പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ...

By My beloved SongFirst Published Dec 18, 2018, 5:40 PM IST
Highlights

ആ പാട്ട് പാടിക്കൊടുക്കുമ്പോൾ ഞാന്‍ അത്ഭുതപ്പെട്ടു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്നതടക്കം ആ പാട്ടിനെക്കുറിച്ച് എല്ലാം അച്ഛമ്മയ്ക്കറിയാമായിരുന്നു. അത് കഴിഞ്ഞും ഓരോ ലീവിനും ഞാൻ പാടി.

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

ചില പാട്ടുകളോടുള്ള തീരാത്തയിഷ്ടം ആ പാട്ട് നമ്മിൽ സമ്മാനിക്കുന്ന ഒരു മുഖത്തോട് കൂടിയുള്ളതാണ്. മനസ്സിലെ മുറിവുകളെ ഉണങ്ങാനനുവദിക്കാതെ നീറ്റലുണ്ടാക്കുന്ന ഒരുപിടിയോർമ്മകൾ മാത്രം ബാക്കിവെച്ചുപോകുന്ന പാട്ട്. പലപ്പോഴും ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഹെഡ് സെറ്റിലെ ചെറിയ വോളിയത്തിൽ ഞാൻ കേൾക്കുന്ന പാട്ട്. ആ പാട്ടിൽ ഒരേയൊരു മുഖവും അത് എന്‍റെ അച്ഛമ്മയുടേതാണ്.    

“പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ
പടികടന്നെത്തുന്ന പദനിസ്വനം...”

എന്‍റെ കുട്ടിക്കാലത്ത് ഒരു പുല്ലുപായയിൽ കിടന്ന് അച്ഛൻ പാടാറുണ്ടായിരുന്ന പാട്ടുകളിൽ ഒന്നായിരുന്നു ഇത്. ദാസേട്ടൻ പാടിയത് ഞാൻ അന്ന് വരെ കേട്ടിട്ടില്ല എന്നു തന്നെ പറയാം. അച്ഛന്‍ പാടുന്നത് കേള്‍ക്കാന്‍ അടുത്ത് വന്നിരിക്കില്ലെങ്കിലും, അച്ഛനത് പാടികേൾക്കാൻ അച്ഛമ്മയ്ക്കും  ഒരുപാടിഷ്ടമായിരുന്നു. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ എന്‍റെ നിഴലായിരുന്നു അച്ഛമ്മ. എന്‍റെ ചെറിയ ചില കള്ളത്തരങ്ങളിൽ കണ്ണടച്ച് ചിരിച്ചും അടിക്കാനോടുന്ന അമ്മയെ പിടിച്ചു വെച്ചും, പേടിയുള്ള രാത്രികളിൽ എനിക്ക് കൂട്ട് വന്നും എന്‍റെ മനസ്സ് സൂക്ഷിപ്പുകാരിയായും അങ്ങനെ റോളുകൾ ഒരുപാടുണ്ടായിരുന്നു അച്ഛമ്മയ്ക്ക്.

ഏകദേശം പിന്നീടൊരു നാല് വർഷത്തിനുശേഷമാണ് അത് പാടിക്കേൾപ്പിക്കുന്നത്

ഞാൻ പത്തിൽ പഠിക്കുമ്പോഴാണ് തന്‍റെ പ്രിയപ്പെട്ട പാട്ടിനെക്കുറിച് അച്ഛമ്മ എന്നോട് പറയുന്നത്. കൂടെ, നീയെനിക്ക് ആ പാട്ടൊന്നു പാടിത്തരണേ എന്നൊരാഗ്രഹവും. മനഃപൂർവ്വമല്ലെങ്കിലും പരീക്ഷ തലക്കുപിടിച്ചതിന്‍റെ തിരക്കിനിടയ്ക്കെപ്പഴോ മറന്നുപോയ ഞാൻ, ഏകദേശം പിന്നീടൊരു നാല് വർഷത്തിനുശേഷമാണ് അത് പാടിക്കേൾപ്പിക്കുന്നത്. കൃത്യമായി പറയുമ്പോൾ പ്ലസ്ടുവിനു ശേഷം മൈസൂരിൽ പഠിക്കാൻ പോയതിന്‍റെ ആദ്യ ലീവിൽ… 

ആ പാട്ട് പാടിക്കൊടുക്കുമ്പോൾ ഞാന്‍ അത്ഭുതപ്പെട്ടു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്നതടക്കം ആ പാട്ടിനെക്കുറിച്ച് എല്ലാം അച്ഛമ്മയ്ക്കറിയാമായിരുന്നു. അത് കഴിഞ്ഞും ഓരോ ലീവിനും ഞാൻ പാടി. ചിലപ്പോൾ വീണ്ടും വീണ്ടും പാടിക്കൊടുക്കാൻ ഞാൻ ലീവുകളുമുണ്ടാക്കി.

''പുലർ നിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്‍റെ പൂവിതൾ തുള്ളികൾ പെയ്തതാകാം”

ഈ കഴിഞ്ഞ വിഷുവിനാണ് അവസാനമായി ഞങ്ങളത് ഒരുമിച്ച് പാടുന്നത്

വരികളിലെ കാല്പനികതയും കവിഭാവനയും എന്നെ പറഞ്ഞു കേൾപ്പിക്കാൻ നൂറുനാവായിരുന്നു അച്ഛമ്മയ്ക്ക്‌. കവിമനസ്സിന്‍റെ കാത്തിരിപ്പിനെ കേട്ടുകൊണ്ടിരിക്കാനും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക്, പകരം വെക്കാനില്ലാത്ത ചില വികാരങ്ങളുണ്ടെന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഒരുപക്ഷെ, 'എവര്‍ഗ്രീന്‍' എന്ന വിശേഷണത്തോട് എന്‍റെ മനസ്സിൽ 100 ശതമാനം നീതി പുലർത്തിയ ഗാനം ഇതായിരുന്നു.
          
വർണിച്ചു തീരാത്ത വിശേഷണങ്ങളുടെ ലോകത്ത് നിന്നും അച്ഛമ്മ മടങ്ങിയിട്ട് ഇന്നേക്ക് 27 ദിവസമാകുന്നു... ഈ കഴിഞ്ഞ വിഷുവിനാണ് അവസാനമായി ഞങ്ങളത് ഒരുമിച്ച് പാടുന്നത്. അസുഖം വന്ന് എന്‍റെ കയ്യും പിടിച്ചു കിടന്ന ദിവസങ്ങളൊന്നിൽ എന്നോടത് പാടാൻ പറഞ്ഞു. പക്ഷെ, ഞാൻ പാടിത്തുടങ്ങുമ്പോഴേക്കും ഉറങ്ങിപ്പോയി. ഇന്ന്, ഇതെഴുതുമ്പോഴും ഞാനാ പാട്ട് കേൾക്കുകയാണ്... ചിലപ്പോൾ ഒരു നേരിയ പുഞ്ചിരിയോടെ  കണ്ണുകളിറുക്കി അച്ഛമ്മ എന്നെയും നോക്കിയിരിപ്പുണ്ടാകാം...

പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

click me!