അത് നീലച്ചിത്രമായിരുന്നില്ല, സാറമ്മാരേ!

By Web TeamFirst Published Sep 7, 2018, 5:17 PM IST
Highlights

സ്വവർഗാനുരാഗികളോടുള്ള അവഗണനയും അയിത്തവും പ്രശ്നവൽക്കരിക്കുന്ന അഞ്ചു മിനുട്ട് മാത്രം ഉള്ള ഒരു സിനിമ ചെയ്തിട്ട് അന്നു ഞങ്ങൾക്ക് ഉണ്ടായ  അനുഭവങ്ങൾ ഇന്നിപ്പോൾ ജീവിതം ഏറെക്കുറെ സേഫ് സോണിലെത്തി നിൽക്കുമ്പോൾ പറഞ്ഞു മനസിലാക്കാൻ പാടാണ്. നാട്ടുകാരുടെയും ബന്ധുകാരുടെയും ഒക്കെ ആശങ്കകൾ , മറ്റൊരു കോളേജിൽ അഡ്മിഷൻ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ, എന്തിനു കല്യാണം വരെ നടക്കാൻ പാടാണ് എന്ന് പ്രവചിച്ചവർ വരെ ഉണ്ട്. 

ഇതൊന്നും ഒരിക്കലും എഴുതില്ല എന്ന് തീരുമാനിച്ച കാര്യങ്ങൾ ആയിരുന്നു. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം ചരിത്രവിധി നടത്തിയ വാർത്ത കണ്ടപ്പോൾ ചില ശരികൾ സൂക്ഷിച്ചതിന്, ചുറ്റുപാടുകൾ വലിയ വേദന തന്ന ഒരു കാലം ഓർമ്മയിലേക്ക് വന്നു. അങ്ങനെ എഴുതിപ്പോയതാണ്. സ്വവർഗാനുരാഗം പ്രമേയമായ കാമ്പസ് ചിത്രം സംവിധാനം ചെയ്തതിന് കോളേജിൽ നിന്ന് പുറത്തായ അനുഭവം സംവിധായകൻ ജിയോ ബേബി പങ്കുവെക്കുന്നു.

ജീവിതത്തിൽ ആകെ ആസ്വദിച്ച് പഠിച്ചിട്ടുള്ളത്, ഐശ്ചിക വിഷയമായി സിനിമ പഠിച്ചപ്പോഴായിരുന്നു. ചങ്ങനാശേരി സെന്‍റ്  ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ എം.എ സിനിമ ആൻഡ് ടെലിവിഷൻ പഠനകാലം. കേരളത്തിലെ  ആദ്യത്തെ സർവകലാശാല അംഗീകരിച്ച സിനിമ, ടെലിവിഷൻ കലാലയം. പ്രഗത്ഭരായ അധ്യാപകർ, മികച്ച കാമ്പസ്, ക്യാമറകളും പ്രൊജക്ടറും എഡിറ്റ് മെഷീനുകളും സിനിമാ ലൈബ്രറിയുമൊക്കെയായി പഠനം പാൽപ്പായസമായ കാലം. ഒപ്പം, സിനിമ മാത്രം ചിന്തിച്ചിരുന്ന കൂട്ടുകാരും. സിനിമ തലക്കു പിടിച്ചുതുടങ്ങിയ ആ കാലത്താണ് സ്വവർഗാനുരാഗികളെക്കുറിച്ച് ഒരു ഹ്രസ്വചിത്രമുണ്ടാക്കാൻ വെളിപാടുണ്ടാകുന്നത്. 2007ൽ ആണ് സംഭവം. സ്വവർഗാനുരാഗം രോഗം അല്ല, കൂടെ നിർത്തേണ്ട, പരിഗണന അർഹിക്കുന്ന മനുഷ്യരാണ് അവരും തുടങ്ങി  ഈ വിഷയത്തിൽ സമൂഹത്തിന്‍റെ കാപട്യം ഒക്കെ തുറന്നു കാണിക്കാനുള്ളൊരു ശ്രമം ആയിരുന്നു ആ ഹ്രസ്വ സിനിമ.

ചിത്രത്തിന്‍റെ പ്രമേയപരിസരങ്ങൾക്ക് അത്യാവശം പുരുഷ നഗ്‌നത വേണ്ടിയിരുന്നു. അഭിനയശേഷിയും,  ചങ്കുറപ്പും ഉള്ള കൂട്ടുകാർ ക്യാമറക്കു മുമ്പിലും പിന്നിലും കൂടെ കൂടിയതോടെ പരിമിതമായ സൗകര്യങ്ങളിൽ ചിത്രീകരണവും, എഡിറ്റിംഗും പൂർത്തിയാക്കി. 'Secret Minds' എന്നായിരുന്നു ഡയലോഗുകളില്ലാത്ത, പശ്ചാത്തലസംഗീതം മാത്രം ഉപയോഗിച്ച് ഇതിവൃത്തം പറഞ്ഞ ആ ചെറുസിനിമയുടെ പേര്. അഞ്ചു മിനുട്ട് മാത്രമായിരുന്നു ദൈർഘ്യം. ഇനി ഇത് ഏതെങ്കിലും ഫിലിം ഫെസ്റ്റിവലിന് അയക്കണം. ആദ്യം വന്ന ഫെസ്റ്റിവൽ തിരുവനന്തപുരത്ത് നടക്കുന്ന ഒരു ക്യാംപസ് ചലച്ചിത്രമേള ആയിരുന്നു. പക്ഷെ, ചിത്രം മത്സരത്തിന് അയക്കണമെങ്കിൽ അത് വിദ്യാർത്ഥികൾ ക്യാമ്പസിൽ തന്നെ നിർമ്മിച്ചതാണെന്ന കോളേജ് അധികാരികളുടെ സാക്ഷ്യപത്രം വേണമായിരുന്നു. ഒരു പാതിരിയെ സ്വവർഗാനുരാഗി ആയി ചിത്രീകരിക്കുന്ന ഞങ്ങളുടെ സിനിമ ക്രിസ്ത്യൻ മാനേജ്‌മന്‍റ് കണ്ടാൽ സാക്ഷ്യപത്രം കിട്ടില്ല എന്ന് ഉറപ്പായിരുന്നു. എന്നിലെ കൗശലക്കാരൻ ഉണർന്നു. പ്രായത്തിന്‍റെ പക്വത കുറവും ആ കൗശലത്തിന് കാരണമായിട്ടുണ്ട്. ഒരു കമ്മ്യൂണിക്കേഷൻ കോളേജ് ആകുമ്പോൾ ധാരാളം ഷോർട്ട് ഫിലിമുകൾ സാക്ഷ്യപത്രത്തിനായി പ്രിൻസിപ്പാളിന്‍റെ മേശപ്പുറത്ത് എത്തും. അതിനായി വച്ചിരുന്ന നിരവധി അപേക്ഷകളുടെ ഇടയിൽ 'സീക്രട്ട് മൈൻഡ്സും' തിരുകിവച്ചു.

ഒരുപാട് എൻട്രികൾ ഒപ്പിട്ടു മാറ്റുന്നതിനിടയിൽ പ്രിൻസിപ്പാൾ ജോൺ ശങ്കരമംഗലം, ഞങ്ങളുടെ ചിത്രവും കോളേജിൽ തന്നെ നടന്ന പ്രൊഡക്ഷനാണെന്നും മേളകൾക്ക് അയക്കാൻ യോഗ്യമാണെന്നും സാക്ഷ്യപ്പെടുത്തി. അങ്ങനെ ആ സിനിമ ഫെസ്റ്റിവലിൽ എത്തി. ചിത്രത്തിന്‍റെ പ്രിവ്യൂ കണ്ട ജൂറി ഞെട്ടി, ഫെസ്റ്റിവൽ നടക്കുന്നത് തിരുവനന്തപുരത്തെ പ്രശസ്തമായ വനിതാ കോളേജിലാണ്. 'സീക്രട്ട് മൈൻഡ്സ്' അവിടെ പ്രദർശിപ്പിച്ചില്ല. എങ്കിലും ഒരു ജൂറി അംഗമായിരുന്ന സിനിമ നിരൂപകൻ എം.എഫ് തോമസ് സാർ ചിത്രം കണ്ടിട്ട് എന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

'സീക്രട്ട് മൈൻഡ്സ്' കണ്ട് ബേജാറായിപ്പോയ കാമ്പസ് ചലച്ചിത്രമേളയുടെ സംഘാടകർ ഞങ്ങളുടെ കോളേജിലേക്ക് വിളിക്കുന്നു. ആകെ പ്രശ്നം ആയി. ചിത്രം കാണണമെന്ന് ഞങ്ങളുടെ കോളേജ് അധികൃതർ ആവശ്യപെട്ടു, കാണിച്ചു കൊടുത്തു. പിന്നെ, എല്ലാം പെട്ടെന്നായിരുന്നു. പൊലീസ് റെയ്ഡ് മാതിരി സിനിമ എഡിറ്റു ചെയ്ത കമ്പ്യൂട്ടറടക്കം കസ്റ്റഡിയിലായി. സിനിമയുടെ ക്രെഡിറ്റ് ടൈറ്റിൽ കാർഡിൽ ഉണ്ടായിരുന്ന സകല കൂട്ടുകാർക്കും കാരണം കാണിക്കൽ നോട്ടീസ്. പലരോടും ഉള്ള നന്ദിയും സ്നേഹവും കാരണം സിനിമയിൽ നേരിട്ട് പ്രവർത്തിക്കാത്തവർക്ക് വരെ ടൈറ്റിലുകൾ നൽകിയിരുന്നു. സദാചാരവിരുദ്ധ പ്രവർ‍ത്തനം നടത്തിയതിനും, കാമ്പസ് അച്ചടക്കം ലംഘിച്ചതിനും അവർക്കും മെമ്മോ കിട്ടി. സദാചാര മംഗളപത്രം കിട്ടിയവരുടെ ഒക്കെ രക്ഷാകർത്താക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തി. കോളേജിന്‍റെ പി.ആ‍ർ.ഒ ആയിരുന്ന ക്രിസ്റ്റഫർ എന്ന മാന്യദേഹം എന്‍റെയും, എന്‍റെ കൂട്ടുകാരുടേയും രക്ഷാകർത്താക്കളോട് നടത്തിയ പെരുമാറ്റം ജീവിതത്തിൽ മറക്കാനാകില്ല. സ്വവർഗാനുരാഗം പ്രോത്സാഹിപ്പിച്ചതിനും, അശ്ലീലവീഡിയോ നിർമ്മിച്ചതിനും പൊലീസിൽ പരാതി കൊടുക്കേണ്ടതാണ് എന്നുവരെ അദ്ദേഹം തട്ടിവിട്ടു. സ്വന്തം മക്കൾ നീലച്ചിത്ര നിർമ്മാണത്തിൽ പങ്കാളികളായ കെട്ടുകഥ വിദഗ്ധമായി പറഞ്ഞു ഫലിപ്പിക്കാൻ മാനേജ്മെന്‍റിനായി. അന്ന്, എന്‍റെ കൂട്ടുകാരുടെ മാതാപിതാക്കൾ എന്നെ നോക്കിയ ഒരു നോട്ടം ഉണ്ട്.

അഭിനയിച്ചവരിൽ ചിലർ വേറെ വഴിയില്ലാതെ മാപ്പെഴുതിക്കൊടുത്തു. ചിലരാകട്ടെ, മീഡിയത്തിൽ വിശ്വാസമുണ്ട്, നീലച്ചിത്രത്തിലല്ല ഒരു പരീക്ഷണ കാമ്പസ് ചിത്രത്തിലാണ് അഭിനയിച്ചത് എന്നും ഇനി കാമ്പസിനുള്ളിലെ കലാപരിശ്രമങ്ങളിൽ നിന്ന് ഒഴിവായി നിന്നുകൊള്ളാം എന്നും മറുപടി നൽകി. അതും മാനേജ്മെന്‍റിനെ ചൊടിപ്പിച്ചു. സംവിധായകനായ എന്നെയും മറ്റു മൂന്ന് പ്രധാന നടന്മാരെയും മാരകമായ സദാചാര വിരുദ്ധ പ്രവർ‍ത്തനം നടത്തിയത്തിയെന്നും ‘നീലച്ചിത്രം’ നിർമ്മിച്ചു എന്നാരോപിച്ചും കോളേജിൽ നിന്ന് പുറത്താക്കി. 'പ്രിൻസിപ്പാളിന്‍റെ സാക്ഷ്യപത്രം സംഘടിപ്പിച്ചതും കോളേജ് കാമ്പസിലും ഹോസ്റ്റലിലും അനുമതി ഇല്ലാതെ ചിത്രീകരിച്ചതും ഒക്കെ എന്‍റെ തെറ്റാണ്, അതിന് എന്നെ പുറത്താക്കിക്കോളൂ, മറ്റ് മൂന്ന് പേരെ തിരിച്ചെടുക്കണം' എന്ന് ഞാൻ മെമ്മോയ്ക്ക് മറുപടി നൽകി. അതൊന്നും അവർ കേൾക്കാൻ തയാറായില്ല. കർത്താവിന്‍റെ വഴിയിൽ സന്ന്യസ്ഥപാത പിന്തുടരുന്ന പാതിരിമാരോട് കൂട്ടുകാരുടെ പഠനം മുടക്കരുതെന്ന് ഞാൻ അപേക്ഷിച്ചു. പക്ഷെ, പ്രിൻസിപ്പൽ ജോൺ ശങ്കരമംഗലവും മാനേജ്‌മെന്‍റ് പ്രധാനി ഫാദർ സെബാസ്റ്റ്യൻ പുന്നശേരിയും കോളേജ് പിആർഒ ക്രിസ്റ്റഫറും അത് അശ്ലീലസിനിമ എന്നുതന്നെ വാദിച്ചു.

'എല്ലാവർഷവും കോളേജിൽ നിന്ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് പോയി, ഇതിലേറെ നഗ്നതയുള്ള സിനിമകൾ ഞങ്ങൾ അധ്യാപകരോടൊപ്പം ഇരുന്ന് കാണാറുണ്ടല്ലോ' എന്നെല്ലാം ചോദിച്ചുനോക്കി. ഞങ്ങളെ തിരിച്ചെടുത്താൽ ഈ സ്ഥാപനത്തോട് ഉള്ള സ്നേഹവും ഉത്തരവാദിത്തവും കൂടുകയെ ഉള്ളൂ ദയവായി തിരിച്ചെടുക്കൂ... ഇല്ല അവർ കേട്ടില്ല.  ഞങ്ങളെല്ലാം സിനിമയെ വല്ലാതെ സ്നേഹിക്കുന്നവരും, സിനിമയിൽ ഒരു കരിയർ സ്വപ്നം കാണുന്നവരും ആ കാമ്പസിനെ അത്രമേൽ ആഗ്രഹിക്കുന്നവരും ആയിരുന്നു. എനിക്ക് ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി. ഞാൻ ചങ്ങനാശേരി അതിരൂപത സഹായ മെത്രാനെ കാണാൻ പോയി. പക്ഷെ, എന്നെ കണ്ട് കാര്യം അറിഞ്ഞതും അദ്ദേഹം പറയാൻ ഉള്ളതൊന്നും കേൾക്കാതെ ബെൻസിൽ കയറി പോയി. എല്ലാ വഴികളുമടഞ്ഞു. സിനിമാ പഠനം തീർന്നു. ഞങ്ങൾ നാലുപേർ അടച്ചുറപ്പുള്ള സിനിമാ പഠനമുറികളിൽ നിന്ന് കുനിഞ്ഞ തലകളുമായി തെരുവിലേക്കിറങ്ങി നടന്നു. ഞാൻ, പ്രത്യുഷ്, നിതിൻ, സുജിത്.

കോളേജിലെ ചില അദ്ധ്യാപകർ ഞങ്ങളോടൊപ്പം നിലനിന്നു. കവിയൂർ ശിവപ്രസാദ് സർ, ആഷ ടീച്ചർ അവരെയൊക്കെ സ്നേഹത്തോടെ, കണ്ണീരിന്റെ നനവോടെ അല്ലാതെ  ഓർക്കാൻ ആവില്ല. ഇത് നിങ്ങൾ പത്തുവർഷം കഴിഞ്ഞ് ചെയ്യേണ്ട സിനിമ ആയിരുന്നു എന്നായിരുന്നു ശിവപ്രസാദ് സാർ അന്നു പറഞ്ഞത്. അദ്ദേഹം ഞങ്ങൾക്കായി സംസാരിച്ചുനോക്കി, അതും ഫലം കണ്ടില്ല. ആഷ മിസ് ഞങ്ങളെ പുറത്താക്കിയതടക്കം ഉള്ള കാരണങ്ങളും മാനേജ്മെന്‍റുമായ ചില ഉരസലുകളും കാരണം വൈകാതെ കോളേജിൽ നിന്ന് രാജിവച്ചു. (ഇപ്പോൾ വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ നേതൃനിരയിലുള്ള ആഷ ആച്ചി ജോസഫ്)

അന്ന്, ചാച്ചി പറഞ്ഞു ‘നീ ടെൻഷൻ ആകണ്ട, ധൈര്യായിട്ട് ഇരിക്ക്'

ആഷ മിസ് ആണ് ബാംഗ്ലൂരിൽ നടക്കുന്ന അന്തർദേശീയ Queer LGBT മേളയിലേക്ക് ചിത്രം അയക്കാൻ പറഞ്ഞത്. സിനിമ അവിടെ തിരഞ്ഞെടുക്കപ്പെടുകയും നിറ കയ്യടികളോടെ പ്രേക്ഷകർ അതിനെ സ്വീകരിക്കുകയും ചെയ്തു. വണ്ടിക്കൂലിയും ഭക്ഷണവും താമസവും ഒക്കെ ഇങ്ങോട്ട് കിട്ടി ജീവിതത്തിൽ ആദ്യമായി ഞാൻ പങ്കെടുക്കുന്ന ഫിലിം ഫെസ്റ്റിവൽ അതായിരുന്നു. അന്ന് ഞാൻ ഫെസ്റ്റിവൽ നടന്ന മൂന്ന്  ദിവസവും താമസിച്ചത് സ്വവർഗാനുരാഗികളുടെ ഒരു കൂട്ടത്തോടൊപ്പം ആണ്. അവരുടെ സ്നേഹവും കരുതലും ഇപ്പോഴും മനസിലുണ്ട്. ആ ഫെസ്റ്റിവലിന് ശേഷം അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രശസ്തമായ റൈസ് സർവകലാശാലയിൽ നടന്ന അന്തർ ദേശീയ ക്വീർ ഫസ്റ്റിവലിൽ സീക്രട്ട് മൈൻഡ്സ്  പ്രദർശിപ്പിച്ചു. പിന്നീട് ഫ്രാൻസ് ,ഇന്തോനേഷ്യ  തുടങ്ങിയ രാജ്യങ്ങളിലെ മേളകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. പക്ഷെ, ഇന്നും കേരളത്തിൽ ഒരിടത്തും ഈ ഹ്രസ്വചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

സ്വവർഗാനുരാഗികളോടുള്ള അവഗണനയും, അയിത്തവും പ്രശ്നവൽക്കരിക്കുന്ന അഞ്ചു മിനുട്ട് മാത്രം ഉള്ള ഒരു സിനിമ ചെയ്തിട്ട് അന്നു ഞങ്ങൾക്ക് ഉണ്ടായ  അനുഭവങ്ങൾ ഇന്നിപ്പോൾ ജീവിതം ഏറെക്കുറെ സേഫ് സോണിലെത്തി നിൽക്കുമ്പോൾ പറഞ്ഞു മനസിലാക്കാൻ പാടാണ്. നാട്ടുകാരുടെയും ബന്ധുകാരുടെയും ഒക്കെ ആശങ്കകൾ , മറ്റൊരു കോളേജിൽ അഡ്മിഷൻ കിട്ടാനുള്ള ബുദ്ധിമുട്ടുകൾ, എന്തിനു കല്യാണം വരെ നടക്കാൻ പാടാണ് എന്ന് പ്രവചിച്ചവർ വരെ ഉണ്ട്. ഞങ്ങളുടെ അവസ്ഥ ഇതാണ് എങ്കിൽ ആ ജീവിതം ജീവിക്കുന്നവർ  അനുഭവിക്കേണ്ടി വരുന്നത് എന്തെല്ലാമായിരിക്കും?

വ്യക്തിപരമായി എനിക്ക് വീട്ടിൽനിന്നും കാര്യമായ പ്രശ്നങ്ങൾ നേരിടേണ്ടിവന്നില്ല. കാരണം എന്നെ മനസിലാക്കുന്ന മാതാപിതാക്കൾ എന്നോടൊപ്പമിരുന്ന് 'സീക്രട്ട് മൈൻഡ്സ്' കണ്ടവരായിരുന്നു. പക്ഷേ എന്‍റെ സിനിമയിൽ വിശ്വസിച്ച മൂന്നുപേർ ഞാൻ കാരണം കോളേജിൽ നിന്ന് പുറത്തായത് കാലങ്ങളോളം വലിയ വിങ്ങലായിരുന്നു.

നിധിൻ, ഇത് നീ വായിക്കുന്നെങ്കിൽ നിന്‍റെ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുന്നു

അന്ന് പുറത്താക്കപെട്ടവരിൽ ഒരാളായ പ്രത്യുഷിന് പിന്നീട് സത്യജിത് റായ്‌ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കൽക്കട്ടയിൽ ഫിലിം എഡിറ്റിങ് പഠനത്തിന് സെലക്ഷൻ കിട്ടി. പഠനം പൂർത്തിയാക്കി വിദേശത്ത് പ്രൊഫഷണൽ എഡിറ്ററായി. രണ്ടാമൻ സുജിത് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ ജേണലിസ്റ്റും വീഡിയോ പ്രൊഡ്യൂസറുമാണ്. ഞങ്ങളുടെ ഡിസ്മിസൽ ഉറപ്പായ ദിവസം കോളേജ് വരാന്തയിൽ നിന്ന് അവന്‍റെ അ‍ച്ഛനും എന്‍റെ അമ്മയും പരസ്പരം ആശ്വസിപ്പിക്കുന്ന ദൃശ്യം മറക്കാനാകില്ല. വിചാരണ പൂർത്തിയായി ഡിസ്മിസൽ ഉത്തരവുമായി പുറത്തുവന്നശേഷം ഞാൻ എന്റെ ചാച്ചിയെ വിളിച്ചിരുന്നു. അച്ഛനെ ഞാൻ അങ്ങനാണ് വിളിക്കുക. അന്ന് ചാച്ചി പറഞ്ഞു ‘നീ ടെൻഷൻ ആകേണ്ട, ധൈര്യായിട്ട് ഇരിക്ക്...’ അതൊക്കെ ആണ് തന്ത... ഞാനിന്നും സിനിമ ചെയ്യുന്നത് ആ ധൈര്യത്തിലാണ്.

അന്ന് ആ ഹ്രസ്വ ചിത്രത്തിൽ സഹകരിച്ച പലരും ഇന്ന് മലയാള സിനിമയിൽ തങ്ങളുടെ വ്യക്തിമുദ്ര പദിപ്പിച്ചു കഴിഞ്ഞു. സീക്രട്ട് മൈൻഡ്സിൽ എന്‍റെ സംവിധാന സഹായിയായിരുന്ന ഫാന്‍റം പ്രവീൺ, 'ഉദാഹരണം സുജാത' എന്ന സൂപ്പർ ഹിറ്റ് സിനിമ സംവിധാനം ചെയ്തിട്ട് അടുത്ത സിനിമക്ക് തയ്യാറെടുക്കുന്നു. ചിത്രം എഡിറ്റ് ചെയ്ത പ്രജീഷ് പ്രകാശ് ഇന്ന് നിരവധി മലയാളം സിനിമകളുടെ എഡിറ്റർ ആണ്. അന്ന് പ്രജീഷിന്റെ അസിസ്റ്റന്‍റ് ആയിരുന്ന റഹ്മാനും ഇന്ന് ഏറെ തിരക്കുള്ള എഡിറ്റർ ആയി. സിനിമ ചിത്രീകരിച്ച ക്യാമറയുടെ ഉടമ ടോണി ഇന്ന് തെന്നിന്ത്യയിലെ പ്രമുഖ മോഷൻ ഗ്രാഫിക്സ്  സ്ഥാപനമായ Magmythന്‍റെ ഉടമ ആണ്.

ഒപ്പം പുറത്തായ മറ്റൊരാൾ നിധിൻ... ആ പുറത്താക്കൽ നടപടിക്കുശേഷം അവൻ എവിടെയോ പോയ് മറഞ്ഞു. അവൻ എവിടെയാണെന്ന് ഇന്നും എനിക്ക് വ്യക്തമായി അറിയില്ല. അവനെ കുറിച്ച് ഓർക്കുമ്പോഴൊക്കെ വേവലാതി ആണ്.

അഭിനയത്തോടുള്ള അടങ്ങാത്ത ആവേശം കാരണം, എന്നോട്  സഹകരിച്ചവൻ. നിധിൻ, ഇത് നീ വായിക്കുന്നെങ്കിൽ നിന്‍റെ ഒരു വിളിക്കായി ഞാൻ കാത്തിരിക്കുന്നു. ഇനി ചെയ്യാൻപോകുന്ന എന്‍റെ സിനിമകളിൽ നിനക്കായി കഥാപാത്രങ്ങൾ കാത്തിരിപ്പുണ്ട്.

കോടതി വിധി വന്നാലും സ്വവർഗാനുരാഗികളോടുള്ള സമൂഹത്തിന്‍റെ സമീപനം മാറാൻ ഇനിയുമേറെ സമയം എടുക്കും. ഇനി വരാനിരിക്കുന്ന നവകേരളത്തോടൊപ്പം നമ്മളോരോരുത്തരും എത്ര മാത്രം നവീകരിക്കപ്പെടാൻ ഉണ്ട്... ഈ സുപ്രീം കോടതി വിധിയിൽ മനസുതുറന്ന് സന്തോഷിക്കുന്നവരോടൊപ്പം ഞാനുമുണ്ട്. ഈ വലിയ മാറ്റത്തിനായി വേദനിച്ച, സഹിച്ച, മുറിവേറ്റ പേരറിയാത്ത, മുഖമില്ലാതിരുന്ന ഒരുപാട് മനുഷ്യരേയും ഞാൻ ഇറുകെ ചേർത്തുപിടിക്കുന്നു.

(ജിയോയുടെ സിനിമകളായ രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നിവ നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.  രണ്ടുപെൺകുട്ടികൾ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും കുഞ്ഞുദൈവം മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടി. ലോസ് ആഞ്ചലസിലെ LOVE ചലച്ചിത്രമേളയിലും ബംഗ്ലാദേശിലെ IOFF ചലച്ചിത്രമേളയിലും രണ്ടു പെൺകുട്ടികൾ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അമ്പത്തൊന്നാമത് ഹൂസ്റ്റൺ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കുഞ്ഞുദൈവം മികച്ച വിദേശ ചിത്രത്തിനും സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്കാരവും നേടി. ടർക്കി, സ്വീഡൻ, പോളണ്ട്, ജർമനി, കെനിയ, കാനഡ എന്നീ രാജ്യങ്ങളിലെ വിവിധ ചലച്ചിത്ര മേളകളിൽ ജിയോയുടെ സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജിയോ ബേബി ടോവിനോ തോമസ് പ്രധാന കഥാപാത്രമാകുന്ന അടുത്ത സിനിമയുടെ അണിയറയിലാണ്.)

click me!