തെരുവത്ത് കടവിലെ ഒരേയൊരു റിഷാല്‍!

By Nee EvideyaanuFirst Published Apr 8, 2019, 4:47 PM IST
Highlights

നീ എവിടെയാണ്.മുഹമ്മദ് കാവുന്തറ എഴുതുന്നു
 

കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

ഓര്‍മകളില്‍ ചിലത് ഫ്‌ളൂറസെന്റ് പോലെ തെളിഞ്ഞതും മറ്റ് ചിലത് മെഴുകുതിരി പോലെ അരണ്ടതും ആയിരിക്കും.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്നു. അവിടെവെച്ചാണ് തെരുവത്ത് കടവിലെ  റിഷാലിനെ പരിചയപ്പെട്ടത്. പൊതുവെ അന്തര്‍മുഖനായിരുന്നു ഞാന്‍. സൗഹൃദങ്ങള്‍ വളരെ കുറവ്. പക്ഷെ എന്തോ ഒരു കാന്തിക ശക്തി എന്നെ അവനിലേക്ക് അടുപ്പിച്ചു. ഞങ്ങള്‍ പരസ്പരം കളിച്ചും ചിരിച്ചും ജീവിച്ചു. 

അവന് നല്ല ബുദ്ധിശക്തി ആയിരുന്നു. പല കളികളിലും തന്ത്രങ്ങളേക്കാള്‍ കുതന്ത്രങ്ങള്‍ നടത്തി അവന്‍ ജയിച്ചു. അതിവേഗത്തിലായിരുന്നു അവന്റെ  വായന. എന്നെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിയത് അവനായിരുന്നു. മാഷ് ക്ലാസ്സെടുക്കുമ്പോള്‍ ഡെസ്‌കിന് അടിയില്‍ വെച്ചു ബാലരമയും ബാലഭൂമിയും  ഞങ്ങള്‍ വായിക്കാറുണ്ടായിരുന്നു.. അവന്‍ പെട്ടെന്ന് വായിച്ചു തീര്‍ക്കും.

എന്നെയും റിഷാലിനെയും മാറ്റി നിര്‍ത്തിയത് വായന എന്ന അത്ഭുതലോകമായിരുന്നു. പി

ഞാന്‍ ജീവിതത്തില്‍ ഏറ്റവും ആസ്വദിക്കുന്ന കാര്യം വായന ആയത് കൊണ്ട് പതിയെ മാത്രമേ വായിക്കൂ. എങ്കിലും സാമാന്യം വലിപ്പമുള്ള ബുക്കൊക്കെ  ഒറ്റ രാത്രി കൊണ്ട് ഞാന്‍ വായിച്ചു തീര്‍ത്തിട്ടുണ്ട്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ  ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള, പൗലോ കൊയ്ലോയുടെ ഫിഫ്ത് മൗണ്ടന്‍ തുടങ്ങിയവ ആയിരുന്നു എന്റെ ഉറക്കം കളഞ്ഞവ. 

പുസ്തകങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശം ആയിരുന്നു ഞങ്ങളെ അടുപ്പിച്ചിരുന്നത് എന്ന് തോന്നുന്നു. പഠനത്തില്‍ ഞങ്ങള്‍ രണ്ട് പേരും ശരാശരിക്കാരായിരുന്നു.. പ്രൈമറിയില്‍ ഫുള്‍ മാര്‍ക്ക് വാങ്ങി വന്ന എന്നെ ഹൈസ്‌കൂളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കൊപ്പം ആയിരുന്നു ഇരുത്തിയത്. പലരും രണ്ടും മൂന്നും കൊല്ലം അതേ ക്ളാസില്‍ മുന്നനുഭവം ഉള്ളവര്‍. എങ്കിലും എനിക്കെന്തോ സന്തോഷമാണ് തോന്നിയത്. കാരണം പലപ്പോഴും അധ്യാപകര്‍ വരാറില്ല. നല്ല കുരുത്തക്കേട് ഉള്ള സഹപാഠികള്‍. അവരുടെ കുസൃതികള്‍ കാണാന്‍ രസമായിരുന്നു.

അവരില്‍ പലരില്‍ നിന്നും എന്നെയും റിഷാലിനെയും മാറ്റി നിര്‍ത്തിയത് വായന എന്ന അത്ഭുതലോകമായിരുന്നു. പിന്നീട് കലാലയ ജീവിതത്തില്‍ ഞാന്‍ തീര്‍ത്തും ഒരു പുസ്തകപ്പുഴു ആയി മാറുകയായിരുന്നു. പുസ്തകലോകത്തിനപ്പുറത്തെ യാഥാര്‍ത്ഥ്യലോകത്തിനോട് പൊരുത്തപ്പെടാന്‍ എനിക്ക് പലപ്പോഴും സാധിച്ചിരുന്നില്ല. ജിബ്രാനോടായിരുന്നു കൂടുതല്‍ പ്രണയം.അദ്ദേഹത്തിന്റെ 'ഒടിഞ്ഞ ചിറകുകള്‍' പിജിക്ക് പഠിക്കാനുണ്ടായിരുന്നു.  മഞ്ഞുപോലെ നയനങ്ങളുള്ള സല്‍മയെ ഞാന്‍ ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്. ഇന്ന് ഞാന്‍ യൗവനമധ്യത്തിലെത്തി.അധ്യാപകനായി. 

റിഷാലിനെ അതിനുശേഷം കണ്ടിട്ടില്ല. അവനെവിടെ എന്നുമറിയില്ല. അവനിപ്പോള്‍ എവിടെ ആയിരിക്കും? അവന്‍ എന്നെ ഓര്‍ക്കുന്നുണ്ടാവുമോ? അവനിപ്പോഴും വായിക്കുന്നുണ്ടാവുമോ? 

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!