'കൈയിൽ രക്തം പുരണ്ടിരിക്കുന്നു, എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല'- അണുബോംബ് എന്ന കണ്ടുപിടിത്തത്തിനു പിന്നില്‍

By Web TeamFirst Published Aug 16, 2020, 10:32 AM IST
Highlights

'കൈയിൽ രക്തം പുരണ്ടിരിക്കുന്നു എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല, എന്തെങ്കിലും ഉടനെ ചെയ്യണം' എന്ന് ഓപ്പൺഹൈമർ പറഞ്ഞപ്പോൾ, ട്രൂമാൻ ദേഷ്യത്തോടെ ശാസ്ത്രജ്ഞനോട് പറഞ്ഞു, “രക്തം എന്റെ കൈകളിലാണ് പുരണ്ടത്. അതിനെക്കുറിച്ച് ഞാൻ വിഷമിച്ചോളം.”

1945 ജൂലൈ 16... ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഒരു കണ്ടുപിടിത്തം വിജയിച്ച ദിവസം. ന്യൂ മെക്സിക്കോയിലെ ട്രിനിറ്റി ടെസ്റ്റ് സൈറ്റിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ചേർന്ന് ആദ്യത്തെ വിജയകരമായ അണുബോംബ് സ്ഫോടനം നടത്തിയത് അന്നായിരുന്നു. 'മാൻഹട്ടൻ പ്രോജക്റ്റ്' എന്നായിരുന്നു ഇത് വികസിപ്പിച്ച പ്രൊജക്ട് അറിയപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധസമയത്ത് ലോസ് അലാമോസ് ലബോറട്ടറിയിൽ രഹസ്യമായി അവർ അത് വികസിപ്പിച്ചെടുത്തു. ലബോറട്ടറിയുടെ ഡയറക്ടറയായിരുന്നത്  ഭൗതികശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമറായിരുന്നു. അണുബോംബ് വകസിപ്പിച്ചതിനെ തുടർന്ന് ലോകം അദ്ദേഹത്തെ 'അണുബോംബിന്റെ പിതാവ്' എന്ന് വിളിച്ചു. ബോംബ് 40,000 അടി ഉയരത്തിൽ ഒരു വലിയ കൂൺ മേഘം സൃഷ്‍ടിച്ചപ്പോൾ, അദ്ദേഹം അത് ദൂരെ നിന്ന് വീക്ഷിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം കാണാമായിരുന്നു. 

ഓപ്പൺ‌ഹൈമർ 1904 ഏപ്രിൽ 22 -ന് ന്യൂയോർക്ക് സിറ്റിയിലാണ് ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി അദ്ദേഹം വളർന്നു. മകന്റെ അസാമാന്യ ബുദ്ധിശക്തിയിൽ അഭിമാനം കൊണ്ടിരുന്നു ആ മാതാപിതാക്കൾ. അവർ അവനെ ആരാധിക്കുകയും, അവനെക്കുറിച്ച് വ്യാകുലപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്‍തു. സ്വന്തം കഴിവുകൾ വികസിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും അദ്ദേഹത്തിന് അവർ ഒരുക്കി. ചെറുപ്പം മുതലേ, ഓപ്പൺഹൈമർ അദ്ദേഹത്തിന്റെ സമകാലികരിൽ നിന്ന് വ്യത്യസ്‍തനായിരുന്നു. അഗാധമായ വിഷാദം  ചെറുപ്പത്തിൽത്തന്നെ അദ്ദേഹത്തെ പിന്തുടർന്നിരുന്നു. ഒരു നാണംകുണുങ്ങിയായ അദ്ദേഹത്തിന് കൂട്ടുകാരുടെ കളിയാക്കലുകൾക്ക് ഇരയാകേണ്ടി വന്നിരുന്നു. ലോകം ക്രൂരവും കയ്പേറിയതുമാണ് എന്ന സത്യം കുട്ടിക്കാലത്ത് തന്നെ അദ്ദേഹം മനസ്സിലാക്കി.  

ഓപ്പൺ‌ഹൈമർ ഹാർവാർഡ് കോളേജിൽ നിന്നാണ് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയത്. കേംബ്രിഡ്‍ജിലും ജർമ്മനിയിലെ ഗോട്ടിംഗെൻ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി അദ്ദേഹം. ക്വാണ്ടം മെക്കാനിക്സിന്റെ തുടക്കക്കാരിൽ ഒരാളും 1954 -ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതുമായ മാക്സ് ബോണിന്റെ മേൽനോട്ടത്തിൽ 1927 -ൽ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.

ഓപ്പൺ‌ഹൈമർ കഴിവുറ്റ വ്യക്തിയായിരുന്നെങ്കിലും, ധാർഷ്ട്യവും ഇടയ്ക്കിടെ അക്രമാസക്തവുമായ പെരുമാറ്റവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. തന്റെ ജോലിയെക്കുറിച്ചുള്ള തീവ്രമായ ഉത്സാഹം സഹവിദ്യാർത്ഥികളെയും പിന്നീട് സഹപ്രവർത്തകരെയും സ്വന്തം വിദ്യാർത്ഥികളെയും അദ്ദേഹത്തിൽ നിന്നകറ്റി. പക്ഷേ, ശാസ്ത്രീയ ആശയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യം അപാരമായിരുന്നു. അദ്ദേഹത്തെ നിയമിക്കാൻ അക്കാദമിക് സ്ഥാപനങ്ങൾ തമ്മിൽ മത്സരിച്ചു. ജ്യോതിശാസ്ത്രം, ക്വാണ്ടം ഫിസിക്സ്, സ്പെക്ട്രോസ്കോപ്പി എന്നിവയിൽ അദ്ദേഹം ഗവേഷണം നടത്തി. ഒപെൻ‌ഹൈമർ നോബൽ സമ്മാനത്തിനായി മൂന്ന് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.  

1941 ഒക്ടോബറിലാണ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് ഒരു അണുബോംബ് വികസിപ്പിക്കാനുള്ള പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടിയത്.  രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസ് പങ്കെടുത്തതിനുശേഷം അടുത്ത ജൂൺ മാസത്തോടെ, ഈ പദ്ധതി മാൻഹട്ടൻ പ്രൊജക്റ്റായി മാറി. ഓപ്പൺഹൈമറിനെ അതിന്റെ രഹസ്യ ആയുധ ലബോറട്ടറിയുടെ തലവനായി തിരഞ്ഞെടുത്തു. അണുബോംബ് വികസിപ്പിച്ചെടുത്തതിന് പിന്നാലെ ഓഗസ്റ്റ് 6 -ന് യുഎസ് ജപ്പാനിലെ ഹിരോഷിമയിൽ ബോംബ് വർഷിക്കുകയും, നഗരത്തിന്റെ 90 ശതമാനത്തെ തുടച്ചുമാറ്റുകയും 80,000 പേരെ കൊലപ്പെടുത്തുകയും ചെയ്‍തു. മൂന്ന് ദിവസത്തിന് ശേഷം യുഎസ് നാഗസാക്കിയിൽ 40,000 പേരെ മറ്റൊരു ബോംബ് ഉപയോഗിച്ച് കൊന്നു. റേഡിയേഷൻ എക്സ്പോഷർ മൂലം പതിനായിരക്കണക്കിന് പേർ മരിച്ചു.  

ഭീകരമായ നാശത്തിന്റെ വിശദാംശങ്ങൾ മാൻഹട്ടൻ പ്രോജക്ട് ശാസ്ത്രജ്ഞർ അറിഞ്ഞപ്പോൾ തങ്ങളുടെ കണ്ടെത്തലുകളെ സ്വയം ചോദ്യം ചെയ്യാൻ അവർ നിർബന്ധിതരായി. അവരുടെ പ്രവൃത്തിയുടെ ആഴം അവർക്ക് ബോധ്യമായി. ഒക്ടോബർ അവസാനത്തിൽ, ഓപ്പൺഹൈമർ ബോംബാക്രമണത്തിന് അനുവാദം കൊടുത്ത പ്രസിഡന്റ് ഹാരി എസ്. ട്രൂമാനെ സന്ദർശിച്ചു. ആണവായുധങ്ങളിൽ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഓപ്പൺഹൈമർ ആവശ്യപ്പെട്ടു. സോവിയറ്റ് ആണവവികസനത്തിന്റെ സാധ്യതയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ട്രൂമാൻ ഓപ്പൺഹൈമറിനെ പുച്ഛിച്ചു തള്ളി.  

'കൈയിൽ രക്തം പുരണ്ടിരിക്കുന്നു എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല, എന്തെങ്കിലും ഉടനെ ചെയ്യണം' എന്ന് ഓപ്പൺഹൈമർ പറഞ്ഞപ്പോൾ, ട്രൂമാൻ ദേഷ്യത്തോടെ ശാസ്ത്രജ്ഞനോട് പറഞ്ഞു, “രക്തം എന്റെ കൈകളിലാണ് പുരണ്ടത്. അതിനെക്കുറിച്ച് ഞാൻ വിഷമിച്ചോളം.” തുടർന്ന്  ഓപ്പൺഹൈമറിനെ ഓഫീസിൽ നിന്ന് അദ്ദേഹം പുറത്താക്കി. ഓപ്പൺഹൈമറിന്റെ പശ്ചാത്താപത്തെ ട്രൂമാൻ പുച്ഛത്തോടെ മാത്രം കണ്ടു. പിന്നീട് ട്രൂമാൻ ഇങ്ങനെ പറയുകയുണ്ടായി: “ആ കരഞ്ഞുകൊണ്ടിരിക്കുന്നവനെ എന്റെ ഓഫീസിൽ ഇനി കാണരുത്.” എന്നാൽ അവിടെ നിന്നിറഞ്ഞിയ അദ്ദേഹം ഇതിനെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. തന്റെ കണ്ടെത്തൽ ഈ ലോകത്തെ നശിപ്പിക്കുമോ എന്നദ്ദേഹം ഭയന്നു. യുദ്ധത്തിനുശേഷം, ഓപ്പൺഹൈമർ ആണവായുധങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി യുഎസ് ആറ്റോമിക് എനർജി കമ്മീഷനുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി.

1949 -ൽ ട്രൂമാൻ ഒരു ഹൈഡ്രജൻ ബോംബ് സൃഷ്ടിക്കുന്നതിന് കമ്മീഷനെ സമീപിച്ചപ്പോൾ ഓപ്പൺഹൈമർ അതിനെ എതിർത്തു. എതിർപ്പുണ്ടായിട്ടും, യുഎസ് ഒരു എച്ച്-ബോംബ് വികസിപ്പിക്കുകയും അത് 1952 -ൽ പരീക്ഷിക്കുകയും ചെയ്തു. എന്നാൽ അതിനെതിരെ ശബ്‌ദം ഉയർത്തിയ ഓപ്പൺഹൈമറിന് സ്വന്തം ജോലി നഷ്ടമായി. എല്ലാവരെയും ഞെട്ടിച്ച ഈ എതിർപ്പ് ഓപ്പൺഹൈമർ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന ആരോപണത്തിലേക്ക് നയിച്ചു. എതിർപ്പിനെയും, കമ്മ്യൂണിസ്റ്റ് ബന്ധത്തെയും ചൂണ്ടിക്കാട്ടി സർക്കാർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും, അദ്ദേഹത്തിന്റെ പേര് കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്‍തു. 1967 -ൽ മരണം വരെ അദ്ദേഹത്തെ പിന്തുടർന്ന ഒരു അഴിമതിയായി അത് നിലനിന്നു. പതിറ്റാണ്ടുകള്‍, അദ്ദേഹം ഒരു സോവിയറ്റിന്റെ ചാരനായി ആളുകൾ കണ്ടു. തന്റെ കണ്ടെത്തലിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തതിന് വേട്ടയാടപ്പെട്ട ഒരു ശാസ്ത്രജ്ഞനെന്ന നിലയിലാണ് ഇന്ന് ഓപ്പൺഹൈമറിനെ എല്ലാവരും ഓർക്കുന്നത്.  

click me!