വിവാദങ്ങള്‍ക്കപ്പുറം പത്മാവതിയുടെ ജീവിതം

By Jaya SreeragamFirst Published Dec 13, 2017, 5:15 PM IST
Highlights

1400 കളില്‍ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു ഭാരതീയ നാരിക്കു നല്‍കുന്ന ആദരവും ബഹുമാനവും എന്തുകൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്ന ഒരു സ്ത്രീക്ക് നല്‍കുന്നില്ല? പകരമായി, അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ അവഹേളിക്കുകയും അപമാനിക്കുകയും അവര്‍ക്കെതിരെ വധ ഭീഷണി മുഴക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? 

ഇത് പത്മാവതിയുടെ കാലമാണ്. എവിടെയും പത്മാവതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍. വിവാദങ്ങള്‍. വാര്‍ത്തകള്‍. ആരോപണ ്രപത്യാരോപണങ്ങള്‍. ചരിത്രത്തിന്റെ ഖജനാവില്‍  കാക്കപ്പൊന്നു പോലെ മറഞ്ഞു കിടന്നു തിളങ്ങിയിരുന്നു  ഒരു രജപുത്ര രാജകുമാരി കാലങ്ങള്‍ക്ക് ശേഷം നടത്തിയ വമ്പന്‍ തിരിച്ചുവരവ്. സഞ്ജയ് ലീല ബന്‍സാലി ഒരു തുള്ളി അമൃത് തളിച്ച് പുനര്‍ജനിപ്പിച്ചതോടെ പത്മാവതി പുതിയ കാലത്തിനും സുപരിചിതയാവുകയായിരുന്നു. 

ഞാന്‍ കേട്ടിട്ടില്ലായിരുന്നു 'റാണി പത്മിനി' എന്ന പത്മാവതിയെ. എന്നെപോലെ അജ്ഞരായിരുന്നു ഭൂരിഭാഗം പേരും. പത്മാവതി വിവാദങ്ങളില്‍ വഴിയറിയാതെ അലയുമ്പോഴാണ് ഇവര്‍ ആരാണെന്നറിയാനുള്ള ആകാംക്ഷ ഉള്ളില്‍ നിറഞ്ഞത്. എന്തിനാണ് പത്മാവതിയെ വിവാദങ്ങളില്‍ മുക്കി കൊല്ലുന്നത് എന്നറിയാനുള്ള ഒരു ആഗ്രഹം. സത്യമായും അവര്‍ ജീവിച്ചിരുന്നുവോ? എന്തായിരുന്നു അവരുടെ ജീവിതകഥ? ഇതിനൊന്നും മറുപടി പറയാനുതകുന്ന ആധികാരിക രേഖകളൊന്നും ഇപ്പോഴും കണ്ടെത്താനാവുന്നില്ലെന്ന് തന്നെ പറയാം. 

1300- 1400 കൊല്ലങ്ങളിലാണ് റാണി പത്മാവതി ജീവിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. അത് കഴിഞ്ഞ് രണ്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് പതിനാറാം നൂറ്റാണ്ടിലെ കവി മലിക് മുഹമ്മദ് ജയസി എന്ന കവി റാണി പത്മിനി എന്ന രാജകുമാരിയെ കുറിച്ചെഴുതുന്നത്. ഖില്‍ജിയുടെ ആക്രമണം നടന്നത് 237 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാലിക് മുഹമ്മദ് ജയാസി ഈ കവിത എഴുതുന്നത്. ഉത്തര്‍പ്രദേശിലെ അമേത്തി ജില്ലയിലെ ജൈസ് എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കവി അവാദ് ഭാഷയിലായിലാണ് ഈ കവിതയെ ലോകത്തിനു സമര്‍പ്പിച്ചത്. അതില്‍ പകുതിയും കവിയുടെ ഭാവനയായിരുന്നുവെന്ന് പറയുന്നു. അന്നും കവിയെ പോലെ തന്നെ ലോകര്‍ക്കും മുന്നില്‍ പത്മാവതി ഒരു മിത്തായിരുന്നു. അതുകൊണ്ടു തന്നെയാവാം ഈ കവിതയില്‍ പ്രത്യക്ഷപ്പെട്ട രജപുത്ര രാജകുമാരിയുടെ ഇമേജിനെ എല്ലാവരും സ്വീകരിച്ചതും പാടി പുകഴ്ത്തിയതും. രജപുത്ര വംശജരോടുള്ള എല്ലാവിധ  ആദരവോടും കൂടിയായിരിക്കും മാലിക് മൊഹമ്മദ് എന്ന കവി  തൂലികത്തുമ്പില്‍ പത്മാവതിയെ ആവാഹിച്ചിട്ടുണ്ടാവുക. ആ കാലത്തെ ഹിന്ദു മുസ്ലിം ബന്ധങ്ങളെ വളരെ മനോഹരമായാണ് അദ്ദേഹം പകര്‍ത്തിയത്. 

ആ കവിതയിലെ രണ്ടു വരി ഇങ്ങിനെയാണ്:

ദൈവം 
രണ്ടു ചില്ലകളുള്ള
ഒരു മരം നട്ടു വളര്‍ത്തി. 
അതില്‍ ഇലകള്‍ പോലെ
പല മനുഷ്യര്‍.

ആ ഒറ്റ മരത്തിന്റെ 
രണ്ട് ചില്ലകള്‍ പോലെ;
ഹിന്ദുവും  മുസ്ലിമും
ഒരേ ദൈവത്തിന്റെ 
രണ്ടു മക്കള്‍!

(പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ  ഈ കവിത പിന്നീട് പല ഭാഷകളിലും പല സമയത്തും വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി.അതിലൊരു വിവര്‍ത്തനമാണ് ഇവിടെ ആശ്രയിച്ചത്) 

മാലിക് മുഹമ്മദിന്റെ കവിതയിലെ പത്മാവതി ശ്രീലങ്കന്‍ രാജകുടുംബത്തില്‍ ജനിച്ച അതിസുന്ദരിയായ രാജകുമാരിയായിരുന്നു. ചിറ്റോര്‍ ഭരണാധികാരിയായ രത്തന്‍ സെന്‍ രജപുത്രര്‍ പത്മാവതിയുടെ സൗന്ദര്യം കേട്ടറിയുന്നത് ഹിരാമന്‍ എന്ന് പേരുള്ള ഒരു തത്തയിലൂടെയാണ്. അങ്ങിനെയാണ് ചിറ്റോര്‍ രാജാവ് ശ്രീലങ്കയിലെത്തി പത്മാവതിയെ കാണുന്നത്. സ്വന്തമാക്കുന്നത്. 

ഖില്‍ജി പത്മാവതിയുടെ സൗന്ദര്യം കേട്ടറിയുകയും ആ സൗന്ദര്യറാണിയെ സ്വന്തമാക്കുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെ ചിറ്റോര്‍ ആക്രമിക്കാന്‍ സേനയെ
നിയോഗിക്കുകയും ചെയ്തു. നിരന്തരമായ ആക്രമണങ്ങള്‍ നടത്തുന്നതിനിടയില്‍ രത്തന്‍ സെന്‍ കുമ്പല്‍നട് എന്ന് പേരുള്ള രാജ്യത്തെ ദേവപാല്‍ എന്ന രാജാവുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ദേവപാലും പത്മാവതിയെ മോഹിച്ചു ചിറ്റോര്‍ ആക്രമിക്കാന്‍ വന്ന രാജാവായിരുന്നു. 

അലാവുദ്ദീന്‍ ഖില്‍ജി ചിറ്റോര്‍ ആക്രമിച്ചു കീഴടക്കുന്നതിനു മുന്‍പ് തന്നെ പത്മാവതിയും തോഴിമാരും അഗ്‌നിയില്‍  ചാടി ആത്മാഹുതി (ജോഹര്‍) ചെയ്തു. സ്ത്രീ ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി പത്മാവതി മാറി. ലോകം അവരെ ആദരിച്ചു.

പത്മാവതിയുടെ പുരാവൃത്തത്തിന് ഒട്ടേറെ ഭാഷ്യങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇത് മറ്റ് സിനിമകള്‍ക്കും പ്രചോദനമായിട്ടുണ്ട്. ജയ് ചിറ്റോര്‍, മഹാറാണി പത്മിനി എന്ന പേരിലും ഈ കഥ സിനിമയാക്കപ്പെട്ടിട്ടുണ്ട്.

ഈ പത്മാവതിയെയാണ് ബന്‍സാലി ദീപിക പദുകോണ്‍ എന്ന ബോളിവുഡ് നായികയിലൂടെ അഭ്രപാളിയിലേക്ക് വീണ്ടും പറിച്ചു നടുന്നത്. പത്മാവതി എന്ന മിത്തിനെ ഒരു കവി അക്ഷരങ്ങളിലേക്ക് പകര്‍ത്തി. കാലങ്ങള്‍ക്കു ശേഷം മറ്റൊരു മാധ്യമത്തിലേക്ക് ഒരു സംവിധായകന്‍ പകര്‍ത്തി. അതാണ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയത്. 

അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് ബന്‍സാലി സിനിമയാക്കുന്നത്. ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കര്‍ണിസേനയും മറ്റു വിഭാഗക്കാരും ഷൂട്ടിംഗ് ലൊക്കേഷനിലും ഇപ്പോള്‍ പ്രദര്‍ശനത്തിനുമെതിരെ ആക്രമണം അഴിച്ചുവിട്ടത്.  

പത്മാവതി ചിതയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് ജയാസിയുടെ കവിതയില്‍ പറയുന്നത്.  എന്നാല്‍ പത്മാവതിയായി വേഷമിടുന്ന ദീപിക പദുക്കോണും ഖില്‍ജിയായി വേഷമിടുന്ന രണ്‍വീര്‍ സിംഗും തമ്മിലുള്ള പ്രണയ രംഗങ്ങള്‍ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  ഇതാണ് ആക്രമണത്തിന് കാരണമായി കര്‍ണിസേനക്കാര്‍ പറയുന്നത്. സിനിമയുടെ പോസ്റ്ററുകളില്‍ ഈ രംഗങ്ങളുണ്ടായിരുന്നു. സിനിമയിലെ ഈ രംഗങ്ങള്‍ മാറ്റങ്ങള്‍ വരുത്താത്തിടത്തോളം പ്രദര്‍ശനം തുടരാന്‍ അനുവദിക്കില്ലെന്നാണ് കര്‍ണിസേന പറയുന്നത്. 

രജപുത്രരാജകുമാരിക്ക് നല്‍കേണ്ട ആദരവും ബഹുമാനവും പൂര്‍ണ്ണമായും നല്‍കിയില്ലെന്നു വാദിക്കുന്ന കര്‍ണ്ണി സേനക്കാര്‍ ഭാരതീയ നാരിയെ അപമാനിക്കുന്ന രീതിയില്‍ ദീപിക പദുകോണ്‍ പത്മാവതിയില്‍ വേഷങ്ങള്‍ ധരിച്ചു എന്നും നൃത്തരംഗങ്ങളില്‍ ചടുല കാല്‍വെപ്പില്‍ പത്മാവതിയെ താഴ്ത്തികെട്ടി എന്നും കുറ്റപ്പെടുത്തുന്നു. ബന്‍സാലി തന്റെ ഭാവനക്കനുസരിച്ചു ചരിത്രത്തെ തിരുത്തി എന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ച് അവര്‍ വധഭീഷണി മുഴക്കുന്നു.  160- 200 കോടി രൂപ മൂലധനമിറക്കി ഒരുപാട് പേരുടെ കഠിനാദ്ധ്വാനം പാഴാക്കുന്ന വിധത്തില്‍ ഈ വിവാദം വളരുകയാണ്. 

ഒരു സ്വപ്നരംഗത്തില്‍ പത്മാവതി അലാവുദീന്‍ ഖില്‍ജിയുമായി അഭിനയിച്ചു എന്നതാണ് മുഖ്യ അപരാധമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ചലച്ചിത്രത്തില്‍ ഇങ്ങിനെ ഒരു രംഗം ഇല്ലെന്ന കാര്യം ബന്‍സാലിയും ചലച്ചിത്രത്തിന്റെ പ്രിവ്യു കണ്ട  മാധ്യമ പ്രതിനിധികളും ആവര്‍ത്തിക്കുന്നു. 

1400 കളില്‍ ജീവിച്ചിരുന്നു എന്ന് പറയപ്പെടുന്ന ഒരു ഭാരതീയ നാരിക്കു നല്‍കുന്ന ആദരവും ബഹുമാനവും എന്തുകൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്ന ഒരു സ്ത്രീക്ക് നല്‍കുന്നില്ല? പകരമായി, അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ അവഹേളിക്കുകയും അപമാനിക്കുകയും അവര്‍ക്കെതിരെ വധ ഭീഷണി മുഴക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? 

രജപുത്രരെ അപമാനിക്കുന്ന തരത്തില്‍  നായിക നൃത്തച്ചുവടുകള്‍  വെച്ചു എന്ന ആരോപണത്തിലും എന്താണ് വാസ്തവം? അന്തപുരങ്ങളിലെ റാണിമാര്‍ നൃത്തം ചെയ്തിരുന്നില്ലേ? നൃത്തം രാജസദസ്സുകള്‍ക്ക് അന്യമായിരുന്നോ? ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു ഉടയാടകള്‍ ധരിച്ചു പത്മാവതിയെ അപമാനിച്ചു എന്നു പറയുന്നവര്‍ സിനിമ എന്ന സ്വപ്‌നകലയെക്കുറിച്ചുള്ള അജ്ഞതകൂടിയാണ് വെളിവാക്കുന്നത്.  ചരിത്രത്തില്‍ ജീവിച്ചിരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വേണമെന്ന് പറഞ്ഞ് കലാപം കൂട്ടുന്നവര്‍ എന്തേ ഇന്നത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതത്വം കാണാതെ പോകുന്നത്? 

ചരിത്രം മാറ്റി എഴുതാന്‍ ആര്‍ക്കും അവകാശമില്ല എന്നത് ശരിയാണ്. എന്നാല്‍ ഏതാണ് ചരിത്രം? സൂഫി കവി കൂടിയായ മാലിക് മുഹമ്മദ് ജയാസിയുടെ കവിതയിലെ കഥാപാത്രമോ? അതുപോലും വെറും ഭാവനാ കഥാപാത്രമായിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. 

.ഇതുവരെയും പത്മാവതി പ്രദര്‍ശനത്തിന് എത്തിയിട്ടില്ല. ഈ വിമര്‍ശകരൊന്നും അതിലെന്താണ് എന്ന് കണ്ടറിഞ്ഞിട്ടില്ല. കാണാത്ത കാര്യങ്ങള്‍ വെച്ചു നടത്തുന്ന ഈ വിലയിരുത്തലുകള്‍ എത്രമാത്രം ശരിയാവും? ആ സിനിമ പുറത്തിറങ്ങി അതിലെ എന്തെങ്കിലും ഭാഗം ചരിത്രത്തിനു കോട്ടം തട്ടുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ടോ  എന്ന് അറിയുന്നതിന് മുന്‍പേ അത് റിലീസ് ചെയ്യാന്‍ പാടില്ലെന്ന് വിധിയെഴുതുന്നത് എത്ര അസംബന്ധമാണ്? 

അതിനാല്‍, ആ സിനിമ വരട്ടെ. ആളുകള്‍ കാണട്ടെ. എന്നിട്ടു പോരെ, ഈ കോലാഹലങ്ങള്‍! 

click me!