ആ പ്രത്യേക അതിര്‍ത്തി, അകത്തേക്കും പുറത്തേക്കും കടക്കാന്‍ പാസ് വേണ്ടിവന്ന ഗ്രാമം!

By Web TeamFirst Published Feb 10, 2020, 12:11 PM IST
Highlights

ശീതയുദ്ധകാലത്ത്, ആ ഗ്രാമം തീർത്തും ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പല കുടുംബങ്ങളും വേർപ്പെട്ട് പോയി.

ചിലർക്ക് ഇത് പ്രകൃതിരമണീയമായ ഒരു സ്ഥലമാണ്. പലരെയും ആകർഷിക്കുന്നത് ഇവിടത്തെ വ്യത്യസ്‍തമായ ഭൂപ്രകൃതിയാണ്. കാലാവസ്ഥ മാറുന്നതനുസരിച്ച് ഇവിടെയും മാറ്റം വരും. കാലത്ത് മൂടൽമഞ്ഞ് ഒരു വെള്ളപ്പുതപ്പുപോലെ ഇവിടം മൂടുന്നു. എന്നാൽ, സൂര്യൻ ഉദിക്കുമ്പോഴേക്കും വളരെ തെളിഞ്ഞ കാലാവസ്ഥയാകും ഇവിടെ.  ഈ അതിമനോഹരമായ സ്ഥലമാണ് ഹെയ്‍ദൗ കാടുകൾ. ബൾഗേറിയയെയും, ഗ്രീസിനെയും തമ്മിൽ വേർതിരിക്കുന്ന സ്വാഭാവിക അതിർത്തിയാണിത്.  

രണ്ടാം ലോക മഹായുദ്ധകാലത്തും, അതുകഴിഞ്ഞുനടന്ന ശീതയുദ്ധകാലത്തും, ഈ സ്വാഭാവിക അതിർത്തി ബൾഗേറിയയെയും, ഗ്രീസിനെയും വേർതിരിച്ചു. 1945 -ൽ ഇത് പൂർണ്ണമായും കൊട്ടിയടക്കപ്പെട്ടു. അതിർത്തി അടച്ചപ്പോൾ, ഇരുപ്രദേശങ്ങളിലും ജീവിച്ചിരുന്നവർ തമ്മിൽ ബന്ധപ്പെടാൻ വഴിയില്ലാതായി. ആർക്കും അതിർത്തി കടന്ന് പോകാനും കഴിഞ്ഞില്ല. എവിടെയാണോ ഉണ്ടായിരുന്നത് അവിടെത്തന്നെ തുടരേണ്ടിവന്നു. ശക്തമായ നീരീക്ഷണത്തിലായിരുന്ന ആ അതിർത്തി ആർക്കും തന്നെ കടക്കാൻ സാധിക്കില്ലായിരുന്നു. അഥവാ ആരെങ്കിലും നിയന്ത്രണം ലംഘിച്ച് കടക്കാൻ ശ്രമിച്ചാൽ മരണമായിരിക്കും ഫലം. ബൾഗേറിയൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ നിഷ്കരുണം വെടിവച്ചിടുമായിരുന്നു പട്ടാളം. ശത്രുരാജ്യങ്ങൾക്കിടയിൽ ഒരു അതിർത്തി ഗ്രാമം ഉണ്ടായിരുന്നു. യുദ്ധത്തിന്‍റെയും, ശത്രുതയുടെയും കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിച്ച ഒരു ഗ്രാമം. ത്രൈസ് എന്ന ആ ഗ്രാമത്തിൽ താമസിച്ചിരുന്ന ഒരു ന്യൂനപക്ഷ സമുദായമാണ് പൊമാക്സ്. ഗ്രീക്ക് ഭരണകൂടത്തിൻ കീഴിൽ ബൾഗേറിയൻ സംസാരിക്കുന്ന മുസ്ലീം പൗരന്മാരാണ് അവർ. ഗ്രീക്ക് ഓർത്തഡോക്സ് ഭൂരിപക്ഷത്തിൽ നിന്നും ഒറ്റപ്പെട്ട് മാറിനിൽക്കുന്ന അവർ മിലിറ്ററി കർഫ്യൂവിലാണ് ജീവിച്ചിരുന്നത്.

ശീതയുദ്ധകാലത്ത്, ആ ഗ്രാമം തീർത്തും ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പല കുടുംബങ്ങളും വേർപ്പെട്ട് പോയി. ശീതയുദ്ധത്തിലുടനീളം, ആ വിദൂര താഴ്‌വരകൾ ഒരു സുരക്ഷാ മേഖലയായിരുന്നു. ആ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ പ്രത്യേക പാസ് ആവശ്യമായിരുന്നു. ഗ്രീസ് ഈ സമയം 99 ശതമാനവും  ക്രിസ്തുമത വിശ്വാസികളായിരുന്നു. അവർക്കിടയിൽ  സ്ലൊവിക് സംസാരിക്കുന്ന ഈ മുസ്ലിം ന്യൂനപക്ഷം  തീർത്തും ഒറ്റപ്പെട്ട് നിന്നിരുന്നു. വിനോദസഞ്ചാരികളെ അങ്ങോട്ട് പ്രവേശിപ്പിക്കില്ലായിരുന്നു. അത് മാത്രമല്ല, അവിടത്തെ നിവാസികളെ പുറത്തേക്കും വിട്ടിരുന്നില്ല. നിവാസികൾക്ക് പുറത്തു പോകണമെങ്കിലോ, പുറത്തുനിന്ന് അകത്തു പ്രവേശിക്കണമെങ്കിലോ ഒരു പ്രത്യേക പാസ് കാണിക്കണമായിരുന്നു. എല്ലാ വർഷവും ഈ പാസ് പുതുക്കുകയും ചെയ്യണം.

എന്നാൽ, ശീതയുദ്ധം കഴിഞ്ഞപ്പോൾ അതിർത്തികൾ തുറന്നു. 1995 -ലാണ് അവസാനത്തെ ചെക്ക് പോയിന്റും തുറന്നത്. സ്വാതന്ത്രത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായിരുന്നു അത്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും, ഇപ്പോഴും പക്ഷേ ഭരണകൂടം അവരെ  അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇന്നും അവഗണിക്കപ്പെട്ടവരായി അവർ ആ മണ്ണിൽ കഴിയുകയാണ്. 

click me!