പാറുവമ്മ ഇനി കരയില്ല!

By സുമയ്യ ഹിജാസ്First Published Nov 14, 2017, 7:56 PM IST
Highlights

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

ചില മുഖങ്ങള്‍ സമ്മതം ചോദിക്കാതെ മനസിന്റെ പടി കടന്നെത്താറുണ്ട്. ഒരിക്കല്‍ പോലും പരസ്പരം മിണ്ടാത്ത, ചിരികള്‍ പോലും കൈമാറാത്ത മുഖങ്ങള്‍ ആണെങ്കില്‍ കൂടി. അങ്ങനെയുള്ള മുഖങ്ങളില്‍ ഒന്നാണ് പാറു അമ്മയുടേത്. 

ഹോസ്റ്റല്‍ എന്നാല്‍ എനിക്ക് പേയിംഗ് ഗസ്റ്റ് ആയി താമസിച്ച കാലമാണ്. ആ വീടോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത്, അവിടത്തെ കാര്യങ്ങളെല്ലാം ചെയ്തിരുന്ന പാറുവമ്മയെയാണ്. പാറുവമ്മയുടെ ഞങ്ങള്‍ താമസിക്കുന്ന ഇടത്തല്ല താമസം. അവിടത്തെ മുറ്റമടിക്കുന്നതും മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതെല്ലാം അവരാണ്. താമസം അതിനു തൊട്ടടുത്ത് ഔട്ട് ഹൗസ് പോലെ ഒരിടത്താണ്. ഭക്ഷണവും മറ്റും ഞങ്ങള്‍ക്കൊപ്പവും. 

ജീവിതത്തില്‍ മിക്ക ദിനവും ആരംഭിക്കുന്നത് പാറുവമ്മയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ്, ഹോസ്റ്റല്‍ ജീവിതത്തിന്റെ ആരംഭത്തില്‍ ഈ ഏങ്ങിയുള്ള ശബ്ദം വലാത്ത ഭയം ഉള്ളില്‍ പടര്‍ത്തി. എങ്കിലും പിന്നീടത് ദിന ചര്യയുടെ ഭാഗമായി. നേരം വെള്ള കീറുന്നതിനു മുമ്പ് കേള്‍ക്കാം മുറ്റമടിക്കുന്ന ശബ്ദം. കൂടെ പാഴാങ്കം പറഞ്ഞുള്ള കരച്ചിലും. ആരെയോ ഇടക്ക് പ്രാകുന്നുണ്ട്. 

ഒരിക്കല്‍ മാത്രമേ നിവര്‍ന്നു നിന്നു കണ്ടിട്ടുള്ളൂ. മുറ്റമടിച്ചു ഇങ്ങനെ കൂനി പോയതാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചുക്കിച്ചുളിഞ്ഞ ആ കൈ കാല്‍ വിരലിന്റെ ഓരോ നഖത്തിന്റെ അടിയിലും ഒരു കണ്ടത്തിലെ ചളിയുണ്ടെന്നു തോന്നും. 

ചെറിയ ഒരു ബ്ലൗസും മുഷിഞ്ഞ ലുങ്കിയും മാറില്‍ ഒരു തോര്‍ത്തും. കോങ്കണ് മറച്ചു കൊണ്ട് ചുരുളന്‍ മുടി പാറി കിടക്കുന്നു. ഇടക്ക് ഒരിക്കല്‍ വെള്ളി മുടിയില്‍ കറുത്ത തിരുപ്പന്‍ ചേര്‍ത്തു കറുത്ത ഒരു കീറു തുണി കൊണ്ട് ചുറ്റി കെട്ടാന്‍ വേണ്ടി കൂനു നിവര്‍ത്തിയതും എന്റെ കണ്ണില്‍ ഉടക്കി ആ കണ്ണുകള്‍. മുറുക്കാന്‍ കറ പുരണ്ട ചിറികള്‍ അകത്തി ഒടിഞ്ഞ പുകയില തുണ്ട് പോലുള്ള പല്ലുകള്‍ കാട്ടി ഒരു ചിരി. ആ നോട്ടം നേരിടാനാവാതെ കണ്ണുകള്‍ പിന്‍വലിച്ചു ഞാന്‍. 

അഗ്‌നി പര്‍വതത്തിന്റെ പ്രതിഫലനമാണെന്ന് തോന്നിക്കും ആ കണ്ണുകള്‍

ഉള്ളില്‍ പുകഞ്ഞു തുപ്പുന്ന ഒരു അഗ്‌നി പര്‍വതത്തിന്റെ പ്രതിഫലനമാണെന്ന് തോന്നിക്കും ആ കണ്ണുകള്‍. ഉള്ളിലെ മുറിവില്‍ നിന്നു പൊടിക്കുന്ന ചോര പുറത്തേക്കു തള്ളും പോലെ വെറ്റില കൂട്ട് ചവച്ചു ചുമന്ന ചാറ് ഇരു വിരലിനിടയില്‍ കൂടി നീട്ടി തുപ്പി. ആരെയോ പ്രാകി ഉച്ചത്തില്‍ കരഞ്ഞു. 

പാറുഅമ്മ പതുക്കെയാണ് ജീവിതത്തിന്റെ ഭാഗമായി മാറിയത്. അവരുടെ ഇരട്ട കുട്ടികളില്‍ ഒരാളെ പ്രസവത്തോടെ മരിച്ചു എന്നു നുണ പറഞ്ഞ് മക്കള്‍ ഇല്ലാത്ത ആര്‍ക്കോ നല്‍കിയത്രെ. പിന്നീടു അതറിഞ്ഞപ്പോള്‍മാനസിക നില തകര്‍ന്നു. അന്നു തുടങ്ങിയ കരച്ചില്‍ എണ്‍പതുകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും അവസാനിച്ചില്ല. കരച്ചിലിനിടെ പ്രാകുന്നതു തല ചായിക്കാന്‍ ഇടം കൊടുക്കാത്ത മരുമകളെയാണത്രെ. 

ഇതെല്ലാം കേട്ടറിവ് മാത്രം. ഒറ്റക്ക് പരിഭവങ്ങള്‍ പറഞ്ഞു കരയുന്നതല്ലാതെ വേറാരോടും ഒന്നും പറയാന്‍ പോലും ശ്രമിക്കുന്നത് കണ്ടിട്ടില്ല. നാലു വര്‍ഷങ്ങള്‍. ഹോസ്റ്റല്‍ ജീവിതത്തോടു വിട പറഞ്ഞു ഇറങ്ങിയതില്‍ പിന്നെ പാറുവമ്മയെ കണ്ടിട്ടില്ല. പിന്നീടു പല ദിവസങ്ങളിലും പാറുവമ്മയുടെ ഓര്‍മ എന്നെ മൂടാറുണ്ട്. മരുമകള്‍ വിലക്കു പിന്‍വലിച്ചോ അതോ ഇപ്പോഴും കുറ്റി ചൂലുമായി കണ്ണീരില്‍ മുങ്ങി അലയുവാണോ എന്ന്. 

കുറച്ചു നാള്‍ മുമ്പ് ഹോസ്റ്റലില്‍ വിളിച്ചപ്പോള്‍ പാറുഅമ്മയെ തിരക്കി. അപ്പോഴാണ് അറിഞ്ഞത് എല്ലാ പരാതിയും പരിഭവങ്ങളും ഉപേക്ഷിച്ച്, വിലക്കുകള്‍ ഇല്ലാത്ത,  കപടതയും ചതിയുമില്ലാത്ത ലോകത്തേക്ക് അവര്‍ പോയെന്ന്. 

എവിടെയൊ ഒരു നോവ്. ചിലര്‍ അങ്ങനെയാണ്. നമ്മളുടെ ആരുമല്ലായിരിക്കാം. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവര്‍ എവിടെയോ തങ്ങി നില്‍ക്കും. കാലങ്ങള്‍ എത്ര കഴിഞ്ഞാലും.

 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

റീന സുന്ദരേശന്‍: 'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'
 

click me!