നിശ്ശബ്ദതയാണ് ഇവിടത്തെ ഭാഷ!

By Rini RaveendranFirst Published Jun 21, 2018, 2:42 PM IST
Highlights
  • അന്തര്‍മുഖരായവര്‍ക്കായി ഒരു രാജ്യമുണ്ട്
  • ആരോടും മിണ്ടാന്‍ ഇഷ്ടപ്പെടാത്തവരുടെ  ഒരു രാജ്യം! 

അയല്‍ക്കാരെ പോലും കാണാന്‍ ആഗ്രഹിക്കാത്ത മനുഷ്യര്‍. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നിറങ്ങുമ്പോള്‍, അയല്‍പക്കക്കാരെങ്ങാനും വഴിയിലുണ്ടായാല്‍ അവര്‍ പോകാനായി കാത്തുനില്‍ക്കും. വഴിയില്‍ ആരെയെങ്കിലും കാണുമോ എന്ന ഭയം കൊണ്ട് പുറത്തിറങ്ങാന്‍ പോലും മടിയാണ്. ആരോടും മിണ്ടണ്ട, ആരെയും കാണണ്ട. അവനവനിലേക്ക് മാത്രം സഞ്ചരിക്കുന്ന മനുഷ്യര്‍. അവരെയാണ് അന്തര്‍മുഖരെന്ന് (introvert)പറയുന്നത്. 

അന്തര്‍മുഖരായ മനുഷ്യര്‍ക്കായി ഒരു രാജ്യമുണ്ട്. അല്ലെങ്കില്‍ ആ രാജ്യത്തെ മനുഷ്യരെല്ലാം ആരോടും വലിയ മിണ്ടാട്ടത്തിനോ കുശലം പറച്ചിലിനോ താല്‍പര്യമില്ലാത്ത മനുഷ്യരാണ്. ഒരു കോമിക് പുസ്തകമുണ്ട്. അടുത്തിടെ നടന്ന ലണ്ടന്‍ പുസ്തകോത്സവത്തില്‍ ലാത്വിയന്‍ സാഹിത്യവിഭാഗത്തിലിറങ്ങിയ പുസ്തകമാണ്. അതിലെ പ്രധാന കഥാപാത്രം പുറത്തെ അന്തരീക്ഷം നോക്കി സമാധാനത്തോടെ പുഞ്ചിരിക്കുകയാണ്. കാരണം വേറൊന്നുമല്ല, ആരും പുറത്തിങ്ങാത്തത്ര തണുപ്പുള്ള കാലാവസ്ഥയാണ്. 'ഭാഗ്യം ഇത്രയും തണുപ്പായതുകൊണ്ട് സംസാരിക്കാന്‍ ആരെയും വഴിയില്‍ കാണില്ലല്ലോ'എന്നാണ്. അനറ്റ് കോണ്‍സ്റ്റേ എന്ന എഴുത്തുകാരിയാണ് എഴുതിയത്. അത്രയും അന്തര്‍മുഖരാണ് അവിടുത്തെ ജനങ്ങള്‍. ഒരുപക്ഷേ അതിനേക്കാളും... അവിടേക്ക് സഞ്ചരിച്ച കിസ്റ്റിയന്‍ റോ എഴുതുന്നത് അക്കാര്യമാണ്. ബിബിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കിസ്റ്റിയന്‍ റോ എഴുതിയ യാത്രാനുഭവത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.  

ലാത്വിയയുടെ തലസ്ഥാനമായ റിഗയിലേക്കായിരുന്നു ആദ്യത്തെ ദിവസം എന്റെ യാത്ര. മറ്റേത് യൂറോപ്യന്‍ രാജ്യത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ഈ രാജ്യം. കുറച്ച് വിനോദസഞ്ചാരികളുടെയും കുറച്ച് വാഹനങ്ങളുടേതുമല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കാനില്ല. കുറച്ച് ലാത്വിയന്‍ ആള്‍ക്കാര്‍ നടന്നുവരുന്നുണ്ട്. പക്ഷെ, ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. യാതൊരു ഒച്ചപ്പാടുമില്ലാതെ നിശബ്ദമായി നടക്കുകയാണവര്‍. ഇവരൊന്നും ഒരേ സ്ഥലത്ത് ജീവിക്കുന്ന മനുഷ്യരല്ലേ എന്നുപോലും ഞാന്‍ അന്തിച്ചുപോയി. 

ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ റിഗയില്‍ നിന്നും സിഗുഡയിലേക്കുള്ള ട്രെയിന്‍ കയറി. നേരത്തെ ഞാന്‍ ലാത്വിയയെ കുറിച്ച് കേട്ടതെല്ലാം സത്യമാണെന്ന് നേരില്‍ ബോധ്യപ്പെട്ടു. ട്രെയിന്‍യാത്രയില്‍ ഞാനും സുഹൃത്തും സിനിമാപേരൊക്കെ പറഞ്ഞ് കളിക്കുകയും  ഉച്ചത്തില്‍ സംസാരിക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ഒരാളു പോലും അതൊന്നും ശ്രദ്ധിക്കുന്നില്ല. ആരും പരസ്പരം മുഖത്തുപോലും നോക്കുന്നില്ല. ആ ട്രെയിനില്‍ ആകെ കേട്ട ശബ്ദം എന്റെയും, സുഹൃത്തിന്‍േറതും മാത്രമായിരുന്നു എന്ന് സാരം. 

എന്തുകൊണ്ട് 

എന്തുകൊണ്ടാണ് ലാത്വിയന്‍ ജനത ഇങ്ങനെയായത്? അതിന് വ്യക്തമായി, ഒറ്റവാക്കില്‍ ഉത്തരം പറയുക സാധ്യമല്ല. പക്ഷെ, ലാത്വിയന്‍ ജനതയെ കുറിച്ചുള്ള പഠനം പറയുന്നത് സര്‍ഗാത്മകതയും, ഈ മിണ്ടാതിരിക്കലും തമ്മില്‍ ബന്ധമുണ്ടെന്നാണ്. നേരത്തെ പറഞ്ഞ എഴുത്തുകാരി കോണ്‍സ്‌റ്റെ തന്റെ പുസ്തകത്തില്‍ ഇതിനെ കുറിച്ച് പറയുന്നുണ്ട്. എഴുത്തുകാര്‍, ചിത്രകാരന്മാര്‍, ശില്‍പികള്‍ തുടങ്ങിയവരിലാണ് ഈ അന്തര്‍മുഖത്വം കൂടുതലായി കാണുന്നതത്രെ. മനശാസ്ത്ര വിദഗ്ദര്‍ പറയുന്നത് ലാത്വിയന്‍ ജനതയ്ക്ക് തങ്ങളുടെ സ്വതം (self identity) കാത്തുസൂക്ഷിക്കുന്നതിന് ഈ സര്‍ഗാത്മകത ആവശ്യമാണെന്നാണ്. ലാത്വിയന്‍ സമൂഹം കലകള്‍ക്ക്  വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. സാമ്പത്തിക കാര്യമായാലും, വിദ്യാഭ്യാസമായാലും അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കലയ്ക്കും സര്‍ഗാത്മകതയ്ക്കുമാണ്. യൂറോപ്യന്‍ യൂണിയനിലെ, 'ക്രിയേറ്റീവ് ലേബര്‍ മാര്‍ക്കറ്റി'ല്‍ ഏറ്റവും കൂടുതല്‍ ഷെയറുള്ള രാജ്യം കൂടിയാണ് കൊച്ചു ലാത്വിയ. 

ലാത്വിയയിലെ ജനങ്ങള്‍ 'ഏകാന്തത' തിരഞ്ഞെടുക്കുന്നവരാണ്. അതായത് ഈ മിണ്ടാതിരിക്കലും ഒഴിഞ്ഞുമാറലുമൊക്കെ അവര്‍ സ്വയം തെരഞ്ഞെടുക്കുന്നതാണെന്ന് തന്നെ. അവരതിന് വേണ്ടി എന്തും ചെയ്യും. ഉദാഹരണത്തിന് വഴിയില്‍ കാണുന്ന അപരിചിതരോട് അവര്‍ ചിരിക്കുക പോലും ചെയ്യില്ല. ഇനിയെങ്ങാനും ചിരിച്ചു കഴിഞ്ഞാല്‍ മിണ്ടേണ്ടി വന്നാലോ!

ഫിലിപ് ബിസലിസ് എന്നയാള്‍ ലാത്വിയയിലെ ടൂര്‍ ഗൈഡ് ആണ്. 1994 -ലാണ് ഫിലിപ് ടൂര്‍ ഗൈഡായി റിഗയില്‍ എത്തുന്നത്. എത്തിയപ്പോള്‍ ഈ മനുഷ്യരുടെ വിധം കണ്ട് ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. ലാത്വിയയിലെ ജനങ്ങള്‍ എതിരെ വരുന്നവരെ കാണുമ്പോള്‍ സംസാരിക്കുന്നത് ഒഴിവാക്കാനായി അഞ്ചുപത്തുമിനിട്ട് മുമ്പ് തന്നെ വഴിമാറി നടക്കുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 

ലാത്വിയയിലെ സംഗീത-നൃത്താഘോഷം (song and dance festivel) പ്രശസ്തമാണ്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമായി പതിനായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. അഞ്ച് വര്‍ഷം കൂടുമ്പോഴാണ് ഈ ആഘോഷം നടക്കുക. ഇത്രയും പേര്‍ ഒന്നിക്കുന്ന പരിപാടി ലാത്വിയക്കാര്‍ എങ്ങനെ താങ്ങുന്നുവെന്ന് ആളുകള്‍ അതിശയിക്കാറുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കലല്ലേ എന്നാവും അവര്‍ സമാധാനിക്കുന്നതെന്നാണ് ചുറ്റുമുള്ളവര്‍ പറയുക. 

കോണ്‍സ്‌റ്റേ, തന്റെ രാജ്യത്തിലുള്ളവരെ കുറിച്ച് മറ്റൊരു തമാശ കൂടി പറഞ്ഞു. ഫ്‌ളാറ്റില്‍ നിന്നിറങ്ങുമ്പോള്‍ അയല്‍പക്കക്കാരെ ആരെയെങ്കിലും കണ്ടാല്‍ അവര്‍ കടന്നുപോവാന്‍ വേണ്ടി ഇവര്‍ കാത്തുനില്‍ക്കുമത്രേ. അവരെ അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണ് ഈ കാത്തുനില്‍പ്പ്.  പക്ഷെ, ഈ സ്വഭാവം കൊണ്ട് അവര്‍ വളരെ തണുപ്പന്‍ ആള്‍ക്കാരാണെന്ന് കരുതരുത്. ട്രെയിനില്‍വെച്ചാണ്, മാപ്പ് നോക്കി സ്ഥലം തപ്പിപ്പിടിക്കുന്നതിനിടയില്‍, ഞങ്ങളെ സഹായിക്കാമെന്ന് ട്രെയിനിലുണ്ടായിരുന്നവര്‍ പറഞ്ഞത്.  അതുവരെ മിണ്ടാതിരുന്നവരില്‍ നിന്നും സഹായവാഗ്ദാനം! ജസ്റ്റിന്‍ വെര്‍ണ, റിഗയില്‍ നിന്നുള്ള ഒരു ദ്വിഭാഷിയും, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമാണ്. അദ്ദേഹം പറയുന്നത്, 'ലാത്വിയയില്‍, സംസാരിച്ചിരിക്കുന്നത് ഒരു മോശം കാര്യമല്ല. പക്ഷെ, കൂടുതല്‍ സംസാരിച്ചിരിക്കുന്നത് കൂടുതല്‍ നിശ്ശബ്ദമാകുന്നതിനേക്കാള്‍ ആള്‍ക്കാരെ അസ്വസ്ഥരാക്കുമെന്നാണ്.'

ആദ്യമായി രാജ്യത്തെത്തുന്നവര്‍ക്ക് ഒരുപക്ഷെ, ലാത്വിയക്കാരുടെ ഈ സ്വഭാവം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. എന്നാല്‍, ലാത്വിയക്കാര്‍ മാത്രമല്ല സ്വീഡനിലെ ആള്‍ക്കാരും, ഇതിനേക്കാള്‍ അന്തര്‍മുഖരാണ് എന്നാണ് കോണ്‍സ്‌റ്റേയുടെ പക്ഷം. എവലീന ഒസോള, ലാത്വിയയിലെ ഒരു ശില്‍പിയും നഗരവല്‍ക്കരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നയാളുമാണ്. ഒസോള പറയുന്നത് എസ്‌റ്റോണിയക്കാരും ലാത്വിയക്കാരും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ലെന്നാണ്. അവരും നമ്മളെ പോലെ മിണ്ടാറില്ലല്ലോ എന്നാണ് ലാത്വിയന്‍സ് സ്വയം സമാധാനിക്കുന്നത്.

മനുഷ്യര്‍ തമ്മില്‍ പരസ്പരമുള്ള ഈ അകന്നുനില്‍ക്കലിന് വേറൊരു കാരണം കൂടിയുണ്ടെന്ന് പറയാറുണ്ട്. വളരെ ചെറിയ രാജ്യമാണ് ലാത്വിയ. കുറച്ച് ജനങ്ങളേയുള്ളൂ. പകുതി സ്ഥലവും കാടുകളാണ്. ആ രാജ്യത്ത് മറ്റുള്ളവരെ കാണാതിരിക്കാനുള്ള, മറ്റ് ജനങ്ങളില്‍ നിന്നും അകലം പാലിക്കാനുള്ള സാഹചര്യവും സൌകര്യവുമുണ്ട്. 

പ്രകൃതിയെ സ്‌നേഹിക്കുന്നവരാണിവര്‍.  ഒറ്റപ്പെട്ട, മരങ്ങള്‍ കൊണ്ട് സ്വയം പണിയുന്ന കുഞ്ഞുവീടാണ് ഇവരുടേത്. ഈ ഒറ്റപ്പെട്ട രീതിയിലുള്ള വാസവും ഇവര്‍ തനിച്ചുജീവിക്കാന്‍ ഇഷ്ടപ്പെടുന്നതിന് കാരണമാകാം. അവനവന്റെ കാര്യങ്ങളെല്ലാം അവനവന്‍ ചെയ്യുക എക്കാലത്തും ലാത്വിയന്‍ സംസ്‌കാരത്തിന്റെ മുഖമുദ്രയായിരുന്നു. അതുപോലെ, പകല്‍ സമയങ്ങളില്‍ കഫേകളില്‍ കണ്ടുമുട്ടുക, ചുറ്റിക്കറങ്ങുക തുടങ്ങിയ പതിവൊന്നും ഇവര്‍ക്കില്ല. 

നേരത്തെയുള്ള ഒറ്റമുറി വീടുകളില്‍ നിന്നുമാറി ചെറിയ ചെറിയ ഫ്‌ളാറ്റുകളിലാണ് ഇപ്പോള്‍ ലാത്വിയക്കാര്‍ താമസിക്കുന്നത്. അപാര്‍ട്‌മെന്റ് കെട്ടിടങ്ങളിലാണ് ഇപ്പോള്‍ മൂന്നില്‍ രണ്ടുപേരും. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി നടത്തിയ സര്‍വേ പക്ഷെ, പറയുന്നത് മൂന്നില്‍ രണ്ട് പേരും ആഗ്രഹിക്കുന്നത് ബഹളമൊന്നുമില്ലാതെ എവിടെയെങ്കിലും ഒറ്റയ്ക്ക് ഒരു വീടുവച്ച് താമസിക്കാനാണ് എന്നാണ്. ഇത് അവനവന്റെ ഇടം കണ്ടെത്താനുള്ള ലാത്വിയയിലെ ജനങ്ങളുടെ ഇഷ്ടമാണ് കാണിക്കുന്നത്. 'സ്വകാര്യ ഇടം' അവര്‍ക്ക് അത്രമാത്രം പ്രാധാന്യമാണ്.

എന്നാല്‍ ഈ അന്തര്‍മുഖത്വവും മിണ്ടാട്ടയില്ലായ്മയും തണുപ്പന്‍ മട്ടും മാത്രമാണോ ലാത്വിയ?

ഒരിക്കലുമല്ല. 

അവരുടെ സ്‌നേഹവും സൗഹൃദവുമെല്ലാം മറ്റേത് രാജ്യക്കാരുടേതിനേക്കാളും ആഴം കൂടിയതാണെന്നാണ് കോണ്‍സ്‌റ്റേ പറയുന്നത്. അതിഥികളും ആദ്യമായി വരുന്നവരും ലാത്വിയയിലെ ഈ നിശ്ശബ്ദത കണ്ട് ഭയക്കരുത്. ലാത്വിയക്കാര്‍  എന്താണെന്നറിഞ്ഞു കഴിഞ്ഞാല്‍, അവരുമായി ചങ്ങാത്തത്തിലായിക്കഴിഞ്ഞാല്‍ അവരെ കുറിച്ചുള്ള ചിന്താഗതിയെല്ലാം മാറും. 

ലാത്വിയയിലെ ജനങ്ങള്‍ ഒട്ടും നാടകിയതയില്ലാത്തവരാണ്. ഉള്ളതേ പ്രകടിപ്പിക്കൂ. എല്ലാം തുറന്നു പറയും. എല്ലാവരോടും നിങ്ങളെ ഇഷ്ടമായി എന്ന് ലാത്വിയയിലെ ജനങ്ങള്‍ പറയാറില്ല. പക്ഷെ, ഒരു തവണ 'നിങ്ങളെന്റെ സുഹൃത്താണെ'ന്ന് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ അതിന് ഒറ്റ അര്‍ത്ഥമേയുള്ളൂ നിങ്ങളെന്റെ സുഹൃത്താണെന്ന്. അത് നൂറുശതമാനം ശരിയുമായിരിക്കും. 

Courtesy: BBC
 

tags
click me!