Latest Videos

നൂറിലേറെ വ്യാജ ഐഡി, കഞ്ചാവ് കൃഷി, വേശ്യാലയം; പൊലീസിനെ പറ്റിച്ച ക്രിമിനലിനെ ഒടുവിൽ കുരുക്കിലാക്കിയത് ഇങ്ങനെ

By Web TeamFirst Published Mar 5, 2020, 11:53 AM IST
Highlights

ഓരോ കെട്ടിടം പൊലീസ് റെയ്‌ഡ്‌ ചെയ്യുമ്പോഴും, യഥാർത്ഥ പ്രതിയും കൂട്ടാളികളും അപ്രത്യക്ഷമാകും. എല്ലാ കേസുകളിലും പൊലീസിന് ആകെ ലഭിക്കുന്ന തെളിവുകൾ അയാൾ ഉപേക്ഷിച്ച ഒരു വ്യാജ ഐഡിയും ഫോട്ടോയും മാത്രമാണ്.

എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കാൻ ചില മനുഷ്യൻ തയ്യാറാണ്. അതിന്റെ ഭാഗമായി ഇന്ന് ലോകത്തിന്റെ പലഭാഗത്തും മയക്കുമരുന്നു കച്ചവടവും മാഫിയാസംഘങ്ങളും വേശ്യാലയങ്ങളും തളച്ചു വളരുകയാണ്. മിക്കപ്പോഴും പൊലീസിന്റെയും, ഉയർന്ന ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നതും. അതുകൊണ്ടുതന്നെ ഇതിനെ നിയന്ത്രിക്കാൻ വളരെ പ്രയാസമാണ്. ഇനി ഏതെങ്കിലും രീതിയിൽ ഇതിനെ നിയന്ത്രിക്കാനോ, അടച്ചുപൂട്ടാനോ നോക്കിയാൽ, അതിലുമുണ്ട് ഒരു പ്രശ്‍നം. പൊലീസ് റെയ്ഡ് നടത്തുമ്പോൾ, ഏറ്റവും വലിയ വെല്ലുവിളി ആ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമസ്ഥയെ കണ്ടെത്തുക എന്നതാണ്. കാരണം കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്താണ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നത്. മിക്കപ്പോഴും, യഥാർത്ഥ ഭൂഉടമ ഇത്തരം ആളുകൾക്ക് വാടകയ്ക്ക് നൽകിയ ശേഷം, അവിടെ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ച് അന്വേഷിക്കാറില്ല.   

അത് മാത്രവുമല്ല, വാടകക്കാരനെ കുറിച്ചും കാര്യമായ അറിവുകളൊന്നും അവർക്ക് ഉണ്ടാവാറില്ല. മിക്കവാറും വ്യാജ ഫോട്ടോയും ഐഡി പ്രൂഫുമായിരിക്കും വാടകക്കാരൻ നൽകുക. അതുകൊണ്ട് തന്നെ അവരെ കണ്ടെത്തുക വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. ഇത് സ്കോട്ട്ലന്‍ഡിലെ കഥയാണ്. സ്കോട്ട്ലൻഡ് മുതൽ ഷ്രോപ്പ്ഷയർ വരെ വേശ്യാലയങ്ങളുള്ള, 446 വ്യത്യസ്ത വിലാസങ്ങളിൽ താമസിച്ചിരുന്ന, സ്വന്തമായി കഞ്ചാവ് കൃഷിയുള്ള ഒരാളുണ്ടായിരുന്നു അക്കൂട്ടത്തിൽ. അയാൾക്ക് 100 വ്യാജ ഐഡികള്‍ വരെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അയാളെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നില്ല. അടുത്തകാലം വരെ ദേശീയ ക്രൈം ഏജൻസിക്കും പ്രത്യേക പ്രാദേശിക പൊലീസ് സേനയ്ക്കുമൊന്നും ഇയാളെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.  

ഓരോ കെട്ടിടം പൊലീസ് റെയ്‌ഡ്‌ ചെയ്യുമ്പോഴും, യഥാർത്ഥ പ്രതിയും കൂട്ടാളികളും അപ്രത്യക്ഷമാകും. എല്ലാ കേസുകളിലും പൊലീസിന് ആകെ ലഭിക്കുന്ന തെളിവുകൾ അയാൾ ഉപേക്ഷിച്ച ഒരു വ്യാജ ഐഡിയും ഫോട്ടോയും മാത്രമാണ്. വ്യാജ ഐഡന്റിറ്റി സൃഷ്ടിക്കാനും കെട്ടിടം വാടകയ്ക്ക് എടുക്കാനും അയാൾ 2,500 ഡോളർ ഈടാക്കിയതായി പൊലീസിന് അറിവ് ലഭിച്ചു. അയാൾ മുങ്ങുന്നതിന് മുൻപ് രണ്ട് മില്യൺ ഡോളറിലധികം (14,66,60,000) സമ്പാദിച്ചുവെന്നും പൊലീസ് കരുതുന്നു. പക്ഷേ, അയാൾക്ക് ഒരു ക്രിമിനൽ റെക്കോർഡും ഇല്ലായിരുന്നു. കൂടാതെ ഓരോ ഐഡിക്കും പൂർണ്ണവും വ്യത്യസ്തവുമായ ഒരു കഥ ഉണ്ടായിരുന്നു. അതിനെ വിശ്വസനീയമാക്കാൻ പേ സ്ലിപ്പുകൾ, യൂട്ടിലിറ്റി ബില്ലുകൾ, റഫറൻസുകളുടെ ഒരു ശൃംഖല തന്നെ അയാൾ തയ്യാറാക്കും. 

“അയാൾ സമർപ്പിച്ച രേഖകളിൽ ഒരു ഇമെയിൽ വിലാസമോ കോണ്ടാക്ട് നമ്പറോ ഉണ്ടായിരിക്കും. ഓരോ ഐഡിയും, ഉപയോഗിച്ച എല്ലാ രേഖകളും അയാളുടെ പക്കൽ ഉണ്ടായിരുന്നു. ഭാവിയിൽ ആ ഭൂഉടമയുമായി ബന്ധപ്പെടാതിരിക്കാൻ ഇതുവഴി അയാൾക്ക് കഴിയും” നാഷണൽ ക്രൈം ഏജൻസിയിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഡാരൻ നിക്കോൾസ് പറയുന്നു. വ്യാജ ചൈനീസ്, പോർച്ചുഗീസ് പാസ്‌പോർട്ടുകളാണ് അയാള്‍ക്കുണ്ടായിരുന്നത്. അതിനുപിന്നിൽ മറഞ്ഞിരുന്ന അയാൾ പക്ഷേ ഒരിക്കലും ഫ്ലാറ്റുകൾ വാടകയ്ക്ക് എടുക്കാൻ തന്റെ യഥാർത്ഥ പേര് ഉപയോഗിച്ചിട്ടില്ല. കൂടാതെ, ഓരോ പ്രമാണത്തിലും കണ്ട അയാളുടെ രൂപം വ്യത്യസ്ത പ്രായത്തിൽ എടുത്തിട്ടുള്ളതാകാം എന്ന് പോലീസ് അനുമാനിക്കുന്നു. അല്ലെങ്കിൽ അത് അയാൾക്ക് പരിചയമുള്ള മറ്റ് ചൈനീസ് പുരുഷന്മാരുടേതുമാകാം. അയാൾ എത്ര സംഘങ്ങളുമായി പ്രവർത്തിച്ചു എന്ന് കണ്ടെത്താൻ പ്രയാസമായിരുന്നു. രാജ്യത്തുടനീളം 446 സ്ഥാവരസ്വത്തുക്കൾ അയാൾക്ക് ഉണ്ടായിരുന്നു. ഒരുപക്ഷേ 446 സംഘങ്ങൾ അയാളുമായി പ്രവർത്തിക്കുന്നുണ്ടാകാം. ഇത്രവലിയ ഒരു ശൃംഖലയെ പിന്തുടർന്ന് അയാളെ കണ്ടെത്തുക അസാധ്യമായിരുന്നു.

ഒടുവില്‍ പിടിക്കപ്പെടുന്നു  

ഒടുവിൽ അയാൾ പിടിക്കപ്പെടുക തന്നെ ചെയ്തു. ഫെങ് സൂ എന്ന 44 -കാരനായിരുന്നു അത്. 1996 -ൽ ബെഡ്ഫോർഡ് സർവകലാശാലയിൽ പഠിക്കാനായി സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയതാണ് ഫെങ് സൂ. രണ്ടുതവണ കൂടി വിസ നീട്ടി കിട്ടി. എന്നാൽ 2000 -ൽ കാലാവധി കഴിഞ്ഞിട്ടും അയാൾ അവിടെ തന്നെ തുടർന്നു. പൊലീസിനെ അറിയിക്കാനും അയാൾ ശ്രമിച്ചില്ല. അയാളുടെ മുറി റെയ്‌ഡ്‌ നടത്തിയ പൊലീസിന് നൂറുകണക്കിന് വ്യാജ ഐഡികളാണ് ലഭിച്ചത്.  

അയാളുടെ കമ്പ്യൂട്ടറിൽ അയാൾ വാടകയ്ക്ക് എടുത്ത 446 വ്യത്യസ്ത വിലാസങ്ങളുടെ പട്ടികയുണ്ടായിരുന്നു. ഈ കെട്ടിടങ്ങളിൽ പലതും ഇപ്പോൾ ശൂന്യമാണ്, ഓരോന്നും എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് അറിയില്ല. ഓരോ വിലാസത്തിനും ഉപയോഗിച്ച ഐഡന്റിറ്റി വിവരങ്ങൾ ഫെങ് എഴുതി വച്ചിരുന്നു. വാടകയ്ക്ക് എടുത്ത ഉടമകളുടെ പേരും ഒപ്പും, കൂടാതെ ഏത് റഫറൻസ് രേഖകളാണ് അയാൾക്ക് ഫെങ് നൽകിയതെന്നും എല്ലാം അതിൽ എഴുതിവച്ചിട്ടുണ്ട്.  

പൊലീസ് ചോദ്യം ചെയ്യുമ്പോൾ ഫെങ് "ഒന്നും പറയാനില്ല" എന്ന് മാത്രമാണ് പറഞ്ഞത്. കൂടാതെ അയാള്‍ ആരുമായാണ് ജോലി ചെയ്യുന്നത്, എങ്ങനെ, എന്തിനാണ് തുടങ്ങിയത് എന്നതിനെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വ്യാജ ഐഡികൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇയാളെ ബർമിംഗ്ഹാം ക്രൗൺ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. ശിക്ഷയുടെ കാലാവധി തീർന്നാൽ അയാളെ നാടുകടത്തുന്നതായിരിക്കും. 

ഫെങ് സൂവിനെ പോലെ അനവധിപേരാണ് മയക്കുമരുന്ന് കൃഷി, മയക്കുമരുന്ന് ഫാക്ടറികൾ, വേശ്യാലയങ്ങൾ എന്നിവ നടത്താനായി കെട്ടിടങ്ങൾ  വാടകയ്ക്ക് എടുക്കുന്നത്. ഈ വ്യാജന്മാരെ പിടിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കാരണം അവർ ഭൂഉടമയ്ക്ക് നൽകിയിരുന്ന വ്യാജ ഐഡിയിൽ ഫോട്ടോ ഒഴിച്ച്, ബാക്കി എല്ലാം വ്യാജമാകും. ചിലപ്പോൾ ഫോട്ടോ ഉൾപ്പെടെ വ്യാജമാകും. അതുകൊണ്ട് തന്നെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ യഥാർത്ഥ പ്രതിയെ പിന്തുടർന്ന് പിടിക്കാൻ എളുപ്പമല്ല. 

click me!