സനലിന്‍റെ കൊലപാതകവും, ഹരികുമാറിന്‍റെ ആത്മഹത്യയും, ചില പൊലീസ് കാര്യങ്ങളും

By Web TeamFirst Published Nov 17, 2018, 2:58 PM IST
Highlights

മേലുദ്യോഗസ്ഥരുടേയും എക്സിക്യൂട്ടീവിന്‍റെയും ബ്യൂറോക്രസിയുടേയും സമ്മർദ്ദങ്ങൾക്കും അതുണ്ടാക്കുന്ന ഡാമേജിനും പുറമേ, നമ്മൾ - ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹമെന്ന നമ്മൾ - അവർക്ക് മേൽ എന്തെങ്കിലും സമ്മർദ്ദം ചെലുത്തുന്നുവോ എന്ന് സ്വയം ഒരു പരിശോധന നടത്തണമെന്നാണ് തോന്നുന്നത്. 

ജോലിയുടെ സ്ട്രെസ്സും സ്ട്രെയിനും സഹിച്ച് നിരന്തരം സഹനത്തിന്‍റെയും പൊട്ടിത്തെറിയുടെയും കത്തിമുനയിൽ ജീവിക്കുമ്പോഴും മിക്കപ്പോഴും അതിശയകരമാം വണ്ണം സംയമനം പാലിച്ച് നിൽക്കുന്നവരാണ് ശരാശരി പോലീസുകാർ എന്നത് എനിക്ക് ആദ്യമായി തോന്നി തുടങ്ങിയത് ഫോറെൻസിക്കിലെത്തിയതിന് ശേഷമാണ്. 

പോലീസിലൂടെ നമ്മളിലെത്തുന്ന ചിലത്. 
ടയറിന്‍റെ വലിപ്പക്കൂടുതലും അവയുടെ ട്രേഡുകളുടെ ക്രൂക്കഡായ ആ ലുക്കുമൊക്കെ അന്നേരം മനസ്സിൽക്കൂടി തെളിഞ്ഞ് വന്നത് കൊണ്ടാണ് വലുതാവുമ്പോ ആരാവണം എന്ന് ഒന്നാം ക്ലാസ്സില്‍ വെച്ച് ജെമ്മാമിസ്സ് ചോദിച്ചപ്പോ, പോലീസ് ജീപ്പിന്‍റെ ഡ്രൈവറാവണം എന്ന് ഒരു സംശയത്തിനുമിടവാരാത്തവണ്ണം ക്യാറ്റഗോറിക്കലായി മറുപടി പറയാൻ എനിക്ക് കഴിഞ്ഞത്.  അതെന്താ ഡ്രൈവർ എന്ന് ചോദിച്ചപ്പോഴും മൈന്‍റ് ക്ലിയറായിരുന്നു. അച്ഛന്‍റെ ഫീയറ്റ് കാറിന്‍റെ ടയറിനേക്കാൾ വലിപ്പക്കൂടുതലും ലുക്കുമുണ്ടായിരുന്നു ജീപ്പിന്‍റെ ടയറിന്. അപ്പോപ്പിന്നെ ആ വണ്ടിയോടിക്കുന്നയാൾ വല്യ പുള്ളിയായിരിക്കുമെന്നതാണ് കാരണം. 

പഴയ NH 47 -ന്‍റെ അരികിലായിരുന്നു വീട്. അത് കൊണ്ടാകണം പിന്നീട് അമ്പീഷൻ പോലീസ് ജീപ്പ് ഡ്രൈവറീന്ന് വളർന്ന് ഒരുപാട് വലിയ ടയറൊക്കെയുള്ള ലോറിയോടിക്കുന്ന ആളാവണമെന്നുമൊക്കെയായത്.  (സത്യം പറഞ്ഞാ… ഒരു JCB driver ആകണം എന്ന് ഒരു പൊടി ആശ ഇപ്പോഴും ഉണ്ട്). 

അത് പോട്ടെ. പറയാന്‍ തുടങ്ങിയത് പോലീസ് വണ്ടിയിലൂടെ തുടങ്ങിയ ഓർമ്മകളിലൂടെ പോലീസിലും പോലീസിങ്ങിനേപ്പറ്റിയുമാണ്. പോലീസിലൂടെ നമ്മളേ പറ്റിയും ചിലത്. 

മൂന്നു മാസം വീതം നീണ്ടുനിന്ന മൂന്ന് സമരങ്ങൾ

'അരക്കള്ളൻ മുക്കാൽ കള്ളൻ' എന്ന സിനിമ കണ്ടിട്ട് അതിലുള്ള “കനകസിംഹാസനത്തിൽ കയറിയിരിക്കുന്നിവൻ ശുനകനോ വെറും ശുംഭനോ'' എന്ന പാട്ട് ഒരു സ്റ്റേജിൽ പാടി അഭിനയിക്കവേ രാഷ്ടീയാധികാര ഭീകരതയുടെ അന്നത്തെ പ്രമുഖ ഡീലറായിരുന്നയാളെ നോക്കി രാജനെന്ന REC വിദ്യാർത്ഥിയുടെ അഭിനയത്തികവാണ് പോലീസ് തീർത്ത് കൊടുത്തത് എന്ന വിവരണങ്ങളൊക്കെയാണ് മറ്റു പലതിനോടുമൊപ്പം പോലീസിനേക്കുറിച്ചുള്ള ചിന്തകളിൽ മാറ്റം വരുത്തി തുടങ്ങിയത്. 

MBBS -ന് പഠിക്കുമ്പോ മൂന്ന് മെഡിക്കോസ് സമരങ്ങളുണ്ടായിരുന്നു, മൂന്നു മാസം വീതം നീണ്ടുനിന്ന മൂന്ന് സമരങ്ങൾ. ഇന്നത്തെ പോലെ ഇങ്ങോട്ട് വന്ന് വാർത്ത തേടുന്ന പത്രപ്രവര്‍ത്തകരല്ലായിരുന്നു അന്നൊക്കെ. സമരമൊക്കെ ചെയ്താൽ നമ്മൾ തന്നെ ഫോട്ടോയെടുത്തു കൊണ്ട് പത്രമാപ്പീസിൽ കൊടുത്താൽ, പടം പത്ര ഏമാന്മാർക്കിഷ്ടപ്പെട്ടാൽ, ചിലപ്പോ അടുത്ത ദിവസം അച്ചടിച്ച് വരും. മാറ്ററും മിക്കവാറും നമ്മൾ തന്നെ വൃത്തിയായി എഴുതിക്കൊണ്ട് കൊടുക്കണം. 

അങ്ങനെയാണ് സമരത്തിന്‍റെ ഭാഗമായി ആലപ്പുഴയിലെ മെഡിക്കൽ കോളേജ് ജങ്ഷനിൽ (ഇന്നത്തെ ജനറലാശുപത്രി ജങ്ഷന്‍) റോഡ് തടഞ്ഞ് സമരം ചെയ്തപ്പോൾ പോലീസ് എല്ലാനേം അടിച്ചു പിരിത്തത്. അന്ന് ഫോട്ടോയെടുപ്പായിരുന്നു ഞങ്ങൾ രണ്ട് മൂന്ന് പേരുടെ ഡെലിഗേറ്റഡ് ഡ്യൂട്ടി. അങ്ങനെ പൊലീസ് വന്ന് വഴിമുടക്കി സമരം ചെയ്തോണ്ടിരുന്ന ഓരൊത്തന്മാരേ തൂക്കിയെടുത്ത് കടുംനീല നിറമുള്ള വണ്ടീലേക്ക് എറിയുമ്പോഴാണ് ഞങ്ങൾ രണ്ടുമൂന്ന് പേർ ഫോട്ടോയെടുക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്ന് തോന്നുന്നു. 

“അടിച്ച് കൊല്ലെടാ ആ പു**മക്കളേ”, “ഓട്രാ… രേ” എന്നാരോ അലറിവിളിക്കുന്നതും കേട്ടതും വൂഊഊഊഷ്… എന്ന വീശിവരുന്ന ലാത്തിയുടെ മധുരസംഗീതവും ഒക്കെ നല്ല ഓർമ്മയുണ്ട്. ജങ്ഷനിലെ എക്സൈസ് ഡിപാര്‍ട്മെന്‍റ് ഓഫീസ് കോമ്പൗണ്ടിന്‍റെ മതിലിനോട് ചേർന്ന് കിടന്ന് എന്നൊ മരിച്ച് അപ്പോ ദ്രവിച്ചേതാണ്ടില്ലാതായിരുന്ന “ചിമ്പന്‍” എന്ന പേരുള്ള ഒരു ലോറിയുടെ മുകളില്‍ കേറി മതിലു ചാടി ഏതാണ്ട് ഏഴെട്ടടി താഴോട്ട് മെഡിക്കൽ കോളേജാശുപത്രിയുടെ കോമ്പൗണ്ടിലേക്ക് കാലുകുത്തി ലാന്‍റ് ചെയ്യുമ്പോ കാൽപാദത്തിൽ നിന്നും ഒരു ഷോക്ക് പോലൊരു ഫീലിങ്ങ് തലയിലെത്തി. പക്ഷെ അന്ന് പൊലീസിന്‍റെ ലാത്തിയെന്ന വിന്‍ഡ് ഇന്‍സ്ട്രുമെന്‍റ് ഉണ്ടാക്കിയ ശബ്ദം ഇപ്പോഴും ചെവിയിലുണ്ട്.

പിന്നീട് പഠിച്ചോണ്ടിരുന്ന കാലത്ത് നല്ല സൽസ്വഭാവി ആയിരുന്നത് കൊണ്ട് മൂന്നാല് തവണ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. നല്ല സൂപ്പർ സ്വീകരണ കമ്മറ്റിയായിരുന്നു. പക്ഷെ, നമ്മളീ ഫസ്റ്റ് ഇയർ MBBS -ന് ചേരുമ്പോള്‍ കേട്ട തെറിവിളിയുടെ (കണ്ണീന്നും മൂക്കീന്നും മാത്രമല്ല, ചെവീന്ന് വരെ വെള്ളം വരുന്ന സൈസ് ഐറ്റംസാ) ഏഴയലത്തുള്ള ക്വാളിറ്റി പോലുമില്ലെങ്കിലും ഒരു നാട്ട് നടപ്പും ആചാരവുമെന്ന നിലയ്ക്ക് വല്യ തരക്കേടില്ലാത്ത തെറിവിളിയൊക്കെ പോലീസീന്നും കേട്ടിട്ടുണ്ട്. കേട്ട തെറിക്കൊക്കെ ഒരു മയമുണ്ടായിരുന്നതിന്‍റെ കാരണം ഞങ്ങളെയൊക്കെ ജാമ്യത്തോടെയോ അല്ലാതെയോ ഇറക്കിക്കോണ്ട് പോന്നിരുന്നത് ഫോറെൻസിക്ക് മെഡിസിൻ പ്രൊഫസറും പൊലീസ് സർജ്ജനുമൊക്കെയായ ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പാളുമാരുമൊക്കെ (local Guardians…ഹി..ഹി) ആയത് കൊണ്ടായിരിക്കാം.

അതത്ര സുഖമുള്ള ഒരു സ്ഥലമല്ല

അങ്ങനേയും ഒരു സാധ്യതയുണ്ട്.  സോ... ഐ വോണ്ട് അണ്ടറെസ്റ്റിമേറ്റ് ദി വൊക്കാബുലറി ഓഫ് ഔവർ പോലീസ്. 

അമ്പലപ്പുഴയിലെ മജിസ്ട്രേറ്റ് കോടതിക്ക് താങ്ങാൻ പറ്റുന്ന തരം ചെറിയ കേസ്സുകളൊക്കെയേ എനിക്കെതിരെ ഉണ്ടായിരുന്നുള്ളുവെങ്കിലും പോലീസുമായി വേറൊരു തരം സമ്പർക്കമായിരുന്നു. കോടതി മുറിയിൽ പ്രതികൾ കയറി നിൽക്കുന്ന കൂട്ടിൽ നിൽക്കുമ്പോൾ നമ്മൾ കാണുന്ന ലോകത്തിനും മനുഷ്യർക്കുമൊക്കെ ആ കൂട്ടിൽ നിന്നും പുറത്തിറങ്ങിയാൽ കാണുന്നതിലും വേറേതന്നെയാണ് ലുക്ക്. ഇന്നതൊക്കെ ഒരു തമാശ ആയിട്ടേ തോന്നിയിട്ടൊള്ളൂന്ന് പറഞ്ഞാലത് മൊത്തമായും സത്യമായിരിക്കില്ല. അതത്ര സുഖമുള്ള ഒരു സ്ഥലമല്ല. പോലീസ് സ്റ്റേഷനിലെ സെൽ ആയാലും (അതും സംഭവിച്ചിട്ടുണ്ട്… സമ്മോഫസ് ഹാവ് ബീൻ ഇൻസൈഡ് ഏ പൊലീസ് സെൽ, യെസ്) കോടതിയിലെ പ്രതിക്കൂടായാലും… മനുഷ്യർക്ക് നിൽക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളാണ് അവ. 

വണ്ടിയോടിക്കലൊരു ഹരമായതിനാൽ റോഡുകളിലെ സാന്നിധ്യം കൊണ്ടാണ് പൊലീസുമായുള്ള സമ്പർക്കം കൂടുതലും പിന്നെ ഉണ്ടായിട്ടുള്ളത്. പണ്ട്  Mr.മാര്‍ത്താണ്ഡ വർമ്മ (പത്തെഴുപത് വർഷത്തിലേറെയായി ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമായിട്ടും ഇന്നും ചില ശശികൾ രാജാവാണെന്ന അവകാശമൊക്കെ നടത്തുമ്പോ പണ്ട് ശരിക്കും രാജാവായിരുന്നവരെ Mr.എന്ന് ചേർത്ത് അഭിസംബോധന ചെയ്യുന്നത് ഇന്ന് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്) ഒളിച്ചിരുന്ന അമ്മച്ചി പ്ലാവിന്‍റെ പൊത്തീന്ന് ഇറങ്ങി വന്ന മാതിരി മരപൊത്തീന്നും പൊന്തക്കാട്ടീന്നുമൊക്കെ ഈറ്റപ്പുലികളേ പോലെ ചാടി വീണ് ഹെൽമറ്റില്ലാതെ ബൈക്കോടിക്കുന്നവരും സീറ്റ് ബെൽറ്റിടാതെ കാറോടിക്കുന്നവരുമായ “കൊടും ക്രിമിനലുകൾ”ക്ക് നേരേ നിയമപാലനത്തിനോടുള്ള അടങ്ങാത്ത ആത്മാർത്ഥതയും, നിയമവാഴ്ച്ച പുലർന്ന് കാണുവാനുള്ള അടങ്ങാത്ത ആഗ്രഹവും കടമയും നിർവഹിക്കുന്ന പൊലീസിന്‍റെ റോഡിലെ സാന്നിധ്യമാണ് ഏറ്റവും കോമണായ വിസിബിലിറ്റി, ഒരു സാധാരണ പൗരന്. 

അവരത് ചെയ്യുന്നതിന് കാരണം ബാങ്ക് ഉദ്യോഗസ്ഥർക്കും കോർപ്പറേറ്റുകൾക്കുമുള്ളത് പോലെ ചില ടാർഗ്ഗറ്റുകൾ മീറ്റ് ചെയ്യാനുള്ളത് കൊണ്ടാണെന്നാണ് ശരിക്കുള്ള ദുരന്തം. ഒരു സ്റ്റേഷനതിർത്തിയിൽ ഒരു നിശ്ചിത എണ്ണത്തിൽ താഴെ കുറ്റകൃത്യങ്ങൾ മാത്രമേ ക്രൈമായി രജിസ്റ്റർ ചെയ്തിട്ടുള്ളുവെങ്കിൽ അവർ മര്യാദയ്ക്ക് പണിയെടുക്കുന്നില്ല എന്ന് കരുതുന്ന ഒരു മേലുദ്യോഗസ്ഥ കൾച്ചർ. ആ ടാർഗറ്റ് കണ്ടെത്തുവാനായി, ടു മേക്കപ്പ് ദി നമ്പേഴ്സ്, ഭീകരമായ സമ്മർദ്ദത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ചില മനുഷ്യർ. 

ജോലിയുടെ സ്ട്രെസ്സും സ്ട്രെയിനും സഹിച്ച് നിരന്തരം സഹനത്തിന്‍റെയും പൊട്ടിത്തെറിയുടെയും കത്തിമുനയിൽ ജീവിക്കുമ്പോഴും മിക്കപ്പോഴും അതിശയകരമാം വണ്ണം സംയമനം പാലിച്ച് നിൽക്കുന്നവരാണ് ശരാശരി പോലീസുകാർ എന്നത് എനിക്ക് ആദ്യമായി തോന്നി തുടങ്ങിയത് ഫോറെൻസിക്കിലെത്തിയതിന് ശേഷമാണ്. 

അതൊന്നും പക്ഷെ,അവരിൽ ചിലരിൽ കാണുന്ന വൈകല്യങ്ങൾക്ക് ഒരു ന്യായീകരണമാവുന്നില്ല

“One who sees the full picture sees the real picture” എന്നത് ആരെഴുതിയ ഏതു പുസ്തകത്തിലാണെന്ന് ഇപ്പോൾ ഓർമ്മയില്ല. പക്ഷെ സംഗതി സത്യമാണ്. പോലീസുകാരായിട്ട് എനിക്ക് ഫോറെൻസിക്ക് പ്രാക്ടീസിന്‍റെ ഭാഗമായിട്ടുള്ള പ്രൊഫഷണൽ ബന്ധമില്ലാതെ ആരുമായും അടുത്തറിയുന്ന ഊഷ്മളമായ സൗഹൃദബന്ധങ്ങളൊന്നുമില്ല.

തൊഴിൽ എടുത്തു ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ എന്ന നിലയില്‍ മറ്റുള്ള സിവിൽ സർവീസ് ജീവനക്കാർ നേരിടാത്ത ഒരുപാട് പ്രശ്നങ്ങളും സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും പോലീസ് ഫോഴ്സിലേ ജീവനക്കാർ അഭിമുഖീകരിക്കുന്നുണ്ട്. അതൊന്നും പക്ഷെ അവരുടെ വീഴ്ച്ചകളെയോ അവരിൽ ചിലരിൽ കാണുന്ന വൈകല്യങ്ങൾക്ക് ഒരു ന്യായീകരണമാവുന്നില്ല. എന്നാലും ചിലതൊക്കെ പറയേണ്ടിവരും. 

സിനിമാക്കാരും ടിവി ചാനലുകാരുടേതുമായി സ്ഥിരമായി പറഞ്ഞ് കേൾക്കുന്ന ഒരു കാര്യമാണ് അവരുടെ അജണ്ട തീരുമാനിക്കുന്നത് പ്രേക്ഷകരുടെ താത്പര്യങ്ങളും അഭിരുചിയുമാണെന്ന്. അതായത് പ്രേക്ഷകർക്ക് ഇഷ്ടമുള്ളതാണ് അവർ നല്‍കുന്നത് എന്നത്. എനിക്കത് വിശ്വസിക്കാനും സമ്മതിച്ച് തരാനും ഇച്ചിരി ബുദ്ധിമുട്ടുണ്ട്. ട്രെന്‍റ് ബക്ക് ചെയ്യുന്ന, വിഷയത്തോടും, അവതരിപ്പിക്കുന്ന പ്രമേയത്തിനോടും സത്യസന്ധത പുലർത്തുന്നവരെ പ്രോഡക്ടിന്‍റെ നിലവാരത്തിനനുസരിച്ച് പ്രേക്ഷകർ സ്വീകരിച്ച എത്രയോ ഉദാഹരണങ്ങളുണ്ട്.


പൊലീസിന് അങ്ങനെ ഒരു സമ്മർദ്ദമുണ്ടോ? ഉണ്ടെങ്കിൽ അത് നമ്മളെ എങ്ങനെ ബാധിക്കും?

മേലുദ്യോഗസ്ഥരുടേയും എക്സിക്യൂട്ടീവിന്‍റെയും ബ്യൂറോക്രസിയുടേയും സമ്മർദ്ദങ്ങൾക്കും അതുണ്ടാക്കുന്ന ഡാമേജിനും പുറമേ, നമ്മൾ - ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹമെന്ന നമ്മൾ - അവർക്ക് മേൽ എന്തെങ്കിലും സമ്മർദ്ദം ചെലുത്തുന്നുവോ എന്ന് സ്വയം ഒരു പരിശോധന നടത്തണമെന്നാണ് തോന്നുന്നത്. 

ഫോറെൻസിക്ക് പ്രാക്ടീസിനിടയിൽ എനിക്ക് തോന്നിയിട്ടുള്ള അനുഭവം വച്ച് പറയാം. പരിശോധനയ്ക്ക് എത്തുന്ന ബഹുഭൂരിപക്ഷം കേസുകളിലും കാണുവാൻ കഴിയുന്നത് പ്രതി ചെയ്തു എന്ന് സത്യസന്ധമായും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കരുതുന്നതിനേക്കാൾ ഭീകരമായതും കഠിനമായതുമായ കുറ്റം ചെയ്തതായിട്ടുള്ള IPC സെക്ഷനുകളായിരിക്കും പ്രതിക്ക് എതിരേ ചാർത്തിയിട്ടുണ്ടാവുക എന്നതാണ്. 

ജാമ്യം കിട്ടാത്തതോ കിട്ടാൻ സാധ്യത കുറവുള്ളതോ ആയ വകുപ്പുകൾ ഇട്ട് ഒരുവനേ “പൂട്ടുന്നത്” ഇന്നൊരു സർവസാധാരണ കാഴ്ച്ചയാണ്. ഇത് ഏറ്റവും ഭീകരമായി കാണുന്നത് ലൈംഗിക കുറ്റകൃത്യങ്ങളിലാണ്. മെഡിക്കൽ കോളേജുകളിലെത്തുന്ന പൊട്ടന്‍സി എക്സാമിനേഷന്‍ കേസുകളിലധികവും തീരെ മെറിറ്റ് കുറഞ്ഞ കേസുകളാണ്. 

രക്തദാഹികളായ വളരെ പ്രതികരേച്ഛയുള്ള ഒരു സമൂഹത്തില്‍ ആണോ നമ്മൾ ജീവിക്കുന്നത്

നമ്മുടെ നാട്ടിൽ നടക്കുന്ന ഭൂരിഭാഗം ലൈംഗിക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ എന്ന് പറയുമ്പോൾ “ഏത് സ്ത്രീകൾ” എന്ന് തന്നെ ഞാൻ തിരിഞ്ഞ് നിന്ന് ചോദിക്കും. 
ഒരു ബ്രൂട്ടലി ഇൻസെന്‍സിറ്റീവായ ഒരു ക്രിമിനൽ ജസ്റ്റിസ് സിസ്റ്റവും, അത് വച്ച് നീട്ടുന്ന, അതിലൂടെ കിട്ടുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനും, കിട്ടിയാൽ തന്നെ അതിന് വേണ്ടി അനുഭവിക്കേണ്ടിവരുന്ന ബാക്കി വരുന്ന ക്രൂരതകളും താങ്ങാനുള്ള കഴിവില്ലായ്മയൊക്കെ ഒരു വശത്ത് കാണും. 

അതിലും നിർദ്ദയമായ പക്ഷപാതവും, കാപട്യം നിറഞ്ഞതുമായ ഒരു തരം  സെലക്ടീവ് ബ്ലൈന്‍ഡ്നെസ്സും ശ്രേണീക്രത അസമത്വം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായ സമുദായങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് നേരേയുള്ള ആക്രമങ്ങളെപ്പറ്റി അലോസരമേതുമില്ലാത്ത ഒരു പൊതു സമൂഹവുമൊക്കെ (അതിനേക്കുറിച്ചൊക്കെ അന്വേഷിച്ചാലല്ലേ അറിയൂ… എന്നിട്ട് വേണ്ടേ ബോദേർഡാവാൻ?) മറുവശത്തും.

കാരണങ്ങളൊരുപാട് കാണും... ഒരു വശത്ത് നിയമം നൽകുന്ന പരിരക്ഷയും അവകാശങ്ങളും ഒരു കുറ്റകൃത്യത്തിന്‍റെ ഭാഗമായി നിഷേധിക്കപ്പെടുന്നവർ. ഇരകളാണ്. അത് പോലെ തന്നെയാണ് ചെയ്ത “കുറ്റ”ത്തിന് യോജിപ്പില്ലാത്ത തരം നിയമം ദുരുപയോഗം ചെയ്ത് കഠിനമായ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡ് ചെയ്യപ്പെട്ട് അകത്തു പോകുന്നവർ. 

ഈ രണ്ട് അനീതികളില്‍ ഏതിനാണ് കൂടുതൽ ഭീകരതയെന്ന ഒരു കണക്കെടുപ്പിനൊന്നും ഞാനില്ല. ഒന്നുപറയാം. രണ്ടും നിയമവാഴ്ച്ചയില്ലായ്മയുടെ ലക്ഷങ്ങളാണ്.  നിയമലംഘനത്തേ തുടർന്നുള്ള അക്രമണത്തിനിരയായ ഒരാൾക്ക് ഉണ്ടാവുന്ന നീതി നിഷേധത്തിനേക്കാൾ വലിയ അനീതിയാണ് നിയമത്തെ ദുരുപയോഗം ചെയ്യുമ്പോൾ ഒരു പ്രതിയോട് കാട്ടുന്നത്. 

നെയ്യാറ്റിന്‍കരയിലെ സനൽ കുമാറിന്‍റെ മരണവും അതിലെ പ്രതിയായ DYSP യുടെ മരണവും

ഞാൻ ഇങ്ങനെ പറയാനുള്ള കാരണം കൂടി പറയാം. ഒരാൾ മറ്റൊരാൾക്ക് നേരേ ഒരു കുറ്റകൃത്യം ചെയ്യുമ്പോൾ അത് ഒരു വ്യക്തി ചെയ്യുന്ന ക്രൈമാണ്. പക്ഷെ, ഒരു വ്യക്തിയെ… അയാൾ എത്ര കൊള്ളരുതാത്തവനോ ആയിക്കോട്ടെ, ഇതിന് മുൻപുള്ള പ്രവൃത്തികളിൽ നമുക്ക് ഒരു മതിപ്പുമില്ലെന്ന് തന്നെ കരുതിക്കോളൂ… അയാൾ ചെയ്ത കുറ്റകൃത്യത്തിന്‍റെ വകുപ്പുകളല്ലാതെ കഠിനമായ കുറ്റമാരോപിച്ച് അയാൾക്ക് ജാമ്യം കിട്ടരുത് എന്ന ഉദ്ദേശത്തോടെ റിമാന്‍ഡിലേക്കോ വിചാരണതടവിലേക്കോ തള്ളിവിടുമ്പോൾ, പോലീസ് അങ്ങനെ ചെയ്യുമ്പോൾ, അത് ഏത് സമ്മർദ്ദത്തിന് വഴങ്ങിയിട്ടാണെങ്കിലും ശരി, അത് കൂടുതൽ കടുത്ത നിയമലംഘനമാകുന്നത് അത് ഒരു വ്യക്തി ചെയ്യുന്ന ക്രൈമല്ല, മറിച്ച് അത് സ്റ്റേറ്റ് നിയമം ദുരുപയോഗം ചെയ്യുന്നു എന്ന ഒരു കുറ്റകൃത്യമായത് കൊണ്ടാണ്.

രക്തദാഹികളായ വളരെ പ്രതികരേച്ഛയുള്ള ഒരു സമൂഹത്തില്‍ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് നമ്മൾ ഒരു സ്വയം പരിശോധനയ്ക്ക് തയ്യാറാവുന്നിടത്ത് നിന്നു മാത്രമേ എനിക്കിനി ഇത് തുടർന്നും എഴുതാനാവൂ. 

അതിന് കഴിയാത്തവർക്ക് വിട. 

അല്ലാത്തവർക്ക് ഇതിന്‍റെ ഭീകരാവസ്ഥ മനസ്സിലാക്കാൻ വേണ്ടി പറയാം. ഇന്ന് ഒരാൾക്ക് ജയിലിൽ പോകാൻ, പോയാൽ ഏറ്റവും കുറഞ്ഞത് 50-60 ദിവസം അകത്ത് കിടക്കാൻ ഒരു പരാതി മാത്രം മതി. അത്യാവശം പബ്ലിസിറ്റി ഉണ്ടെങ്കിൽ 24 മണിക്കൂറിനകം അറസ്റ്റുണ്ടാവും, നല്ല സൂപ്പറായ വകുപ്പുകൾ ചേർത്ത് നിങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കപ്പെടും. ഏതാണ്ട് 100% സാധ്യത റിമാന്‍ഡ് ചെയ്യപ്പെടാനുമാണ്. ഇത് ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണ്. 

നെയ്യാറ്റിന്‍കരയിലെ സനൽ കുമാറിന്‍റെ മരണവും അതിലെ പ്രതിയായ DYSP യുടെ മരണവും… രണ്ട് മരങ്ങളും ദാരുണമായിരുന്നു. സനലിനെ ആക്രമിച്ചതിനും അദ്ദേഹത്തേ റോഡിലേക്ക് പിടിച്ചു തള്ളിയതിനെ തുടർന്ന് ഒരു കാറിടിച്ച് മരിച്ചതിനും ഹരികുമാറിന്‍റെ പങ്ക് കൃത്യമായി തെളിയിക്കപ്പെടേണ്ടതാണ്. അത് നടക്കട്ടെ. 

അവർ തമ്മിൽ മുൻപരിചയം പോലുമില്ലായിരുന്നു

പക്ഷെ, ഒരു മനുഷ്യനെ വകവരുത്താനായി ദൂരെ നിന്ന് വരുന്ന ഒരു കാറിന്‍റെ മുന്നിലേക്ക് മനപ്പൂർവ്വം, കരുതിക്കൂട്ടി, (man endangering malice aforethought and pre meditation) കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ യും Intention to kill) , താൻ ചെയ്യുന്ന പ്രവൃത്തി തള്ളിയിടപ്പെടുന്ന ആളുടെ മരണത്തിൽ കലാശിക്കുമെന്ന അറിവോടെ (knowledge) ചെയ്യുമ്പോൾ ആണ് അതിനെ നമ്മൾ MURDER - കൊലപാതകം - എന്ന് വിളിക്കുന്നത്. അതിനുള്ള ശിക്ഷ IPC 302 പ്രകാരം വധശിക്ഷയോ ജീവപര്യന്തം തടവോ ആണ്. 

എനിക്ക് ഈ കേസിനെക്കുറിച്ച് പത്രങ്ങളിലും ടിവിയിലും വന്ന വാർത്തകളിലൂടെയും മാത്രമേ അറിയൂ. DYSP യ്ക്ക് എതിരേ ഏത് സെക്ഷന്‍ വച്ചാണ് കേസ് എടുത്തിരുന്നത് എന്ന് എനിക്കറിയില്ല. 302 ആയിരിക്കുമെന്നാണ് ഞാൻ ഊഹിക്കുന്നത്. 

എന്തായാലും അദ്ദേഹം സ്വയഹത്യ ചെയ്ത് കഴിഞ്ഞപ്പോ “ദൈവനീതി'' നടപ്പിലായി എന്നൊക്കെ പറഞ്ഞ് കേട്ടപ്പോ, ഞാൻ വീണ്ടും ഊഹിക്കുന്നു 302 ആയിരിക്കണം ചുമത്തിയിട്ടുണ്ടാവുക. അതിനാണല്ലോ വധശിക്ഷ. 

സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്ന, ഊഹിക്കാവുന്ന ഒരു കാര്യമാണ് ഹരികുമാറിന് സനലിനെ കൊല്ലണമെന്ന് മനപ്പൂര്‍വ്വം വിചാരിച്ചിരിക്കുവാനുള്ള സാധ്യതയില്ലായിരുന്നുവെന്ന്. അവർ തമ്മിൽ മുൻപരിചയം പോലുമില്ലായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൊല്ലണം എന്ന ഉദ്ദേശമുണ്ടായിരുന്നു എന്നും എന്‍റെ സാമാന്യ ബുദ്ധിക്ക് തോന്നുന്നില്ല. ഹരികുമാറിന്‍റെ പ്രവൃത്തികളാണ് സനലിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നും അയാൾ തന്നെയാണ് ആ മരണത്തിന് ഉത്തരവാദി എന്നും അറിഞ്ഞിടത്തോളം അനുമാനിക്കാം. പക്ഷെ, അയാൾക്ക് 302 പ്രകാരം കുറ്റം ചുമത്തപ്പെടേണ്ട തരമുള്ള കുറ്റകരമായ മാനസികാവസ്ഥ ഉണ്ടായിരുന്നു എന്ന് പറയാൻ എനിക്ക് കഴിയുന്നില്ല. 

ഇന്നിപ്പോ പോലീസ് സർജ്ജനെന്ന പദവിയും പത്രാസ്സുമൊക്കെയുള്ള എന്നെ കാണുമ്പോൾ സല്യുട്ടൊക്കെ തരുന്ന പൊലീസ്, കോടതിയിൽ തെളിവ് കൊടുക്കാൻ പോകുമ്പോ കോടതിമുറിയിൽ ഇരിക്കാനൊരു കസേരയും ബഹുമാനത്തോടെ തരുന്ന കൺസിഡറേഷനുമൊക്കെ ഞാൻ കോടതിയിൽ വരുന്നത് സാക്ഷിക്കൂടിൽ കയറാൻ വരുന്നത് കൊണ്ട് മാത്രമാണെന്നും മനസ്സിലാക്കാനുള്ള വിവരമൊക്കെയുണ്ട്. പണ്ട് പഠിച്ചോണ്ടിരുന്ന കാലത്ത് അമ്പലപ്പുഴ കോടതിയിൽ കൊച്ച്കൊച്ച് കേസ്സുകളിലാണെങ്കിലും ഒരു പ്രതിയായി നിന്നപ്പോഴുളള വ്യത്യസ്ത ലോകമൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. 

അത് തന്‍റെ ജീവനെടുക്കാനയാളെ പ്രേരിപ്പിച്ചിരിക്കാം

നാളെ താൻ കൂടി ഭാഗമായിരിക്കുന്ന ഒരു സിസ്റ്റം ഒരു പ്രതിയോട് കാട്ടുന്ന ബ്രൂട്ടാലിറ്റിയേപ്പറ്റി ഹരികുമാറിന് നല്ല ബോധ്യം ഉണ്ടായിരുന്നിരിക്കാം. അതിൽ കൂടി ഒരു പ്രതിയായി കടന്ന് പോകാനുള്ള കരുത്ത് ഒരു പക്ഷെ ആ മനുഷ്യന് കാണില്ലായിരിക്കാം. അത് തന്‍റെ ജീവനെടുക്കാനയാളെ പ്രേരിപ്പിച്ചിരിക്കാം. 

തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുടെ സമ്മർദ്ദം താങ്ങാനാവാതെയാണ് ഹരികുമാർ ചിലപ്പോഴങ്ങനെ ചെയ്തത്. താൻ ഒരിക്കലും 302 IPC എന്ന കൊലപാതക കുറ്റം ചെയ്തിട്ടില്ല എന്നും അദ്ദേഹം ചിന്തിച്ചിരിക്കാം. 

പക്ഷെ പകയും പ്രതികാരേച്ഛുവായ, പ്രതികാരബുദ്ധികള്‍ ആയിട്ടുള്ള രക്തദാഹികളായ നമ്മളേക്കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സമൂഹവും ഒരു പകയുള്ള മാധ്യമപ്പടയുമെല്ലാം 302 അല്ലാതെ മറ്റേതെങ്കിലും വകുപ്പ് പോലീസിനെക്കൊണ്ട് ചുമത്തുവാൻ സമ്മതിക്കുമായിരുന്നുവോ? 

ഓർക്കുക, ഒരൊറ്റ പരാതി മതി അറസ്റ്റ് ചെയ്യപ്പെടാനും, അകത്താവാനും. എത് സമ്മർദ്ദത്തിന്‍റെ പേരിലായാലും ശരി, കുറ്റാരോപിതന് അയാൾ ചെയ്തിരിക്കുവാൻ സാധ്യത ഉള്ള കുറ്റത്തിന് ചേർന്ന വകുപ്പുകളാൽ മാത്രം കുറ്റം ചുമത്തപ്പെടുവാനുള്ള അവകാശമുണ്ട്. അത് ഒരാൾക്ക് നിയമേതരമായ ബാഹ്യകാരണങ്ങളാൽ നിഷേധിക്കപ്പേടുമ്പോൾ, അത് കടുത്ത നീതി നിഷേധമാകുന്നു. നിയമലംഘനവുമാകുന്നു. അത് നമ്മുടെ പ്രതികരവാഞ്ജയടക്കുവാൻ വേണ്ടിയാകുമ്പോൾ, നമ്മളും കുറ്റവാളികളാകും. 

സനലിനേ കൊന്നത് ഹരികുമാറെങ്കിൽ, ഹരികുമാറിന്‍റെ രക്തത്തിന്‍റെ കറ കുറച്ചെങ്കിലും പോലീസിലൂടെ നമ്മുടെയൊക്കെ കൈകളിലും പറ്റിപ്പിടിച്ചിരിപ്പുണ്ട്. ഒന്ന് പരിശോധിച്ചേക്കൂ.
 

click me!