പുലിറ്റ്സര്‍ വഴിയിലെ റോഹിംഗ്യന്‍ കാഴ്ചകള്‍- ഡാനിഷ് സിദ്ദിഖിയുമായുള്ള അഭിമുഖം

By ധനേഷ് രവീന്ദ്രൻFirst Published Apr 19, 2018, 7:47 PM IST
Highlights
  • പുലിറ്റ്സര്‍ വഴിയിലെ റോഹിംഗ്യന്‍ കാഴ്ചകള്‍-  ഡാനിഷ് സിദ്ദിഖിയുമായുള്ള അഭിമുഖം

മ്യാന്‍മറില്‍ വംശീയാക്രമണത്തിനും കൂട്ടക്കൊലയ്ക്കും ഇരകളാക്കപ്പെടുന്ന റോഹിംഗ്യകളുടെ  പലായനവും ദുരിതജീവിതവും പകര്‍ത്തിയ രണ്ട് ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുകള്‍ക്കാണ്  ഇത്തവണ  പുലിറ്റ്‌സർ പുരസ്‌കാരം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍മാരായ ഡാനിഷ് സിദ്ദിഖി, അഡ്‌നാൻ അബിദി എന്നിവരാണ് പുരസ്‌കാരം നേടിയത്. 

തീരത്തേയ്ക്ക് നടക്കുമ്പോള്‍ ഒരു റോഹിംഗ്യ കുട്ടിയെ വലിച്ചു കൊണ്ടുപോകുന്ന ചിത്രമാണ് ഡാനിഷ് സിദ്ദിഖിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മ്യാന്‍മർ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുമ്പോള്‍ വെടിയേറ്റ കുട്ടിയുടെ പുറത്ത് കൈ വച്ചിരിക്കുന്ന അച്ഛന്റെ ചിത്രമാണ് അഡ്‌നാന്‍ അബിദിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ആദ്യമായിട്ടാണ് ഇന്ത്യൻ പത്രപ്രവർത്തകർക്ക് ഈ പുരസ്ക്കാരം ലഭിക്കുന്നത്, പുരസ്ക്കാര നിറവിൽ ഡാനിഷ് സിദ്ദിഖി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് തന്റെ പത്രപ്രവർത്തന ജീവിത്തിലെ അനുഭവങ്ങൾ പങ്കുവെക്കുന്നു

മുംബൈയിലെ റോട്ടിയേഴ്സിന്റെ ഓഫീസിലേക്ക് ഡാനീഷ് സിദ്ദിഖിയെ തേടി എത്തുന്നുമ്പോൾ പുലിറ്റ്സർ പുരസ്ക്കാര ജേതാവ് ഞങ്ങളെ കാത്ത് വാതിലിന്റെ വശത്ത് ഒരു കപ്പ് കാപ്പിയും കുടിച്ച് നിൽക്കുകയായിരുന്നു. രാജ്യത്തിനു തന്നെ അഭിമാനമായി ഒരു അന്താരാഷ്ട്ര പുരസ്ക്കാരം നേടിയതിന്റെ സന്തോഷം മുഖത്തുണ്ട്. 10 വ‍ർഷമായി മുംബൈയിലെ ബാന്ദ്രയിലാണ് ഡാനീഷ് താമസിക്കുന്നത്. മുംബൈയുടെ ജീവിതങ്ങളെ ഡാനിഷ് തന്റെ ക്യാമറ കണ്ണുകളിലൂടെ പലകുറി ലോകത്തിനു മുന്നിൽ എത്തിച്ചിട്ടുണ്ട്.

? മാധ്യമപ്രവര്‍ത്തന രംഗത്തേക്കുള്ള വരവ് എങ്ങനെയായിരുന്നു?

ദില്ലിയിൽ ഒരു ദൃശ്യമാധ്യമപ്രവർത്തകനായിട്ടാണ് ജോലി ആരംഭിക്കുന്നത്. ജോലിക്കിടെ തന്നെ എനിക്ക് ഫോട്ടോഗ്രാഫിയോടുള്ള താൽപര്യം കൂടി വന്നിരുന്നു, മൊബൈലിലും സുഹൃത്തുക്കളു‍ടെയും ക്യാമറയിലും ഒക്കെയായി പരീക്ഷണങ്ങൾ. ഒടുവിൽ സുഹ്യത്തുക്കളുടെ സഹായത്താൽ സ്വന്തമായി ഒരു ക്യാമറ വാങ്ങി. രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളിൽ യാത്ര ചെയ്തിരുന്നു. ആ താൽപര്യമാണ് റിപ്പോർട്ടർ എന്ന ജോലി രാജിവെച്ച് റോയിട്ടേഴ്സിന്‍റെ ഇന്‍റേണ്‍ഷിപ്പിലേക്ക് 2000ൽ  എത്തിച്ചത്. പിന്നീട് 2010ൽ ഇവിടുത്തെ മുഴുവൻ സമയ ഫോട്ടോഗ്രാഫറായി.

ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ ചിത്രം

? പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി പഠിച്ചിട്ടുണ്ടോ...

ബിഎ ഇക്കണോമിക്സാണ് പഠിച്ചത്, പിന്നീട് ദില്ലിയിലെ എംസിആര്‍സിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം നേടി, ഫോട്ടോഗ്രാഫി ഒരു അക്കാദമിക്കൽ വിഷയമായി പഠിച്ചിട്ടില്ല. എന്നാൽ അതിനോടുള്ള അഭിനിവേശം എന്നെ ഏറെ പഠിപ്പിച്ചിട്ടുണ്ട്.

? മ്യാൻമാറിലേക്കുള്ള അസൈൻമെന്‍റ് എങ്ങനെയാണ് തേടിയെത്തിയത്. അവിടുത്തെ അനുഭവങ്ങൾ...

കഴിഞ്ഞ വർഷം മാതാപിതാക്കൾക്കൊപ്പം ദില്ലിയിൽ അവധിക്കാലം ചെലവിടുന്നതിനിടെയാണ് ഈ ജോലി തേടി എത്തുന്നത്. അതോടെ അവധിക്കാലം വെട്ടിച്ചുരുക്കി മുംബൈയിൽ എത്തി. അവിടെ നിന്നാണ് ബംഗ്ലാദേശിലേക്ക് പുറപ്പെട്ടത്.ബംഗ്ലാദേശിന്‍റെയും മ്യാൻമാറിന്‍റെയും അതിർത്തിയുള്ള കോസ് ബാസറിലാണ്( Cox Bazar) ടീം എത്തിയത്. അവിടെ നിന്ന് മ്യാൻമാറിലേക്ക് കടക്കാൻ കഴിഞ്ഞില്ല. അഭയാർത്ഥികൾ ജീവനുവേണ്ടി പലായനം ചെയുന്ന കാഴ്ച്ച ഇപ്പോഴും മനസിലുണ്ട്. അവരുടെ കഷ്ടപ്പാടുകളെ മുഴുവൻ ഒരു ഫ്രെയിമിൽ ഒതുക്കുന്ന ചിത്രത്തിനായിരുന്നു ശ്രമം. 

 ? പുരസ്ക്കാരം നേടിത്തന്ന ചിത്രം പകർത്തിയത് എങ്ങനെയാണ് 

ആ സീരീസിലെ ചിത്രങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്ക് മനസിലാകും അവിടെ സംഭവിച്ച ദുരിതങ്ങളുടെ ആഴം. ഉൾനാടൻ ഗ്രാമങ്ങളിലൂടെയായിരുന്നു യാത്ര. ഏറെ കഷ്ടപ്പെട്ടിരുന്നു ആ സമയത്ത്. മണിക്കൂറുകളോളം കാൽനടയായി യാത്ര ചെയ്താണ് പല ചിത്രങ്ങളും പകർത്തിയത്. ബംഗ്ലാദേശിലെ അവസാനത്തെ ദ്വീപ് ഷാ പൊരിർദ്വീപിൽ നിന്നാണ് എനിക്ക് ആ ഫ്രെയിം കിട്ടിയത്. മ്യാൻമാറിൽ നിന്നു ബോട്ടിലും ഒക്കെയായി അഭയാർത്ഥികൾ കടൽ കടന്ന് അവിടെക്ക് എത്തുന്നത്. കടലിൽ തകർന്ന് കരക്ക് അടിയുന്ന ബോട്ടുകൾ കാണാം. അങ്ങനെ അഭയാ‍ർത്ഥികളുമായി കരയ്ക്ക് എത്തിയ ബോട്ടിൽ നിന്നാണ് ആ ചിത്രം ലഭിച്ചത്.

പുലിറ്റ്സര്‍ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ചിത്രം

? ഈ അസൈൻമെന്‍റിൽ എന്തായിരുന്നു ശരിക്കും വെല്ലുവിളി?
 
നേരത്തെ പറഞ്ഞ പോലെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ഈ ജോലി. മഴക്കാലമായിരുന്നു പലപ്പോഴും കാലാവസ്ഥ അനുകൂലമായിരുന്നില്ല, ഫിസിക്കലായുള്ള കഷ്ടപ്പാടിനെക്കാൽ എന്നെ പലപ്പോഴും വെല്ലുവിളിച്ചത് വൈകാരികമായ ചിന്തകളായിരുന്നു. മനുഷ്യനാണ് വീടും നാടും എല്ലാം നഷ്ടപ്പെട്ട് മുന്നിലൂടെ അലയുന്നത്, എനിക്ക് എന്ത് ചെയ്യാനാകും, അവരെ സഹായിക്കാനാകുമോ? തുടങ്ങിയ സങ്കടങ്ങള്‍ വേട്ടായാടിയിരുന്നു. എന്നാൽ ഒരു ഫോട്ടോഗ്രാഫ‌ർ ഒരിക്കലും ഇങ്ങനെ ചിന്തിക്കാൻ പാടില്ല കാരണം ഒരു ഫോട്ടോഗ്രാഫ‌ർ അവൻ പകർത്തുന്ന വിഷയത്തിൽ സമൂഹത്തിന്‍റെ നേരെ പിടിക്കുന്ന കണ്ണാടിയാണ് അതുകൊണ്ട് ആ വൈകാരികതയെ മനപ്പൂ‍ർവം മറന്നാണ് ഞാന്‍ ജോലി ശ്രദ്ധ കേന്ദ്രീകരിച്ചത്.
 
6. മാധ്യമപ്രവര്‍ത്തനം വിമർശനങ്ങൾ നേരിടുന്ന സമയമാണ്, പ്രത്യേകിച്ചും സ്വകാര്യത സംബന്ധിച്ച്,  എങ്ങനെ കാണുന്നു...
 
ഈക്കാര്യത്തിൽ ഒരു ഫോട്ടോഗ്രാഫ‌ർ എന്ന നിലയിൽ അഭിപ്രായം പറയാം. ഒരു വ്യക്തിയുടെ സ്വകാര്യതയിൽ കടന്നു ചെല്ലാൻ പാടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രധാനമായി സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ പകർത്തുന്നുമ്പോൾ. അതിനു നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ അനുസരിക്കണം. ഇപ്പോൾ  സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ പകർത്തുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. എന്തിന്‍റെ പേരിലായാലും അവരുടെ അനുവാദമില്ലാതെ അതു ചെയ്യാൻ പാടില്ല.

ഡാനിഷ് സിദ്ദിഖി


  
? ഇതുപോലുള്ള മറ്റ് അസൈന്‍മെന്‍റുകള്‍
 
റോയിട്ടേഴ്സിന്‍റെ ഭാഗമായ ശേഷം നിരവധി അസൈൻമെന്‍റിന്‍റെ ഭാഗമായി, പ്രധാനമായും ഇറാക്കിലെ ഐഎസ് യുദ്ധം, അഫ്ഗാനിലെ ജീവിതങ്ങൾ, ശ്രീലങ്ക, തുടങ്ങിയ രാജ്യങ്ങളിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യാന്‍ സാധിച്ചിട്ടുണ്ട്.  
എല്ലാ അസൈൻമെന്‍റുകൾക്കും പ്രധാന്യമുണ്ടെന്നാണ് എന്‍റെ വിശ്വാസം. അതിൽ വലിപ്പചെറുപ്പം എന്നു ചിന്തിക്കരുത്. ഒരോ ജോലികളിലും നമ്മളെ കാത്ത് ചില നിയോഗങ്ങൾ ഉണ്ടെന്ന വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്.
 
? ഇനിയുള്ള യാത്രകള്‍ 
 
അടുത്ത മാസം അവധിക്കാലത്തിലേക്ക് കടക്കുകയാണ് ഈ മാസം ഇന്ത്യയിൽ നിന്ന ജർമ്മനിയിലേക്ക് പോകും. ഭാര്യ ജർമ്മൻ കാരിയാണ്. പുരസ്ക്കാരത്തിനൊപ്പം തന്നെ മറ്റു ഒരു സന്തോഷം രണ്ടാമത്തെ കുട്ടിയുടെ അച്ഛനായി എന്നതാണ്. കുറച്ച് നാൾ മുഴുവൻ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കണം.
 

അഭിമുഖം: ധനേഷ് രവീന്ദ്രൻ
ചിത്രങ്ങൾ: കൃഷ്ണപ്രസാദ്.ആർ.പി

click me!