12 ബാങ്ക് കവർച്ചകൾ, പിടിക്കപ്പെടാതിരിക്കാൻ ശസ്ത്രക്രിയ, ആസിഡ് ഉപയോഗിച്ച് വിരലടയാളം മായ്ച്ചു...

By Web TeamFirst Published Aug 28, 2020, 9:36 AM IST
Highlights

ജയിലിലെത്തിയ ഡില്ലിഞ്ചർ ജയിൽ ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു, "ഞാൻ ഇവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും മോശം കുറ്റവാളിയാകും."

ജോൺ ഡില്ലിഞ്ചർ. അമേരിക്ക കണ്ട ഏറ്റവും വലിയ ബാങ്ക് കവർച്ചകാരിൽ ഒരാൾ. അക്കാലത്ത് പലരും സ്വപ്‍നം കണ്ടിരുന്ന ഒരു ഗ്ലാമറസ് ജീവിതമായിരുന്നു ഡില്ലിഞ്ചറിന്‍റേത്. അമേരിക്കയിൽ സാമ്പത്തികമാന്ദ്യം എണ്ണമറ്റ സാധാരണക്കാരെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിട്ട ആ സമയത്തും, ആർഭാടത്തിന്റെ പകിട്ടേറിയ ഒരു ജീവിതമായിരുന്നു അയാൾ നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക് ജനങ്ങൾക്കിടയിൽ ഒരു നായകന്റെ റോളായിരുന്നു. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ നായകന്റെ പരിവേഷമുള്ള ഒരു വില്ലനായിരുന്നു അയാൾ എന്ന് പറയാം. എഫ്‌ബി‌ഐ അയാളെ തിരഞ്ഞ് തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരിക്കുമ്പോഴും അയാളും സംഘവും ശ്രദ്ധേയമായ 12 ബാങ്കുകൾ കൊള്ളയടിക്കുകയുണ്ടായി. ഇടയിൽ ജയിലിലടക്കപ്പെട്ടപ്പോഴും അവിടെനിന്നും പലതവണ രക്ഷപ്പെട്ട അയാൾ അധികാരികളോട് പരസ്യമായി ശത്രുത പുലർത്തി. തന്നെ പിന്തുടർന്ന് കൊണ്ടിരിക്കുന്ന പൊലീസ് സ്റ്റേഷനുകൾ പോലും അയാള്‍ കൊള്ളയടിച്ചു. 

1903 ജൂൺ 22 -ന് ഇൻഡ്യാനപൊളിസിലാണ് ഡില്ലിഞ്ചർ ജനിച്ചത്. മിക്ക കുറ്റവാളികളെയും പോലെ അയാളുടെ കുട്ടിക്കാലവും അത്ര സുഖകരമായിരുന്നില്ല. അയാൾക്ക് നാലുവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. പിതാവ് വീണ്ടും വിവാഹം ചെയ്‍തു. ഡില്ലിഞ്ചറിന് അച്ഛനോടും രണ്ടാനമ്മയോടും ഉണ്ടായിരുന്ന ബന്ധം ഒട്ടും ആരോഗ്യകരമായിരുന്നില്ല. പിന്നീട്, 1923 -ൽ ഡില്ലിഞ്ചർ യുഎസ് നാവികസേനയിൽ ചേർന്നെങ്കിലും താമസിയാതെ തന്റെ യൂണിറ്റ് ഉപേക്ഷിക്കുകയായിരുന്നു. ഇതിനെത്തുടർന്ന്, അയാൾ ഇന്ത്യാനയിലേക്ക് മടങ്ങി. തന്റെ 21 -ാം വയസ്സിൽ 17 -കാരിയായ ബെറിൾ ഹോവിയസിനെ വിവാഹം കഴിച്ചു. പക്ഷേ, ഈ വിവാഹത്തിന് രണ്ട് വർഷം മാത്രമായിരുന്നു ആയുസ്സ്. അയാൾ എപ്പോഴും നിയമത്തിന് എതിരെ സഞ്ചരിക്കുന്നയാളായിരുന്നു. ഒരു നല്ല കുടുംബ ജീവിതം നയിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. 1924 -ൽ, അയാളും ഒരു സുഹൃത്തും ചേർന്ന് ഒരു പലചരക്ക് കട കൊള്ളയടിക്കാൻ തീരുമാനിച്ചു. അതായിരുന്നു അയാളുടെ ജീവിതത്തിലെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട കവർച്ച. ചാക്കിൽ പൊതിഞ്ഞ മെഷീൻ ബോൾട്ട് ഉപയോഗിച്ച് പലചരക്ക് വ്യാപാരിയെ ഡില്ലിഞ്ചർ ആക്രമിച്ചതിനാലും, തോക്ക് കൈവശം വച്ചതിനാലും കോടതി അയാളെ 20 വർഷം തടവിന് ശിക്ഷിച്ചു.  

.  


ജയിലിലെത്തിയ ഡില്ലിഞ്ചർ ജയിൽ ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു, "ഞാൻ ഇവിടെ നിന്ന് ഇറങ്ങുമ്പോഴേക്കും നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും മോശം കുറ്റവാളിയാകും." അയാൾ ആ വാക്ക് പാലിക്കുക തന്നെ ചെയ്‌തു. ആധുനിക ബാങ്ക് കവർച്ചയുടെ പിതാവ് ഹെർമൻ ലാമ് ഉൾപ്പെടെ വമ്പന്മാരുടെ ശിക്ഷണത്തിൽ കഴിഞ്ഞ ഡില്ലിഞ്ചർ കവർച്ചയുടെ രസതന്ത്രം എളുപ്പത്തിൽ പഠിച്ചെടുത്തു. ശിക്ഷിക്കപ്പെട്ട് ഏകദേശം 10 വർഷത്തിനുശേഷം, 1933 മെയ് 10 -ന് അയാൾ പരോളിൽ ഇറങ്ങിയപ്പോൾ പഠിച്ചതൊക്കെ പ്രാവർത്തികമാക്കാൻ തീരുമാനിച്ചു. അങ്ങനെ ആ സമയത്ത് ബാങ്കുകൾ കൊള്ളയടിക്കാൻ തുടങ്ങി. ആ ജൂണിൽ, ഒഹായോയിലെ ന്യൂ കാർലൈൽ നാഷണൽ ബാങ്കിൽ നിന്ന് 10,000 ഡോളർ വരെ മോഷ്ടിച്ചു അയാൾ. ഇതിനെ തുടർന്ന് അറസ്റ്റിലായ ഡില്ലിഞ്ചറിനെ ഒഹായോയിലെ ഒരു ജയിലിലേക്ക് മാറ്റി. അവിടെ എത്തിയിട്ടും അയാൾ അടങ്ങി ഇരുന്നില്ല. അവിടെ നിന്ന് ജയിൽ ചാടാൻ അയാളും സംഘവും പദ്ധതിയിട്ടു. സെല്ലുകളിലേക്ക് കടത്തിയ തോക്കുകൾ ഉപയോഗിച്ചു, ജയിലിൽ നിന്ന് ഡില്ലിഞ്ചറും സംഘവും രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ അവർ രണ്ട് കാവൽക്കാരെ വെടിവച്ചു കൊല്ലുകയും ചെയ്‌തു.  

പുറത്തിറങ്ങിയ അയാളെ പിടിക്കാൻ എഫ്ബിഐ പല ശ്രമങ്ങളും നടത്തിയെങ്കിലും, കാര്യമുണ്ടായില്ല. ഒടുവിൽ അയാളെ എഫ്ബിഐ ഒന്നാം നമ്പര്‍ പൊതുശത്രു  എന്ന് നാമകരണം ചെയ്യുകയും പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്‍തു. മിക്ക കുറ്റവാളികളും പൊലീസിൽ നിന്ന് കഴിയുന്നത്ര അകലെ നിൽക്കാൻ ശ്രദ്ധിക്കുമ്പോൾ, തോക്ക് കയ്യിലെടുത്ത് പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ ഡില്ലിഞ്ചർ തയ്യാറായി. ജയിലിൽ നിന്ന് പുറത്തു വന്നതിന് ശേഷം, ഡില്ലിഞ്ചറും സംഘവും ഇൻഡ്യാനയിലെ ആബർണിലെയും പെറുവിലെയും പൊലീസ് സ്റ്റേഷനുകളിൽ കവർച്ച നടത്തി. പരിഭ്രാന്തരായ പൊലീസ് സംഘം നോക്കി നിൽക്കേ, അയാൾ തോക്കുകളും, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ഇരുന്നിരുന്ന തോക്ക് കാബിനറ്റുകൾ കാലിയാക്കി. അയാളുടെ ഈ പരാക്രമങ്ങൾ അയാളെ ഒരു സെലിബ്രിറ്റിയാക്കി മാറ്റി. ഒരു ബോളിവുഡ് നായകനെ പോലെ അയാളെ ആളുകൾ കാണാൻ തുടങ്ങി. അയാളെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞു. എന്നാൽ, ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഡില്ലിഞ്ചർ, തന്നെ ആരും തിരിച്ചറിയാതിരിക്കാൻ പല പ്രാവശ്യം ശസ്ത്രക്രിയക്ക് വിധേയനായി. അതും കൂടാതെ, വിരലടയാളം ആസിഡ് ഉപയോഗിച്ച് നീക്കം ചെയ്യാനും അയാൾ ശ്രമിച്ചു.

.  

എന്നിരുന്നാലും, 1934 ജൂലൈ 22 -ന് ചിക്കാഗോയിലെ ബയോഗ്രഫ് തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ 31 -കാരനായ ഡില്ലിഞ്ചറിനെ എഫ്ബിഐ ഏജന്റുമാർ കൊലപ്പെടുത്തി. അയാളുടെ സുഹൃത്തും, വേശ്യാലയ ഉടമയുമായ അന്ന സേജാണ് അയാളെ ചതിച്ചത്. പ്രതിഫല തുക നൽകാമെന്നും, അവളുടെ ജന്മനാടായ റൊമാനിയയിലേക്ക് നാടുകടത്തില്ലെന്നുമുള്ള വാഗ്ദാനത്തിലാണ് അവൾ ഡില്ലിഞ്ചറിനെ ഒറ്റിക്കൊടുത്തത്. എന്നിരുന്നാലും, 1936 -ൽ അവളെ നാടുകടത്തുക തന്നെ ചെയ്‌തു. തൊണ്ടയിൽ വെടിയേറ്റാണ് ഡില്ലിഞ്ചർ മരിച്ചത്. അയാൾക്ക് ചുറ്റും ഉറഞ്ഞുകിടന്ന രക്തത്തിൽ ആളുകൾ കൈലേസ് മുക്കി. വിലമതിക്കാത്ത ഒരു നിധി പോലെ അവർ അത് സൂക്ഷിച്ചു വച്ചു.  

അയാളുടെ മരണശേഷം, ഡില്ലിഞ്ചറുടെ മൃതദേഹം കുക്ക് കൗണ്ടി മോർഗിൽ പ്രദർശിപ്പിച്ചിരുന്നു. അന്ന് 15,000 ആളുകളാണ് അയാളുടെ മൃതദേഹം കാണാൻ വന്നത്. ഡില്ലിഞ്ചറുടെ മൃതദേഹം അടക്കിയ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ന്.  ആളുകൾ വീട്ടിലേക്ക് കൊണ്ടുപോകാൻ കല്ലറയുടെ ഭാഗങ്ങൾ കഷണങ്ങൾ പൊട്ടിച്ചെടുത്തതിനെ തുടർന്ന് ആ ശവക്കല്ലറ പലതവണ മാറ്റിസ്ഥാപിക്കേണ്ടിവന്നിട്ടുണ്ട്. ഒടുവിൽ കോൺക്രീറ്റ് സ്ലാബിൽ അയാളുടെ കല്ലറ പണികഴിപ്പിക്കുക വരെ ചെയ്‍തു. എന്നാൽ അയാൾ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാൻ ചിലരെങ്കിലും തയ്യാറല്ല. വെടികൊണ്ട് കൊല്ലപ്പെട്ടയാള്‍ക്ക് തവിട്ട് നിറമുള്ള കണ്ണുകളുണ്ടെന്ന് നിരവധി സാക്ഷികൾ റിപ്പോർട്ട് ചെയ്‍തു, എന്നാൽ ഡില്ലിഞ്ചറുടെ കണ്ണുകൾക്ക്  ഗ്രേ നിറമായിരുന്നു. പരിശോധനയിൽ, ഡില്ലിഞ്ചറിന് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വാതരോഗത്തിന്റെ ലക്ഷണങ്ങൾ മരിച്ച ശരീരത്തിൽ  കണ്ടെത്തിയതായും പറയുന്നു. എന്നിരുന്നാലും, ശരീരത്തിൽ നിന്നുള്ള വിരലടയാളം മുമ്പത്തെ അറസ്റ്റുകളിൽ ഡില്ലിഞ്ചറിൽ നിന്ന് എടുത്തവയുമായി പൊരുത്തപ്പെട്ടു. കൂടാതെ ശവസംസ്‍കാരത്തിന് മുമ്പ് ഡില്ലിഞ്ചറുടെ സഹോദരി അയാളുടെ മൃതദേഹം തിരിച്ചറിയുകയും ചെയ്‌തിരുന്നു.  അയാളുടെ ശരീരം വീണ്ടും പുറത്തെടുത്ത് പരിശോധിക്കണമെന്നൊരു ആവശ്യവും ഉയർന്നു വന്നു. എന്നിരുന്നാലും, സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളാണ് ജോൺ ഡില്ലിഞ്ചർ എന്നതിൽ സംശയമില്ല.  

click me!