Asianet News MalayalamAsianet News Malayalam

പാളത്തിന്റെ മറ്റൊരറ്റത്ത് അന്നേരം ചിതറികിടപ്പായിരുന്നു ദേവന്‍...

hostel days Shanil chengara
Author
Thiruvananthapuram, First Published Nov 11, 2017, 5:05 PM IST

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

hostel days Shanil chengara

കഴിഞ്ഞ  മാസം, പി ഡബ്ലി യുഡി.  കോണ്‍ട്രാക്ടര്‍ ആയ സുഹൃത്തിനൊപ്പം, തലസ്ഥാനത്ത് ഒരാവശ്യത്തിന് പോയപ്പോഴായിരുന്നു ഞാന്‍ വീണ്ടും പി എം.എച്ചിന്റെ  (ഗവ. മോഡല്‍ ബോയ്‌സ് ഹോസ്റ്റല്‍ വെള്ളയമ്പലം) പടികള്‍  കയറിയത്.  മ്യൂസിയവും,  കനകക്കുന്നും  പിന്നിട്ട്,  ഒരുപാടു നിറമുള്ള  ഓര്‍മ്മകള്‍ സമ്മാനിച്ച  ആ പഴയ  തറവാട്ടുമുറ്റത്തെത്തുമ്പോള്‍ രാത്രി  എട്ടു മണി   കഴിഞ്ഞിരുന്നു. ഗേറ്റ് കടന്നു അകത്തു  കയറുമ്പോള്‍ വഴിപാട്  കൗണ്ടറു  പോലെ  അവിടെ  നിര്‍മ്മിച്ചിരിക്കുന്ന സെക്യൂരിറ്റി റൂം  ശൂന്യമായി  കിടക്കുന്നതു  കണ്ടു. പോലീസ്  യൂണിഫോമില്‍ അവിടെയിരിക്കാറുള്ള ചേട്ടന്‍മാര്‍ മെസ്സില്‍ പോയിട്ടുണ്ടായിരിക്കണം.  പണ്ട്   മെസ് ഹാളില്‍ വച്ച് ഒരു കൃത്രിമ കത്തിക്കുത്തു സീന്‍ ഉണ്ടാക്കി പുതുതായി വന്ന ഒരു സെക്യൂരിറ്റി അപ്പൂപ്പനെ പേടിപ്പിച്ചു ഓടിച്ചുവിട്ടത് ഓര്‍ത്തു ചിരി വന്നുപോയി.
   
ആറു  വര്‍ഷം മുമ്പാണ് ഒരു വൈകുന്നേരം ഞാനീ ഹോസ്റ്റലില്‍ കാലുകുത്തുന്നത്.  കഴക്കൂട്ടത്തെ എന്റെ എന്‍ജിനീയറിങ് കോളേജിനടുത്തുള്ള വാടകവീട്  മടുത്തപ്പോള്‍ മുതല്‍ ചിന്തിച്ചുതുടങ്ങിയതാണ് വെള്ളയമ്പലത്തെ ഈ  ഗവ. ഹോസ്റ്റലിനെ കുറിച്ച്.  യൂണിവേഴ്‌സിറ്റി  കോളേജും ലോ കോളേജും ഫൈന്‍ ആര്‍ട്‌സ് കോളേജും  എംജി കോളേജും തിരുവനന്തപുരത്തെ  ഒട്ടു മിക്ക എന്‍ജിനീറിങ്  കോളേജുകളും സംഭാവന  ചെയ്ത കുറെ ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും ഇടയിലേക്കാണ് ഞാന്‍ എത്തിപ്പെട്ടത്.  തിരുവനന്തപുരത്തെ  പ്രശസ്തമായ ഒട്ടുമിക്ക കോളേജുകളിലും എനിക്ക് സുഹൃത്തുക്കളുണ്ടായത്  അങ്ങനെയാണ്.  അവിടുന്നാണ് ഞാന്‍ ലോ അക്കാദമിയില്‍ പഠിക്കുന്ന ദേവനെ പരിചയപ്പെടുന്നത്.  ഒരുപാടു  സംസാരിക്കുന്ന  ഒരു  പ്രകൃതമായിരുന്നു ദേവന്‍േറത്. 

ആരുമറിഞ്ഞിരുന്നില്ല അത് ദേവന്റെ അവസാനത്തെ പിറന്നാളാഘോഷമായിരിക്കുമെന്ന്.

ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോവുമ്പോള്‍ കോണിപ്പടികളിലെ കൈവരികളില്‍  ചാരിയിരുന്നു ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്ന ദേവന്‍ ചിലപ്പോള്‍  അന്നത്തെ ലഞ്ച് ടൈമിലും അതേ നില്‍പുനില്‍ക്കുന്നതു ഞാനവിടെ  കണ്ടിട്ടുണ്ട്.  ചിലപ്പോള്‍ തോന്നിയിട്ടുണ്ട് ഇയാള്‍ക്കെന്താ ഇത്രയധികം സംസാരിക്കാനുള്ളതെന്ന്.   ഒരു  ഹോസ്റ്റല്‍ മീറ്റിംഗിന്റെ  ചര്‍ച്ചക്കിടയിലാണ് പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളാവുന്നത്. മീറ്റിംഗ് തീര്‍ന്നിട്ടും ചര്‍ച്ച തീര്‍ന്നില്ല  രാത്രി ഏറെ  വൈകുവോളം  ചര്‍ച്ച നീണ്ടു പോയി. അവസാനം മെസ് അടക്കാന്‍ സെക്യൂരിറ്റി വന്നപ്പോഴായിരുന്നു മീറ്റിംഗ്  കഴിഞ്ഞ് എല്ലാവരും  പോയകാര്യം   ഞങ്ങളറിയുന്നത്്. അന്നെനിക്ക്  മനസിലായി ദേവന് പറയാനുണ്ടായിരുന്നത് എന്തായിരുന്നു എന്ന്. അത് വെറും സമയം കൊല്ലാനുള്ള സംസാരങ്ങളായിരുന്നില്ല. ഞങ്ങള്‍ കാണാത്ത പലതും ദേവന്‍  കണ്ടു. ഹോസ്റ്റലിന്റെ പൊട്ടിപൊളിഞ്ഞ കോണ്‍ക്രീറ്റുകള്‍, ആഴ്ചതോറും കേടുവരാറുള്ള  മോട്ടര്‍, വൃത്തിഹീനമായ ടോയിലെറ്റുകള്‍, മെസിലുണ്ടാക്കുന്ന ഫുഡിലെ  കൃത്രിമങ്ങള്‍,  ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ചുമരുകള്‍.  അങ്ങനെ എല്ലാവരും കണ്ടിട്ടും കാണാതെ പോയ ഒരുപാടൊരുപാട് കാഴ്ചകള്‍.

വെള്ളയമ്പലത്ത് ഹോസ്റ്റലിന്റെ  നിലനില്പിനുവേണ്ടി പോരാടിയ ഞങ്ങടെ പ്രിയപ്പെട്ട സമരനായകനും കൂടിയായിരുന്നു ദേവന്‍. ഹോസ്റ്റലില്‍ നടക്കുന്ന ഏതൊരു  നല്ല  കാര്യങ്ങള്‍ക്കു പിന്നിലും ദേവന്റെ  കൈകളുണ്ടായിരുന്നു. ദേവന് ജന്മനാ കിട്ടിയ സംഗീതവാസന ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളത്  ഞാനാണ്.  അര്‍ദ്ധരാത്രികളില്‍ ഹോസ്റ്റലിനു പിറകുവശത്തുള്ള വലിയ ടാങ്കിനു സമീപത്തെ  അലക്കുകല്ലില്‍  ആളൊഴിയുന്ന  നേരത്ത് ഒരുമിച്ചു പാട്ട്പാടി താളത്തോടെ  അലക്കിയിരുന്ന ഒരു കാലം  ഉണ്ടായിരുന്നു. ഏതു  നിമിഷവും  എന്തും  സംഭവിക്കുന്ന സംഘര്‍ഷഭരിതമായ  മുഹൂര്‍ത്തങ്ങളിലൂടെ ഹോസ്റ്റല്‍  ചിലപ്പോള്‍  കടന്നു   പോയിട്ടുണ്ട്.  ഹോസ്റ്റല്‍ ഫെസ്റ്റിനു മെസ് കയ്യേറി മലപ്പുറത്തുകാരന്‍ സുഹൃത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ  ദം ബിരിയാണി മറ്റുള്ളവര്‍ക്ക് വിളമ്പിക്കൊടുക്കുമ്പോള്‍ ഉണ്ടായ സന്തോഷം അത്  കഴിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍  വലുതായിരുന്നു.  

ബുദ്ധിജീവികളും, കോഴികളും, നിരാശാകാമുകന്മാരും, കളിക്കമ്പക്കാരും എല്ലാം ഹോസ്റ്റലിന്റെ ഭാഗമായിരുന്നു. ഹോസ്റ്റലിലെ തന്നെ ആസ്ഥാന ഗായകരും നാടന്‍ പാട്ടുകാരും, മേളക്കാരും  ഒക്കെ  സമ്മേളിക്കുന്ന ചില ദിവസങ്ങളില്‍  നേരം പുലരും വരെ സംഗീത കച്ചേരികള്‍ നടക്കുമായിരുന്നു.
                                                               
അന്ന്  ദേവന്റെ ജന്മദിനമായിരുന്നു. കേക്കിനു മുകളില്‍ കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരികള്‍ ഊതിക്കെടുത്തുമ്പോള്‍ ആരുമറിഞ്ഞിരുന്നില്ല അത് ദേവന്റെ അവസാനത്തെ പിറന്നാളാഘോഷമായിരിക്കുമെന്ന്.  ഹാപ്പി ന്യൂയറും പറഞ്ഞാണ് അവസാനമായി  ഞങ്ങള്‍ പിരിഞ്ഞത്.  ഒരു ക്രിസ്‌റ്മസ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചു ഹോസ്റ്റലിലേക്ക് ട്രെയിന്‍ കയറിയ സമയത്തു അയാളൊന്നിച്ചുള്ള ഒരു പൊന്മുടി ട്രിപ്പിന്റെ പ്ലാനിങ്ങിലായിരുന്നു ഞാനും സജിത്തും. അതെ സമയം ഞങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാളത്തിന്റെ മറ്റൊരറ്റത്തു ജീവനില്ലാത്ത ഒരുപിടി മാംസക്കഷ്ണങ്ങളായി കിടക്കുകയായിരുന്നു ഞങ്ങളുടെ പ്രിയ സുഹൃത്ത്.  മനസിന്റെ സമനില തെറ്റിയ ഏതോ ഒരു ശപിക്കപ്പെട്ട നിമിഷത്തില്‍ തന്നെ മാത്രം സ്വപ്നം കണ്ടു കഴിയുന്ന അച്ഛനെയും അമ്മയെയും ഭൂമിയില്‍ തനിച്ചാക്കി എന്നെന്നേക്കുമായി അവന്‍ യാത്രയായി.

കൂടുതല്‍  സമയം എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല.  ഇരുട്ട് വീണു കിടക്കുന്ന നടുമുറ്റത്ത് കുറച്ചു നേരം ഞാന്‍ നിന്നു. ആ ചെറിയ മുറ്റത്തു മഴയില്‍ കുളിച്ചു ഫുട്‌ബോള്‍ കളിച്ച ഒരു സായാഹ്നം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.  വരാന്തകളില്‍ ചില അപരിചിത നിഴലുകള്‍ എന്നെ നോക്കി നില്പുണ്ടായിരുന്നു. മെസ്സില്‍നിന്നും പുറത്തേക്കു വരുന്ന കോഴിക്കറിയുടെ മണം, അതിനിപ്പോഴും ഒരു മാറ്റവും ഇല്ല.  മൂന്നാംനിലയിലെ ദേവന്റെ ഇരുപത്തിരണ്ടാം മുറിയിലേക്ക്  ഞാന്‍ വെറുതെയൊന്നു നോക്കി. മുഖം നിറയെ പുഞ്ചിരിയുമായി എന്നെ നോക്കി ചിരിക്കുന്ന ദേവനെ ഞാനവിടെ കണ്ടു.
 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!

പ്രിന്‍സ് പാങ്ങാടന്‍: എംജി സര്‍വകലാശാലാ ഹോസ്റ്റലിലെ ഇടി; ഒരു ഫ്ലാഷ് ബാക്ക്
 

Follow Us:
Download App:
  • android
  • ios