'രണ്ടോ മൂന്നോ മാസം നേരത്തെ പ്രസവിക്കുന്നതൊന്നും ഇപ്പൊ പേടിക്കാനില്ല' എന്ന് പറയുന്നവരോട്...

By Hospital DaysFirst Published Jan 29, 2019, 5:06 PM IST
Highlights

ഹൃദയം അവളുടെ കൂടെ വച്ച് ശരീരം മാത്രം മുറിയിലേക്ക് തിരിച്ചു കൊണ്ട് വന്ന പത്തു പതിനാറു ദിവസങ്ങൾ. പാല് കൊടുത്തയച്ചോളൂ എന്ന് ഡോക്ടർ പച്ചക്കൊടി കാണിച്ചപ്പോൾ പാലില്ലാത്തതിനാൽ ഉള്ളത് പിഴിഞ്ഞ്പിഴിഞ്ഞ്  ഇനി  പിഴിഞ്ഞാൽ ചോര വരും എന്ന അവസ്ഥയിലായ ദിവസങ്ങൾ... കൈ വേദനിച്ചിട്ടും, നേരത്തെ പ്രസവിച്ചതിനാൽ പാലിറങ്ങാതെ മാറിടം കുത്തി കടഞ്ഞിട്ടും അവൾക്കു വേണ്ടി എന്നോർത്ത് ഉള്ളതിൽ ഒരു തുള്ളിപോലും കളയാതെ ജീവൻ പോലും പിഴിഞ്ഞ് കൊടുത്ത നേരങ്ങൾ. ഇനി കയ്യിലെടുത്തോളു എന്ന് അനുവാദം കിട്ടിയപ്പോൾ പ്രസവിച്ചു കുറെ ദിവസങ്ങൾക്കു ശേഷം സ്വന്തം കുഞ്ഞിനെ തൊടാനായതിന്‍റെ ആനന്ദം.

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

രണ്ടോ മൂന്നോ മാസം നേരത്തെ പ്രസവിക്കുന്നതൊന്നും ഇപ്പൊ പേടിക്കാനില്ല. അതൊക്കെ ഇന്നത്തെ കാലത്തു  സർവ്വസാധാരണമായി എന്ന് പറഞ്ഞു, കടന്നു പോയ സകല അവസ്ഥകളെയും ലഘൂകരിച്ച് തോളത്തു തട്ടി പോയവർ നിരവധിയാണ്. പക്ഷെ, എത്ര ചിന്തിച്ചിട്ടും അത്തരമൊരു കാര്യത്തെ ചെറുതാക്കി കാണുന്നതെങ്ങനെ എന്ന് എനിക്ക് മനസ്സിലായതേയില്ല .. 

ഏഴര മാസം വളരെ മനോഹരമായി കടന്നു പോകുന്നതിനിടക്ക് ഒരു ദിവസമാണ് ചെറിയ രീതിയിൽ ഫ്ലൂയിഡ് പോകുന്നുണ്ടോ എന്ന സംശയത്തിന്റെ പേരിൽ ഇടക്കൊരുദിവസം ഡോക്ടറിനെ വീണ്ടും സമീപിച്ചത്. മൂന്നുനാല് ദിവസം ഒബ്സെർവഷനിൽ കഴിയുന്നതിനിടക്ക് ഫ്ലൂയിഡ് പോകുന്നുണ്ടെന്നു മനസ്സിലാകുകയും കുഞ്ഞിന്റെ ചലനം അതനുസരിച്ചു കുറയുകയും ചെയ്തു. അത് കൊണ്ട് തന്നെ വലിയ മാനസിക വേദനകൾക്ക് വഴി വെക്കാതെ നാല് ദിവസത്തിനകം ഓപ്പറേഷൻ  ചെയ്തു മോളെ പുറത്തെടുത്തു.

പിന്നെ മയക്കം തെളിഞ്ഞത് തീവ്ര പരിചരണ വിഭാഗത്തിൽ, പ്രസവിച്ചു കിടക്കുന്ന മറ്റു പെണ്ണുങ്ങൾക്കിടയിലാണ്

പുറത്തെടുത്ത ഉടനെ, അവളെ അബോധാവസ്ഥയിൽ കണ്ടൊരു ചെറിയ ഓർമ്മയുണ്ട്. അവളെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും എന്നെ ആറ്  മണിക്കൂറിനു ശേഷം റൂമിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ പ്രതീക്ഷിച്ചതിലും നേരത്തെ ഞാൻ അമ്മയായി. ആ കഥ അനായാസം അവിടെ തീർന്നു പോയി.

പക്ഷേ, ഒട്ടും ലഘൂകരിക്കാനാവാത്ത ഒരു കഥ ഈ സംഭവങ്ങൾക്കിടയിൽ ചുറ്റി പിണഞ്ഞു കിടക്കുന്നുണ്ട്. വിവാഹം കഴിഞ്ഞു മൂന്നു വർഷത്തിനിടക്ക് കുട്ടികളുണ്ടാകാഞ്ഞതിനാൽ അതിനു വേണ്ടി ചികിത്സകൾ തുടരുന്നതിനിടക്കാണ് ജീവിതം പെട്ടെന്ന് പൂജ്യത്തിൽ നിന്നും നൂറിലേക്കു കണക്കുകളൊക്കെ തെറ്റിച്ചു ഒറ്റ ചാട്ടം ചാടിയത്. നിങ്ങടെ മാവ് ഇനിയും പൂത്തില്ലേ എന്നും, കുട്ടികൾ വേണ്ടെന്നു വച്ചിരിക്കുകയാണോ എന്നും, നിങ്ങളുടെ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നും തുടങ്ങി നിറയെ പരിഹാസ ചോദ്യങ്ങൾക്കിടയിൽ നിന്നും ആ ദിവസം മുതൽ ഞങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

സ്ഥിരം ചെക്കപ്പുകളും ചെറിയ യാത്രകളും മനോരാജ്യവും വായനയും വരയും ഒക്കെയായി ഏഴര മാസം മനോഹരമായി കടന്നു പോയതിനിടയിലാണ് പെട്ടെന്നൊരു ദിവസം കാര്യങ്ങളൊക്കെ മാറി മറിഞ്ഞത്. ഫ്ലൂയിഡ് പോകുന്നുണ്ട് എന്ന സംശയം ദൂരീകരിക്കാൻ ആദ്യത്തെ ദിവസം ലേബർ റൂമിൽ നിരീക്ഷണത്തിൽ കിടക്കേണ്ടി വന്നു. പുറത്തേക്ക് ആരെയും ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ അടുത്ത് കിടന്നവരെ ഓരോരുത്തരെയായി പരിചയപ്പെട്ടു തുടങ്ങി. അതിലൊരാൾക്കു നാലര മാസമായപ്പോഴേ ഗർഭപാത്രം താഴത്തേക്കിറങ്ങുന്ന കാരണം സ്റ്റിച്ചിടാൻ വന്നതാണ്. ആദ്യകുഞ്ഞിനെ പ്രസവിച്ചു ആ കുട്ടിക്ക് തൊണ്ണൂറു ദിവസം തികയുന്നതിനു മുന്നേ രണ്ടാമത് ഗർഭിണിയായ വേറൊരു കുട്ടി. പുറത്തു ഭർത്താവിനോടൊപ്പം കാത്തിരിക്കുന്ന ഒരു വയസ്സ് മാത്രം പ്രായമുള്ള ആദ്യത്തെ കുഞ്ഞിനെ കാണണമെന്ന് പറഞ്ഞ് അവൾ ഇടയ്ക്കിടെ ബഹളം വെക്കുന്നുണ്ടായിരുന്നു. അങ്ങനെ നൂറു നൂറു ഗർഭ കാല പ്രശ്നങ്ങളുമായി നിരവധി പെണ്ണുങ്ങൾ.

നാല് ദിവസത്തോളം ലേബർ റൂമിലും മുറിയിലുമായി സമയം കടന്നു പോകുന്നതിനിടക്ക് ഒരു ദിവസം ഇനി സിസ്സേറിയനല്ലാതെ വേറെ നിവൃത്തിയില്ലെന്നും ഇല്ലെങ്കിൽ കുഞ്ഞിന്റെ കാര്യം അപകടത്തിലാവുമെന്നും രാത്രി ഡോക്ടർ വന്നറിയിച്ചു. ഇത്ര നേരത്തെ അമ്മയാവാൻ മനസ്സ് പാകപ്പെടുത്തിയില്ലെന്നു ഉള്ളിൽ ഞാൻ ആർത്തു വിളിച്ചു. വേറെ നിവൃത്തിയില്ലാഞ്ഞിട്ടല്ലേ എന്ന് കൂടെയുള്ളവർ ആശ്വസിപ്പിച്ചപ്പോളും ഉള്ളു നീറി പിടഞ്ഞു. അനസ്തേഷ്യ ഉള്ളിലേക്ക് തരിച്ചിറങ്ങുന്നതിനിടക്കെപ്പൊഴോ മോളാണെന്നു ഡോക്ടർ പറയുന്നത് അവ്യക്തമായി ഞാൻ കേട്ടു. പിന്നെ മയക്കം തെളിഞ്ഞത് തീവ്ര പരിചരണ വിഭാഗത്തിൽ, പ്രസവിച്ചു കിടക്കുന്ന മറ്റു പെണ്ണുങ്ങൾക്കിടയിലാണ്. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ എല്ലാവരുടെ അടുത്തും അവരുടെയൊക്കെ കുഞ്ഞു കിടക്കുന്നു. എന്റെയടുത്തു മാത്രം കുഞ്ഞുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണിച്ചു തരുമോ എന്ന് അടുത്ത് നിന്ന നഴ്സിനോട് ചോദിച്ചെങ്കിലും അത് നടക്കില്ലെന്ന് എനിക്കറിയാമായിരുന്നു. കുഞ്ഞിനെ കുട്ടികളുടെ icu -വിലേക്കു മാറ്റിയതിനാൽ ഇന്നിനി കാണാനാവില്ലെന്നും, നാളെ ഡോക്ടർ അനുവദിച്ചാൽ കാണാമെന്നും അവർ മറുപടി നൽകി. ആ സമയത്തു തോന്നിയ വേദനയുടെയത്രയും പിന്നീടൊരിക്കലും ഒന്നിനും എനിക്ക് തോന്നിയിട്ടില്ല. കുഞ്ഞിനെ കാണാനുള്ള കൊതി കണ്ണിലൂടെ ഒഴുകിയിറങ്ങി കൊണ്ടിരുന്നു. അവൾ മറ്റൊരിടത്തു ചില്ലു കൂട്ടിനുള്ളിലും ഞാൻ വേറൊരിടത്തും എന്ന് ഓർമ്മ വന്നപ്പോഴൊക്കെ എനിക്ക് എണീറ്റ് ഓടി അവളുടെ അടുത്ത് ചെല്ലാനും, പേടിക്കണ്ട അമ്മയുണ്ട് എന്ന് ആശ്വസിപ്പിക്കാനും തോന്നി. 

ദിവസത്തിലൊരിക്കൽ അമ്മയാണെന്നുള്ള പരിഗണന പ്രകാരം അഞ്ചു മിനിറ്റോളം അവളെ കണ്ടു തുടങ്ങി

ആറു മണിക്കൂറിനു ശേഷം എന്നെ റൂമിലേക്ക് മാറ്റി. മയക്കത്തിന്റെ അംശങ്ങൾ വിട്ടു തുടങ്ങിയതിനാൽ ശരീരം വേദന കൊണ്ട് നുറുങ്ങുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. കുഞ്ഞിനെ കണ്ടോ എന്ന് ഞാൻ എന്റെയടുത്തുള്ള ഓരോരുത്തരോടും ചോദിച്ചു. ഒരു നോട്ടം കണ്ടെന്നും കുഴപ്പമൊന്നുമില്ലെന്നും എല്ലാം ശരിയാവുമെന്നും അവർ ആശ്വസിപ്പിച്ചു.

പിറ്റേന്ന് മുതൽ മുറിവിന്റെ വേദനയും സഹിച്ച് അവളെ കാണാനുള്ള യാത്രകൾ തുടങ്ങി. വീൽചെയറിനു വേണ്ടി കാത്തു നില്‍ക്കാൻ പോലും ക്ഷമയില്ലാതെ, അമർത്തി ചവിട്ടിയാൽ വയറിലെ തുന്നല് വലിഞ്ഞു വേദനിച്ചിട്ടും അവളെ കാണാനുള്ള സമയം കഴിഞ്ഞു പോകും എന്ന് പേടിച്ച് ആഞ്ഞു നടന്നു കുഴങ്ങി പോകുമായിരുന്നു. അങ്ങനെ  ദിവസത്തിലൊരിക്കൽ അമ്മയാണെന്നുള്ള പരിഗണന പ്രകാരം അഞ്ചു മിനിറ്റോളം അവളെ കണ്ടു തുടങ്ങി. ചില്ലു കൂട്ടിനുള്ളിൽ ദേഹം മുഴുവൻ വയറുകൾ ഘടിപ്പിച്ച് ഒരു കുഞ്ഞുശരീരം. ഭാരം ചുരുങ്ങി. രക്ത കുഴലുകളും ശ്വാസ കോശംപോലും പുറത്തുകാണാവുന്ന അവസ്ഥയിൽ ചില്ലു കൂടുകൾക്കിടയിൽ അവളെ കൂടാതെ ഒരുപാട് കുഞ്ഞുങ്ങൾ. ചിലർ ആറു മാസത്തിൽ... ചിലർ ഏഴിൽ... അങ്ങനെയങ്ങനെ മൂപ്പെത്താതെ പ്രസവിച്ച കുറെയധികം കുഞ്ഞുങ്ങൾ...

കണ്ടില്ലെങ്കിൽ കണ്ടില്ല എന്ന സങ്കടമേയുണ്ടായിരുന്നുള്ളു. ഓർത്തുനോക്കിയാൽ ഒരമ്മക്ക് കാണാവുന്ന ഏറ്റവും വലിയ സങ്കട കാഴ്ചയായിരുന്നു അത്. എന്‍റെ ഏതു പ്രവൃത്തിയാണ് അവളെ അവളുടെ അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ഇത്ര നേരത്തെ അടർത്തിയെടുത്തത് എന്നോർത്ത് ഞാൻ വീണ്ടും വീണ്ടും സങ്കടപ്പെട്ടു. കുഞ്ഞിനെയൊന്നു മതിവരുവോളം തൊടാൻ പോലുമാകാതെ ഹൃദയം  നുറുങ്ങി വേദനിച്ചു നോക്കി നിന്നപ്പോഴൊക്കെ അവളുടെ  ദയനീയമായ തിരിച്ചു നോട്ടം എന്നെ നോവിച്ചു കൊണ്ടേയിരുന്നു. 'അമ്മേ എന്നെ കൂടെകൊണ്ട് പോകൂ' എന്ന് ഓരോ തവണയും അവൾ കരയുന്ന പോലെ എനിക്ക് തോന്നി. അവൾക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാവുന്നുണ്ടാവുമോ എന്നും, വിശക്കുന്നുണ്ടാവില്ലേ എന്നും ഓർത്തു കണ്ണ് ഇടയ്ക്കിടെ തുള്ളി തുളുമ്പി. കാണാൻ ചെന്നപ്പോഴൊക്കെ അനുവദിച്ച സമയം കഴിയാതിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു. സൂചികൾ കുത്തി കുത്തി മുറിവുകൾ വീണ കുഞ്ഞു കൈ എന്റെ കാഴ്ചയെ വല്ലാതെ പേടിപ്പിച്ചിരുന്നു.

ഹൃദയം അവളുടെ കൂടെ വച്ച് ശരീരം മാത്രം മുറിയിലേക്ക് തിരിച്ചു കൊണ്ട് വന്ന പത്തു പതിനാറു ദിവസങ്ങൾ. പാല് കൊടുത്തയച്ചോളൂ എന്ന് ഡോക്ടർ പച്ചക്കൊടി കാണിച്ചപ്പോൾ പാലില്ലാത്തതിനാൽ ഉള്ളത് പിഴിഞ്ഞ്പിഴിഞ്ഞ്  ഇനി  പിഴിഞ്ഞാൽ ചോര വരും എന്ന അവസ്ഥയിലായ ദിവസങ്ങൾ... കൈ വേദനിച്ചിട്ടും, നേരത്തെ പ്രസവിച്ചതിനാൽ പാലിറങ്ങാതെ മാറിടം കുത്തി കടഞ്ഞിട്ടും അവൾക്കു വേണ്ടി എന്നോർത്ത് ഉള്ളതിൽ ഒരു തുള്ളിപോലും കളയാതെ ജീവൻ പോലും പിഴിഞ്ഞ് കൊടുത്ത നേരങ്ങൾ. ഇനി കയ്യിലെടുത്തോളു എന്ന് അനുവാദം കിട്ടിയപ്പോൾ പ്രസവിച്ചു കുറെ ദിവസങ്ങൾക്കു ശേഷം സ്വന്തം കുഞ്ഞിനെ തൊടാനായതിന്‍റെ ആനന്ദം. ആദ്യമായി മാറത്തു വെച്ചപ്പോൾ നിയന്ത്രിക്കാനാവാതെ വീണ കണ്ണുനീർ. സാരമില്ല, നമ്മുടെ മോൾക്ക് ആപത്തൊന്നും വരില്ലെന്ന് നല്ല പാതി ആശ്വസിപ്പിച്ചത് കൊണ്ട് മാത്രം പിടിച്ചു നിന്ന സമയങ്ങൾ. വേദനിക്കാതെ വേദനിച്ചും കരയാതെ കരഞ്ഞും നെഞ്ചിൽ ചേർത്ത് കൂടെ നിർത്തിയ അവളുടെ ആ  അച്ഛനായിരുന്നു ആദ്യാവസാനം എന്റെ ധൈര്യം.

മോളെ കാണാൻ പോകുമ്പോഴൊക്കെ  icu -വിനു പുറത്തു സമാനമായ വേദന അനുഭവിക്കുന്ന കുറെ അമ്മമാരെ കാണുമായിരുന്നു. മുറിവിന്റെ വേദനപോലും മാറാതെ  ശരീരം വേദന കാരണം ശരിയായൊന്നു നിവർന്നു നടക്കാൻ പോലും കഴിയാതെ മക്കളെ കാണാൻ വരുന്നവരായിരുന്നു ഓരോരുത്തരും. പരസ്പരം ഒരു പരിചയവുമില്ലാത്ത ഞങ്ങൾക്ക് സംസാരിച്ചു തുടങ്ങാൻ ഞങ്ങളുടെ മക്കളെ കുറിച്ചുള്ള ആകുലതകൾ മാത്രം മതിയായിരുന്നു. കുഞ്ഞിന് കുഴപ്പമൊന്നുമില്ലല്ലോ എന്ന് അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു. ഇല്ലെന്നു കേൾക്കുമ്പോൾ പുഞ്ചിരിച്ചു നിറകണ്ണുകളോടെ ഞങ്ങൾ ആശ്വസിച്ചു. കാരണം  icu -വിനുള്ളിൽ സ്വന്തം ലോകം നിശ്ചലമായി പോയതറിഞ്ഞ് ഒന്നും മിണ്ടാതെ തല താഴ്ത്തിയിറങ്ങി പോയ എത്രയോ അമ്മമാർ കണ്ണിനു മുന്നിലപ്പോഴും  ഉണ്ടായിരുന്നു. എല്ലാ കാഴ്ചകൾക്കും ഇടയിൽ ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി ഉറങ്ങാതെ വേദനിച്ചും ആരും കാണാതെ കരഞ്ഞും ചിരിയുണങ്ങി പോകുന്നു എന്ന് ഞാന്‍ അപ്പോഴേക്കും പലപ്പോഴായി തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ആശുപത്രി വിട്ട് ഒന്നര മാസത്തിനിപ്പുറവും ആ ചിരിയെനിക്ക് പൂർണ്ണമായി തിരിച്ചു വന്നിട്ടില്ല.

എന്നെക്കാളും തീ തിന്ന എത്രയോ അമ്മമാർ

ഇനി പേടിക്കാനില്ലെന്നു പറഞ്ഞിട്ടും അവളെ കുറിച്ചുള്ള വേവലാതി തോർന്നിട്ടില്ല. ഇരുട്ട് വീഴുമ്പോൾ ഇപ്പോഴും പേടിയോടെ, കണ്ണ് നിറച്ച്  അവളെ ചേർത്ത് പിടിക്കുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. അവളുടെ ശ്വാസവും കാഴ്ചയും കേൾവിയും എല്ലാം എല്ലാം നേരെയാവുന്നതു വരെ നിരന്തരമായ ആശുപത്രി സന്ദര്‍ശനങ്ങളുടെ ദിവസങ്ങൾ. ഇപ്പോഴും അവിടെ കാണുന്ന അമ്മമാരോടൊക്കെ പേടിയോടെ കുഞ്ഞുങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് അന്വേഷിക്കുന്ന ദിവസങ്ങൾ. എന്നെക്കാളും തീ തിന്ന എത്രയോ അമ്മമാർ.

ആദ്യം പറഞ്ഞത് പോലെ ചില അമ്മമാരുടെ കഥകൾ എത്ര ശ്രമിച്ചാലും ആർക്കും ലഘൂകരിച്ചു പറയാനാകില്ല. എത്ര തൊട്ടു കൂടായ്‌മ പെണ്ണുങ്ങൾക്ക് ചിലർ  കൽപ്പിച്ചു കൊടുത്താലും നമുക്ക് വേണ്ടി കണ്ണുനീരും ജീവിതവും കൊടുത്ത കൂട്ടത്തിലൊരു പെണ്ണ് വീട്ടിലുണ്ടെന്നു മനസ്സിലാക്കാൻ ഇനിയും എത്ര ദൂരമാണ് നമ്മുടെ സമൂഹം സഞ്ചരിക്കേണ്ടി വരിക?  

ഇനി കഥയുടെ വാൽക്കഷ്ണം ഇതാണ്: കുഞ്ഞും അമ്മയും അച്ഛനും സുഖമായിരിക്കുന്നു.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!