ഇന്ത്യാ വിഭജനത്തിന്‍റെ നോവുകളെ പകര്‍ത്തിയെഴുതിയ വിഖ്യാത സാഹിത്യകാരി; കൃഷ്ണാ സോബ്‌തി ഇനി ഓര്‍മ്മ

By Web TeamFirst Published Jan 25, 2019, 12:32 PM IST
Highlights

ഇന്ത്യാ വിഭജനത്തിന്റെ നോവുകളെ ആസ്പദമാക്കി അവരെഴുതിയ 'സിക്കാ ബദൽ ഗയാ' എന്ന ചെറുകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യനോവലായ 'ചന്നാ' അലഹാബാദിലെ ലീഡേഴ്‌സ് പ്രസ്സിൽ അച്ചടിച്ചപ്പോൾ തന്നെ  വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അവരുടെ പല പഞ്ചാബി ഫോക്ക് പ്രയോഗങ്ങളും സംസ്കൃത പദങ്ങൾ പകരം വെച്ച് എഡിറ്റ് ചെയ്തു എന്നാരോപിച്ച് അവർ അച്ചടിച്ച അത്രയും കോപ്പികൾ വിലക്കുവാങ്ങി കത്തിച്ചുകളഞ്ഞു. 

വിഖ്യാത ഹിന്ദി നോവലിസ്റ്റ് കൃഷ്ണാ സോബ്‌തി അന്തരിച്ചു. 94  വയസ്സായിരുന്നു. 'സിന്ദഗി നാമാ' എന്ന നോവലിന് 1980 -ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1996 -ൽ അക്കാദമിയുടെ സർവ്വോന്നത പുരസ്‌കാരമായ 'സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്' നൽകി സോബ്‌തിയെ ആദരിച്ചിരുന്നു. 2017 -ലെ   ജ്ഞാനപീഠം പുരസ്‌കാര ജേതാവും സോബ്‌തിയായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന അവർ. ഇന്നുരാവിലെ 8:30 -ന് ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഭർത്താവും പ്രശസ്ത ഡോംഗ്രി എഴുത്തുകാരനുമായിരുന്ന ശിവനാഥുമൊത്ത് ദില്ലിയിലെ മയൂർവിഹാറിലെ വസതിയിലായിരുന്നു താമസം. ഭർത്താവിന്റെ മരണശേഷം അവർ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. 

ഇന്ത്യാ വിഭജനത്തിന്റെ നോവുകളെ ആസ്പദമാക്കി അവരെഴുതിയ 'സിക്കാ ബദൽ ഗയാ' എന്ന ചെറുകഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യനോവലായ 'ചന്നാ' അലഹാബാദിലെ ലീഡേഴ്‌സ് പ്രസ്സിൽ അച്ചടിച്ചപ്പോൾ തന്നെ  വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അവരുടെ പല പഞ്ചാബി ഫോക്ക് പ്രയോഗങ്ങളും സംസ്കൃത പദങ്ങൾ പകരം വെച്ച് എഡിറ്റ് ചെയ്തു എന്നാരോപിച്ച് അവർ അച്ചടിച്ച അത്രയും കോപ്പികൾ വിലക്കുവാങ്ങി കത്തിച്ചുകളഞ്ഞു. തുടർന്ന് ഹിന്ദിയിലെ പ്രശസ്ത പുസ്തകപ്രകാശന സ്ഥാപനമായ രാജ് കമൽ പ്രസാധൻ വഴി അത് 'സിന്ദഗിനാമാ' എന്നപേരിൽ പുറത്തിറങ്ങുകയും ഏറെ ജനപ്രിയമാവുകയുമുണ്ടായി. ഇതേപുസ്തകത്തിന്റെ പേരിൽ അവർ അമൃതാ പ്രീതത്തിനെതിരെയും ഒരു കേസ് ഫയൽ ചെയ്യുകയുണ്ടായി അമൃതാ പ്രീതം 1984 -ൽ പുറത്തിറക്കിയ 'ഹർദത്ത് കാ സിന്ദഗിനാമാ' എന്ന പുസ്തകത്തിന്റെ ശീർഷകത്തിന് സോബ്‌തിയുടെ പുസ്തകത്തിന്റെ പേരുമായുണ്ടായിരുന്ന സാമ്യമായിരുന്നു വിഷയം.  അമൃതാ പ്രീതം മരണമടഞ്ഞ് ആറുവർഷങ്ങൾക്കു ശേഷം ആ കേസിൽ സോബ്തിക്ക് അനുകൂലമായി വിധിവന്നിരുന്നു.  

1924 ഫെബ്രുവരി 18 -ന് ഇന്നത്തെ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രോവിന്സിലുള്ള ഗുജറാത്തിൽ ആയിരുന്നു അവരുടെ ജനനം. 1950 -ൽ എഴുതിയ 'ലാമ' എന്ന ഒരു ചെറുകഥയോടെയാണ് കൃഷ്ണ സോബ്തി സാഹിത്യരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.   66 -ൽ പുറത്തിറങ്ങിയ സ്ത്രീ സ്വാതന്ത്ര്യം കേന്ദ്രപ്രമേയമായിരുന്ന 'മിത്രോ മർജാനി' ആണ് സോബ്തിയുടെ ഏറ്റവും ജനപ്രിയമായ നോവൽ.  സൂരജ് മുഖി അന്ധേരെ കെ, ഡാർ സെ ബിച്ഛ്ഡി, ദിലോ ദാനിഷ്, ഏ ലഡ്കി, സമയ് സർഗം, ബാദലോം കെ ഘർ  എന്നിവയും അവരുടെ മുഖ്യ കൃതികളാണ്. സമ്പ്രദായികതയോടുള്ള എതിർപ്പും, തുറന്നുള്ള രചനാ ശൈലിയും അവരുടെ എഴുത്തിന്റെ സവിശേഷതകളായിരുന്നു. 

കൃഷ്ണാ സോബ്‌തിയുടെ മരണം ഹിന്ദി സാഹിത്യരംഗത്ത് നികത്താനാവാത്ത നഷ്ടമാണുണ്ടാക്കിയതെന്ന് സോബ്‌തിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. 

ഇന്നു വൈകുന്നേരം നാലുമണിക്ക്  ദില്ലി നിഗംബോധ് ഘാട്ട് വൈദ്യുതശ്മശാനത്തിൽ വെച്ച് സംസ്കാരം നടക്കും 

click me!