ഇത് വായിക്കുന്ന എന്‍റെ പ്രിയപ്പെട്ടവരെ ഓർത്ത്, ആ രംഗം വിവരിക്കാന്‍ വയ്യ...

By Web TeamFirst Published Mar 1, 2019, 6:41 PM IST
Highlights

വളഞ്ഞ വഴിയിലൂടെ ഗൾഫിലെത്താൻ ഞാൻ ശ്രമിച്ചതിൽ തെറ്റ് തോന്നിയില്ല. ഭവിഷ്യത്തുകളറിയാമായിരുന്നിട്ടും അപ്പോഴതിനെപ്പറ്റി ചിന്തിച്ചില്ല.
ഒരുനാൾ, മഞ്ഞുമൂടിയ ആ പ്രഭാതത്തിൽ ലേബർ സ്ക്വാഡും പൊലീസും ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടലിലേക്കിരമ്പിയെത്തി. അവരെന്നെ തൂക്കിയെടുത്ത് ആട്ടിൻ കൂടുപോലുള്ള വണ്ടിയിലിട്ടു പൂട്ടി. ഗൾഫിലെ ആറുമാസത്തെ കരാഗൃഹവാസത്തിന്റെ തുടക്കം ഇവിടന്നങ്ങോട്ടായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പുള്ള തെളിവെടുപ്പായിരുന്നു ജീവിതത്തിൽ ഞാനഭിമുഖീകരിച്ച ഏറ്റവും വലിയ പരീക്ഷണഘട്ടം.

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ഇരുണ്ട ജയിൽ മുറിക്കുള്ളിലെ, കനത്ത ഇരുമ്പഴിയിട്ട വെന്‍റിലേറ്ററിൽ കൂടി ഒലിച്ചിറങ്ങുന്ന വെളിച്ചക്കീറുകളെ ഞാന്‍ ഉറ്റുനോക്കിയിരുന്നു. നാളെ ഞാൻ സ്വതന്ത്രനാവുകയാണ്. എന്റെ ശിക്ഷാ കാലാവധി അവസാനിക്കുകയാണ്. നാളെ കഴിഞ്ഞ് എനിക്കെന്റെ നാട്ടിലെത്താം. എന്റെ ഗ്രാമത്തിൽ, എന്റെ മാതാപിതാക്കളുടെ അടുത്ത്. എന്റെ പ്രേയസിയുടെ അടുത്ത്, പൊന്നുമോൻറെയടുത്ത്..

മാസങ്ങളായി ഈ കരാഗൃഹത്തിലെ കനത്ത ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടിക്കഴിയുന്നു. വെളിച്ചം കടന്നു വരാനറക്കുന്ന ഈ ഇരുണ്ട ജയിൽ മുറിക്കുള്ളിൽ നിന്ന് നാളെ എനിക്ക് സ്വതന്ത്രനാകാം. വ്യത്യസ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഭീകരന്മാരായ കുറ്റവാളികളുമായി എനിക്കിനി ഇടപഴകേണ്ടതില്ല. അസ്വാതന്ത്ര്യത്തിന്റെയും തീവ്രമായ ആത്മപീ‍‍ഡനങ്ങളുടെയും കാലയളവ് ഇതാ അവസാനിക്കുന്നു.

പാസ്പോർട്ടും വിസയുമില്ലാതെ ഗൾഫിലെത്തുന്നത് കുറ്റകരമാണ്. എന്നിട്ടും..

വിചാരണയും വിധി പ്രതീക്ഷയുമായി ഒരു മാസക്കാലം അസ്മാ പോലീസ് സ്റ്റേഷനിലെ ഭൂഗർഭ ലോക്കപ്പിൽ. അതിന് ശേഷം നീണ്ട അഞ്ചുമാസം മുഫ്താ സെൻട്രൽ ജയിലിലും, ഷാർജ ഓപ്പണ്‍ ജയിലിലും.. മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ ഓരോ പകലും രാത്രിയും എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. കുറ്റകൃത്യമാണ് ചെയ്യുന്നതെന്നറിഞ്ഞിട്ടും ദുർഘടം പിടിച്ച വഴിയിൽ കൂടി ഞാൻ ഗൾഫിലെത്തി. പാസ്പോർട്ടും വിസയുമില്ലാതെ, ഒരു നാൾ ഷാർജയിലിറങ്ങി.

1981...  ജനുവരിയിലെ കോച്ചി വിറക്കുന്ന പ്രഭാതം.. ബോംബെ, ഇന്നത്തെ മുംബൈ.. രാജ്യത്തെ വിറപ്പിച്ച ബഖിയ എന്ന അധോലോക നായകന്‍റെ കള്ളക്കടത്ത് സംഘത്തിൽ കടന്നുകൂടി. പഴകിയ കപ്പലിൽ നിലവാരമില്ലാത്ത ആടു മാംസം ഗൾഫിലേക്കയക്കും. തുറമുഖാധികാരികൾ ചരക്കവിടെ ഇറക്കാനനുവദിക്കാതെ തിരിച്ചയക്കും. അപ്പോള്‍, ആടുകളുടെ വയറ്റിൽ കളളക്കടത്ത് സ്വർണ്ണവും, അക്കാലത്ത് പ്രസിദ്ധമായ Omax, സൈക്കോ വാച്ചുകളും നിറച്ച് ബോംബെ തുറമുഖത്തിറക്കും. അന്തരാഷ്ട കുപ്രസിദ്ധനായ ബഖിയയെ തടയാൻ ഇന്ത്യൻ തുറമുഖാധികാരികൾക്കോ രാഷ്ട്രീയക്കാർക്കോ ഭയമായിരുന്നു അന്ന്.

അങ്ങനെ ആ ചീഞ്ഞളിഞ്ഞ ആടുമാംസം കയറ്റിയ പഴയ കപ്പലിൽ ഞാന്‍ ഷാർജയിലിറങ്ങി. പ്രയാസം കൂടാതെ കുറുക്കു വഴിയിലൂടെ പുറത്തിറങ്ങി. പാസ്പോർട്ടും വിസയുമില്ലാതെ ഗൾഫിലെത്തുന്നത് കുറ്റകരമാണ്. എന്നിട്ടും.. ഉപ്പു തിന്നവൻ വെള്ളം കുടിച്ചല്ലേ പറ്റൂ. നീണ്ട ആറു മാസം നെടുവീർപ്പുകളും നിശ്വാസങ്ങളുമായി കഴിച്ചുകൂട്ടി. യാതനയും പീഡനങ്ങളുമേറ്റു വാങ്ങി. വിവാഹം കഴിഞ്ഞ് ഒരു മാസക്കാലമേ നാട്ടിൽ നിൽക്കാൻ കഴിഞ്ഞുള്ളൂ. വീട്ടിലെ പട്ടിണിയും പ്രാരാബ്ദങ്ങളും എന്തു സാഹസം സഹിച്ചും ഗൾഫിലെത്താൻ പ്രേരണയായി.

കൂടുതൽ അലച്ചിലില്ലാതെ അബുദാബിയിലെ ഒരു ഹോട്ടലിൽ ജോലി കിട്ടി. ഒരു കുറ്റവാളിയെ പോലെ ഒളിച്ചു നടക്കുകയായിരുന്നു. ഏതു നിമിഷവും പിടിക്കപ്പെടാം. പാസ്പോർട്ടോ പതാക്കയോ (വർക്ക് പെർമിറ്റ്) കൈയിലില്ല. കന്തുറ ധരിച്ച അറബികളെ കാണുമ്പോൾ മനസ് കിടിലം കൊള്ളുന്നു. കുടുംബത്തെ പട്ടിണിയിൽ നിന്ന് രക്ഷപ്പെടുത്താൻ ഞാനാഗ്രഹിച്ചു. സഹോദരിമാരെ കെട്ടിച്ചയക്കണം. സ്വന്തം നിലനിൽപ്പ് ഭദ്രമാക്കണം. ഒരു പുതിയ ജീവിതമാരംഭിക്കണം. ഏതോ ചരിത്ര സ്മാരകം പോലെ തലയുയർത്തി നില്ക്കുന്ന പഴയ തറവാട് വീട് പൊളിച്ച് പുതിയ വീട് വെക്കണം.

രണ്ടു പൊലീസുകാർ അയാളെ തൂക്കിയെടുത്തു കൊണ്ടുപോയി

വളഞ്ഞ വഴിയിലൂടെ ഗൾഫിലെത്താൻ ഞാൻ ശ്രമിച്ചതിൽ തെറ്റ് തോന്നിയില്ല. ഭവിഷ്യത്തുകളറിയാമായിരുന്നിട്ടും അപ്പോഴതിനെപ്പറ്റി ചിന്തിച്ചില്ല. ഒരുനാൾ, മഞ്ഞുമൂടിയ ആ പ്രഭാതത്തിൽ ലേബർ സ്ക്വാഡും പൊലീസും ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടലിലേക്കിരമ്പിയെത്തി. അവരെന്നെ തൂക്കിയെടുത്ത് ആട്ടിൻ കൂടുപോലുള്ള വണ്ടിയിലിട്ടു പൂട്ടി. ഗൾഫിലെ ആറുമാസത്തെ കരാഗൃഹവാസത്തിന്റെ തുടക്കം ഇവിടന്നങ്ങോട്ടായിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പുള്ള തെളിവെടുപ്പായിരുന്നു ജീവിതത്തിൽ ഞാനഭിമുഖീകരിച്ച ഏറ്റവും വലിയ പരീക്ഷണഘട്ടം.
 
പിടിക്കപ്പെട്ടതിന്റെ നാലാം ദിവസം ഒരാഫ്രിക്കക്കാരന്റെ കയ്യുമായി എന്റെ കൈ വിലങ്ങു വെച്ച് തെളിവെടുപ്പിന് ClD ഓഫീസിൽ ഹാജരാക്കി. ആ മുറിയിലേക്ക് കടന്നപ്പോഴേ നെഞ്ചിടിക്കാനും കാല് വിറക്കാനും തുടങ്ങി. ഒരു ചെറുപ്പക്കാരനെ മേശമേല്‍ കമിഴ്ത്തിക്കിടത്തി പുറത്ത് തടിച്ച ചൂരൽ വടികൊണ്ട് ആഞ്ഞ് പ്രഹരിക്കുന്ന അറബി ഓഫീസർ.. ചുവന്നു തിണർത്ത ചോരപ്പാടുകൾക്ക് മേലെ വീണ്ടും പ്രഹരിക്കുമ്പോൾ അവിടം പൊട്ടി ചോര തെറിക്കുന്നു. ഹതാശനായ ആ യുവാവിന്റെ ദയനീയ നിലവിളി.

അടുത്തതായി കൊണ്ടുവന്നത് ഒരു പാകിസ്ഥാനിയെ ആയിരുന്നു. അയാളെ മേശയിൽ കിടത്തി കാൽവെള്ളയിൽ ആഞ്ഞടിച്ചു. കാൽ നിലത്തു വെക്കാൻ കഴിയാതെ അയാൾ നിലത്തിരുന്നു കരഞ്ഞു.. രണ്ടു പൊലീസുകാർ അയാളെ തൂക്കിയെടുത്തു കൊണ്ടുപോയി. അടുത്ത ഊഴം എന്‍റേതായിരുന്നു. കാലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. തൊണ്ട വരളുന്നു. നാവു കുഴയുന്നു. ഒരിറ്റു വെള്ളം കിട്ടിയിരുന്നുവെങ്കിൽ! പേരു വിളിച്ചു നടന്നടുക്കുമ്പോൾ കാട്ടുപോത്തിനെ പോലെ തുറിച്ചു നോക്കുന്ന അറബി ഓഫീസർ. 

വിചാരണ രംഗം വിവരിക്കുന്നില്ല, ഇത് വായിക്കുന്ന എന്‍റെ കുടുംബാഗങ്ങളെയും പ്രിയപ്പെട്ടവരെയും ഓർത്ത്... മൃതപ്രായനായി വേച്ചുവേച്ച് ഞാൻ പുറത്തിറങ്ങി. ഒരു പരുക്കൻ ഇറാനിയുമായി എന്‍റെ കൈ വിലങ്ങു വെച്ചു ബന്ധിച്ചു വീണ്ടും ലോക്കപ്പിലേക്കു കൊണ്ടുപോയി. അവിടെ നിന്നു സെൻട്രൽ ജയിലിലേക്കും. നീണ്ട ആറ് മാസം ഈ ജയിലഴിക്കുള്ളിൽ കഴിച്ചു കൂട്ടി. ഈ ഇരുമ്പഴിക്കുള്ളിലെ ദിവസങ്ങളും മാസങ്ങളും പെറുക്കിക്കൂട്ടി ഞാൻ നാളുകളെണ്ണി. ഭാര്യ ഒരു പൊന്നുമോനെ പ്രസവിച്ച വിവരത്തിനള്ള കത്ത് അയച്ച്, ഒരു മാസത്തിനു ശേഷം ജയിലിൽ കിട്ടി. ജയിലിലായി അഞ്ചാം മാസം ജയിലധികൃതർ ഇന്ത്യൻ എംബസിയിൽ ഹാജരാക്കി ഔട്ട് പാസ് വാങ്ങി..

കയ്യിൽ വിലങ്ങുമായി നടന്ന നീങ്ങുന്ന എന്നെ ആളുകൾ കൗതുകത്തോടെ നോക്കി

മനോഹരമായി പണികഴിപ്പിച്ച പുതിയ എയർപോർട്ടിനു മുമ്പിൽ ജയിൽ വണ്ടി നിന്നു. കൂടെ വന്ന ഒമാനി പൊലീസുകാരൻ വണ്ടിയുടെ പൂട്ട് താക്കോൽ ഉപയോഗിച്ച് തുറന്നു. എന്റെ പഴയ വസ്ത്രങ്ങളടങ്ങിയ ബാഗും വിമാന ടിക്കറ്റും ഔട്ട്പാസുമടങ്ങിയ കവറും കൈയിലെടുത്ത് പൊലീസുകാരൻ എന്നെ എയർപോർട്ടിന്നകത്തേക്ക് കൊണ്ടുപോയി. വളർന്ന താടിമീശയും കുളിച്ചിട്ട് നാളുകളായ എണ്ണമയമില്ലാത്ത ചപ്രത്തല മുടിയും മുഷിഞ്ഞ പാന്റും ഷർട്ടുമിട്ട് കയ്യിൽ വിലങ്ങുമായി നടന്ന നീങ്ങുന്ന എന്നെ ആളുകൾ കൗതുകത്തോടെ നോക്കി. ഇമിഗ്രേഷൻ കൗണ്ടർ കടന്നു സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞപ്പോൾ പൊലീസുകാരൻ കൈയിലെ വിലങ്ങഴിച്ചു. പിന്നെ, അയാൾ പറഞ്ഞു. 'അസ്സലാമു അലൈക്കും...' (ദൈവത്തിന്റെ രക്ഷ നിനക്കുണ്ടാകട്ടെ).

click me!