദുരന്ത വാര്‍ത്തകള്‍  ഇപ്പോഴും വേട്ടയാടുന്നു. ഇന്നലെ ഉറങ്ങാനായില്ല. അപ്പോള്‍ എഴുന്നേറ്റ് മുന്നറിയിപ്പ് സംവിധാനങ്ങളുടെ വസ്തുതകള്‍ നെറ്റില്‍ പരതി നോക്കി.

മുന്നറിയിപ്പു നല്‍കി, അല്ല അത് താമസിച്ചു പോയി, മുന്നറിയിപ്പ് മാത്രമല്ല, രക്ഷാ പ്രവര്‍ത്തങ്ങളും താമസിച്ചു, തുടങ്ങി ഒട്ടേറെ പ്രതികരണങ്ങള്‍ ഈ ദിനങ്ങളില്‍ അലയടിക്കുന്നുണ്ടല്ലോ. പഴി ചാരേണ്ട സമയമല്ലിത്, ശരിയാണ്. എന്നാല്‍ ഭാവിയിലേക്കുള്ള കരുതലിനു ചില വസ്തുതകള്‍ പരിശോധിക്കുന്നത് ഉചിതമാവും.  ഏതെങ്കിലും കേന്ദ്ര മന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രി, കേരളത്തിലെ മുഖ്യ മന്ത്രിയേയോ മറ്റേതെങ്കിലും മന്ത്രിയേയോ  രാവിലേ ഫോണില്‍ വിളിച്ചു, 'ദേ, ഓഖി' വരുന്നുണ്ട്, വേഗം ഓടിക്കോ!' എന്ന് അറിയിക്കുന്നതാണോ ഈ മുന്നറിയിപ്പ്? ആ ഫോണ്‍ വിളി താമസിച്ചതാണോ? പഴി ചാരലുകള്‍ക്കും കക്ഷി രാഷ്ട്രീയ ആക്രമണ  പ്രത്യാക്രമണങ്ങള്‍ക്കുമപ്പുറം, ഇവ സംബന്ധിച്ച സംവിധാനങ്ങളുടെ വസ്തുതാപരമായ പരിശോധനയാണ് ഈ ലേഖനത്തില്‍. 

എവിടെയാണ് പിഴച്ചത്? ഇനി എങ്ങനെ ഇത് തടയാനാവും? 

നിലവിലെ മുന്നറിയിപ്പ് സംവിധാനങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും 
2013 ജൂലൈയില്‍ പ്രസിദ്ധപ്പെടുത്തിയ, ചുഴലിക്കൊടുങ്കാറ്റുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നടപടി ക്രമങ്ങള്‍ (Cyclone Warning in India: Standard Operation Procedure) ഇതിലേക്ക് വെളിച്ചം വീശുന്നു. ഏകദേശം 175 പേജോളം വരുന്ന ഈ രേഖ ഇന്ത്യന്‍ മെറ്റീരിയോളോജിക്കല്‍ ഡിപ്പാര്‍ട്‌മെന്റിന്റേതാണ് (IMD). ഇതില്‍ മുന്നറിയിപ്പ് രീതികള്‍ സംബന്ധിച്ച് പേജ് 113 മുതല്‍ പ്രതിപാദിക്കുന്നു. വാണിജ്യ തുറമുഖങ്ങള്‍, ഫിഷറീസ്, തീരദേശം , തുടങ്ങി വിവിധ മേഖലകള്‍ക്ക് സവിശേഷമായ മുന്നറിയിപ്പ് സംവിധാനങ്ങളും രീതികളും ഇതില്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്

ദിനംപ്രതിയുള്ള വാര്‍ത്താ  ബുള്ളറ്റിനുകള്‍, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ എന്നിവ വഴിയുള്ള തുടര്‍ച്ചയായ പ്രത്യേക അറിയിപ്പുകള്‍, ഫോണ്‍ സന്ദേശങ്ങള്‍, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും അയക്കുന്ന ഫാക്‌സ് സന്ദേശങ്ങള്‍, വാര്‍ത്താ സമ്മേളനങ്ങള്‍, ഉത്തരവാദപ്പെട്ട വ്യക്തികള്‍ക്ക് നേരിട്ട് നല്‍കുന്ന അറിയിപ്പുകള്‍, ആര്‍ക്കും എന്നും കയറി നോക്കാവുന്ന വെബ് പേജുകള്‍, തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങള്‍ ഇതിനായി അവലംബിക്കുന്നു. ഓഖി ചുഴലിക്കാറ്റിന്റ കാര്യത്തില്‍ ഈ മാര്‍ഗ്ഗങ്ങള്‍ക്കൊക്കെ എന്ത് സംഭവിച്ചു എന്ന് പരിശോധിക്കേണ്ടതാണ്.

ചുഴലിക്കാറ്റ് സംബന്ധിച്ച ഇന്ത്യയുടെ തീരദേശങ്ങള്‍ക്ക് വേണ്ടിയുള്ള ബുള്ളറ്റിനുകള്‍ക്ക് വിവിധ ഘട്ടങ്ങള്‍ ഉണ്ട്: 

1. ചുഴലിക്കാറ്റിന് മുന്‍പുള്ള നിരീക്ഷണം (ഇത് ചുഴലിക്കാറ്റിന്റെ സാദ്ധ്യത സൂചിപ്പിക്കുന്ന ന്യൂനമര്‍ദ്ദം ആരംഭിക്കുമ്പോള്‍ മുതല്‍ തുടങ്ങുന്നു) 

2 . ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ജാഗ്രതാ അറിയിപ്പ് (Cyclone alert)

3. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ (Cyclone warning)

 4. ചുഴലിക്കാറ്റ് വീശിത്തുടങ്ങുന്ന ഘട്ടത്തിനുശേഷമുള്ള സ്ഥിതി (Post landfall outlook) 

5. മുന്നറിയിപ്പ് പിന്‍വലിക്കല്‍ ഘട്ടം (Dewarning). 

ന്യൂന മര്‍ദ്ദം ആരംഭിക്കുന്ന സമയം മുതല്‍ എല്ലാ ദിവസവും  ഇടവിട്ട് നിശ്ചിത സമയങ്ങളില്‍ (പാതിര 00 AM, 3 AM, 6 AM, 12 PM, 6PM) ഈ വാര്‍ത്താ ബുള്ളറ്റിനുകള്‍ പ്രസിദ്ധപ്പെടുത്തുന്നു. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമ്പോള്‍ ബുള്ളറ്റിനുകളുടെ ആവൃത്തി കൂടി, 3 മണിക്കൂറില്‍ ഒന്ന് എന്ന കണക്കില്‍ ആവുന്നു. അടുത്ത 72 മണിക്കൂറുകളിലെ (അതായത് മൂന്നു ദിവസങ്ങള്‍ )  സാദ്ധ്യതാ സ്ഥലങ്ങള്‍, ദിശ, കൃത്യമായ സ്ഥലവും സമയവും, വ്യാപ്തിയും ശക്തിയും, പ്രതികൂല കാലാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ഈ ബുള്ളറ്റിനുകളില്‍ ഉണ്ടാവും (പേജ് 121 , 122 ). 

തത്സമയം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂം, മറ്റ് മന്ത്രാലയങ്ങള്‍, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഇവ നല്‍കുന്നു. ഇതേ സമയം തന്നെ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, പത്ര,ദൃശ്യ മാദ്ധ്യമങ്ങള്‍ എന്നിവര്‍ക്കും ഈ വാര്‍ത്താ  ബുള്ളറ്റിനുകള്‍ നല്‍കുന്നു. തീവ്രത വെളിപ്പെടുത്തുവാന്‍ 2006 മുതല്‍ വിവിധ നിറങ്ങള്‍ ഉപയോഗിക്കുന്നു ( ഉദാഹരണത്തിന്, ചുഴലിക്കാറ്റിനെ സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശത്തിന് മഞ്ഞയും, മുന്നറിയിപ്പിന് ഓറഞ്ച് നിറവും, ചുഴലിക്കാറ്റ് വീശിയടിച്ചുകഴിഞ്ഞുള്ള സ്ഥിതിക്ക് ചുവപ്പു നിറവും ഉപയോഗിക്കുന്നു). 

കൂടാതെ, ഉന്നത ഉദ്യോഗസ്ഥര്‍ക്കായി ദിവസത്തിലൊരിക്കല്‍ പ്രത്യേക ബുള്ളറ്റിനും നല്‍കുന്നു. ദേശീയതലത്തില്‍ വിവിധ ദുരന്ത നിവാരണ ഏജന്‍സികള്‍ക്കും മറ്റും വ്യക്തിപരമായ അറിയിപ്പുകളും നല്‍കുന്നു. സാധാരണ കാലാവസ്ഥകളില്‍ ദിവസം രണ്ട് വീതവും പ്രതികൂല കാലാവസ്ഥയില്‍ മൂന്നാമതൊരു ബുള്ളറ്റിനും ന്യൂനമര്‍ദ്ദം രൂപപ്പെടുമ്പോള്‍ (ചുഴലിക്കാറ്റിന്റെ സാദ്ധ്യത ) മൂന്നു ബുള്ളറ്റിനുകള്‍ കൂടി. അങ്ങനെ ദിവസം ആറ് എണ്ണം പ്രസിദ്ധീകരിക്കുന്നു. ഇവയുടെ വ്യത്യാസം തിരിച്ചറിയുന്നതിനു അതാത് ബുള്ളറ്റിനുകള്‍ക്കു ബുള്ളറ്റിനുകളുടെ ഈ പ്രത്യേകതകള്‍ സൂചിപ്പിക്കുന്ന കോഡുകളും നല്‍കുന്നു: Eletcron (StormOne), Aurora (DailyOne), Formula (tSromtwo), Balloon (Dailytwo), Gasbag (StormThree), Dew Drop (Etxra), Hexagon (Special).

ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നാല് ഘട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നു. 72 മണിക്കൂറുകള്‍ക്കുള്ളില്‍ (മൂന്ന് ദിവസങ്ങള്‍ക്കുമുമ്പ് ) നല്‍കുന്ന PreCyclone Watch ആണ് ആദ്യ ഘട്ടം. 48 മണിക്കൂറുകള്‍ക്കു മുന്‍പ് നല്‍കുന്ന ചുഴലിക്കാറ്റ് ജാഗ്രത (Cyclone Alert) ആണ് രണ്ടാം ഘട്ടം. 24 മണിക്കൂറുകള്‍ക്കു മുന്‍പ് നല്‍കുന്ന 'മുന്നറിയിപ്പ്' (Cyclone Warning) ആണ് മൂന്നാം ഘട്ടം. ചുഴലിക്കാറ്റ് വീശിയടിച്ചു കഴിഞ്ഞുള്ള നാലാം ഘട്ടം കുറഞ്ഞത് 12 മണിക്കൂറുകള്‍ക്കുള്ളില്‍ നല്‍കുന്നതാണ്. 

ഇതനുസരിച്ചു മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ന്  മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് ബംഗാള്‍ ഉള്‍ക്കടലുമായി ബന്ധപ്പെട്ട തീരദേശങ്ങള്‍ക്കാണ് . ചുവടെയുള്ള മാപ്പിന് അടിസ്ഥാനമായ വെബ് ലിങ്ക് ക്ലിക് ചെയ്യുക


Courtsey: IMD, Govt. of India

ഇവയുടെ വെളിച്ചത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളും സ്വീകരിച്ച മുന്നറിയിപ്പ് സംവിധാനങ്ങള്‍ മുകളില്‍ പരാമര്‍ശിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കേണ്ടതാണ് . 

വിവരാവകാശ നിയമം വഴിയും  നേരിട്ടും വസ്തുതകള്‍ സമാഹരിക്കുവാനുള്ള തുടര്‍ ശ്രമങ്ങള്‍  തീരദേശത്തെ യുവ ഗവേഷകര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വിടുന്നു.  IMD യില്‍ നിന്നും ന വംബര്‍ 29-30  നു ലഭിച്ച മുന്നറിയിപ്പ് അടിസ്ഥാനമാക്കി ഇന്ത്യ ടുഡേ  നല്‍കിയ വാര്‍ത്ത കാണുക 

തെക്കന്‍ തമിഴ് നാട്ടിലും  തെക്കന്‍ കേരളത്തിലും ഉള്ള മത്സ്യത്തൊഴിലാളികള്‍ക്കു ഉള്ള മുന്നറിയിപ്പ് വായിക്കുക, ഇത്രയും ഗുരുതരമായ മുന്നറിയിപ്പ് ജനകീയ തലത്തില്‍ എത്തിക്കുന്നതിനും സ്വാഭാവികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ അന്ന് തന്നെ ആരംഭിക്കുന്നതിനും എവിടെയാണ് പിഴച്ചത്? കുറ്റകരമായ ഉപേക്ഷ (criminal negligence) എവിടെയെങ്കിലും ഉണ്ടായോ? ഇവ ആവര്‍ത്തിക്കാതിരിക്കാനും മെച്ചപ്പെടുത്താനും എന്താണ് നടപടികള്‍? അതിനായി സര്‍ക്കാരുകള്‍ക്കും മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും രൂപത പോലുള്ള സമുദായ സംവിധാനങ്ങള്‍ക്കും ഉണ്ടാകേണ്ടതായ ജാഗ്രതകള്‍ ഇനി എങ്ങനെ? 

അതോ, കൂടുതല്‍ വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞിട്ടു വേണോ അതൊക്കെ ആലോചിക്കാന്‍!

click me!