Asianet News MalayalamAsianet News Malayalam

പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

Hostel Days Smitha Aju
Author
Thiruvananthapuram, First Published Nov 9, 2017, 2:54 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

Hostel Days Smitha Aju
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും മനസിന്റെ കോണില്‍ അതങ്ങനെ നീറി നീറി കിടക്കും. സന്തോഷങ്ങളേക്കാളുപരി സങ്കടങ്ങളായിരിക്കും ഓര്‍മകളില്‍ എന്നുമുണ്ടാവുക .

വൈകിയാണ് ഞാന്‍ ഡിഗ്രിയ്ക്ക് ജോയിന്‍ ചെയ്തത്. അത് കൊണ്ടാവാം ആ നെടുനീളന്‍  ഹോസ്റ്റലിന്റെ അറ്റത്തെ മുറിയാണ് അനുവദിക്കപ്പെട്ടത്. തികച്ചും അപരിചിതമായ ആ എടുപ്പില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതത്തിലാദ്യമായി വീട് വിട്ടു തനിച്ച്. ഒരു സംഭ്രമ ചുഴിയില്‍ പെട്ട് ഞാനാകെ അസ്വസ്ഥയായിരുന്നു. ഒറ്റ നിലയില്‍  നീണ്ടു കിടന്ന ആ കോളേജ് ഹോസ്റ്റല്‍. കാമ്പസിനുള്ളിലെ ഹോസ്റ്റലിന്റെ പണി തീരാത്തതു കൊണ്ട് ടൗണില്‍ ആയിരുന്നു ഈ ഹോസ്റ്റല്‍. ചൂട് വാഴക്ക ബജിയുടെയും മല്ലിക പൂവിന്റെയും ഗന്ധം ഉള്ള അന്തരീക്ഷം.

എട്ടു പത്തു വര്‍ഷത്തെ എന്റെ ഹോസ്റ്റല്‍ ജീവിതം ആരംഭിക്കുന്നത് തമിഴ്‌നാട്ടിലെ ആ ഹോസ്റ്റലില്‍ നിന്നാണ്. മൂന്നു ജനാലകള്‍ ഉള്ള ആ റൂമിനോട് ചേര്‍ന്ന് നിറയെ മഞ്ഞ പൂക്കള്‍ ഉള്ള ഒരു ചെറിയ മരമുണ്ടായിരുന്നു. ഒറ്റയ്ക്കുറങ്ങാന്‍, ഉണരാന്‍, യാത്ര ചെയ്യാന്‍ ഒക്കെ എന്നെ പഠിപ്പിച്ചത് ഈ ജീവിതമാണ്.

ആദ്യമായി വീട് വിട്ടു നില്‍ക്കുന്നത് അതെനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന ഒന്നുമുണ്ടായിരുന്നില്ല അവിടെ. വീടിനെകുറിച്ചുള്ള ഓര്‍മ്മകള്‍ വരുമ്പോള്‍ തന്നെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുമായിരുന്നു.

ജോയിന്‍ ചെയ്തു രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം പപ്പാ കാണാന്‍ വന്നു. എന്നെ, വന്നയുടനെ കെട്ടിപിടിച്ചു ചോദിച്ചത്, 'എന്താ മോനെ കഴിച്ചത്' എന്നായിരുന്നു. ഇഡലി എന്നത് ഒരു വിതുമ്പലായാണ് എന്നില്‍ നിന്നും വന്നത്.

ആകെ പേടിച്ചു വിറച്ചാണ് നേരം വെളുപ്പിച്ചത്.

കോളേജില്‍ ആണെങ്കില്‍ പ്രീഡിഗ്രിയോടെ വെറുത്തു പോയ ഓര്‍ഗാനിക്  കെമിസ്ട്രി ആണ് ബേസിക് സബ്‌ജെക്ട്. ബെന്‍സീന്‍ റിങ്ങും അതിനെ ചുറ്റി വരുന്ന കാര്‍ബണ്‍ ബോണ്ടും എത്രയോ രാത്രികളില്‍ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.

അന്നൊക്കെ രാത്രിയില്‍ ഞങ്ങള്‍ ഓജോ ബോര്‍ഡ്  കളിക്കുമായിരുന്നു. ഭാവിയും ഭൂതവും വര്‍ത്തമാനവുമൊക്കെ ആ ബോര്‍ഡില്‍ കൂടി മെനഞ്ഞെടുക്കല്‍. പതുക്കെ പതുക്കെ എല്ലാമായും എല്ലാവരുമായും പൊരുത്തപ്പെട്ടു. ഡിഗ്രി  ഫൈനല്‍ ഇയറില്‍ ഒരു മലയാളി ഉണ്ടായിരുന്നു. സുമയ്യ എന്ന ഞങ്ങളുടെ സുമിന. അതുകൊണ്ടു തന്നെ സീനിയര്‍സ് ആയി വേഗം കൂട്ടായി. അതില്‍ നല്ല ഉയരമുള്ള, കാണാന്‍ ഐശ്വര്യമുണ്ടായിരുന്ന ഒരു അമുതക്ക ഉണ്ടായിരുന്നു. ദിണ്ടിഗലിനടുത്തുള്ള ഓട്ടന്‍ഛത്രത്തില്‍ നിന്നും വന്ന,  നാല് ആങ്ങളമാരുടെ ഒരേ ഒരു അനിയത്തി. മിക്ക ദിവസങ്ങളിലും രാത്രി ഞങ്ങളുടെ റൂമില്‍ വരുമായിരുന്നു, സുമിനയുടെ കൂടെ.

ദിവസങ്ങള്‍ അങ്ങനെ പോയി. അന്ന് ഞായറാഴ്ച ആയിരുന്നു. അമുത അക്കയാണ് ഞങ്ങളെ വിളിച്ചുണര്‍ത്തിയത്. സുഖമില്ല, രണ്ടു ദിവസം വീട്ടില്‍ പോകുവാണ് എന്ന് പറഞ്ഞ് ഒരു വല്ലാത്ത അടുപ്പത്തോടെ ചേര്‍ത്ത് പിടിച്ചു യാത്ര പറഞ്ഞു പോയി.

അന്ന് രാത്രിയും ഞങ്ങള്‍ ഓജോ ബോര്‍ഡില്‍ അലഞ്ഞു തിരിയുന്ന ആരെയോ വിളിച്ചു, ചോദ്യങ്ങളും ഉത്തരങ്ങളും കഴിഞ്ഞു. റൂമിലെ ലൈറ്റ് ഓഫാക്കി കിടന്നു. പാതിരാത്രിയായിട്ടുണ്ടാവും ജനാലയില്‍ വെച്ച ഗ്ലാസും മെഴുകുതിരിയും നിലത്തു വീണു. പെരുമഴ (തമിഴ്‌നാട്ടില്‍ അതത്ര സാധാരണമല്ലല്ലോ). ഓജോബോര്‍ഡില്‍ തൂങ്ങിക്കിടന്ന് ഭയം ഞങ്ങളെ നോക്കി പല്ലിളിച്ചു. 

ആകെ പേടിച്ചു വിറച്ചാണ് നേരം വെളുപ്പിച്ചത്.

ഒരു ദിവസം കൂടെ കഴിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ ഉറക്കമുണര്‍ന്നത് ആരുടെയോ ഉച്ചത്തിലുള്ള സംസാരം കേട്ടാണ്. 

പുറത്തു പ്രിന്‍സിപ്പല്‍ മാഡം ഉച്ചത്തില്‍ ആരോടോ കയര്‍ക്കുന്നുണ്ട്. ഞങ്ങളുടെ ഹോസ്റ്റലില്‍ തന്നെയാണ് അവര്‍ താമസിച്ചിരുന്നത. പെട്ടന്നാണ് സുമിന റൂമിലേക്ക് ഓടിക്കിതച്ച്എത്തിയത്. അവള്‍ വല്ലാതെ ഭയന്നിരുന്നു.

ഒച്ച തടഞ്ഞാണ്, ഒരു വിധം അവള്‍ അത്  പറഞ്ഞൊപ്പിച്ചത്-അമുത മരിച്ചു! ആത്മഹത്യ!

രണ്ടു ദിവസം കൊണ്ട് വരാം എന്ന് പറഞ്ഞു പോയ അമുതക്ക!

കേട്ടത് വിശ്വസിക്കാനായില്ല. 

ഏതോ തോട്ടത്തില്‍ കീടനാശിനിയില്‍ പ്രണയം ചാലിച്ച് അവര്‍, എതിര്‍പ്പുകളില്ലാത്ത തങ്ങളുടെ തുരുത്ത് തേടി പോയിരിക്കുന്നു. ഒരു കുറിപ്പില്‍ പരിഭവങ്ങളും പരാതിയും തുന്നി ഈ ലോകത്തെയാകെ പ്രതിസ്ഥാനത്താക്കിയായിരുന്നു ആ യാത്ര. 

അതൊരു വല്ലാത്ത നടുക്കമായിരുന്നു. ആ നടുക്കം പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും എന്നിലുണ്ട്. 

പിന്നീടാണ് കാര്യങ്ങള്‍ അറിഞ്ഞത്. നാട്ടിലുള്ള ഒരു ഏട്ടനുമായി അവര്‍ പ്രണയത്തിലായിരുന്നു. കുടുംബം അതിനെ എതിര്‍ത്തു. അമുതക്കായുടെ അമ്മ ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തിരുന്നു.  

അന്ന് ഞങ്ങളെ ചേര്‍ത്ത് പിടിച്ച് അമുതക്ക യാത്രപറഞ്ഞത് മരണം ഉറപ്പിച്ചായിരുന്നു എന്നത് വല്ലാതെ അസ്വസ്ഥമാക്കി. 

ഒച്ച തടഞ്ഞാണ്, ഒരു വിധം അവള്‍ അത്  പറഞ്ഞൊപ്പിച്ചത്-അമുത മരിച്ചു! ആത്മഹത്യ!

ഒരു നിമിഷത്തെ ദുഃഖാചരണം പോലും കോളേജിലോ ഹോസ്റ്റലിലോ അനുവദിച്ചില്ല. ആ അറുപതാം വയസ്സിലും സെല്‍വി രാജേശ്വരി എന്നറിയപ്പെടുന്ന ഞങ്ങടെ മാഡത്തിനറിയില്ലല്ലോ, പ്രണയത്തിന്റെ വേദന.

അതിന്റെ പേരില്‍ ഹോസ്റ്റലില്‍ പല പ്രശനങ്ങളുമുണ്ടായി. 

പിന്നീട് എത്രയോ രാത്രികളില്‍ ഉറക്കമില്ലാതെ പേടിച്ചു വിറച്ചു കിടന്നിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും അമുതക്കയെ ഓജോ ബോര്‍ഡില്‍ വിളിക്കാനുള്ള ധൈര്യം കിട്ടിയിട്ടില്ല. പില്‍ക്കാലത്തു ഞങ്ങളുടെ ഒരു കൂട്ടുകാരി മരിച്ചു പോയ അവളുടെ താത്തയെ വിളിച്ചു ബോധം കെട്ടു പോയതൊക്കെ ഒരു ചരിത്രം. 

രാത്രിയില്‍ കണ്ണടച്ചാല്‍ അമുത ആണെന്നും പറഞ്ഞു സുമിന ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്തു പോയി. 

ഞങള്‍ പിന്നെയും അഞ്ചു വര്‍ഷങ്ങള്‍ അവിടെ കഴിഞ്ഞു. 

കാലമിത്ര കടന്നു പോയിട്ടും പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ വരിക അമുതക്കയെ ആണ്. ഒരു പക്ഷെ എന്റെ ക്യാമ്പസ് ലൈഫ് ഒരു വിമന്‍സ് കോളേജില്‍ തീര്‍ന്നത് കൊണ്ടോ പ്രണയിക്കാന്‍ അവിടെ ആരുമില്ലാതിരുന്നത് കൊണ്ടോ ആവാം, പ്രണയം എനിക്ക് എന്നും അമുതക്കയാണ്. അമുതക്ക പോയ മരണത്തിന്റെ തുരുത്താണ്. 

ഹോസ്റ്റല്‍ ഓര്‍മ്മകള്‍ ഇവിടെ തീരുന്നില്ല. 

ഡിഗ്രി ഡേ സ്‌കോളര്‍ ആയി പൂര്‍ത്തിയാക്കി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുമിന പിന്നീട് പിജിയ്ക്ക് ഞങ്ങളോടൊപ്പം ചേര്‍ന്നു. അന്ന് സുമിനയുടെ അമ്മച്ചി കൊടുത്തു വിട്ടിരുന്ന പൊതിച്ചോറിലെ മീന്‍ കറിയുടെയും കണ്ണി മാങ്ങാ അച്ചാറിന്റെയും കൊതിപ്പിക്കുന്ന മണം ഇപ്പോഴും എന്നിലുണ്ട്.

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!
 

Follow Us:
Download App:
  • android
  • ios