അമ്മ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുണ്ട്!

By Web TeamFirst Published Dec 6, 2016, 7:12 AM IST
Highlights

ചെന്നൈ ഒരു വറചട്ടിയാണ്. പ്രേം നസീറാവാന്‍ തുനിഞ്ഞിറങ്ങിയ തരുണന്മാരും ഷീലയാവാന്‍ കൊതിച്ചിറങ്ങിയ തരുണികളും യേശുദാസാവാനിറങ്ങുന്നു വെള്ളജൂബ്ബക്കാരും ഗതികെട്ടു  ചായക്കട തുടങ്ങിയ വറചട്ടി. പക്ഷെ കാക്കക്കാലിന്റെ നിഴല് പോലുമില്ലാത്ത കത്തിരിവേനലെരിയുമ്പോഴും ഏതു തെരുവുതെണ്ടിക്കും എടുത്തു കുടിക്കാന്‍ പാകത്തിനു ഒരു കുടം വെള്ളവും ഒരു കപ്പും ഏതു കടയുടെയും മുന്നില്‍ കാണും.  ഒരു പക്ഷെ ഇപ്പോള്‍ പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമെന്നു തോന്നിയേക്കാവുന്ന ദശകങ്ങളില്‍ രാവിലെ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും എത്തുന്ന വണ്ടികളും കാത്തു കങ്കാണികള്‍ കാളവണ്ടിയില്‍ കാത്തു നില്‍ക്കുമായിരുന്നു. എല്ലുമുറിയെ ജോലി. വയറു നികത്താനും മാത്രം പണം. അതൊരു മായാലോകമായിരുന്നു. പ്രേംനസീറോ ഷീലയോ യേശുദാസോ ആവാത്തവരെല്ലാം ചായക്കടക്കാരോ ചെറുകിട കച്ചവടക്കാരോ തൊഴിലാളികളോ ആയി പശിയടക്കി. 

ജയലളിതയ്ക്കു മുമ്പ്, വിപണിയിലെ അരിച്ചാക്കില്‍ നിന്നും തെരുവോരത്തെ ചാച്ചിറക്കുകളിലെ അല്ലെങ്കില്‍ വിദൂര കുഗ്രാമങ്ങളിലെ കൂരകളിലെ തിളകലങ്ങളിലേക്ക് അരിയെത്തണമെങ്കില്‍ ഒരുപാടു ദുരമുണ്ടായിരുന്നു.

തമിഴകം എന്നും വരത്തന്മാരുടെയായിരുന്നു. പാലക്കാടു നിന്നും ശ്രീലങ്ക വഴി മദിരാശിയിലെത്തിയ എംജിആര്‍. ആന്ധ്ര പൊക്കിള്‍ കൊടി ബന്ധമുളള കരുണാനിധി. ഇടക്കാലത്തു കുറച്ചു ദിവസം മാത്രം ഭരിച്ച ജാനകി രാമചന്ദ്രനും മലയാളിയായിരുന്നു.  മറാത്തയില്‍ നിന്നും രജനി. കൊട്ടാരം ഡോക്ടറായ മുത്തച്ഛന്റെ സ്വത്ത് അടുത്ത തലമുറയില്‍ കൈമോശം വന്നതോടെ ഒരു ജീവിതം തേടി ചെന്നൈയിലെത്തിയ കുടുംബത്തിലെ കൊച്ചു പെണ്‍കുട്ടി പിന്നീട് നഗരത്തിനും സംസ്ഥാനത്തിനും അമ്മയായി. അഭിനയത്തിരക്കുകളില്‍ നിന്നും ഇടയ്‌ക്കൊക്കെ വരുന്ന അമ്മ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ കൂടെ കാണാന്‍ സാരിത്തുമ്പ് സ്വന്തം കൈയ്യില്‍ കെട്ടിയിട്ടു കിടന്നുറങ്ങിയിരുന്ന കുട്ടി, പ്രായ ഭേദമില്ലാതെ മക്കള്‍ക്ക് അമ്മഭാവത്തിന്റെ പൂര്‍ണ്ണതയായി.  മൈസൂര്‍ വേരുകളുളള ജയലളിത സെന്റ്.ജോര്‍ജ്ജിലിരുന്നു വാണു. 

ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി അമ്മത്തൊട്ടില്‍

ജയലളിതയ്ക്കു മുമ്പ്
വൈകാരികതകള്‍ക്കപ്പുറം എന്തായിരുന്നു ജയലളിതയുടെ ഈടുവെപ്പ്. ആരായിരുന്നു ജയലളിത? പഠിച്ചിരുന്ന കോണ്‍വെന്റ് സ്‌കൂളിലെ ഏറ്റവും മിടുക്കിയായ പുസ്തകപ്പുഴുവായ സ്വപ്നം കാണുന്ന കുട്ടി? അതോ ഇന്നലെ യാത്രയായ കൃതഹസ്തയായ ഭരണാധികാരി? സ്വപ്നം കാണുന്ന കുട്ടിക്ക് സാമൂഹികമായ പ്രസക്തികളില്ലെങ്കിലും ആ കുട്ടിയാണ് ജയലളിത എന്ന ഭരണാധികാരിയെ നിര്‍വചിച്ചത്. ഏകാധിപത്യ ഛായകളില്‍ പോലും ഒളിഞ്ഞിരുന്ന ഒരു കുട്ടിത്തം. മറ്റു മുഖ്യമന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ജയലളിതയെ വ്യത്യസ്തമാക്കുന്നതെന്താണ്? വിഷനറി എന്നതിന്റെ മലയാളപദമായിരുന്നു അമ്മ. ഗരീബി ഖഡാവോ പോലുളള മുദ്രാവാക്യ ഗിമ്മിക്കുകള്‍ക്കപ്പുറത്തേക്ക് പാവങ്ങളെ മനസ്സിലാക്കിയത്, അവരുടെ ജീവിതത്തെ തൊട്ടത് മാറ്റിമറിച്ചത്  ബുളളറ്റ് പ്രൂഫ് വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങില്ലെന്നു ശത്രുക്കളാരോപിക്കുന്ന ജയലളിതയായിരുന്നു. പാവപ്പെട്ടവരുടെ സ്വയം അവരോധിക്കപ്പെട്ട അമ്മ. 

ജയലളിതയ്ക്കു മുമ്പ്, വിപണിയിലെ അരിച്ചാക്കില്‍ നിന്നും തെരുവോരത്തെ ചാച്ചിറക്കുകളിലെ അല്ലെങ്കില്‍ വിദൂര കുഗ്രാമങ്ങളിലെ കൂരകളിലെ തിളകലങ്ങളിലേക്ക് അരിയെത്തണമെങ്കില്‍ ഒരുപാടു ദുരമുണ്ടായിരുന്നു.  ഒരു നേരത്തെ ഭക്ഷണത്തിനും അരിക്കും വേണ്ടിയുളള പാവങ്ങളുടെ അലച്ചിലിനും യാതനയ്ക്കും തിളപ്പുകളേറെയായിരുന്നു. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു ജീവിതത്തിന്റെ കത്തിരിവേനലിലെരിഞ്ഞ അമ്മമാരെയാണ് ജയലളിത തുണച്ചത്. മധ്യവര്‍ത്തിത്തത്തിന്റെ സുഖങ്ങളില്‍ അവനവനെ മാത്രം കാണുമ്പോള്‍ വരുന്ന പുച്ഛമില്ലാതെയാവണമെങ്കില്‍ വയറ്റില്‍ വിശപ്പിന്റെ വേനലെരിയണം. ഒരു രൂപയ്ക്കും സൗജന്യമായും അരി നല്കിയ മാസ്റ്റര്‍ സ്‌ട്രോക്ക്. അത് സമൂഹത്തിലും ജീവിതത്തിലും വരുത്തിയ വ്യത്യാസങ്ങള്‍ അതാണ് ജയലളിതയെ വിഷനറിയാക്കുന്നത്. പാവപ്പെട്ടവന്റെ വിശപ്പന്തരിച്ചപ്പോള്‍ അവന്റെ അഭിമാന സ്വത്വബോധങ്ങളുണര്‍ന്നു. വിശപ്പു മാറിയ ഏഴ ഉയിരു കൊടുത്ത് അമ്മയെ സ്‌നേഹിച്ചു.

ജയലളിത വലുതായി ചിന്തിച്ചു. വലിയ സ്വപ്നങ്ങള്‍ കണ്ടു. ഏഷ്യയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്, ഏറ്റവും വലിയ പച്ചക്കറിച്ചന്ത, ഏറ്റവും വലിയ ആശുപത്രി. പട്ടികയേറെയാണ്.

പുറംമോടികളിലലിയുന്നവന് തമിഴനെ, ദ്രാവിഡ സംസ്‌കാരത്തെ, അവന്റെ മര്യാദയെ മനസ്സിലാവില്ല. ചാതുര്‍വര്‍ണ്ണ്യത്തിന്റെ നൂറ്റാണ്ടുകള്‍ക്കു ശേഷവും തമിഴ്‌ന് സ്ത്രീ തായാണ്. കുറച്ചുകാലം മുമ്പ വരെയെങ്കിലും കുടുംബയൂണിറ്റുകളിലെ അവസാന വാക്ക് അമ്മയായിരുന്നു. കൊട്ടാരത്തിലാണെങ്കിലും തെരുവിലാണെങ്കിലും.    മലയാളി 'അമ്മേ' എന്നു വിളിക്കുന്നതു പോലെയല്ല തമിഴന്റെ 'അമ്മ' എന്ന വിളി. എല്ലാ കടലിരമ്പങ്ങളും സന്തോഷിക്കുമ്പോഴും വേദനിക്കുമ്പോഴും ഉയരുന്ന ആ രണ്ടക്ഷരത്തിലുണ്ട്.   കൃത്യമായി ജയലളിത വിരല്‍ നീട്ടിത്തൊട്ടത് തമിഴന്റെ 'തായ' എന്ന വികാരത്തിലാണ്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നാളിതു വരെ ഒരു രാഷ്ട്രീയ നേതാവും തൊടാത്ത അത്ര ആഴത്തില്‍. ആ സ്പര്‍ശത്തിന്റെ ആഴമാണ് ഓരോ അനുസ്മരണ പ്രൊഫൈലുകളിലും സഹായമായും സൈക്കിളായും കമ്പ്യൂട്ടറായും ഒരു പക്ഷെ ക്ലീഷെ ആയിപ്പോലും വാഴ്ത്തുക്കളായി ആവര്‍ത്തിക്കുന്നത്. ജയലളിത ശ്രദ്ധ കേന്ദ്രീകരിച്ചത് സ്ത്രീകളിലായിരുന്നു. തമിഴ് തായ് സങ്കല്പത്തെ ഫലപ്രദമായുപയോഗിച്ച്. സ്ത്രീയെ തൊടുന്നത് കുടുംബത്തെയും സമൂഹത്തെയും തൊടുന്നതാണെന്ന് മറ്റാരേക്കാളും നന്നായി ജയലളിതയ്ക്കറിയാമായിരുന്നു.

പെണ്‍കുട്ടികള്‍ക്കായി സൗജന്യ സൈക്കിളുകള്‍​

ജയലളിതയ്ക്കു ശേഷം
കടബാധ്യതയിലെഴുതിത്തള്ളുന്ന പുരോഗമനമല്ലായിരുന്നു. ജയലളിതയുടേത്. ആദ്യം മദ്യവില്‍പന സംസ്ഥാനസാല്‍ക്കരിച്ചു. നമ്മുടെ ബിവറേജസിന്റെ തമിഴ് രൂപം ടാസ്മാക്ക്. മദ്യം വിറ്റു കിട്ടുന്ന ലാഭം കൊണ്ട് ജനപ്രിയ പദ്ധതികളിറക്കി ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നുവെന്നു ശത്രുക്കളാരോപിക്കും. പക്ഷെ ആരോപണം വെറും ഭാവന മാത്രമാണ്. അസ്പര്‍ശ്യം.  അരി ഭൗതിക യാത്ഥാര്‍ത്ഥ്യവും. സ്പര്‍ശ്യം. ജയലളിത വലുതായി ചിന്തിച്ചു. വലിയ സ്വപ്നങ്ങള്‍ കണ്ടു. ഏഷ്യയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്, ഏറ്റവും വലിയ പച്ചക്കറിച്ചന്ത, ഏറ്റവും വലിയ ആശുപത്രി. പട്ടികയേറെയാണ്. അവരുടെ സ്വപ്നങ്ങള്‍ പോലും വലുതായിരുന്നു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യങ്ങളാക്കാനുളള നിശ്ചയ ധാര്‍ഢ്യവും. ഒപ്പം തികഞ്ഞ യാഥാര്‍ത്ഥ്യബോധവും.

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഒരുപാടു ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതാണ്. ഭരണഘടന നല്‍കുന്ന സമത്വം എന്ന സങ്കല്‍പം പോലും ഇനിയും ഉള്‍ക്കൊള്ളാനാവാത്ത വിധം കുഴമറിഞ്ഞ സമൂഹികക്രമങ്ങള്‍ മാത്രമല്ല കൊളോണിയലിസ്സത്തിന്റെ ശിഷ്ടം തെളിഞ്ഞു നില്ക്കുന്ന ബ്യൂറോക്രസി നടപടിക്രമങ്ങളും പൊതുജനം മാത്രമല്ല ഭരണാധികാരികളും നേരിടുന്ന പ്രശ്‌നമാണ്.. ഒരു രൂപയുടെ അരിയുടെ ഉത്തരവ് ടൈപ്പ് ചെയ്യാന്‍ ഇപ്പോഴത്തെ ടൈപ്പ് റൈട്ടര്‍ റിബ്ബണ്‍ തെളിയുന്നില്ല, അടുത്ത റിബണിഷ്യൂ വന്നിട്ടു ടൈപ്പ് ചെയ്യാമെന്ന ചേലുക്ക് ഉടക്കുകളും ചെറുത്തുനില്പുകളും നിറഞ്ഞതാണ് ഭരണവ്യവസ്ഥ. നിയമങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ആചാരക്രമങ്ങളുടെയും സങ്കീര്‍ണ്ണതകളിലെത്തുമ്പോള്‍ പലപ്പോഴും വലിയ ജനപ്രിയ നേതാക്കളും വിപ്ലവകാരികളുമൊക്കെ ബ്യൂറോക്രസിയുടെ മുന്നില്‍ വന്‍പരാജയമാകും. ചിലരൊക്കെ ദുരന്തങ്ങളും. ബ്യൂറോക്രസി എന്ന മേല്‍ക്കോയ്മ ക്രമത്തിനു മനസ്സിലാവുന്ന ഒരു ഭാഷയേ ഉള്ളൂ. അത് അധികാരത്തിന്റെ ഭാഷയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു സമരമേ പൊളിഞ്ഞിട്ടുളളൂ. അത് ജയലളിതയോടു ചെയ്ത സമരമാണ്. കൃത്യമായോര്‍മ്മയില്ല. മൂന്നാം നാളോ നാലാം നാളോ ചുവപ്പുനാടക്കെട്ടുകളിലെ കൊടുങ്കാറ്റൊടുങ്ങി മന്നിപ്പു കേട്ട് സര്‍ക്കാര്‍ വിപ്ലവകാരികള്‍ തിരിച്ചു ജോലിക്കു കയറി. ഏഴകളോടും അമ്മമാരോടും മാത്രമല്ല വളരെ കൃത്യമായും കണിശമായും ചിലപ്പോള്‍ ക്രൂരമായി പോലും ബ്യൂറോക്രസിയോടു സംസാരിക്കാന്‍ ജയലളിതയ്ക്കറിയാമായിരുന്നു.

ഞാന്‍ ഒരു സെല്‍ഫ്‌മേഡ് സ്ത്രീയാണ്. എനിക്കാരും ഒന്നും സ്വര്‍ണ്ണത്തളികയില്‍ വെച്ചു നീട്ടിയിട്ടില്ല.'

ബ്യൂറോക്രസിയോടു മാത്രമല്ല. പത്രക്കാരോടും രാഷ്ട്രീയ എതിരാളികളോടും എല്ലാവരോടും. സെന്‍സേഷണല്‍ പ്രോവോക്കേഷനു തുനിഞ്ഞിറങ്ങിയ കരണ്‍ ഥാപ്പര്‍ കൊട്ടക്കണക്കിനല്ല, കണ്ടെയിനര്‍ കണക്കിനാണ് വാങ്ങിക്കൂട്ടിയത്. ബിബിസി തമിഴില്‍ ലഭ്യമായ അഭിമുഖത്തിന്റെ ട്രാന്‌സ്‌ക്രിപ്റ്റില്‍ ജയലളിത ഒരു കാര്യം കൂടെ പറയുന്നുണ്ട്. '' നിങ്ങളെന്നെ ഒരു വാചകമെങ്കിലും പൂര്‍ത്തീകരിക്കാന്‍ അനുവദിക്കുമെങ്കില്‍,  എനിക്ക് ഏഷ്യയിലെ മറ്റു സ്ത്രീ നേതാക്കളെ പോലെ ഒരു രാഷ്ട്രീയ പശ്ചാത്തലമില്ല. ഇന്ദിരാഗാന്ധി നെഹ്രു കുടുംബത്തിലാണ് ജനിച്ചത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ മകളായിരുന്നു. സിരിമാവോ ബന്ദാരനായകേ ബന്ദാരനായകേയുടെ ഭാര്യയായിരുന്നു. ബേനസീര്‍ ഭൂട്ടോ ഭൂട്ടോയുടെ മകളും. ഖാലിദ സിയ സിയാവുര്‍ റഹ്മാന്റെ വിധവയും. ഷേക്ക് ഹസീന മുജീബുര്‍ റഹ്മാന്റെ മകളും. എനിക്കത്തരം പശ്ചാത്തലങ്ങളൊന്നുമില്ല. ഞാന് ഒരു സെല്‍ഫ്‌മേഡ് സ്ത്രീയാണ്. എനിക്കാരും ഒന്നും സ്വര്‍ണ്ണത്തളികയില്‍ വെച്ചു നീട്ടിയിട്ടില്ല.'

മൂന്നു നേരം ഭക്ഷണം നല്‍കുന്ന അമ്മ കാന്റീന്‍

തലൈവി വാഴ്ക!
അതെ. അതാണ് സത്യം. പോരാടി നേടിയതാണ് ജയലളിതയിലെ ജയം. അഭിഭാഷകയാവാനുളള മോഹം മാറ്റിവെച്ച് സിനിമാനടിയായതു മുതല്‍ എംജീആറിന്റെ ശവഘോഷയാത്രയിലെ വണ്ടിയില്‍ നിന്നും പുറത്തേക്കെറിയപ്പെട്ടതു മുതല്‍ ഓരോ ഇഞ്ചും പോരാടി വിജയിച്ചതാണ്. സമാനതകളില്ലാത്ത യുദ്ധങ്ങളും വിജയങ്ങളും. തമിഴ് രാഷ്ട്രീയവും ജീവിതവും ജയലളിതയ്ക്കു മുമ്പും പിമ്പും വ്യത്യസ്തമായിരുന്നു. നേരത്തെ പറഞ്ഞ അഭിമുഖത്തിലൊന്നു കൂടി എടുത്തു പറയുന്നുണ്ടവര്‍. പട്ടിണി മരണങ്ങളില്ലാതായതിനെക്കുറിച്ച്. രണ്ടായിരത്തി നാലിലോ മറ്റോ നടന്ന അഭിമുഖത്തിനു ശേഷം ഇന്നലെ വരെയും ഏറ്റവും അടിസ്ഥാന പ്രശ്‌നത്തെ അംഗീകരിച്ച, നേരിട്ട, ഒരു പരിധി വരെ പരിഹരിച്ച രാഷ്ട്രീയക്കാരിയും ഭരണാധികാരിയുമായിരുന്നു ജയലളിത.

അഭിഭാഷകയാവാനുളള മോഹം മാറ്റിവെച്ച് സിനിമാനടിയായതു മുതല്‍ എംജീആറിന്റെ ശവഘോഷയാത്രയിലെ വണ്ടിയില്‍ നിന്നും പുറത്തേക്കെറിയപ്പെട്ടതു മുതല്‍ ഓരോ ഇഞ്ചും പോരാടി വിജയിച്ചതാണ്.

വീണ്ടും ആദ്യ ഖണ്ഡികയയിലേക്ക്. ചെന്നൈ ഇന്നും പഴയ ചെന്നൈ തന്നെയാണ്. എല്ലാ ചായക്കടകളുടെയും ഹോട്ടലുകളുടെയും മുന്നില്‍ വഴിയാത്രക്കാരെ കാത്ത് ഒരു കലം വെള്ളം കാണും. കൈയൂന്തി വണ്ടികളിലെ ചൂണ്ടിലിനിപ്പഴും ചെറിയ വില തന്നെയായിരിക്കണം. അഷ്ടിക്കു കഷ്ടപ്പെടുന്നവനിപ്പോഴും അരച്ചായ കിട്ടുന്നുണ്ടാവണം. പക്ഷെ മറ്റൊന്നു കൂടെ സംഭവിച്ചിട്ടുണ്ട്. ഒരു കുപ്പി വെള്ളത്തിന്റെ കാശിനു ഇരുപതു രൂപയ്ക്ക് ദിവസം മൂന്നു നേരം അമ്മ ഹോട്ടലില്‍ നിന്നും വയറു നിറച്ച് ഭക്ഷണം കഴിച്ച് പാവങ്ങള്‍ക്കു ജീവിതം പുലര്‍ത്താം. ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് പൊതുജനത്തിനു അല്ലെങ്കില്‍ പാവപ്പെട്ടവനു അത് കഴിയുമെന്നു തോന്നുന്നില്ല. ആ യാഥാര്‍ത്ഥ്യമാണ് പുകഴ്ത്തലുകളിലും നാള്‍വഴികളിലും ജീവചരിത്രങ്ങളിലും തെളിയാത്ത ജയയലളിത. അതൊന്നു പറയാന്‍ വേണ്ടി മാത്രമെഴുതിയ ഈ കുറിപ്പവസാനിപ്പിക്കുമ്പോള്‍  ജീവിതത്തിലിന്നു വരെ ആര്‍ക്കു വേണ്ടീം വിളിക്കാത്ത മുദ്രാവാക്യം. തലൈവി വാഴ്ക. വാഴ്ക. പാവങ്ങളുടെ കണ്ണീരെല്ലാം പൊറുത്ത ഒരു ജീവിത ശേഷിപ്പ്. ഹിന്ദിക്കാരന് പറയുന്ന പോലെ അമര്‍ രഹേ. 

click me!