പൊട്ടിപ്പൊളിഞ്ഞുപോയ വിദ്യാഭ്യാസ ജീവിതം

By Web TeamFirst Published Sep 25, 2018, 3:15 PM IST
Highlights

റിസൾട്ട് വന്നു കഴിഞ്ഞാൽ ഇത്ത കുറച്ചൊക്കെ ചീത്ത പറയുമായിരിക്കും. എന്നാലും അത് കേട്ടാൽ തീർന്നല്ലോ ഇനിയൊരിക്കലും എന്നെ സയൻസിന്‍റെ പരിസരത്തേക്കേ വിടില്ല, എന്നൊക്കെ മനസ് കൊണ്ട് ചിന്തിച്ചുറപ്പിച്ച് ഞാൻ ഇരിക്കുന്ന സമയത്താണ് വാപ്പ വിളിക്കുന്നത്. 

നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയുടെ കഴിവും നിലവാരവും ഏതു മേഖലയിൽ ആണെന്ന് മനസിലാക്കാൻ 15 വർഷം ധാരാളമാണ്. PTA മീറ്റിംഗിന് പോവുമ്പോൾ സഹപാഠികളുടെ മാർക്കിനോട് കുട്ടിയെ താരതമ്യം ചെയ്യുന്ന സമയത്തു അധ്യാപകരുമായി ഒന്ന് തുറന്നു സംസാരിച്ചാൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്. കുറഞ്ഞ പക്ഷം കുട്ടിക്കെങ്കിലും പത്താം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴേക്ക് കുട്ടിയെക്കുറിച്ചൊരു ധാരണ വേണം. 

പത്താം ക്ലാസ്സ് / പ്ലസ് ടു വിനു പഠിക്കുന്ന മക്കളോടാണ്. അവരുടെ അച്ഛനമ്മമാരോടാണ്. ജീവിതത്തിൽ ഏറ്റവും ഊർജ്ജസ്വലമായി ഫലവത്തായി കാര്യങ്ങൾ ചെയ്യേണ്ട കൗമാരത്തിൽ നിന്ന് ഒരു ആറ് വർഷം പാഴാക്കിയതിന്‍റെ അനുഭവത്തിൽ നിന്നുകൊണ്ട് പറയുകയാണ്. ജീവിതത്തിൽ ഇനി എന്തൊക്കെ നേടിയാലും കാരണോന്മാർ പറയുന്ന, ആയ കാലത്ത് നഷ്ടപ്പെടുത്തിയ ഈ ആറു വർഷം എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്.

പത്താം ക്ലാസില്‍ ഒമ്പത് A+ കിട്ടി ജയിച്ചപ്പോൾ സയൻസ് എടുക്കണം എൻട്രൻസ് കോച്ചിങിനു പോകണം എന്ന ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. സയൻസ് ഒരിക്കലും രക്ഷിതാക്കളുടെ നിർബന്ധമായിരുന്നില്ല. കൊമേഴ്‌സ് എടുക്കണം എന്നായിരുന്നു അക്കൗണ്ടന്‍റ് ആയ ഉപ്പായുടെ ആഗ്രഹം. അതിനോടൊരു താല്പര്യം തോന്നാതിരുന്നത് കൊണ്ടും, ഇത്ത തിരഞ്ഞെടുത്തത് മെഡിക്കൽ പ്രൊഫഷൻ ആയതു കൊണ്ടും, പിന്നെ നാട്ടുനടപ്പനുസരിച്ചും സ്വാഭാവികമായും എട്ടും പൊട്ടും തിരിയാത്ത ഒരു പതിനഞ്ചു വയസ്സുകാരിക്ക് തോന്നുന്ന ഒരു അനുകരണ ഭ്രമം. അത്ര മാത്രം. 

പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം തിരക്കുപിടിച്ചതായിരുന്നു. സ്കൂളില്ലാത്ത ദിവസം കോച്ചിങ്. കോച്ചിങ് ഇല്ലാത്ത ദിവസം സ്കൂൾ. ലാബ്, റെക്കോർഡ് അങ്ങനെയങ്ങനെ... നാലു മാസം കഴിഞ്ഞപ്പോൾ തന്നെ എനിക്കു വല്ലാത്ത മടുപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടു തുടങ്ങി. ഫിസിക്‌സും, കെമിസ്ട്രിയും, ബയോളജിയുമെല്ലാം ഇഷ്ട വിഷയങ്ങളാണെങ്കിലും എന്തോ വല്ലാത്ത ഒരപൂർണതയും അസംതൃപ്തിയും. അതു വല്ലാതെ കൂടുന്നുണ്ടെന്ന് കണ്ടപ്പോൾ നാലു മാസത്തിനു ശേഷം ഞാനെന്‍റെ ട്യൂഷൻ നിർത്തി, ഒറ്റയ്ക്ക് പഠിച്ചോളാം എന്നു പറഞ്ഞ് ശനിയും ഞായറും വീട്ടിലിരുന്നു തുടങ്ങി. ക്ലാസ്സിൽ ട്യൂഷന് പോകാത്തതായി ഞാനടക്കം രണ്ടേ രണ്ടു പേർ മാത്രം. 

ഇങ്ങനെ പോയാൽ പ്ലസ് ടു റിസൾട്ട് എന്താകുമെന്ന് എനിക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല

ഞങ്ങൾ രണ്ടു പേരും, ഒന്ന് മുതൽ പത്തു വരെ സ്റ്റേറ്റ് സിലബസ് മലയാളം മീഡിയം പഠിച്ചവരും. CBSE ബാക്ക്ഗ്രൗണ്ട് ഉള്ള കുട്ടികളൊക്കെ ക്ലാസ്സിൽ ഉണ്ടായിരുന്നു. അവരൊക്കെ ചത്തു കിടന്ന് പഠിക്കുന്നതും നോക്കി അപ്പുറത്തു ഹൈ സ്കൂളിലെ പിള്ളേര് കടല കൊറിച്ചും, ഉറക്കെ ചിരിച്ചും, അടിച്ചും, കുത്തിയും, മാന്തിയുമൊക്കെ നടക്കുന്നതും നോക്കി ഞാൻ അങ്ങനെ ഒരിരിപ്പിരുന്നു. ഇങ്ങനെ പോയാൽ പ്ലസ് ടു റിസൾട്ട് എന്താകുമെന്ന് എനിക്കൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. കാര്യമെന്താണെന്ന് എനിക്കൊരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. എനിക്കു മനസിലായില്ലെങ്കിലും എന്‍റെ ഉമ്മാക്ക് ഏകദേശം കാര്യം പിടികിട്ടിത്തുടങ്ങിയിരുന്നു.

 "ഇയ്യെന്തേലും ഇപ്പൊ വായിക്കലോ എഴുതലോ ണ്ടോ?" ആ ചോദ്യത്തിന് ഉത്തരമില്ലാതെ മുഖത്തോടു മുഖം നോക്കി നിന്ന സമയത്താണ് എനിക്കെന്നെ മുഴുവനായി നഷ്ടപ്പെട്ടു കഴിഞ്ഞെന്ന് എനിക്കു മനസിലാകുന്നത്. എട്ടാം പിറന്നാളിന് സമ്മാനം കിട്ടിയ 'ഒരു കുടയും കുഞ്ഞുപെങ്ങളും' വായിച്ചു തുടങ്ങി ഏഴാം ക്ലാസ്സു കഴിഞ്ഞ് എട്ടിലെത്തിയപ്പോഴേക്കും നീർമാതളവും, തെരുവിന്റെ കഥയും, ദേശത്തിന്റെ കഥയും, പെരുമ്പടവത്തിന്റെ സങ്കീർത്തനങ്ങളും, വിക്ടർ ഹ്യൂഗോ യുടെ പാവങ്ങളുമെല്ലാം വായിച്ചു പുസ്തകം തലയിണക്കടിയിൽ തിരുകിവെച്ചു സ്വപ്നത്തിൽ മമ്മദിനെയും, അന്നയെയും, ലില്ലിയെയും, ശ്രീധരനെയുമെല്ലാം, കണ്ടു പിറുപിറുത്തിരുന്ന ആ കുട്ടിയെവിടെപ്പോയി? 

ഒമ്പതിൽ നിന്ന് പത്തിലെത്തിയപ്പോഴേക്കും ഞാൻ ആയിരക്കണക്കിന് എ പ്ലസു കാരിൽ ഒരാൾ മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു എന്ന സത്യം സ്വന്തം ഉമ്മായോടെങ്കിലും എനിക്കംഗീകരിക്കേണ്ടി വന്നു. "നിനക്കിതൊന്നും പഠിക്കാൻ ആവുന്നില്ലേ? എന്തിനാ ട്യൂഷൻ നിർത്തിയത് ?". "ആവാഞ്ഞിട്ടല്ല... എനിക്ക് മടുപ്പ് വരാണ്. ഇങ്ങള് പറഞ്ഞ പോലെ നിക്കൊന്നും വായിക്കാനും എഴുതാനും പറ്റണില്ല. എന്റെ ക്ലാസ്സിൽ എല്ലാരും ട്യൂഷൻ പോണുണ്ട്. ഇങ്ങനെ പോയാലെന്താകും എന്നറീല്ല.''

റിസൾട്ട് വന്നു കഴിഞ്ഞാൽ ഇത്ത കുറച്ചൊക്കെ ചീത്ത പറയുമായിരിക്കും. എന്നാലും അത് കേട്ടാൽ തീർന്നല്ലോ

"സാരല്യ. പ്ലസ് ടു കഴിഞ്ഞിട്ട് ഇഷ്ടള്ളത് നോക്കാ. ഇപ്പൊ എന്തായാലും തുടങ്ങിലെ. ഇനി മുഴുവനാക്കിക്കൊ "എനിക്കും അത്രയെ ഉണ്ടായിരുന്നുള്ളു. ഏതായാലും തുടങ്ങി, അത് മുഴുവനാക്കുക. ഉമ്മയോടല്ലാതെ അന്നിത് ഉപ്പയോടോ, ഇത്തയോടോ ഒട്ടു പറഞ്ഞതുമില്ല. ഉമ്മാ എന്നാലും ഉപ്പയോട്‌ സ്വകാര്യമായി "അവളെ ഇനി നിർബന്ധിക്കണ്ട, അവൾക്ക് ആകും എന്ന് തോന്നുന്നില്ല, ഇഷ്ടമുള്ളത് ചെയ്യട്ടെ" എന്ന് പറഞ്ഞിരുന്നു.

റിസൾട്ട് വന്നു കഴിഞ്ഞാൽ ഇത്ത കുറച്ചൊക്കെ ചീത്ത പറയുമായിരിക്കും. എന്നാലും അത് കേട്ടാൽ തീർന്നല്ലോ ഇനിയൊരിക്കലും എന്നെ സയൻസിന്‍റെ പരിസരത്തേക്കേ വിടില്ല, എന്നൊക്കെ മനസ് കൊണ്ട് ചിന്തിച്ചുറപ്പിച്ച് ഞാൻ ഇരിക്കുന്ന സമയത്താണ് വാപ്പ വിളിക്കുന്നത്. റിസൾട്ട് വന്നു. 95 % !. ഞാൻ ഒരേയൊരിരുത്തമിരുന്നു. ആദ്യമായിട്ടായിരിക്കും നല്ല റിസൾട്ട് കിട്ടിയ ശേഷം ഒരു കുട്ടിക്ക് പരിഭ്രാന്തി ഉണ്ടാകുന്നത്. വ്യക്തമായ കാരണമുണ്ടായിരുന്നു. ട്യൂഷനെല്ലാം നിർത്തിവെച്ചു വീട്ടുകാർക്ക് യാതൊരു പ്രതീക്ഷയും ഇല്ലാതിരുന്ന സമയത്ത് ഈ മാർക്കും കൊണ്ടങ്ങു ചെന്നാൽ എനിക്കുറപ്പായിരുന്നു എന്നെ എൻട്രൻസ് കോച്ചിങ്ങിനു വിടുമെന്ന്.

"അവൾക്ക് പറ്റുമെന്നെ. ഇത്രയൊക്കെ ആയില്ലേ. ഇനി സിമ്പിൾ ആയി പറ്റും." എന്നൊക്കെ പറഞ്ഞു താത്തയും അളിയനും, ഉമ്മയെയും ഉപ്പയെയും വശത്താക്കി. അങ്ങനെ വിധി വീണ്ടും എനിക്ക് പ്രതികൂലമായി. ഞാൻ എൻട്രൻസ് കോച്ചിങ്ങിനു പോകേണ്ടി വന്നു. ടെസ്റ്റ് പേപ്പർ നടക്കുന്നതിന്റെ തലേ ദിവസം കുളിക്കുന്നതിനിടക്ക് പാട്ടുപാടിക്കൊണ്ടിരുന്ന എന്നെ വാർഡൻ കണിശമായി താക്കീതു ചെയ്യുകയും, എന്റെ ബുക്കിന്റെ ഉള്ളിലിരുന്ന "മാധവിക്കുട്ടിയുടെ കവിതകൾ " കണ്ട് അസിസ്റ്റന്റ് വാർഡൻ തെറി വിളിക്കുകയും ചെയ്തതോടെ അഞ്ചു മാസത്തിനു ശേഷം ഇതും എനിക്ക് നടപ്പില്ലെന്ന് കണ്ട് കിട്ടിയ ട്രെയിനിന് ഞാൻ വീട്ടിലേക്ക് പോയി. 

സകല പദ്ധതികളും പൊളിഞ്ഞ വീട്ടുകാർ അവസാനം എന്നെ ഡിഗ്രിക്ക് ചേർക്കാൻ തീരുമാനിച്ചു. എന്‍റെ ആഗ്രഹം പോലെ ബിഎ കോഴ്സുകളെല്ലാം ഫസ്റ്റ് ഓപ്‌ഷൻ കൊടുത്തു. പൂർണമായും സയൻസ് സ്ട്രീമിൽ നിന്ന് വന്ന എനിക്ക് ബിഎ എന്നാൽ ഇംഗ്ലീഷ്, മലയാളം, ജേർണലിസം ഇത്രയൊക്കെ ബോധ്യമുണ്ടായിരുന്നുള്ളു. പത്താം ക്ലാസ് വരെ അടിപൊളി ആയി സോഷ്യൽ സയൻസ് പഠിച്ചിട്ടു കൂടി പൊളിറ്റിക്‌സോ, എക്കണോമിക്‌സോ, സോഷ്യോളജിയോ എന്‍റെ തലച്ചോറിന്‍റെ ഏഴയലത്തു പോലും വന്നില്ല.

അന്ന്, ഫാറൂഖ് കോളേജിൽ ലിംഗവിവേചന സമരം നടന്നു കൊണ്ടിരിക്കുന്ന സമയമായതു കൊണ്ട് ഫാറൂക്കിൽ അപ്ലൈ ചെയ്യണ്ട എന്ന് ഉപ്പ തീരുമാനിച്ചു. എങ്കിലും ഞാൻ രഹസ്യമായി അപേക്ഷിക്കാനും തീരുമാനിച്ചു. ഒന്നും രണ്ടും അലോട്മെന്റുകൾ വന്ന ശേഷം ഉപ്പയോട് പറഞ്ഞു. സയൻസ് വിഷയങ്ങളും മൾട്ടീമീഡിയയുമെല്ലാം കിട്ടിയിട്ടും പോകാൻ സമ്മതിച്ചില്ല. അതെ സമയം psmo യിലും EMEA യിലും ആര്‍ട്സിലും MES ലും ഒക്കെ ലിസ്റ്റിൽ വന്നത് കൊണ്ട് അവിടെ എവിടെയെങ്കിലും പോയിക്കോളാൻ പറഞ്ഞു. അവസാന അല്ലോട്മെന്റും ഇന്റർവ്യൂ കളുമെല്ലാം കഴിഞ്ഞ ശേഷമാണ് ഉപ്പാക്ക് വെളിപാടുണ്ടാകുന്നത്. അപ്പോഴേക്കും ഫാറൂഖിലെ അഡ്മിഷൻ പ്രക്രിയകളൊക്കെ തീർന്നിരുന്നു.

മൂന്നാം വർഷം എത്തിയപ്പോഴാണ് സിവിൽ സർവീസിനെക്കുറിച്ചു കൂടുതൽ അറിയുന്നത്

തത്കാലം സെൽഫ് ഫൈനാൻസിങ് ഡിവിഷനിൽ അഡ്മിഷൻ എടുത്തിട്ട് പിന്നെ ട്രാൻസ്ഫർ ചെയ്യാം എന്നൊരു ഓപ്ഷൻ ഉണ്ടായിരുന്നു. എന്നിട്ടും വീണ്ടും വിധി എനിക്ക് പ്രതികൂലമായി തന്നെ വന്നു. ട്രാൻസ്ഫർ ഡേറ്റിനോട് അടുപ്പിച്ചു കോളേജിലെ സ്റ്റെയർകേസിൽ നിന്ന് താഴെ വീണ് ഞാൻ കിടപ്പിലായി. തിരിച്ചു വന്നപ്പോഴേക്കും ട്രാൻസ്ഫർ പരിപാടികളൊക്കെ തീർന്നു. ഒരുപാട് അതിന്റെ പിന്നാലെ നടന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ ചുരുക്കിപ്പറഞ്ഞാൽ മെറിറ്റ് സീറ്റിൽ കൊടുത്ത കോഴ്സിലോക്കെയും അഡ്മിഷൻ കിട്ടിയ എനിക്ക് സെമ്മിന് 12000 കൊടുത്തു പഠിക്കേണ്ട ഗതികേട് വന്നു. ഡ്രോപ്പ് ചെയ്യാൻ പലരും പറഞ്ഞെങ്കിലും എൻട്രൻസിന് പോയ ശേഷം വീണ്ടുമൊരു വർഷം കൂടി കളയാൻ മനസു വന്നില്ല. ഹയര്‍ എജുക്കേഷന്‍ സ്കോളര്‍ഷിപ്പ് ആയി നല്ലൊരു തുക കിട്ടുമല്ലോ എന്ന ആശ്വാസം ഉണ്ടായിരുന്നു ആ സമയത്ത്. മറ്റേതെങ്കിലും സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവർക്ക് ഹയർ എജുക്കേഷന് അപേക്ഷിക്കാൻ കഴിയില്ലെന്ന നിബന്ധന ഉള്ളത് കൊണ്ടും അത്യാവശ്യം മാർക്ക് ഉള്ളത് കൊണ്ട് ഹയർ എജുക്കേഷൻ എന്തായാലും കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടും ഞാൻ മൈനോറിറ്റി സ്കോളർഷിപ്പുകൾ ഒന്നും അപേക്ഷിച്ചില്ല. അവസാനം അതിന് അപ്ലൈ ചെയ്യേണ്ട സമയത്തു എല്ലാ രേഖകളും ഓടിനടന്ന് സബ്‌മിറ്റ് ചെയ്തപ്പോഴാണ് സെൽഫ് ഫൈനാൻസിങ് ഡിവിഷനിൽ ഉള്ളവർ എലിജിബിൾ അല്ലെന്ന സത്യമറിയുന്നത്. സകല പ്രതീക്ഷകളും അസ്തമിച്ചു. ഒരുപകാരവും ഇല്ലാത്ത ഒരു ഡ്രൈ കോഴ്സ് ഒരു സ്കോളർഷിപ്പിന് അർഹ ആയിട്ട് കൂടി അതൊന്നും കിട്ടാതെ അങ്ങോട്ട് പൈസ കൊടുത്തു പഠിക്കേണ്ടി വന്നു.

രണ്ടു വർഷം പെട്ടെന്ന് കടന്നു പോയി. മൂന്നാം വർഷം എത്തിയപ്പോഴാണ് സിവിൽ സർവീസിനെക്കുറിച്ചു കൂടുതൽ അറിയുന്നത്. പഠിക്കാൻ ശ്രമിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയുടെ ബേസിക് ആറ് മുതൽ പ്ലസ് ടു വരെയുള്ള NCERT പൊളിറ്റിക്സ്, ഹിസ്റ്ററി, എക്കണോമിക്സ് എന്നീ പുസ്തകങ്ങൾ ആണെന്നറിഞ്ഞപ്പോഴാണ് ഞാൻ ചെയ്ത അബദ്ധങ്ങളും അവയുടെ തീവ്രതയും എനിക്ക് മനസിലായിത്തുടങ്ങിയത്. മെഡിക്കൽ /എൻജിനീയറിങ് എൻട്രൻസുകളെക്കുറിച്ചല്ലാതെ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചു ഒരു ചുക്കും അറിയാതിരുന്ന, സോഷ്യൽ സയൻസ് എനിക്ക് നന്നായി പഠിക്കാൻ കഴിയുമായിരുന്ന, സമയത്ത് പോയി സയൻസ് എടുത്തത്, പുറത്തുനിന്നുള്ള വായനയും എഴുത്തും സർഗാത്മകതയുമെല്ലാം പെട്ടിയിൽ പൂട്ടി എൻട്രൻസ് അടക്കം മൂന്ന് വർഷം കളഞ്ഞു കുളിച്ചത്, എന്നിട്ടും കരിയറിനെക്കുറിച്ചു യാതൊരു ധാരണയും ഇല്ലാതെ ഞാൻ എന്താണെന്നു പോലും ബോധ്യമില്ലാതെ ഡിഗ്രിക്ക് ഒരു പൊളിറ്റിക്‌സോ, എകണോമിക്‌സോ എടുക്കാതിരുന്നത്, കോളേജിൽ ഡിബേറ്റുകൾക്കും പ്രോഗ്രാമുകൾക്കും പോകുമ്പോൾ സോഷ്യോളജി എടുത്തൂടായിരുന്നോ എന്ന് ടീച്ചർമാരും ഫ്രണ്ട്സും ചോദിക്കുമ്പോൾ ഉത്തരമില്ലാതെ തല കുനിച്ചു നിൽക്കേണ്ടി വന്നത്...

പറഞ്ഞു വന്നത്... നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയുടെ കഴിവും നിലവാരവും ഏതു മേഖലയിൽ ആണെന്ന് മനസിലാക്കാൻ 15 വർഷം ധാരാളമാണ്. PTA മീറ്റിംഗിന് പോവുമ്പോൾ സഹപാഠികളുടെ മാർക്കിനോട് കുട്ടിയെ താരതമ്യം ചെയ്യുന്ന സമയത്തു അധ്യാപകരുമായി ഒന്ന് തുറന്നു സംസാരിച്ചാൽ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്. കുറഞ്ഞ പക്ഷം കുട്ടിക്കെങ്കിലും പത്താം ക്ലാസ് കഴിഞ്ഞിറങ്ങുമ്പോഴേക്ക് കുട്ടിയെക്കുറിച്ചൊരു ധാരണ വേണം. അവന്റെ വിഷയമേത്, മേഖലയേത് എന്ന് സ്വതന്ത്രമായി യുക്തിയോടെ ചിന്തിച്ചു തീരുമാനിക്കാൻ കഴിയണം. ആണായാലും പെണ്ണായാലും പതിനഞ്ചു മുതൽ 20 വയസ്സ് വരെയുള്ള ഈ അഞ്ചാറു വർഷം അത് പിന്നീട് എവിടെ തൂക്കമൊപ്പിച്ചു പഠിച്ചാലും വീണ്ടെടുക്കാൻ കഴിയാത്ത വലിയ നഷ്ടമാണെന്ന് രക്ഷിതാക്കളുടെ മനസിലും കുട്ടിയുടെ മനസിലും ബോധ്യമുണ്ടാകണം. കാലചക്രം നമുക്ക് വേണ്ടി തിരിഞ്ഞു കറങ്ങില്ലല്ലോ. 

click me!