'കടക്കൂ പുറത്ത്' എന്ന  ആക്രോശത്തിന് പിന്നിലെന്ത്?

By KP VinodFirst Published Aug 2, 2017, 5:03 PM IST
Highlights

അവിടെ നിങ്ങള്‍ ഒന്നു കൈ കൊടുത്താല്‍, ഒന്ന് ആത്മാര്‍ത്ഥമായി തമ്മില്‍ ചിരിച്ചാല്‍, അത് താഴേത്തട്ടിലേക്ക് കൊടുക്കുന്ന സന്ദേശം ചെറുതല്ല. അതവരിലെ ആശങ്കയുടെ വാതിലടക്കും. അതവരില്‍ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറയ്ക്കും. ആ ദൃശ്യങ്ങള്‍ അവര്‍ കാണേണ്ടത് അനിവാര്യമാവുന്നത് ഇതിനാലാണ്. അതു മാത്രമാണ്, മാധ്യമപ്രവര്‍ത്തകര്‍ പതിവുപോലെ അവിടെ ചെന്ന് ക്യാമറകളുമായി നില്‍ക്കാനുള്ള കാരണവും. ​

'പിണറായി വിജയന്‍ എന്ന ഞാന്‍...'

2016 മെയ്മാസം 25 ന് തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജഞ ചെയ്യുമ്പോള്‍ മുതല്‍ താങ്കള്‍ കേരള ജനതയുടെ മുഖ്യമന്ത്രിയാണ്, വെറും സഖാവ്, പിണറായി വിജയന്‍ മാത്രമല്ല. കണ്ണൂര്‍ മുണ്ടയിലെ ഒരു തൊഴിലാളി കുടുംബത്തില്‍ പിറന്ന ഒരു ബാലന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞത് ജനാധിപത്യത്തിന്റെ സുകൃതം ഒന്നുകൊണ്ടു മാത്രമാണ്. ആ ജനാധിപത്യത്തിന്റെ തൂണുകളെ ശക്തിപ്പെടുത്തുന്നതില്‍ അറിയാനുള്ള അവകാശത്തിനു വലിയ പരിഗണന കൊടുത്ത ഭരണഘടനാ ശില്‍പികളെയാണ് താങ്കള്‍,'കടക്കൂ പുറത്ത്' എന്ന് ആക്രോശിക്കുമ്പോള്‍ അവഹേളിക്കുന്നത്. 

ഊരിപ്പിടിച്ച കത്തികള്‍ക്കു മുമ്പിലൂടെ ആര്‍ക്കും നടക്കാം. അതിന് അല്‍പം മനോധൈര്യവും വീണ്ടുവിചാരമില്ലായ്‌യും മാത്രം മതി പക്ഷെ ഉയര്‍ത്തിപ്പിടിച്ച മൈക്കിനു മുമ്പിലൂടെ, നടക്കണമെങ്കില്‍ ചോദ്യങ്ങളെ ഉപദേശികളുടെ സഹായമില്ലാതെ ഒറ്റക്കു നേരിടാനുളള ചങ്കുറപ്പ് വേണം.  ചിലപ്പോള്‍  ഊരിപ്പിടിച്ച കത്തികളെക്കാള്‍ മൂര്‍ച്ച ഉള്ളതായിരിക്കും ചോദ്യശരങ്ങളുടെ മൂര്‍ച്ച. അതിന് താങ്കള്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രത്യയശാസ്ത്ര ഇരുമ്പ് വേലിക്കെട്ടിന് പുറത്ത് തുറന്ന മനസ്സുള്ള ഒരു മുഖ്യമന്ത്രിയായി മാറണം. അല്ലെങ്കില്‍ ചോര്‍ന്നു പോകുന്ന അണികളെ ആവേശം കൊള്ളിക്കാന്‍ ഉതകുന്ന 'പരനാറി' പ്രയോഗങ്ങളില്‍ കുടുങ്ങിക്കിടക്കേണ്ടി വരും.

'പിണറായി വിജയന്‍ എന്ന ഞാന്‍ ....' എന്നു തുടങ്ങുന്ന പ്രതിജ്ഞ സഗൗരവത്തില്‍ ദൃഢ പ്രതിജ്ഞ കൊണ്ടയാളാണ് താങ്കള്‍. ഇലക്ഷനു മുമ്പ് കാസര്‍കോടുമുതല്‍ ഇങ്ങു തെക്കേ അറ്റം വരെ 'നവകേരളയാത്ര' നടത്തി ജനങ്ങളുടെ ചോദ്യങ്ങള്‍ കേട്ട ആള്‍. ഇനി ജനങ്ങള്‍ക്ക് താങ്കളോട് നേരിട്ട് ചോദിക്കാന്‍ കഴിയില്ല.

താങ്കള്‍ ഇപ്പോള്‍ വെറും പാര്‍ട്ടി സെക്രട്ടറിയല്ല. കേരള ജനതയുടെ മുഖ്യമന്ത്രിയാണ്

ഞാന്‍ താങ്കളുടെ സത്യപ്രതിജ്ഞ നേരിട്ടു കണ്ട ആളാണ്. സത്യപ്രതിജ്ഞ ചെയ്യാന്‍ സ്‌റ്റേജിലോട്ട് കയറുമ്പോള്‍ താങ്കള്‍ ഒറ്റക്കായിരുന്നു. പക്ഷെ സത്യപ്രതിജ്ഞ കഴിഞ്ഞ് എഴുനേല്‍ക്കുമ്പോഴേക്കും താങ്കളുടെ പുറകില്‍ നീല സഫാരി സ്യൂട്ടിട്ട ഒരു പിടി ആള്‍ക്കാരുടെ സുരക്ഷിത വലയം ഉണ്ടായിക്കഴിഞ്ഞിരുന്നു.  പുറത്തിറങ്ങുമ്പോഴേക്കും ആ വലയത്തിന്റെ ശക്തി കൂടിക്കൂടി വന്നു .ഇനിയും ആ വലയത്തിനുള്ളില്‍ക്കടന്ന് ചോദ്യം ചോദിക്കണമെങ്കില്‍, താങ്കള്‍ തന്നെ പറഞ്ഞ വാക്കുകള്‍ കടം എടുത്താല്‍,  താങ്കള്‍ക്ക് ചുറ്റുമുള്ള  അവതാരങ്ങള്‍ക്കോ ഉപദേശികള്‍ക്കോ മാത്രമേ പറ്റു. അതല്ലാത്തവര്‍ മാധ്യമ പ്രവര്‍ത്തകരാണ്. അവര്‍ ചോദിക്കുന്നത് പൊതുജനത്തിന്റെ സ്വരത്തിലാണ്. അവരുടെ ആശങ്കകളും ഉല്‍ക്കണ്ഠകളും ആവശ്യങ്ങളും സംശയങ്ങളുമൊക്കെയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിറയുന്നത്. തീര്‍ച്ചയായും, അതില്‍ ചില അപ്രിയ ചോദ്യങ്ങളും കാണും.  

മസ്‌കറ്റ് ഹോട്ടലിലെ സമാധാന ചര്‍ച്ച കവര്‍ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് താങ്കള്‍ 'കടക്കൂ പുറത്ത്' എന്ന് ആക്രോശിച്ചത്, താങ്കള്‍ ഹാളില്‍ കയറി ചെല്ലുമ്പോള്‍, ചര്‍ച്ചക്കെത്തിയവരെക്കണ്ട് ഒന്നു ചിരിക്കുകയോ, ഒന്നു ഹസ്തദാനം കൊടുക്കുകയോ ചെയ്യുന്നത് ഒരിക്കലും അണികള്‍ അറിയരുത് എന്ന ദുര്‍വാശി കൊണ്ടാണ്. പോര്‍മുഖങ്ങളില്‍ വീറോടെ നില്‍ക്കുന്ന അണികളെ ആവേശം കൊള്ളിക്കാന്‍, പോര്‍മുഖം നിയന്ത്രിക്കുന്ന നേതാക്കള്‍ക്ക് അത് നല്ലതാണ്. പക്ഷെ താങ്കള്‍ ഇപ്പോള്‍ വെറും പാര്‍ട്ടി സെക്രട്ടറിയല്ല. കേരള ജനതയുടെ മുഖ്യമന്ത്രിയാണ്. ഹൃദയത്തില്‍ ഉള്ളത് മുഖത്തു വരുത്തേണ്ടയാളാണ്. 

ആ സത്യസന്ധത അകത്ത് പുലര്‍ത്താന്‍ കഴിയാത്തതുകൊണ്ടാണ് താങ്കള്‍ 'കടക്കൂ പുറത്ത് എന്ന് ആക്രോശിച്ചത്. അവിടെ നിങ്ങള്‍ ഒന്നു കൈ കൊടുത്താല്‍, ഒന്ന് ആത്മാര്‍ത്ഥമായി തമ്മില്‍ ചിരിച്ചാല്‍, അത് താഴേത്തട്ടിലേക്ക് കൊടുക്കുന്ന സന്ദേശം ചെറുതല്ല. അതവരിലെ ആശങ്കയുടെ വാതിലടക്കും. അതവരില്‍ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറയ്ക്കും. ആ ദൃശ്യങ്ങള്‍ അവര്‍ കാണേണ്ടത് അനിവാര്യമാവുന്നത് ഇതിനാലാണ്. അതു മാത്രമാണ്, മാധ്യമപ്രവര്‍ത്തകര്‍ പതിവുപോലെ അവിടെ ചെന്ന് ക്യാമറകളുമായി നില്‍ക്കാനുള്ള കാരണവും. 

ആശാന്റെ വരികളാണ് ഓര്‍മ്മ വരുന്നത് 'വദനം യഥാര്‍ത്ഥത്തില്‍, മാനവന്റെ ഹൃദയത്തിന്‍ കണ്ണാടിയാണ്'. താങ്കള്‍ക്ക് ആ കണ്ണാടി പുറത്തു കാണിക്കാന്‍ കാണിക്കാന്‍ കഴിയാത്തത് അതില്‍ ക്ലാവ് പിടിച്ചിട്ടുണ്ട് എന്നതിനാലാവണം. ഒരു മുഖ്യമന്ത്രിയുടെ കണ്ണാടിയില്‍ ക്ലാവ് പിടിക്കാന്‍ പാടില്ല. ഈ അനുഭവത്തില്‍നിന്നും താങ്കള്‍ അറിയേണ്ട പാഠം അതാണ്. ഒരു പക്ഷേ, ജരിക്കലും അറിയാന്‍ സാദ്ധ്യതയില്ലാത്ത പാഠം. 

click me!