ആനവണ്ടിയെ തട്ടവും താലവുമേന്തി സ്വീകരിച്ച് ഒരു ഗ്രാമം; ഗ്രാമത്തില്‍ ഒരു ബസ് എത്തുന്നത് ആദ്യം

By Web TeamFirst Published Jan 14, 2019, 11:37 AM IST
Highlights

രാവിലെയും രാത്രിയും നടത്തുന്ന ഈ രണ്ടു ട്രിപ്പുകളിലായി ആ ബസ്സിൽ കേറാനാവുന്നതിന്റെ നാലിരട്ടി ആളുകൾ യാത്രചെയ്യാനുണ്ടാവും. ബസ്സിനകം നിറയുമ്പോൾ ഗ്രാമീണർ പതുക്കെ പിന്നിലെ ഗോവണി വഴി ബസ്സിന്‌ മുകളിലേക്ക് കേറും. അവിടെയും നിറഞ്ഞുകവിഞ്ഞ് ആളുകൾ ഇരിക്കും. 

രാജസ്ഥാനിലെ സീകർ ജില്ലയിലെ ശ്രീമാധോപൂർ പട്ടണത്തിനടുത്തുള്ള  സമർത്ഥ്പുര ഗ്രാമത്തിലേക്ക് സ്വാതന്ത്ര്യലബ്ധിക്ക് 71 വർഷങ്ങൾക്കിപ്പുറം നടാടെ സർക്കാർ റോഡ് വേയ്‌സിന്റെ ഒരു ബസ് വന്നു.  ഗ്രാമവാസികളുടെ കണ്ണുകൾക്ക് കുളിരേകുന്ന ഒരു കാഴ്ചയായിരുന്നു അത്. ആദ്യമായി തങ്ങളുടെ ഗ്രാമത്തിലേക്ക് വിരുന്നുവന്ന ആനവണ്ടിയെ അവർ തട്ടവും താലവുമേന്തി സ്വീകരിച്ചു. ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും തൊടുകുറിയണിയിച്ചു. വണ്ടിയെ അവർ പുഷ്പഹാരങ്ങളാൽ അലങ്കരിച്ചു. വണ്ടിക്കുമുന്നിൽ തേങ്ങയുടച്ചു. വണ്ടി വരുന്ന വിവരം കേട്ട് ആ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും അതിനകം അവിടെ തടിച്ചുകൂടിക്കഴിഞ്ഞിരുന്നു. വൃദ്ധരിൽ പലരും ഇങ്ങനൊരു കാഴ്ച കണ്ടു മരിക്കാം എന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. അവർ ആനന്ദാശ്രുക്കൾ പൊഴിച്ചു. ഗ്രാമത്തിലെ  സർപഞ്ച്‌ മധുരം വിതരണം ചെയ്തു. ഗ്രാമീണരുടെ ആവേശം വാനോളമുയർന്നു. 

അന്നുവരെ ഗ്രാമീണർക്ക് നിത്യം മൂന്നുകിലോമീറ്റർ കാൽനടയായി പോയി, ഹൈവേയിൽ കാത്തുനിന്നു വേണമായിരുന്നു പട്ടണത്തിലേക്കുള്ള ബസ് പിടിക്കാൻ. വല്ലപ്പോഴും സർവീസ് നടത്തിയിരുന്ന ജീപ്പുകളും, കാർഷികാവശ്യങ്ങൾക്കായി പട്ടണത്തിലേക്ക് പോവുന്ന ട്രാക്ടറുകളും മറ്റും ഒഴിച്ചാൽ സ്ഥിരമായ ഒരു സഞ്ചാര സംവിധാനവും അന്നുവരെ ആ ഗ്രാമക്കാർക്ക് ലഭ്യമായിരുന്നില്ല. ഇപ്പോൾ രാവിലെ എട്ടുമണിക്ക് ഒരു സർവീസ് സമർത്ഥ്പുരയിൽ നിന്നും പട്ടണത്തിലേക്കും, വൈകുന്നേരം ഒരു സർവീസ് തിരിച്ചു ഗ്രാമത്തിലേക്കുമാണ് തുടങ്ങിയിരിക്കുന്നത്. 
       
രാജസ്ഥാനടക്കമുള്ള പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും ഉൾപ്രദേശങ്ങളിലുള്ള ചെറുഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വരദാനമാണ് ഇത്തരത്തിലുള്ള സർക്കാർ സംവിധാനങ്ങൾ. രാവിലെയും രാത്രിയും നടത്തുന്ന ഈ രണ്ടു ട്രിപ്പുകളിലായി ആ ബസ്സിൽ കേറാനാവുന്നതിന്റെ നാലിരട്ടി ആളുകൾ യാത്രചെയ്യാനുണ്ടാവും. ബസ്സിനകം നിറയുമ്പോൾ ഗ്രാമീണർ പതുക്കെ പിന്നിലെ ഗോവണി വഴി ബസ്സിന്‌ മുകളിലേക്ക് കേറും. അവിടെയും നിറഞ്ഞുകവിഞ്ഞ് ആളുകൾ ഇരിക്കും. ട്രിപ്പിനിടെ വണ്ടി നിർത്തിയിട്ട് കണ്ടക്ടർ മട്ടുപ്പാവിലേറി അവിടുള്ളവർക് മുഴുവൻ ടിക്കറ്റു കൊടുത്ത ശേഷം വീണ്ടും താഴെയിറങ്ങി വരും. എന്നിട്ടേ യാത്ര തുടരൂ..

ഇവിടെ, കേരളത്തിലിരുന്ന് ഇങ്ങനൊരു വാർത്ത വായിക്കുമ്പോൾ നമുക്ക് കൗതുകവും അതിശയവും ഒക്കെ തോന്നാമെങ്കിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെയും ഉൾപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ ഇതാണ് യാഥാർഥ്യം. സർക്കാരുകൾ പുറമേക്ക് മേനി നടിക്കുന്ന ഹൈവേകളിൽ നിന്നും നാലഞ്ച് കിലോമീറ്റർ മാത്രം ഉള്ളിലേക്ക് മാറിയാണ് വേണ്ടത്ര സഞ്ചാര സൗകര്യങ്ങളോ, ആശുപത്രികളോ, വിദ്യാലയങ്ങളോ എന്തിന്, കുടിവെള്ളം കോരിയെടുക്കാനുള്ള കിണറുകളോ ഒന്നുമില്ലാത്ത ഇത്തരം ഗ്രാമങ്ങൾ. അവിടങ്ങളിൽ വൈദ്യുതി, ദിവസത്തിൽ വല്ലപ്പോഴും വിരുന്നുവരുന്ന ഒരു അതിഥി മാത്രമാണ്. നമുക്ക് ദിവസത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ലോഡ് ഷെഡിങ് വന്നാൽ കലി കേറാറുണ്ട്. അവിടങ്ങളിൽ വൈദ്യുതി വരുന്നതുതന്നെ രാത്രിയിൽ എപ്പോഴെങ്കിലും അഞ്ചാറുമണിക്കൂർ നേരത്തേക്കാണ് പലപ്പോഴും. 

ഹൈവേകൾ അവരെ സംബന്ധിച്ചിടത്തോളം മുഖ്യധാരയാണ്. അതുകൊണ്ടാണ് പശുവിന്റെ മൃതാവശിഷ്ടങ്ങളും പേറി  ബുലൻദ് ഷഹറിലെ ഗ്രാമീണർ  നേരെ ഹൈവേയിലേക്ക് വെച്ചുപിടിച്ചത്. ഹൈവേ ഉപരോധിച്ച്, നഗരത്തിന്റെ സ്വഭാവിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി തങ്ങളുടെ രോഷം ഉറക്കെ വിളിച്ചു പറയാൻ. മുഖ്യധാരയ്ക്ക് സ്വാഭാവികമായും അനുഭവയോഗ്യമായ സൗകര്യങ്ങളിൽ നിന്നും പാടെ മാറ്റിനിർത്തപ്പെടുന്ന ജനതയാണ് പലപ്പോഴും ഇത്തരത്തിലുള്ള 'മൊബിലൈസ്ഡ്' ലഹളകളുടെയും നക്സൽ ചിന്താധാരകളുടെയും വിളഭൂമിയായി എളുപ്പം മാറ്റപ്പെടുന്നത്. അവഗണനകളോടുള്ള നിഷ്കളങ്കരായ ഗ്രാമീണരുടെ പ്രതിഷേധവും രോഷവുമാണ് പലപ്പോഴും അക്രമാസക്തമായ പല സമരങ്ങൾക്കും കാരണമാവുന്നത്. 

സ്വാതന്ത്ര്യ ലബ്ധിക്ക് 71  വർഷങ്ങൾക്കിപ്പുറം, തങ്ങൾക്ക് എന്നേ അനുവദിച്ചു കിട്ടേണ്ടിയിരുന്ന അടിസ്ഥാനസൗകര്യങ്ങളിലൊന്നായ ട്രാൻസ്‌പോർട്ട് ബസ്സ് സർവീസ് കൈവന്നതിൻറെ ആഹ്ലാദത്തിലാണ് എന്തായാലും സമർത്ഥ്പുര നിവാസികൾ.
 

click me!