വിശക്കുന്നവര്‍ക്ക് അന്നം നല്‍കാന്‍ ഉള്ളതെല്ലാം വില്‍ക്കാന്‍ തയ്യാറായ 'ലങ്കാര്‍ ബാബ'

By Web TeamFirst Published Feb 12, 2020, 3:15 PM IST
Highlights

21 -ാം വയസ്സിൽ കുടുംബവുമായുള്ള വഴക്കിനെ തുടർന്ന് അദ്ദേഹം ചണ്ഡിഗഢിലേക്ക് മാറി. അവിടെ  അദ്ദേഹം പഴങ്ങൾ കച്ചവടം ചെയ്യാൻ തുടങ്ങി. വെറും 15 രൂപയ്ക്ക് തുടങ്ങിയ അദ്ദേഹത്തിൻ്റെ കച്ചവടം  കോടിക്കണക്കിന് രൂപയുടെ സംരംഭമായി മാറി.

ചണ്ഡീഗഢിലെ പ്രീമിയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിൽ ചെന്നാൽ 85 വയസ്സുള്ള ഒരു വയോധികനെ കാണാം. തീരെ അവശനായ അദ്ദേഹം ആ വയ്യായ്‍മക്കിടയിലും പാവപ്പെട്ട രോഗികൾക്കും, അവരുടെ പരിചാരകർക്കും ഭക്ഷണം നൽകുകയാണ്. അതാണ്, ജഗദീഷ് ലാൽ അഹൂജ. പാവപ്പെട്ടവരുടെയും, അവശരുടെയും വിശപ്പകറ്റാൻ, കഴിഞ്ഞ 30 -ലേറെ വർഷങ്ങളായി സ്വന്തം സ്വത്തും ജീവിതവും മാറ്റിവച്ച ആളുകളുടെ പ്രിയപ്പെട്ട ലങ്കാര്‍ ബാബ. അദ്ദേഹത്തിൻ്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് ഈ വർഷം രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‍കാരം നൽകി ആദരിക്കുകയുമുണ്ടായി.  

പക്ഷേ, അംഗീകാരങ്ങളിലൊന്നും അഹങ്കരിക്കുന്ന മനുഷ്യനായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതാനുഭവവും അത് നൽകിയ തിരിച്ചറിവുമാണ് അതിന് കാരണം. ചെറുപ്പം മുതലേ കഷ്ടപ്പാടുകളും, പ്രാരാബ്‌ധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഷ്ടപ്പാട് സ്വയം അനുഭവിച്ച ഒരാൾക്ക് മാത്രമേ മറ്റൊരാളുടെ ദുരിതം മനസ്സിലാക്കാൻ സാധിക്കൂ എന്ന് പറയും. അഹൂജ അതിനൊരു ഉത്തമോദാഹരണമാണ്. “എൻ്റെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്. എനിക്ക് അത് വിവരിക്കാൻ കഴിയില്ല...” അഹൂജ വികാരാധീനനായി പറയുന്നു. 1947 -ൽ പാകിസ്ഥാനിലെ പെഷവാറിൽ ജനിച്ച 12 വയസ്സുള്ള ഒരു ആൺകുട്ടി വിഭജനവേളയിൽ ഇന്ത്യയിലേക്ക് വന്നു. ആ വിഭജനം സ്വന്തം ജന്മനാട് മാത്രമല്ല അവനിൽ നിന്ന് പറിച്ചെറിഞ്ഞത്, മറിച്ച് സന്തോഷകരമായ ഒരു ബാല്യകാലം കൂടിയാണ്. 

ഒരു നീണ്ട ഇടവേളയ്ക്കുശേഷം അദ്ദേഹം പറഞ്ഞുതുടങ്ങി. "പെഷവാറിൽ നിന്ന് വരുമ്പോൾ എനിക്ക് 12 വയസ്സായിരുന്നു. ഞങ്ങൾ പട്യാല ബേസ് ക്യാമ്പിലാണ് ആദ്യം എത്തിയത്. അവിടെ നിന്ന് അമൃത്സറിലെ ക്യാമ്പുകളിലേക്ക് ഞങ്ങളെ മാറ്റി. കുറച്ച് മാസങ്ങൾ അവിടെ താമസിച്ച് ഞാൻ പട്യാലയിലേക്ക് മാറി” അദ്ദേഹം പറഞ്ഞു.

അച്ഛന് ജോലി ഇല്ലായിരുന്നു. അമ്മ വീട്ടമ്മയായിരുന്നു. “എല്ലാ ദിവസവും ഞാൻ മൂന്ന് മൈൽ നടന്ന് പയർ വറുത്തത് വാങ്ങി സ്റ്റേഷനുകളിൽ കൊണ്ടുപോയി ഒരു രൂപയ്ക്ക് വിറ്റിരുന്നു. ദിവസേന രണ്ട് പ്രാവശ്യം ഞാൻ ഇങ്ങനെ നടന്നു. വൈകിട്ട് തിരിച്ചു വരുമ്പോഴേക്കും കാലുകളിൽ നിറയെ പൊള്ളിയപോലെ പാടുകളായിരുന്നു. വേദനകൊണ്ട് ഞാൻ പുളയും. പക്ഷേ, എനിക്ക് പണമാവശ്യമായിരുന്നു. ദിവസങ്ങളോളം ആ വേദന സഹിച്ചുതന്നെ ഞാൻ ജോലിയ്ക്ക് പോകുമായിരുന്നു. കാരണം വിശക്കുന്ന വയറുകൾക്ക് ഞാൻ മാത്രമായിരുന്നു ഒരാശ്രയം” അദ്ദേഹം പറയുന്നു. 

"പെഷവാറിലെ സ്‍കൂളില്‍ ഞാൻ പോയിട്ടില്ല. പഠിച്ചാൽ അച്ഛൻ എന്നെ തല്ലും, പഠിച്ചില്ലെങ്കിൽ അധ്യാപകർ എന്നെ തല്ലും. എൻ്റെ ബാല്യം ഓർക്കുമ്പോൾ തന്നെ എനിക്ക് ഭയം തോന്നും” അദ്ദേഹം പറയുന്നു. അമൃത്സറിലെ സ്റ്റേഷനുകളിൽ പയർ വറുത്തത് വിൽക്കുന്നതു മുതൽ പട്യാലയിലെ തെരുവുകളിൽ ട്രോഫികൾ, പഴങ്ങൾ എന്നിവ വിൽക്കുന്നതുവരെ അഹൂജ പല ജോലികളും ചെയ്‍ത് ജീവിതം തള്ളിനീക്കി. 

21 -ാം വയസ്സിൽ കുടുംബവുമായുള്ള വഴക്കിനെ തുടർന്ന് അദ്ദേഹം ചണ്ഡിഗഢിലേക്ക് മാറി. അവിടെ  അദ്ദേഹം പഴങ്ങൾ കച്ചവടം ചെയ്യാൻ തുടങ്ങി. വെറും 15 രൂപയ്ക്ക് തുടങ്ങിയ അദ്ദേഹത്തിൻ്റെ കച്ചവടം  കോടിക്കണക്കിന് രൂപയുടെ സംരംഭമായി മാറി. വാഴപ്പഴം വിൽക്കുന്ന കച്ചവടം അദ്ദേഹത്തിനുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ പലപ്പോഴും “വാഴപ്പഴ രാജാവ്” എന്നാണ് വിളിച്ചിരുന്നത്. 1965-66 -ലാണ് അദ്ദേഹം 4,000 രൂപയ്ക്ക് ആദ്യമായി ഒരു ഭൂമി വാങ്ങുന്നത്. എന്നാൽ, പിന്നീട് സേവനപാതയിലേക്ക് തിരിഞ്ഞപ്പോൾ അദ്ദേഹത്തിന് അത് വിൽക്കേണ്ടിവന്നു. വർഷങ്ങളായി അദ്ദേഹം ആളുകൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരികയാണ്. അദ്ദേഹത്തിന്റെ സേവനങ്ങൾ കണ്ട് ആളുകൾ താമസിയാതെ അദ്ദേഹത്തെ  ‘ലങ്കാര്‍ വാലെ ബാബ’ എന്ന് വിളിക്കാൻ തുടങ്ങി. 

ഈ സംരംഭം എങ്ങനെ ആരംഭിച്ചു എന്നതിനെക്കുറിച്ച് അഹൂജ പറയുന്നതിങ്ങനെയാണ്, “അന്ന് എൻ്റെ  മകൻ്റെ എട്ടാം ജന്മദിനമായിരുന്നു. സമൂഹത്തിന് എന്തെങ്കിലും നൽകാൻ ഞാൻ ആഗ്രഹിച്ചു. അതിനായി, കുട്ടികൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാൻ തീരുമാനിച്ചു. ഞങ്ങൾ 150 കുട്ടികൾക്കാണ് അന്ന് ഭക്ഷണം ഉണ്ടാക്കിയത്. അന്ന് കുട്ടികളുടെ മുഖത്ത് കണ്ട സന്തോഷം, എൻ്റെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി. അന്ന് ഞാന്‍ തീരുമാനിച്ചു. വിശക്കുന്ന മനുഷ്യര്‍ക്ക് എന്നാലാവുംപോലെ അന്നം നല്‍കണമെന്ന്." 

അതിനുശേഷം ഇത്രവും വർഷമായി അദ്ദേഹം ഇത് ഒരു ദിവസം പോലും മുടക്കിയിട്ടില്ല. ഇതിനാവശ്യമുള്ള  പണം കണ്ടെത്താൻ സ്വയം അധ്വാനിച്ച് സമ്പാദിച്ച കോടിക്കണക്കിന് രൂപ വിലയുള്ള കൃഷിസ്ഥലങ്ങൾ, ഷോറൂമുകൾ, റെസിഡൻഷ്യൽ പ്ലോട്ടുകൾ എന്നിവ ഉൾപ്പെടെ നിരവധി വസ്‍തുവകകൾ അദ്ദേഹം വിറ്റു. ഭക്ഷണത്തിന് പുറമെ, രോഗികൾക്ക് പുതപ്പ്, വസ്ത്രങ്ങൾ എന്നിവയ്ക്കുള്ള സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള മറ്റ് സഹായങ്ങളും അദ്ദേഹം നൽകുന്നു.

വയറ്റിൽ ക്യാൻസർ ബാധിച്ച് തീരെ അവശനാണ് ഇപ്പോൾ അദ്ദേഹം. എന്നിട്ടുപോലും തൻ്റെ പതിവ് മുടക്കാൻ അദ്ദേഹം തയ്യാറല്ല. എത്ര വയ്യെങ്കിലും അദ്ദേഹം എല്ലാ ദിവസവും ഹെൽത്ത് ഇൻസ്റ്റിറ്റിയൂട്ടിൻ്റെ മുന്നിൽ എത്തും തന്നെ കാത്തിരിക്കുന്ന ആളുകൾക്ക് വേണ്ടി... വിശക്കുന്നവർക്ക് ആഹാരം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏക ലക്ഷ്യം. പറ്റുന്നകാലം വരെ അത് തുടർന്നുകൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. 

click me!