
തൃശൂർ ജില്ലയിലെ പ്രകൃതിമനോഹരമായ ഒരു ഗ്രാമമാണ് മരോട്ടിച്ചാൽ. അവിടത്തെ വെള്ളച്ചാട്ടം വിനോദസഞ്ചരികളുടെ പ്രിയകേന്ദ്രമാണ്. അമ്പത് വർഷങ്ങൾക്ക് മുമ്പ്, മരോട്ടിച്ചാൽ മദ്യപാനത്തിൻ്റെയും, നിയമവിരുദ്ധമായ ചൂതാട്ടത്തിൻ്റെയും കേന്ദ്രമായിരുന്നു. മദ്യാസക്തിയിൽനിന്ന് രക്ഷനേടാനാകാതെ പല കുടുംബങ്ങളും വഴിയാധാരമായി. ഇതിൽനിന്ന് മോചനം നേടാനാകാതെ ഇനി എന്ത് ചെയ്യുമെന്ന് ഗ്രാമത്തിലെ അധികാരികൾ ആശങ്കപ്പെടാൻ തുടങ്ങി. അപ്പോഴാണ് ഒരാൾ ആ ഗ്രാമത്തിലെ ആളുകളെ ഒരു വിനോദം പഠിപ്പിക്കാൻ ആരംഭിച്ചത്. അതിന്ശേഷം എല്ലാം മാറാൻ തുടങ്ങി. പതിയെ അവർ മദ്യാസക്തിയിൽ നിന്ന് മോചനം നേടി. ആളുകളെ ചൂതാട്ടത്തിൽനിന്നും, മദ്യാസക്തിയിൽനിന്നും രക്ഷിച്ച ആ കളി മറ്റൊന്നുമല്ല, ചെസ്സാണ്.
ഗ്രാമത്തിലുള്ള സി.ഉണ്ണികൃഷ്ണനാണ് ചെസ്സ് എന്ന വിനോദത്തെ ഗ്രാമത്തിന് പരിചയപ്പെടുത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ്മാസ്റ്ററായ ബോബി ഫിഷറിൻ്റെ കടുത്ത ആരധകനാണ് ഉണ്ണികൃഷ്ണൻ. ഒരിക്കൽ ഒരു മാസികയിൽ ഫിഷറിനെക്കുറിച്ചുള്ള ഒരു ലേഖനം ഉണ്ണികൃഷ്ണൻ കാണാൻ ഇടയായി. അത് അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ചെസ്സ് പഠിക്കാൻ കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങി അദ്ദേഹം. വളരെ രസകരമായി തോന്നിയ ഈ കളി പതുക്കെ ആ ഗ്രാമത്തിൽ ഉണ്ണിക്കൃഷ്‌ണൻ അവതരിപ്പിച്ചു. എന്നാൽ, വിചാരിച്ചതിലും വേഗത്തിൽ അത് ഗ്രാമത്തിൽ പടർന്നുപിടിച്ചു. ചെറുപ്പക്കാരും പ്രായമുള്ളവരുമായ ഗ്രാമീണർക്ക് അദ്ദേഹം തൻ്റെ വീട്ടിൽ സൗജന്യ പാഠങ്ങൾ നൽകാൻ തുടങ്ങി. അതിനുശേഷം അദ്ദേഹം 600 -ലധികം പേർക്ക് പരിശീലനം നൽകി. ഇന്ന്, അദ്ദേഹത്തിൻ്റെ ചായക്കട എപ്പോൾ വേണമെങ്കിലും ആളുകൾക്ക് വന്ന് ചെസ്സ് കളിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ്.
മരോട്ടിച്ചാലിൽ താമസിക്കുന്നവരിൽ 90 ശതമാനവും ഇന്ന് ചെസ്സ് കളിക്കാരാണ്. പ്രായഭേദമന്യേ ഇവിടെ എല്ലാവരിലും ചെസ്സിനോടുള്ള അഭിനിവേശം കാണാം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും മുത്തശ്ശിയും, മുത്തശ്ശനും എല്ലാവരും ഇവിടെ പരസ്പരം ആവേശത്തോടെ ചെസ്സ് കളിക്കുന്നു. ഈ കളിയുടെ സ്വാധീനത്തിൽ ഇപ്പോൾ മദ്യപാനവും ചൂതാട്ടവും ഗ്രാമത്തിൽ വളരെ കുറഞ്ഞു. അത് മാത്രമല്ല ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉത്ഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഈ പുരാതന വിനോദം ഗ്രാമത്തിൻ്റെ ഒരിക്കലും അടങ്ങാത്ത ആവേശമാണ് ഇന്ന്. പലരും ഇവിടെ ടെലിവിഷൻ കാണാറില്ല. പകരം ചെസ്സ് കളിക്കുകയും, പരസ്പരം സംസാരിക്കുകയും ചെയ്യുകയാണെന്ന് നാട്ടുകാര്‍ തന്നെ പറയാറുണ്ട്.
ലോകം ദ്രുതഗതിയിലുള്ള സാങ്കേതിക വിദ്യക്ക് വഴിമാറുമ്പോൾ അത് നമ്മുടെ പുതുതലമുറയെ മോശമായ രീതിയിൽ സ്വാധീനിക്കുമോ എന്ന് നാം ഭയപ്പെടുന്നു. നമ്മുടെ പുതിയ തലമുറ ഫോണിലും, കമ്പ്യൂട്ടറിലും, ഇന്റർനെറ്റിലും സമയം ചിലവഴിക്കാൻ ആഗ്രഹിക്കുമ്പോൾ, മരോട്ടിച്ചാലിലെ കുരുന്നുകൾ 1,000 വർഷം പഴക്കമുള്ള ഈ ബോർഡ് ഗെയിമിനെയാണ് സ്നേഹിക്കുന്നത്. ചെസ്സിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന അവർ ടെലിവിഷൻ പോലും കാണാൻ ആഗ്രഹിക്കുന്നില്ല. ബുദ്ധിയും, ഏകാഗ്രതയുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ ആ ഗ്രാമത്തിന് കഴിഞ്ഞതും ഈ ചെസ്സിനോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം