ഇ.സി.ജി. സുദർശന്‍- കപ്പിനും ചുണ്ടിനും ഇടയിൽ നോബൽ നഷ്ടമായ മലയാളി

By ആശ അരവിന്ദ്First Published May 14, 2018, 9:47 PM IST
Highlights
  • അന്തരിച്ച ഭൗതികശാസ്ത്ര പ്രതിഭ ഇ.സി.ജി. സുദർശനെ കുറിച്ച് ആശ അരവിന്ദ് എഴുതുന്നു

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഭൗതികശാസ്ത്ര പ്രതിഭകളിൽ ഒരാളായിരുന്നു ടെക്സസിൽ അന്തരിച്ച ഈഞ്ചക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി. സുദർശൻ. ഒമ്പത് തവണ നോബൽ നോമിനേഷന് അർഹനായ ഇ.സി.ജി. സുദർശനെ കുറിച്ച് ഡോ. ആശാ അരവിന്ദ് (റിസേർച്ചർ, സെന്റർ ഓഫ് അഡ്വാൻസ്‌ഡ് മെറ്റീരിയൽസ് റിസർച്ച് യൂണിവേഴ്‌സിറ്റി ഓഫ് ഷാർജ, യു .എ ഇ.​) എഴുതുന്നു...

കോട്ടയം ജില്ലയിലെ പള്ളത്തു ജനിച്ച് സി എം എസ്‌  കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. പിന്നീട് ടെക്സാസ് യൂണിവേഴ്സിറ്റി, റോചെസ്റ്റർ യൂണിവേഴ്സിറ്റി, ഹാർവാർഡ് തുടങ്ങിയ ഉന്നത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. കൂടാതെ ഇന്ത്യയിലെ പ്രധാന ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളായ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസസ്, ബെംഗളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവിടങ്ങളിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഡയറക്ടർ ആയിരുന്ന കാലഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസസ്, സെന്റർ ഫോർ എക്സലൻസ് ആയി ഉയർന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെയും, കഴിവിൻറെയും  ഉദാഹരണമാണ്.

കേരളത്തിലെ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേസിക് സയന്‍സസിന്റെ ചെയർമാൻ ആയിരുന്നു. സുദർശൻ ഡയറക്ടർ ആയിരുന്ന ഐ.എം.എസ്‌.സി 50-ാം വാർഷികം ആഘോഷിച്ച 2012-ൽ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗവും, തുടർന്നുള്ള വളരെ ആരോഗ്യകരമായ ചർച്ചകളും, പ്രായാധിക്യത്തെ വകവെയ്ക്കാതെയുള്ള ഊർജസ്വലതയും അപ്പോൾ അവിടെ റിസേര്‍ച്ച് ചെയ്തിരുന്ന എന്റെ മനസ്സിൽ തങ്ങിനില്ക്കുന്നു. മലയാളി ആണെന്ന് പറഞ്ഞപ്പോൾ ശുദ്ധമായ മലയാളത്തിൽ നാടിനെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് മധുരിക്കുന്ന ഓർമയാണ്. നിർഭാഗ്യവശാൽ, അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തു സൂക്ഷിക്കാൻ തോന്നാത്തത് വലിയ നഷ്ടമായി.  

ദുർബല ബലങ്ങളെക്കുറിച്ചുള്ള വി-എ തിയറിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു സുദർശൻ

കണികാ ഭൗതിക ശാസ്ത്രത്തിൽ സുദര്‍ശന്റെ സംഭാവനകൾ അമൂല്യമാണ്. ഭൗതികശാസ്ത്രത്തിലെ പ്രധാന ശാഖകൾ ആയ ക്ലാസിക്കൽ മെക്കാനിക്സ്, ക്വാണ്ടം ഒപ്റ്റിക്സ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവയിൽ അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിവച്ചു. ഭൗതിക ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഫെയ്ൻമാൻ ലെക്ചർസിലൂടെ സുപരിചിതനായ റിച്ചാർഡ് ഫെയ്ൻമാനും, മുറെ-ജെൽമാനും പ്രചാരം നൽകിയ ദുർബല ബലങ്ങളെക്കുറിച്ചുള്ള വി-എ തിയറിയുടെ ഉപജ്ഞാതാക്കളിൽ ഒരാളായിരുന്നു സുദർശൻ.

സുദര്‍ശന്റെ സുപ്രധാനമായ നേട്ടങ്ങളിൽ ഒന്നാണ് പ്രകാശവേഗത്തെ അതിജീവിക്കുന്ന വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോൺസിനെക്കുറിച്ചുള്ള പ്രവചനം. പിന്നീട്, പ്രകാശവേഗത അല്ല, ടാക്കിയോൺസിനെ അടയാളപ്പെടുത്തുന്നത് അവയുടെ അസ്ഥിരതയാണ് എന്ന് തെളിയിക്കുന്ന പഠനങ്ങൾ നടന്നെങ്കിലും ടാക്കിയോൻ കൊണ്ടെൻസേഷൻ എന്ന പുതിയ പ്രതിഭാസം ശാസ്ത്ര ലോകം സ്വാഗതം ചെയ്തു. അദ്ദേഹം പ്രവചിച്ച പോലെ പ്രകാശവേഗതയെ അതിജീവിക്കുന്ന കണങ്ങളെ കണ്ടെത്താനുള്ള പരീക്ഷങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ലോകത്തെമ്പാടുമുള്ള സുദര്‍ശന്റെ പ്രഗത്ഭരായ ശിഷ്യന്മാരിൽ പ്രശസ്ത ശാസ്ത്രജ്ഞരായ, ഐ ഐ എസ്‌ സി ബാംഗ്ലൂരിലെ പ്രൊഫ. എൻ. മുകുന്ദ, ശാന്തി സ്വരൂപ് ഭട്നഗർ ജേതാവായ, ഐ എം എസ്‌ സി ചെന്നൈയിലെ പ്രൊഫ. ആർ. സൈമൺ എന്നിവർ ഉൾപ്പെടുന്നു. ക്വാണ്ടം ഒപ്റ്റിക്സിൽ ഇവരോടൊപ്പം സുദർശൻ നടത്തിയ പല പഠനങ്ങളും ലോക പ്രശസ്തമായ റിസർച്ച് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വയം ഒരു വേദാന്തി എന്ന് വിശേഷിപ്പിച്ചിരുന്ന സുദര്‍ശന്‍റെ വേദാന്ത പ്രഭാഷങ്ങൾ വളരെ പ്രശസ്തമാണ്

ശാസ്ത്രജ്ഞർ ഗവേഷണത്തിൽ മാത്രം താല്‍പര്യം ഉള്ളവരാണ് എന്ന പൊതുബോധത്തിന് നിരക്കാത്തതായിരുന്നു സുദര്ശന്റെ ഉജ്ജ്വലമായ ജീവിതം. മതവും, തത്വചിന്തയും അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച്, തത്വ ചിന്തയിലും, വേദാന്തത്തിലും വ്യക്തമായും, വ്യത്യസ്ഥമായും ഉള്ള കാഴ്ചപ്പാടുകൾ ഉള്ള അദ്ദേഹം, ജിദ്ദു കൃഷ്ണമൂർത്തിയുമായി സംവാദങ്ങൾ നടത്തിയിരുന്നു. സ്വയം ഒരു വേദാന്തി എന്ന് വിശേഷിപ്പിച്ചിരുന്ന സുദര്‍ശന്‍റെ വേദാന്ത പ്രഭാഷങ്ങൾ വളരെ പ്രശസ്തമാണ്. 

വിലപ്പെട്ട സംഭാവനകൾ ഭൗതിക ശാസ്ത്രത്തിനു നൽകിയ സുദർശനു കപ്പിനും ചുണ്ടിനും ഇടയിൽ നോബൽ സമ്മാനം നഷ്ടമാകുന്നതും ശാസ്ത്ര ലോകം കണ്ടു. സുദര്‍ശനും ഗ്ലോബറും ചേർന്ന് രൂപം കൊടുത്ത  പി റെപ്രെസെൻറ്റേഷൻ 3 എന്ന് അറിയപ്പെട്ട സുദർശൻ- ഗ്ലോബർ റെപ്രെസെന്റഷന് 2005-ൽ ഗ്ലോബറിന് മാത്രം നോബൽ കിട്ടിയപ്പോൾ ഒമ്പത് പ്രാവശ്യം നോബൽ നോമിനേഷന് അർഹനായ സുദർശൻ തഴയപ്പെട്ടു. ഒരുപക്ഷെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിൽ ഒന്നായിരുന്നിരിക്കാം അത്. സുദർശൻ ഓർമ്മയായി എങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ അടയാളങ്ങളായി അദ്ദേഹം മുന്നോട്ടു വച്ച തിയറികളും, മറ്റു കണ്ടു പിടിത്തങ്ങളും ലോകത്തിന്റെ മുന്നിലുണ്ടാവും.

ഒമ്പത് തവണ കൈവിട്ടുപോയ പുരസ്‌കാരം ഇനിയൊരിക്കൽ അദ്ദേഹത്തിന്റെ പേരിലെത്തുമെന്നു നമുക്ക് പ്രത്യാശിക്കാം.

click me!