ഖത്തര്‍; പ്രതിസന്ധിയും പ്രത്യാഘാതങ്ങളും

By കെ ആര്‍ അരുണ്‍കുമാര്‍First Published Jun 5, 2017, 6:15 PM IST
Highlights

ഖത്തറുമായുള്ള അയല്‍ രാജ്യങ്ങളുടെ ബന്ധം വീണ്ടും വഷളാവുകയാണ്. തങ്ങളുടെ പരമാധികാരത്തില്‍ കൈക്കടത്തുന്നുവെന്നും ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ചൂണ്ടികാട്ടിയാണ് സൗദി അറേബ്യ, ബഹറിന്‍, യുഎഇ, ഈജിപ്‍ത്, യമന്‍, ലിബിയ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഖത്തറിലെ എംബസികളെല്ലാം അടച്ച ഈ രാജ്യങ്ങൾ, തങ്ങളുടെ ജീവനക്കാരെ അവിടെനിന്നു പിൻവലിക്കുമെന്നും വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സുരക്ഷ ഖത്തർ അസ്ഥിരമാക്കിയെന്ന ആരോപണമാണ് യുഎഇ ഉന്നയിച്ചത്. അതേസമയം യെമനിൽ പോരാട്ടം നടത്തുന്ന സഖ്യസേനയിൽനിന്ന് ഖത്തറിനെ ഒഴിവാക്കിയതായി സൗദിയും വ്യക്തമാക്കി. ഖത്തര്‍ പൗരന്മാര്‍ക്ക് സൗദി വിടാന്‍ 14 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.

ഖത്തറിനെതിരെ നേരത്തെയും അയല്‍രാജ്യങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 1981ല്‍ ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ രൂപീകൃതമായശേഷം ജിസിസിയില്‍ ഖത്തര്‍ എന്നും ഒറ്റയാനായിരുന്നു. ഇറാഖ് അധിനിവേശ  സമയത്തും വൈമനസ്യത്തോടെയായിരുന്നു ഖത്തര്‍ ജിസിസി സഖ്യം തുടര്‍ന്നിരുന്നത്. അല്‍ഖ്വയ്ദയെയും മുസ്ലിം ബ്രദര്‍ഹുഡിനെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം എവിടെയൊക്കെ തീവ്രവാദമുണ്ടോ അതിനെയൊക്കെ പിന്‍താങ്ങുന്നയൊരു രീതിയായിരുന്നു ഖത്തര്‍ ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്. 1996ല്‍ ഖത്തറില്‍ നിന്ന് അല്‍ജസീറയെന്ന ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം തുടങ്ങിയതുമുതല്‍ ഇത് പ്രത്യക്ഷത്തില്‍ പൊതു സമൂഹത്തിന് മനസ്സിലായി തുടങ്ങി. അറബ് കെട്ടുറപ്പിനെബാധിക്കും തരത്തിലുള്ള വിമര്‍ശനങ്ങളാണ് അല്‍ ജസീറ തുടര്‍ന്നു പോന്നത്. അത് വിപ്ലവകരമായ മാറ്റം അറബ് രാജ്യങ്ങളിലുണ്ടാക്കി.

ജിസിസി രാജ്യങ്ങളും ഇറാനുമായുള്ള ബന്ധത്തില്‍ എപ്പോഴും ഇറാന്‍റെ പക്ഷമായിരുന്നു ഖത്തര്‍. ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ തുടക്കം മുതലേ സ്വതന്ത്ര നിലപാടാണ് ഖത്തര്‍ സ്വീകരിച്ചു പോന്നത്.

2014ല്‍ ഇത് മൂര്‍ധന്യാവസ്ഥയിലെത്തി. അന്ന് യുഎഇയും സൗദി അറേബ്യയും ഖത്തറില്‍ നിന്ന് അവരുടെ അംബാസിഡര്‍മാരെ പിന്‍വലിച്ചു. നയതന്ത്രബന്ധം  വിച്ഛേദിച്ചു. പക്ഷെ ഇക്കുറി നയതന്ത്ര ബന്ധം വിച്ഛേദിക്കുക മാത്രമല്ല വ്യോമ നാവിക ഗതാഗതവും നിര്‍ത്തലാക്കിയിരിക്കുകയാണ്. തീര്‍ത്തും അപ്രതീക്ഷിതമാണ് ഈ ആഘാതം. ഇതിനിടെയാണ് ഇറാനുമായുള്ള യുഎഇയുടെ ബന്ധം വഷളാവുന്നത് ഈ സമയങ്ങളിലെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ ഇറാഖിന്‍റെ ആധിപത്യത്തെ അംഗീകരിച്ചത് ഖത്തര്‍ മാത്രമാണ്. ലബനോണിലും സിറിയയിലും യമനിലും സൗദി അടക്കമുള്ള സഖ്യകക്ഷികള്‍ക്കെതിരെ ഇറാന്‍ നടത്തിയ നീക്കങ്ങളെ പരോക്ഷമായും പ്രത്യക്ഷമായും ഖത്തര്‍ പിന്‍താങ്ങിയിരുന്നു.

അങ്ങനെ പ്രതിദിനം അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മോശമാകുമ്പോഴാണ് മൂന്നാഴ്ച മുമ്പ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം അല്‍ ഹമദ് അല്‍താനി ഇറാനെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തുവന്നത്. ഇറാന്‍ ഇസ്ലാമിക ശക്തിയാണെന്നായിരുന്നു അമീമിന്‍റെ പ്രസ്ഥാവന  ഇതൊക്കെയാണ്. സൗദി യുഎഇ ബഹറിന്‍ അച്യുതണ്ടിനെ പ്രകോപിപ്പിച്ചത്. മുപ്പത്തിയാറുവര്‍ഷമായിട്ട് ജിസിസി എന്നമേഖല ഒരേ രാജ്യം പോലെ പ്രവര്‍ത്തുമ്പോള്‍ ഇപ്പോഴുണ്ടായ നീക്കം കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പിലാക്കാനിരിക്കുന്ന നികുതി ഘടനയെയും, സാമ്പത്തിക ആര്‍ജവത്തെയും ആഭ്യന്തര കലഹം ബാധിക്കും.

സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കപ്പെടുമ്പോള്‍ ക്രൂഡോയില്‍ വിപണിയിലും കാര്യമായ മാറ്റങ്ങളുണ്ടാവും. കാരണം ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതകപാടം പങ്കിടുന്നത് ഇറാനും ഖത്തറും കൂടിയാണ്. വ്യോമ ഗതാഗതം  നിര്‍ത്തിവയ്ക്കുന്നതോടെ ഖത്തറില്‍ വ്യവസായം നടത്തുന്ന മലയാളികളടക്കമുള്ളവരുടെ ഭാവി തുലാസിലാവും. സ്വതന്ത്രവ്യാപാരം നിലക്കുന്നതോടൊപ്പം പോക്കുവരവ് അസാധ്യമാകും. നിലവില്‍ ഇറാനും യുഎഇയും തമ്മിലുള്ള ബന്ധത്തെക്കാള്‍ അപകടകരമാവുമെന്ന് സാരം.

ജിസിസിയുടെ നിലനില്‍പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍   കുവൈത്തിന്‍റേയും ഒമാന്‍റേയും നിലപാടാണ് ഇനി വ്യക്തമാകാനുള്ളത്. ഈ പ്രതിസന്ധി മറികടക്കണമെങ്കില്‍ ഖത്തര്‍ ഇറാനെ തള്ളിപ്പറയണം. സമീപഭാവിയില്‍ അതുണ്ടാകാനുള്ള സാധ്യത കുറവാണ്.  ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കേണ്ടത് യഥാര്‍ത്ഥത്തില്‍ യുഎസ് ആണെങ്കിലും ഇറാനോടുള്ള അമേരിക്കന്‍ നിലപാടുകളെ പോലും ഖത്തര്‍ അമീര്‍  നേരത്തെ തള്ളിപറഞ്ഞ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും കുറവാണ്. യുഎസിന്‍റെ ഖത്തറിലെ സ്വാധീനവും മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ചുരുക്കത്തില്‍ ഖത്തര്‍ കഴിഞ്ഞ വര്‍ഷങ്ങളായിട്ട് എടുത്ത ഒറ്റയാന്‍ നിലപാടിന്‍റെ പരിണിത ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

 

click me!