ഏഴ് ലക്ഷം രൂപ ചെലവിട്ട് നാടിന്‍റെ വിശപ്പ് മാറ്റാനിറങ്ങിയ പ്രൊഫസര്‍

By Web TeamFirst Published Feb 12, 2019, 6:58 PM IST
Highlights

ഇതാണ് ഞാനെപ്പോഴും ചെയ്യാനാഗ്രഹിച്ചത് എന്നാണ് നീലിമ ഇതിനെ കുറിച്ച് പറയുന്നത്. ആദ്യമൊന്നും ജി എച്ച് എം സിയില്‍ നിന്ന് നീലിമയ്ക്ക് പദ്ധതി തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നില്ല. പക്ഷെ, നിരവധി ശ്രമങ്ങള്‍ക്കും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെയും ഫലമായാണ് ആപ്പിള്‍ ഹോംസിന് അനുമതി ലഭിച്ചത്. വൈദ്യുതിക്കും മറ്റുമായും നീലിമ ഒരുപാട് കഷ്ടപ്പെട്ടു. 
 

ഗ്രേറ്റ് ഹൈദ്രാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (ജി എച്ച് എം സി), ആപ്പിള്‍ ഹോംസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ എന്നിവ ചേര്‍ന്ന് നഗരത്തിലെ ഒരുപാട് മനുഷ്യരുടെ വിശപ്പ് തുടച്ചു നീക്കുന്നു. 'ഫീഡ് ദ നീഡ്' (ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കുക) എന്നതാണ് ഇവരുടെ ലക്ഷ്യം. 

വിശപ്പ് രഹിത ഹൈദ്രാബാദിനായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഹോംസ് രണ്ടു തരം പ്രശ്നങ്ങളെയാണ് ഈ പ്രവര്‍ത്തനത്തിലൂടെ നേരിടുന്നത്. ഒന്ന്, വിശപ്പ്, രണ്ട് അധികം വരുന്ന ഭക്ഷണം കളയുന്നത്. 

പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഡോ. നീലിമ ആര്യ എന്ന പ്രൊഫസറായിരുന്നു. പാവപ്പെട്ടവരെ, ജോലിയില്ലാത്തവരെ, ഓട്ടോ, കാബ് ഡ്രൈവര്‍മാരെ, നഗരത്തിലെത്തുന്നവരെ ഒക്കെ ഉദ്ദേശിച്ചാണ് പദ്ധതി തുടങ്ങിയത്. ആര്‍ക്കും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമോ, പഴമോ, ഭക്ഷണമോ കഴിക്കാം. ഇംഗ്ലീഷ് പ്രൊഫസറായും, ഒരു ചാനല്‍ സി ഇ ഒ ആയും പ്രവര്‍ത്തിച്ചിരുന്ന ആളാണ് നീലിമ. 2018 നവംബറിലാണ് നീലിമ ജോലി രാജിവെച്ച് മുഴുവന്‍ സമയവും ആപ്പിള്‍ ഹോമിന്‍റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. 

ഇതാണ് ഞാനെപ്പോഴും ചെയ്യാനാഗ്രഹിച്ചത് എന്നാണ് നീലിമ ഇതിനെ കുറിച്ച് പറയുന്നത്. ആദ്യമൊന്നും ജി എച്ച് എം സിയില്‍ നിന്ന് നീലിമയ്ക്ക് പദ്ധതി തുടങ്ങാനുള്ള അനുമതി ലഭിച്ചിരുന്നില്ല. പക്ഷെ, നിരവധി ശ്രമങ്ങള്‍ക്കും പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെയും ഫലമായാണ് ആപ്പിള്‍ ഹോംസിന് അനുമതി ലഭിച്ചത്. വൈദ്യുതിക്കും മറ്റുമായും നീലിമ ഒരുപാട് കഷ്ടപ്പെട്ടു. 

2019 ജനുവരി 10 -ന് അവര്‍ക്ക് അനുമതി ലഭിച്ചു. പത്ത് സ്ഥലങ്ങളില്‍ റെഫ്രിജറേറ്റര്‍ സ്ഥാപിക്കാനായിരുന്നു ആദ്യ അനുമതി. പിന്നീട്, 100 സ്ഥലങ്ങളില്‍ റെഫ്രിജറേറ്റര്‍ സ്ഥാപിച്ചു. പിന്നീട്, തെലങ്കാന സര്‍ക്കാര്‍ ഇത് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സഹായം നല്‍കി. ബിസ്ക്കറ്റ്, ചോക്കളേറ്റ്സ്, വെള്ളം, പഴങ്ങള്‍, ബ്രെഡ്, ജാം, ചപ്പാത്തി, ബിരിയാണി എല്ലാം ഇതിലുണ്ടാകും. 

പാകം ചെയ്ത ഭക്ഷണം പരിശോധിക്കാനും ആളുണ്ട്. ഫുഡ് സേഫ്റ്റിയെ കുറിച്ച് ഇവര്‍ക്ക് ക്ലാസുകള്‍ നല്‍കിയിട്ടുമുണ്ട്. ഭാവിയില്‍ ഭിന്നശേഷിക്കാരായ കൂടുതല്‍ പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ജോലി നല്‍കാനും നീലിമ ആലോചിക്കുന്നുണ്ട്. ആപ്പിള്‍ ഹോംസ് തുടങ്ങുന്നതിനായി, ആദ്യം നീലിമയ്ക്ക് ഫണ്ട് ഒന്നും കിട്ടിയിരുന്നില്ല. സ്വന്തം കയ്യില്‍ നിന്നും ഏഴ് ലക്ഷം രൂപയെടുത്താണ് നീലിമ പദ്ധതി തുടങ്ങിയത്. 

പൊതുജനങ്ങളില്‍ നിന്നും കൂടുതല്‍ പങ്കാളിത്തം ലഭ്യമാക്കുന്നതിനായി അധികം വരുന്ന ഭക്ഷണം അവരില്‍ നിന്നും സ്വീകരിക്കുന്നുണ്ട്. മറ്റുള്ളവര്‍ ഭക്ഷണവുമായി എത്തുന്നത് തന്നെ വളരെ അധികം സന്തോഷിപ്പിക്കുന്നുവെന്നാണ് നീലിമ പറയുന്നത്. ഏതായാലും നഗരത്തിലെത്തുന്ന നിരവധി പേരുടെ വിശപ്പാണ് നീലിമയും ആപ്പിള്‍ ഹോംസും മാറ്റുന്നത്. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)


 

click me!