എണ്ണമില്ലാത്ത തേങ്ങലുകളിൽ ഉച്ചത്തിലായതിനാൽ മാത്രം ഒറ്റപ്പെട്ടുപോയ ഒരു കരച്ചിലാണിത്

By Web TeamFirst Published Sep 11, 2018, 2:50 PM IST
Highlights

തിരുവസ്ത്രം ഉപേക്ഷിച്ചിറങ്ങുന്ന വൈദികരെയും കന്യാസ്ത്രീകളെയും മുൻവിധികളാൽ വിലയിരുത്തുന്ന, ഒറ്റപ്പെടുത്തുന്ന സമൂഹത്തിനുമുണ്ട് നീതികേടിന്റെ കറ. മറ്റേതു വ്യക്തിയെയും പോലെ ഏതു ജീവിതാവസ്ഥയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളവരാണിവർ. പതിമൂന്നാം തവണയും ഇരയാകുന്നതെങ്ങനെ എന്നറിയാൻ ഒന്നാം തവണ ഇറങ്ങിപ്പോന്നാൽ നമ്മളെങ്ങനെ സ്വീകരിക്കുമായിരുന്നു എന്ന് നാം നമ്മളോട് തന്നെ ചോദിക്കണം.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈം​ഗിക പീഡന പരാതി ഉന്നയിച്ചിട്ട് എൺപത് ദിവസം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഇരയായ കന്യാസ്ത്രീ ഇപ്പോഴും നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. തെളിവുകളുണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെക്കുറിച്ച് പൊതുസമൂഹം ചോദിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ ഈ കന്യാസ്ത്രീ ഒരൊറ്റയാളല്ല എന്ന് വെളിപ്പെടുത്തുകയാണ് ധ്വനി ഷൈനി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. എണ്ണമില്ലാത്ത തേങ്ങലുകൾക്കിടയിൽ ഉച്ചത്തിലായതിനാൽ മാത്രം ഒറ്റപ്പെട്ട് പോയ ഒരു കരച്ചിലാണിതെന്ന് ധ്വനി പറയുന്നു.

''തിരുവസ്ത്രം ഉപേക്ഷിച്ചിറങ്ങുന്ന വൈദികരെയും കന്യാസ്ത്രീകളെയും മുൻവിധികളാൽ വിലയിരുത്തുന്ന, ഒറ്റപ്പെടുത്തുന്ന സമൂഹത്തിനുമുണ്ട് നീതികേടിന്റെ കറ. മറ്റേതു വ്യക്തിയെയും പോലെ ഏതു ജീവിതാവസ്ഥയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളവരാണിവർ. പതിമൂന്നാം തവണയും ഇരയാകുന്നതെങ്ങനെ എന്നറിയാൻ, ഒന്നാം തവണ ഇറങ്ങിപ്പോന്നാൽ നമ്മളെങ്ങനെ സ്വീകരിയ്ക്കുമായിരുന്നു എന്ന് നാം നമ്മളോട് തന്നെ ചോദിയ്ക്കണം.'' ധ്വനി ഷൈനി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ഇരുപതുവർഷം മുൻപൊരു അവധിക്കാല കംപ്യൂട്ടർ കോഴ്‌സിൽ എന്റെ ബാച്ചിൽ ആയിടെ കന്യാസ്ത്രീ ഉടുപ്പുപേക്ഷിച്ച ഒരു അയൽപക്കക്കാരി കൊച്ചുമുണ്ടായിരുന്നു. രാവിലെ അവളുടെ വീടിന്റെ പിന്നാമ്പുറത്തു നിന്ന് പേരു വിളിക്കുമ്പോൾ, പലപ്പോഴും പിറകുവശം വാതിൽ തുറന്ന്, ഉറക്കച്ചടവുള്ള കണ്ണുകൾ വലിച്ചു തുറന്ന് ആരാണെന്ന് ചോദിക്കും. ഡിപ്രഷനെക്കുറിച്ച് അന്നുള്ള അജ്ഞത കാരണം മാനസികരോഗിയെന്ന് ഞാനും കരുതും. ഒന്നോ രണ്ടോ നാൾ കഴിയുമ്പോൾ വീണ്ടും അവൾ വന്നു തുടങ്ങും. ആറു കിലോ മീറ്റർ വീതം രണ്ടുനേരത്തെ നടപ്പിൽ, പതിഞ്ഞ ശബ്ദത്തിൽ പല കഥകൾ പറയും. 

ഉച്ചയൂണുമായി പള്ളിമേടയിൽ പോകുമ്പോഴുള്ള കയ്യേറ്റങ്ങളെപ്പറ്റി, അത്തരം കയ്യേറ്റങ്ങൾ അവളുടെ വിളിയെ തന്നെ സംശയിപ്പിച്ച നാളുകളെ പറ്റി, കയ്യേറ്റങ്ങളെ എപ്പോഴോ മനസ്സാവരിച്ച ഇനിയും മഠത്തിൽ കഴിയുന്ന ചില ജീവിതങ്ങളെ പറ്റി. തിരിച്ചുവന്ന് സാധാരണ സ്ത്രീകളെപ്പോലെ ജീവിക്കാൻ ശ്രമിക്കുന്നതിൽ കല്ലുകടിയുള്ള നാട്ടുകാരുടെ മുൻപിൽ ചൂളുന്ന ജീവിതം ജീവിക്കുന്ന ഒരുവൾ. ഇഴയടുപ്പമുള്ള അയൽപക്ക ബന്ധങ്ങളുള്ള കുഗ്രാമത്തിൽ, അവളുടെ മാനസികാവസ്ഥ മറ്റുള്ളവരിൽനിന്ന് മറച്ചു വയ്ക്കാൻ കഷ്ടപ്പെടുന്ന വീട്ടുകാർ. എവിടെയാണാവോ ഇപ്പോൾ? അമ്പേ നശിച്ചു പോയിട്ടുണ്ടാവും.

കയ്യെത്തുന്നിടത്തു കയ്യേറ്റം നടക്കുന്നത് സഭയിൽ ആദ്യമായല്ല. അതിനെപ്പറ്റി തുറന്നാലും മൂടിയാലും നാറാനും തകരാനും ഇരകളേ ഉണ്ടാവൂ എന്നത് ഇവിടുത്തെ പ്രത്യേക സവിശേഷതയാണ്. അതിൽ അധികാര ധാർഷ്ട്യത്തിലും രാഷ്ട്രീയത്തിലുമുപരി അവയെ ഊട്ടിയുറപ്പിക്കുന്ന വേറെയും ചില ഉപേക്ഷകളും മുൻവിധികളും അടിമത്തവുമുണ്ട്.

അത്യാഡംബരമുള്ള പള്ളികളിൽ ഓരോ കുർബാനക്കും ശേഷം വൈദികർക്കു വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലി, തിരിച്ചു വീട്ടിൽ വന്ന് കന്യാസ്ത്രീകളെ പീഡിപ്പിച്ച കഥകൾ പത്രങ്ങളിൽ വായിച്ചിട്ട്, ഒന്നും സംഭവിക്കാത്തത് പോലെ അപ്പവും പോത്തും കഴിക്കുന്ന, മെത്രാൻ കുറ്റവാളിയാണെന്ന് സംശയിക്കുന്നവരെ പരിഹസിക്കുന്ന, സഭക്കെതിരെ സാത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്ന് പുലമ്പുന്ന, ഞായറാഴ്ച ക്രിസ്ത്യാനികളാണ് ഒന്നാം പ്രതി. ഇവരുടേത് അന്ധമായ വിശ്വാസമല്ല. ബോധപൂർവമുള്ള അന്ധതയാണ്. വിധേയത്വം വഴി കിട്ടുന്ന പരിഗണനയ്ക്ക് സത്യത്തേക്കാൾ വില കൊടുക്കുന്നവർ. ഇവരൊരു മാസം പള്ളി ബഹിഷ്കരിച്ചാൽ ഇളകാത്ത സിംഹാസനങ്ങളൊന്നും നിലവിലില്ല.

കാലാകാലമായിവിടെയുള്ള പുരുഷമേധാവിത്വത്തിന്റെ അടയാളമാണെങ്കിലും അവനവനുള്ള ഭക്ഷണമുണ്ടാക്കാൻ ആരോഗ്യമുള്ള അച്ചന് പള്ളിമേടകളിൽ ഉച്ചയൂണും അത്താഴവും എത്തിച്ചു കൊടുക്കുന്ന, മഠത്തിലെ ഊണുമുറി തുറന്നു കൊടുക്കുന്ന വഴക്കം പ്രോത്സാഹിപ്പിക്കുന്ന, ഇടവകക്കാരും കന്യാസ്ത്രീകളുമാണ് അടുത്ത കൂട്ടർ. തിരുവസ്ത്രത്തോടു ചേർന്നു നിൽക്കേണ്ട ലാളിത്യത്തെ, ആണധികാരത്തിനു വളമിട്ട് വെല്ലുവിളിക്കുന്നവർ. അനുസരണത്തെ അടിമത്തമായി വരിക്കുന്നവർ.

സന്യാസത്തിന്റെ കീഴ്‌വഴക്കങ്ങൾ അപ്രാപ്യമാണെന്ന് തിരിച്ചറിഞ്ഞ് തിരുവസ്ത്രം ഉപേക്ഷിച്ചിറങ്ങുന്ന വൈദികരെയും കന്യാസ്ത്രീകളെയും മുൻവിധികളാൽ വിലയിരുത്തുന്ന, ഒറ്റപ്പെടുത്തുന്ന സമൂഹത്തിനുമുണ്ട് നീതികേടിന്റെ കറ. മറ്റേതു വ്യക്തിയെയും പോലെ ഏതു ജീവിതാവസ്ഥയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളവരാണിവർ. പതിമൂന്നാം തവണയും ഇരയാകുന്നതെങ്ങനെ എന്നറിയാൻ ഒന്നാം തവണ ഇറങ്ങിപ്പോന്നാൽ നമ്മളെങ്ങനെ സ്വീകരിക്കുമായിരുന്നു എന്ന് നാം നമ്മളോട് തന്നെ ചോദിക്കണം.

അച്ചന്മാരുടെയോ കന്യാസ്ത്രീകളുടെയോ സഭ നിശ്ചയിച്ചിരിക്കുന്ന നല്ല നടപ്പുകൾ അന്വേഷിച്ചുറപ്പിക്കേണ്ട ബാധ്യതയല്ല നമുക്കുള്ളത്. അത് കത്തോലിക്കാസഭയുടെയും വിശ്വാസികളുടെയും മാത്രം ആവശ്യവും ഭാരവുമാണ്. പക്ഷേ, പീഡിപ്പിക്കപ്പെട്ടുവെന്ന് നീതിന്യായ വ്യവസ്ഥകൾക്കു മുൻപിൽ പരാതിപ്പെടുന്ന ഒരു സ്ത്രീയ്ക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ, അതിന്റെ ആശ്വാസം തേടേണ്ടത് നമ്മുടെ കൂടി ചുമതലയാണ്. കന്യാസ്ത്രീ കമ്പനികൾ അടച്ചുപൂട്ടാനുള്ള ആഹ്വാനം അനീതിക്കുള്ള മരുന്നാവുന്നില്ല.

റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇത് എണ്ണമില്ലാത്ത തേങ്ങലുകളിൽ, ഉച്ചത്തിലായതിനാൽ മാത്രം ഒറ്റപ്പെട്ടുപോയ ഒരു കരച്ചിലാണ്. ഇരയ്ക്കു കിട്ടേണ്ട നീതിയെ തഴയുന്ന നീക്കങ്ങളും വാക്കുകളും ഉപേക്ഷകളും കണ്ടില്ലെന്നു നടിക്കുന്ന വ്യക്തികളും രാഷ്ട്രീയവും കുറ്റാരോപിതന്റെ കൂടെത്തന്നെയാണ്.

 

 

click me!