ഒരു തേങ്ങ ഒരു മാനവസമൂഹത്തിന് ജന്മം നല്‍കിയ കഥ!

By Rasheed KPFirst Published Sep 4, 2016, 5:58 AM IST
Highlights

ലോക നാളികേര ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഒരു തേങ്ങ ചരിത്രത്തില്‍ നടത്തിയ സംഭവബഹുലമായ ഇടപെടലിനെ കുറിച്ച് അരുണ്‍ അശോകന്‍ എഴുതുന്നു. തേങ്ങയ്ക്ക് വേണ്ടി ഒരു കലാപം, പലായനം, പിന്നെയൊരു ഒരു രാജ്യം. 

ഒരു തേങ്ങ ഒരു മാനവസമൂഹത്തിന് ജന്മം നല്‍കിയ കഥയാണ് ദക്ഷിണ പസഫിക് ദ്വീപായ പിറ്റ്‌കെയിന് പറയാനുള്ളത്.  56 പേര്‍ മാത്രം താമസിക്കുന്ന പിറ്റ്‌കെയിന്‍ ദ്വീപിലെ രണ്ട് നൂറ്റാണ്ട് നീളുന്ന മനുഷ്യവാസത്തിന്റെ ചരിത്രം മുത്തശ്ശിക്കഥയെന്ന് തോന്നിക്കുന്നൊരു യാഥാര്‍ത്ഥ്യമാണ്.

1789 ഏപ്രിലിലാണ് ബ്രിട്ടീഷ് നാവികസേനാ കപ്പലായ എച്ച്എംഎസ് ബൗണ്ടിയില്‍ നിന്ന് വിശ്വവിഖ്യാതമായ ആ തേങ്ങ കാണാതായത്.  വെസ്റ്റ് ഇന്‍ഡീസ് തോട്ടങ്ങളിലെ അടിമകള്‍ക്ക് ഭക്ഷണം കണ്ടെത്താനുള്ള ദൗത്യവുമായി 87 ഡിസംബറില്‍ തിഹിത്തിയിലടുത്ത ബൗണ്ടി അതിന്റെ മടക്കയാത്രയിലായിരുന്നു.

ദ്വീപ്. പ്രകൃതി. മനുഷ്യര്‍. ഈ ചിത്രങ്ങള്‍ കാണൂ... 

തിഹിത്തിയില്‍ നിന്ന് ശേഖരിച്ച ബ്രെഡ് ഫ്രൂട്ടിന്റെ തൈകളായിരുന്നു കപ്പലില്‍ നിറയെ. അടിമകളുടെ വിശപ്പടക്കാനുള്ള ബ്രിട്ടീഷുകാരുടെ പുത്തന്‍ കണ്ടെത്തലായിരുന്നു നമ്മുടെ നാട്ടില്‍ ശീമച്ചക്കയെന്നറിയപ്പെടുന്ന ബ്രഡ് ഫ്രൂട്ട്.  ആ തൈകള്‍ക്കിടയില്‍ ക്യാപ്റ്റന്‍ വില്യം ബ്ലൈ സൂക്ഷിച്ചിരുന്ന തേങ്ങകളില്‍ ഒന്നാണ് കാണാതായത്.  തേങ്ങയുടെ തിരോധാനത്തിന്റെ അനന്തരഫലം ക്രിസ്റ്റ്യന്‍ ഫ്‌ലെച്ചറുടെ നേതൃത്വത്തില്‍ ക്യാപ്റ്റന്‍ വില്യം ബ്ലൈക്കെതിരെ നടന്ന കലാപമാണ്. ഫ്‌ലെച്ചറും 25 പെറ്റി ഓഫീസറുമാരും ചേര്‍ന്ന് എച്ച്എംഎസ് ബൗണ്ടി പിടിച്ചെടുത്തു. ക്യാപ്റ്റനെയും അനുകൂലികളെയും  ചെറുബോട്ടില്‍ നടുക്കടലില്‍ ഉപേക്ഷിച്ച് എച്ച്എംഎസ് ബൗണ്ടി തിഹിത്തിയിലേക്ക് തന്നെ മടങ്ങി.  അവിടെ ഫ്‌ലെച്ചറിനെ കാത്ത് ഒരു പ്രണയിനി ഉണ്ടായിരുന്നു. മൗവാടുവ.

സംഘത്തിലെ 16 പേര്‍ തിഹിത്തിയില്‍ തുടരാന്‍ തീരുമാനിച്ചെങ്കിലും ഫ്‌ലെച്ചറും മറ്റ് എട്ടുപേരും ബ്രിട്ടീഷ് നാവികസേനയുടെ കണ്ണെത്താത്ത തീരം തേടി യാത്രതുടര്‍ന്നു. തദ്ദേശീയരായ ആറു പുരുഷന്‍മാരും 12 സ്ത്രീകളും ഒരു കുട്ടിയും തിഹിത്തി ഉപേക്ഷിച്ച്  അവരോടൊപ്പം ബൗണ്ടിയില്‍ ചേക്കേറി. അവരുടെ  യാത്ര അവസാനിച്ചത് തിഹിത്തിക്കും  ആയിരം മൈല്‍ കിഴക്ക് പിറ്റ്‌കെയിന്‍  എന്ന ചെറു അഗ്‌നിപര്‍വത ദ്വീപിലാണ്. എച്ച്എംഎസ് ബൗണ്ടിക്ക് തീകൊടുത്ത് ഫ്‌ലെച്ചറും സംഘവും പിറ്റ്‌കെയിനില്‍ പുതിയ ജീവിതം തുടങ്ങി.

15 പുരുഷന്‍മാര്‍ക്ക് ഇണകളായി 12 സ്ത്രീകള്‍.  ഭക്ഷണം , വെള്ളം , സുരക്ഷിതമായ താമസം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടപ്പോള്‍ മനുഷ്യസഹജമായ ലൈംഗികമത്സരം പുരുഷന്‍മാര്‍ക്കിടയില്‍ ഉടലെടുത്തു . തിഹിത്തിയന്‍ പുരുഷന്‍മാരോട് വെള്ളക്കാര്‍ കാട്ടിയ മേധാവിത്ത സ്വഭാവം കൂടി ചേര്‍ന്നതോടെ പിറ്റ്‌കെയിന്‍ പോരാട്ടത്തിന്റെ വേദിയായി.

1808ല്‍ അമേരിക്കയില്‍ നിന്നുള്ളൊരു കപ്പല്‍ പിറ്റ്‌കെയിനില്‍ അടുക്കുമ്പോള്‍ അവിടെ ഒരു പുതിയ സങ്കരസമൂഹം ഉടലെടുത്തിരുന്നു.  ജോണ്‍ ആദം എന്ന ബൗണ്ടി കലാപകാരി മാത്രമാണ്  പിറ്റ്‌കെയിനില്‍ ജീവനോടെ ശേഷിച്ച പുരുഷന്‍. 

1825 ല്‍ വീണ്ടും ഒരു ബ്രിട്ടീഷ് കപ്പല്‍ പിറ്റ്‌കെയിനില്‍ അടുത്തു. ജോണ്‍ ആദമിനെ വിചാരണ ചെയ്യാതെ പിറ്റ്‌കെയിനില്‍ തന്നെ തുടരാന്‍ അനുവദിക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍ ചെയ്തത്.  1829ല്‍ ആദം മരണത്തിന് കീഴടങ്ങിയെങ്കിലും ബ്രിട്ടീഷ് കലാപകാരികളുടെയും തിഹിത്തിയന്‍ ജനതയുടെയും ജനിതകം പേറുന്നൊരു സങ്കരവര്‍ഗം ആ ചെറുദ്വീപില്‍ തങ്ങളുടെ ജീവിതം തുടര്‍ന്നു. 1887 മുതല്‍ പിറ്റ്‌കെയിന്‍ ബ്രിട്ടന്റെ മേല്‍ നോട്ടത്തിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പലപ്പോഴായി  ദ്വീപ് ഉപേക്ഷിച്ച് പോകാനുള്ള ശ്രമങ്ങള്‍ നടന്നു. ജന്മദേശത്തിന്റെ ബന്ധനം കൊണ്ടെന്നോണം മടങ്ങിപ്പോയവരില്‍ പലരും മടങ്ങിയെത്തി.

1937 ല്‍ പിറ്റ്‌കെയിനിലെ ജനസംഖ്യ 233 വരെ ഉയര്‍ന്നു. മനുഷ്യ അതിജീവനത്തിന്റെ ഒരു പഠനമാതൃക കൂടിയാണ് പിറ്റ്‌കെയിന്‍ .  ബൗണ്ടി അടുത്തതുമുതലുള്ള കാലം തൊട്ട് ഇങ്ങോട്ട് സ്ത്രീ പുരുഷ അനുപാതത്തിലെ പ്രശ്‌നങ്ങള്‍ പിറ്റ്‌കെയിന്‍ അനുഭവിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം . 2004ലാണ് ഇക്കാര്യം ലോകശ്രദ്ധയില്‍ എത്തിയത്. പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് പിറ്റ്‌കെയിന്‍ മേയര്‍ ഉള്‍പ്പെടെ 7 പേര്‍ വിചാരണക്ക് വിധേയരായി. അങ്ങനെയാണ് ദ്വീപിലെ ആദ്യജയില്‍ ബോബ്‌സ് വാലിയില്‍ തുറന്നത്.

56 പേരാണ് ഇന്ന് പിറ്റ്‌കെയിനിലെ താമസക്കാര്‍. അഡ്മിനിസ്‌ട്രേറ്റര്‍, ഡോക്ടര്‍, പൊലീസ് ഓഫീസര്‍ എന്നിവരും ഇവരുടെ ഭാര്യമാരും താത്കാലികമായി ദ്വീപില്‍ തങ്ങുന്നവരാണ്. അവരെ ഒഴിച്ചാല്‍ ആകെ ജനസംഖ്യ 50.  സാധനങ്ങള്‍ വാങ്ങാന്‍ ഒരു കട, മദ്യത്തിന് ഒരു ബാര്‍, വൈദ്യുതിക്ക് ഡീസല്‍ ജനറേറ്റര്‍ പിന്നെ കൃഷി ഇതൊക്കെ കൊണ്ട് തൃപതരാണ് പിറ്റ്‌കെയിന്‍ നിവാസികള്‍.  27 വര്‍ഷത്തിനിടെ ഇവിടെ ജനിച്ചത് 2 കുട്ടികള്‍ മാത്രം . ദ്വീപ് വിട്ട് പഠനാവശ്യങ്ങള്‍ക്കും മറ്റുമായി പുറത്ത് പോകുന്നവര്‍ മടങ്ങിവരുന്നില്ല.  ഈ ചെറു ജനത കുറ്റിയറ്റു പോകലിന്റെ ഭീഷണിയിലാണ്.  ടൂറിസം പോലുള്ള പരീക്ഷണങ്ങളിലൂടെ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
 
എച്ച്എംഎസ് ബൗണ്ടിയും  അതില്‍ നടന്ന കലാപവും ഒന്നിലധികം ഹോളിവുഡ് സിനിമകള്‍ക്ക് ഇതിവൃത്തമായിട്ടുണ്ട്. എച്ച്എംഎസ് ബൗണ്ടി പിടിച്ചെടുത്ത  ക്രിസ്റ്റ്യന്‍ ഫ്‌ലെച്ചര്‍ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും മാത്രമായിരുന്നില്ല അതിജീവനത്തിന്റെ കഥ പറയാനുണ്ടായിരുന്നത്.  അവര്‍ നടുക്കടലില്‍ തള്ളിയ ക്യാപ്റ്റന്‍ വില്യം ബ്ലൈക്കിനും അതിജീവനത്തിന്റെ മറ്റൊരു കഥ പറയാനുണ്ട്. 47 ദിവസം കൊണ്ട് ഒരു ചെറു ബോട്ടില്‍ 6700 ഓളം കിലോ മീറ്റര്‍ താണ്ടിയ മറ്റൊരു സാഹസിക കഥ.   

നീണ്ട കടല്‍ യാത്രയുടെ മാനസിക സമ്മര്‍ദ്ദം, അധികാരവടം വലി, പ്രണയം, ലൈംഗികമോഹങ്ങള്‍  അങ്ങനെ പല കാരണങ്ങളുണ്ട് ബൗണ്ടി കലാപത്തിന് . പക്ഷെ ഒക്കെ പൊട്ടിത്തെറിച്ചത് ഒരൊറ്റ തേങ്ങയില്‍ നിന്നാണ്.       എന്തൊരു തേങ്ങയാ അത് , അല്ലെ?

ദ്വീപ്. പ്രകൃതി. മനുഷ്യര്‍. ഈ ചിത്രങ്ങള്‍ കാണൂ...

 

 

 

 

 

 

click me!