Asianet News MalayalamAsianet News Malayalam

'എന്ത് രസാണെന്നോ കൊച്ച്  നടക്കുന്നത് കേള്‍ക്കാന്‍!'

hostel days Reena Sundareshan
Author
Thiruvananthapuram, First Published Nov 13, 2017, 2:38 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

hostel days Reena Sundareshan

കൊച്ച് വിശ്വസുന്ദരിപ്പട്ടം നേടിയ കഥയാണിത്.

പത്താം ക്‌ളാസ് വരെ 'ഠ' വട്ടത്തില്‍ മാത്രം നിന്നുകറങ്ങിയ കൊച്ച് പ്രീഡിഗ്രി പഠിച്ചത് തിരുവനന്തപുരം വിമന്‍സ് കോളജിലായിരുന്നു. ക്‌ളാസ് തുടങ്ങുന്നതിന് തലേദിവസം കുടുംബസമേതം ഹോസ്റ്റലിലേക്ക് തിരിച്ചു. രണ്ടു റൗണ്ട് കരച്ചിലും കെട്ടിപ്പിടുത്തവും കഴിഞ്ഞ് കൊച്ചിനെ മേട്രണെ ഏല്‍പിച്ച് കുടുംബം തിരിച്ചുപോയി.

'റൂമിലേയ്ക്ക് പോവാം'-മേട്രന്‍ മുന്നില്‍ നടന്നു. 

വെളിച്ചം കടക്കാത്ത ഇടനാഴിയിലൂടെ, ഏതോ സിനിമയില്‍ കണ്ട ജയിലില്‍, പോലീസുകാരന് പുറകേ നടക്കുന്ന ജയില്‍പ്പുള്ളിയാണെന്ന് സ്വയം സങ്കല്‍പ്പിച്ചുകൊണ്ട് നടന്നു. 

'126. ഇതാണ് റൂം'

പൂട്ടിയിട്ടില്ല. പകുതി ചാരിയിരുന്ന വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി-'രാധേ'ന്ന് വിളിച്ചുകൊണ്ട് മേട്രന്‍ റൂമിലേയ്ക്ക് കയറി, പിന്നാലെ കൊച്ചും.

രാധ ചാടിയെണീറ്റ് വടി വിഴുങ്ങിയതു പോലെ അറ്റന്‍ഷനായി നിന്നു. ഒരു ചെവി മുതല്‍ മറ്റേ ചെവി വരെ നീണ്ട ഒരു ചിരി ചിരിച്ചു. സമാധാനമായി, കൊച്ചും നിറഞ്ഞങ്ങു ചിരിച്ചു.

'താങ്ക് യൂ, മാഡം, എനിക്കൊരു കണ്ണിന്റെ അത്യാവശ്യമുണ്ടായിരുന്നു'

'രാധയ്ക്ക് റൂംമേറ്റ് വന്നിട്ടുണ്ട്, റീന'

'സൈറ്റഡാ ?'-(മനസിലായില്ല)

'ആണ്'
.
രാധ ആവേശം മൂത്ത് കൈ വീശി മേശപ്പുറത്ത് ഒരടി പ്‌ഠേ! കൊച്ച് ഞെട്ടി വിറച്ചു. 

'താങ്ക് യൂ, മാഡം, എനിക്കൊരു കണ്ണിന്റെ അത്യാവശ്യമുണ്ടായിരുന്നു'

അന്തംവിട്ടു നിന്ന കൊച്ചിനോട് ശബ്ദം തീരെ താഴ്ത്തി മേട്രണ്‍ പറഞ്ഞു-'രാധ ബ്ലൈന്‍ഡ് ആണ്'

കണ്ണ് നിറഞ്ഞു കവിഞ്ഞു. കണ്ണീര് പുറത്തുചാടാതിരിക്കാന്‍ വേണ്ടി കൊച്ച് കണ്ണ് രണ്ടും വിടര്‍ത്തി ഉരുട്ടിപ്പിടിച്ചു മുകളിലേക്കു നോക്കി
 
'രാധേ, റീന ആദ്യമായാണ് വീട്ടീന്ന് മാറി നില്‍ക്കണത്, അതിന്റെ സങ്കടമാണ്, നോക്കിക്കോളണം'

'അതിനല്ലേ ഞാനിവിടുള്ളത്'

വീണ്ടും ചെവി മുതല്‍ ചെവി വരെ.

'നമുക്കൊരു ചായ കുടിക്കാം'

ഡൈനിങ്ങ് റൂമിലേക്ക് പോവുന്ന വഴിയിലും അവിടെ എത്തിയ ശേഷവും കണ്ട പൂച്ചക്കുട്ടികളോട് പോലും പറഞ്ഞു-'എനിക്ക് റൂം മേറ്റ് വന്നൂട്ടാ'

അപ്പോഴും ചില കുട്ടികള്‍ ചോദിച്ചു-'സൈറ്റെഡാ?'. അപ്പോഴൊക്കെയും കൊച്ച് കണ്ണ് നിറച്ചു.

കാഴ്ചയില്ലാത്ത ഒരാളെ അന്ന് വരെ കൊച്ച് അടുത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. അവരെ കുറിച്ച് ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. സിനിമയിലെ അന്ധരെ പോലെ എളുപ്പത്തില്‍ ഇവരെ തിരിച്ചറിയാന്‍ കഴിയില്ല. അത്രമേല്‍ സ്വാഭാവികമായി ചിരിച്ചു സംസാരിച്ചു ഓടിനടക്കുന്ന കുട്ടികള്‍.

ചായകുടിയും കറക്കവും കഴിഞ്ഞു റൂമിലെത്തി.

'എന്താ അത്യാവശ്യമുണ്ടെന്നു മേട്രനോട് പറഞ്ഞത്?'

ഒറ്റച്ചാട്ടത്തില്‍ ഒരു ടേപ് റെക്കോര്‍ഡറും കാസറ്റും എടുത്തു മേശപ്പുറത്തു വെച്ചു . ഒരു നോട്ട് ബുക്കെടുത്തു കൊച്ചിന്റെ കൈയില്‍ കൊടുത്തിട്ടു പറഞ്ഞു.

'ഇതില്‍ നാലാമത്തെ ചാപ്റ്റര്‍ വായിച്ചു റെക്കോര്‍ഡ് ചെയ്യണം. നാളെ ബുക്ക് തിരിച്ചു കൊടുക്കേണ്ടതാ'

'കേട്ടാണോ പഠിക്കുന്നത്?'

ഇവളിതേതു കോത്താഴത്തുകാരിയാണോന്നൊരു പുച്ഛം. വീണ്ടും ഒന്ന് രണ്ടു സാധനങ്ങള്‍ പൊക്കിക്കൊണ്ട് വന്നു.

'ബ്രെയ്ല്‍ കണ്ടിട്ടുണ്ടോ?'

'ഇല്ല'

ഇപ്പൊ ഞെട്ടിയത് രാധയാണ്.

'കാസറ്റില്‍ കേള്‍ക്കുന്നത് ബ്രെയ്ല്‍ വെച്ച് എഴുതി എടുക്കും, അത് വായിച്ചു പഠിക്കും. നല്ല എളുപ്പമാ. ഞാന്‍ പഠിപ്പിച്ചു തരാം'. ഒന്ന് നിര്‍ത്തിയിട്ടു സ്വന്തം തലയ്ക്കു ഒരടി-'ശ്ശോ, നിനക്കതിന്റെ ആവശ്യമില്ലല്ലോ, ഞാന്‍ മറന്നുപോയി'

കൊച്ചിന്റെ കൈ പിടിച്ചു ബ്രെയിലിലും അത് വെച്ചെഴുതിയ നോട്ട്ബുക്കിലും തടവി. കുരുകുരുകുരേന്നു അക്ഷരങ്ങള്‍. ആദ്യമായാണ് അക്ഷരങ്ങളെയും വാക്കുകളെയും തൊട്ടറിയുന്നത്.

ആദ്യമായാണ് അക്ഷരങ്ങളെയും വാക്കുകളെയും തൊട്ടറിയുന്നത്.

കൊച്ചിന്റെ കണ്ണ് നിറഞ്ഞു നോട്ടുബുക്ക് നനഞ്ഞു. 

'യ്യോ വീക്കെന്‍ഡില്‍ വീട്ടിപ്പോവാലോ, എന്തിനേ സങ്കടപ്പെടണത് '

വീട്ടിലെയും നാട്ടിലെയും സ്‌കൂളിലെയും കോളേജിലെയും വിശേഷങ്ങള്‍ പറഞ്ഞു പറഞ്ഞു സന്ധ്യയായി.

'കൊച്ച് വെളുത്തതാ?'

'ഇരു നിറമാ'

രാധ മുഖത്തു തപ്പി നോക്കി, ശെരി വെച്ചു.

'എന്നെ ചേച്ചീന്നു വിളിച്ചോളൂ'

'മ് ... രാച്ചേച്ചീന്നു വിളിക്കാം'

'അതെനിക്കിഷ്ടപ്പെട്ടു'

ഞാന്‍ ഇത് വരെ ഒന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല. ഒന്ന് ചെയ്തുനോക്കട്ടെ'

'ഞാനൊന്നു കറങ്ങീട്ടു വരട്ടെ'

റെക്കോര്‍ഡ് ചെയ്ത സ്വന്തം ശബ്ദം കേട്ടതോടെ കൊച്ചിന് അതുവരെയുണ്ടായിരുന്ന കോണ്‍ഫിഡന്‍സ് പമ്പയും കടന്നു ശബരിമലയ്ക്കു പോയി. കറക്കം കഴിഞ്ഞു വന്ന് രാച്ചേച്ചി റെക്കോര്‍ഡ് കേട്ടു. ചാടി കോറിഡോറിലേക്കിറങ്ങി ഒരു അലര്‍ച്ച- 'ഗീതേ , ഞാന്‍ റെക്കോര്‍ഡ് ചെയ്തൂട്ടാ. വന്നു കേള്‍ക്ക'

അലര്‍ച്ചയുടെ ആഘാതത്തില്‍ കറന്റ് പോയി. 'ഡെനിങ്ങ് റൂമില്‍ വെളിച്ചമുണ്ടാവും, നമുക്കു പോയി കഴിച്ചിട്ട് വരാം, കറന്റ് വന്നാല്‍ പിന്നെ തിരക്കാവും'

വെളിച്ചത്തിന്റെ ഒരു തരി പോലുമില്ലാത്ത ഇടനാഴിയിലൂടെ രാചേച്ചിയുടെ കൈ പിടിച്ചു കൊച്ച് നടന്നു. വേറെയും ആരൊക്കെയോ നടക്കുന്നുണ്ട്.

'ണിംണിം, ണിംണിം'-ഒച്ചയുണ്ടാക്കി പൊട്ടിച്ചിരിച്ചു പായുകയാണ് രാച്ചേച്ചി. 

കൊച്ചിന് സ്പീഡ് പോര.

'ഇരുട്ടിനെ പേടിയുണ്ടോ'

'ഇല്ല'

'എനിക്കും പേടീല്ല'

കൊച്ചിന് തൊണ്ടയടച്ചു.

'സങ്കടപ്പെടാതെ. നാലൂസല്ലേയുള്ളൂ വീട്ടിപ്പൂവാന്'

അങ്ങനെയങ്ങനെ ഏതു കൂരിരുട്ടിലും താങ്ങിനടത്താന് കൊച്ചിനൊരു കൂട്ടുണ്ടായി.

'അവര്‍ക്കു ഇരുട്ടും വെളിച്ചവും ഒന്നുപോലെയല്ലേ'-അമ്മ പറഞ്ഞു

'അല്ലമ്മാ , അവര്‍ക്കു ഇരുട്ടില്ല'-ആ ഒരു തോന്നല്‍ പോലും കൊച്ചിന് സഹിക്കില്ല. 

'കണ്ണഞ്ചിക്കുന്ന ഒരു വെളിച്ചം അവരുടെയുള്ളില്‍ നിറഞ്ഞിരിക്കുന്നുണ്ട്. ആ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ് അവരിങ്ങനെ നീന്തിനടക്കുന്നത്'-പിറന്നാളിന് കൊച്ചിന് കോടിയും കൊണ്ട് വന്നപ്പോ അമ്മ രാചേച്ചിക്കും ഒരു ഡ്രസ്സ് കൊണ്ടുവന്നു. 

'എന്ത് നിറമാ എന്റെ പാവാട?'

'നീല'

'ആഹാ, എന്ത് നല്ല നിറമാ നീല. ബ്രൗണ്‍ എനിക്കിഷ്ടല്ല'

ഫസ്റ്റ് റെക്കോര്‍ഡിങ് ഹിറ്റായതോടെ കൊച്ചിന് വല്യ ഡിമാന്ഡായി. പിന്നെ റെക്കോര്‍ഡ് ചെയ്യുന്നത് കെ എസ് ചിത്ര പാട്ടുപാടുന്ന ഭാവത്തിലായിരുന്നു.

'ആഹാ, എന്ത് നല്ല നിറമാ നീല. ബ്രൗണ്‍ എനിക്കിഷ്ടല്ല'

കാര്യങ്ങളങ്ങനെ ഞെരിപ്പായി മുന്നോട്ടു പോവുന്നതിനിടയിലാണ് രാചേച്ചി കൊച്ചിനിട്ട് മുട്ടനൊരു പണി കൊടുക്കുന്നത്.

ഒരവധി ദിവസം വൈകുന്നേരം ഹോസ്റ്റലിലെ ടീവി ഹാളില്‍ കുട്ടികള്‍ എല്ലാരും കൂടിയിരുന്നു വാചകമടിക്കുകയാണ്. 

'നമുക്കൊരു സൗന്ദര്യ മത്സരം നടത്താരുന്നു കോളേജില്‍'- എല്ലാര്‍ക്കും ആവേശം 

പെട്ടെന്നാണ് ഇടി വീണത് പോലെ രാചേച്ചിയുടെ കമന്റ.

'നമ്മുടെ കോളജില്‍ ഏറ്റവും സുന്ദരി ഫസ്റ്റ് പ്രീഡിഗ്രിയിലെ റീനയാ!'

'കൊല്ല്, കൊല്ല്, കൊല്ല്!'

സുന്ദരിമാരുടെ കാഴ്ചബംഗ്‌ളാവാണ് അന്ന് വിമന്‍സ് കോളജ്. മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും ഗണേഷിനെയും എം ജി ശ്രീകുമാറിനെയുമൊക്കെ നിഷ്‌കരുണം തട്ടിയെറിഞ്ഞു വിജൃംഭിച്ചു നടക്കുന്ന പെണ്ണുങ്ങളാണ് അവിടെ നിറയെ. അവരുടെയൊക്കെ മുന്നില്‍ വെച്ചാണ്, സമുദ്ര നിരപ്പില്‍ നിന്ന് അരയടി മാത്രം ഉയരമുള്ള ഒരു ബംബ്ലീസ് നാരങ്ങയെ സുന്ദരിയായി പ്രഖ്യാപിച്ചത്!

കൊച്ചിന് സ്വയം ഇടിച്ചു ചാവാനോ രാചേച്ചിയെ തല്ലിക്കൊല്ലാനോ ഒക്കെ തോന്നി.

ടിവിയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് പാടുന്നു: 

'ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂ-
ടാര്‍ത്തനാദം പോലൊഴുകുന്ന ജീവിതം'

ഇങ്ങേര് കൊച്ചിനെക്കൊണ്ടിന്നു എന്തെങ്കിലുമൊക്കെ ചെയ്യിക്കും. 

കൃത്യം ആ സമയത് താഴത്തെ നിലയില്‍ നിന്ന് ആരോ വിളിച്ചു-'126 ലെ റീനയ്ക്ക്‌ ഫോണ്‍'

ഇതിനെയാണോ ദൈവവിളി എന്ന് പറയുന്നത്!

റൂമിലെത്തി കൊച്ച് രാചേച്ചിയെ അലക്കിവെളുപ്പിച്ചു. 

'ഞാന്‍ ഗീതയോടും രേണുകയോടുമൊക്കെ ചോദിച്ചിട്ടാ പറഞ്ഞത്'

കണ്ണ് കാണുന്ന ഒരാളോട് കൂടി ചോദിക്കാമായിരുന്നു, കൊച്ച് മനസ്സില്‍ ഓര്‍ത്തു. 

ഇനി പറഞ്ഞിട്ടെന്താ? മാനം കപ്പല് കയറി.

'ഒരു കാര്യം ചെയ്യ്, എനിക്കൊരു മുണ്ടു വാങ്ങി തന്നേക്ക്, തലയിലിട്ടു നടക്കാനാ'

'കണ്ണുണ്ടായിട്ടു ഒരു കാര്യോല്ല. ബുദ്ധിയില്ല. കൊച്ച് വൈകിട്ട് ക്ലാസ് കഴിഞ്ഞു വരുമ്പോ ഇടനാഴിയില്‍ വെച്ചേ എനിക്കറിയാം. എന്ത് രസാണെന്നോ കൊച്ച് നടക്കുന്നത് കേള്‍ക്കാന്‍'

കൊച്ച് ആയുധം വെച്ച് കീഴടങ്ങി. അതാണ് ബുദ്ധി . ഇന്നത്തെ അര്‍ണബ് ഗോസ്വാമിയാണ് അന്നത്തെ രാചേച്ചി. 

'മറൂണ്‍ ആണോ ഡാര്‍ക്ക് റെഡ് ആണോ'- ഇന്നലെ ഷോപ്പിംഗ് മാളില്‍ ഒരു കുട്ടി സെയില്‍സ് ഗേളിനെ വട്ടം കറക്കുകയാണ് .

'പ്ലീസ്, ഈ ലിപ്‌സ്റ്റിക് ഒന്നു നോക്കൂ, മറൂണ്‍ ആണോ ഡാര്‍ക്ക് റെഡ് ആണോ'

'മറൂണ്‍'-കൊച്ച് പറഞ്ഞു.
 
'ഇത് ബ്രൗണ്‍ അല്ലേ? ഏതാ എനിക്ക് കൂടുതല്‍ ചേരുക?'

'എന്തൊരു സുന്ദരിയാ കുട്ടി! എല്ലാം ചേരും, എന്നാലും ഡാര്‍ക്ക് റെഡ് മതി' (ബ്രൗണ്‍ എനിക്കിഷ്ടല്ല!)

ചെവി മുതല്‍ ചെവി വരെ.

അതേ ചിരി.

'താനെന്താ ആ കുട്ടിയോട് പറഞ്ഞത് ? അത് സന്തോഷം കൊണ്ട് ഇപ്പൊ പൊട്ടിത്തെറിച്ചുപോയേനെ'-കൂടെയുണ്ടായിരുന്ന ഫ്രണ്ട് തല്‍വാര്‍ പറഞ്ഞു.

അപ്പോഴാണ് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം കൊച്ച് രാചേച്ചിയെ ഓര്‍ത്തത്. കഥ മുഴുവന്‍ കേട്ട് തല്‍വാര്‍ പറഞ്ഞു: 'തനിക്കൊരു കാര്യം അറിയോ? സത്യത്തില്‍ അന്ന് തനിക്കു കിട്ടിയത് ഒരു മിസ് യൂണിവേഴ്‌സ് ടൈറ്റിലായിരുന്നു. പതിനാറു വയസില്‍ തനിക്കതു മനസിലാക്കാനുള്ള അറിവില്ലായിരുന്നു'

ആണോ? എവിഡ്‌റാ എന്റെ കിരീടം?'

'അതല്ലേ ഇപ്പൊ കണ്ടത്. ആ നിറകണ്‍ചിരി'

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്

ഷാനിൽ ചെങ്ങര: പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍... ​

Follow Us:
Download App:
  • android
  • ios