ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ഷാദിയ ഷാദി എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.


മഴ നൂലുകളിലൂടെ ഊര്‍ന്നിറങ്ങുന്ന പാമ്പിന്‍ കുഞ്ഞുങ്ങളെ അനുഭവിച്ചവരധികമുണ്ടാകില്ല.

അതനുഭവിക്കണമെങ്കില്‍ മഴയെ ഭീതിയോടെ കണ്ടിരുന്ന ഒരു കാലത്തെ അനുഭവിക്കണം.

തോരാതെ പെയ്യുന്ന മഴയില്‍ ചോരുന്ന വീടിനെ, പുര മേഞ്ഞ കറുത്ത് പൊടിഞ്ഞു തുടങ്ങിയ ഓലക്കിടയില്‍ സുഷുപ്തിയിലാണ്ടു കിടക്കുന്ന കറുപ്പും വെളുപ്പും ചേര്‍ന്ന തേരട്ടയെ, ചുരുണ്ടു കിടക്കുന്ന ചുവന്ന തേരട്ടയെ, ഇതെല്ലാം അനുഭവങ്ങളാണ്. മനസ്സിന് കരുത്തും ശരീരത്തിന് അതിജീവനവും പകര്‍ന്നു നല്‍കിയ അനുഭവങ്ങള്‍. 
അന്നൊക്കെ മഴയെ മനസ്സറിഞ്ഞു സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അല്ലെങ്കില്‍, മഴയോടുള്ള ഇഷ്ടം പറയാന്‍ ഭയമായിരുന്നു.

കാരണം, പ്രണയം തോന്നുന്ന, കുളിരണിയിപ്പിക്കുന്ന അതേ മഴ തന്നെയാണ് രാവുകളിലെ ഉറക്കം കളയും വിധം ആര്‍ത്തു പെയ്ത് നിറയെ ചെറുതും വലുതുമായ തുള വീണ പുതപ്പിലൂടെ തണുപ്പായി കയറി ശരീരമാകെ പടര്‍ന്നിരുന്നത്.

അതേ, മഴ തന്നെയാണ് രാത്രിയില്‍ ഓലക്കീറിനിടയിലൂടെ ഊര്‍ന്ന് മണ്ണ് തേച്ചിട്ട അകത്തളത്തില്‍ വീണു പോകുമെന്ന് പേടിച്ച് വക്ക് പൊട്ടിയ പാത്രങ്ങള്‍ മാറി മാറി വെച്ച് ഒരു തുള്ളി വെള്ളവും കളയാതെ ശേഖരിക്കുന്നതിനിടക്ക് എന്റുുമ്മയുടെ ഉറക്കം കവര്‍ന്നത്. 

അതേ മഴ തന്നെയായിരുന്നു, ഒരു രാത്രിയില്‍ പെയ്ത് പെയ്‌തെന്റെ മെയ്യിന്റെ താപം കൂട്ടി പനിച്ചു വിറച്ച ദിനങ്ങളെ എന്നില്‍ കൊണ്ടിട്ടത്.

അതേ മഴ തന്നെയായിരുന്നു, ഒരിക്കല്‍ കവിഞ്ഞൊഴുകിയ തോട്ടിലൂടെ പെരുമ്പാമ്പിനെ ഒഴുക്കി കൊണ്ട് വന്ന് ഒറ്റപ്പൊളി കട്ടിലിന്റെ ചുവട്ടിലെത്തിച്ചത്.
ഒരു രാത്രി മുഴുവന്‍ എന്റുമ്മ പേടിച്ചരണ്ട് എനിക്കും തൊട്ടിലിലെ അനിയത്തിക്കും ഉറക്കമൊഴിച്ച് കാവലിരിക്കാന്‍ കാരണമായത്.

അന്നൊക്കെ അതേ മഴ കൊണ്ട് നനഞ്ഞു പോയ എന്റെ പുസ്തകങ്ങള്‍, മഷി പടര്‍ന്ന് വെയിലത്തുണക്കിയിട്ടും ഉപയോഗശൂന്യമായി പോയ കട്ടി കുറഞ്ഞ കുഞ്ഞു നോട്ട് പുസ്തകങ്ങള്‍, പതിയെ മഴതുള്ളികള്‍ക്ക് പകരം ഇറങ്ങി വരുന്നത് പാമ്പിന്‍കുഞ്ഞുങ്ങളെന്ന തോന്നലുണ്ടായി.

അവ ഇറങ്ങി വന്ന് ഇഴഞ്ഞിഴഞ്ഞ് കാല്‍ തുടയിലൂടെ ഊര്‍ന്നിറങ്ങിയ ആര്‍ത്തവ രക്തത്തിനൊരിക്കല്‍ സാക്ഷ്യം വഹിച്ചു.

മഴ പെയ്ത് ചളി നിറഞ്ഞ മുറ്റത്ത് വീണു പിടഞ്ഞ അടിവയറ്റിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ മഴക്കാറേറ്റ് ഉണങ്ങുകയും അനന്തരം ഓരോ മഴതുള്ളിയേയും വലിച്ചെടുത്ത് തളിരിടുകയും ചെയ്തു.

നിലത്തെ മണ്ണലങ്കാരങ്ങള്‍ പതിയെ കറുത്ത കാവിക്ക് വഴിയൊരുക്കി കൊടുത്തു.

അപ്പോഴും ഓലക്കീറുകള്‍ക്കിടയിലൂടെ പഴകിയ ഓലയുടെ കറുപ്പ് കലര്‍ന്ന മഴതുള്ളികള്‍ ധാരമുറിയാതെ ഊര്‍ന്നു വീണു കൊണ്ടേയിരുന്നു.

അതിനുമപ്പുറം ഒരു മഴ വരും കാലം മുമ്പാണ് ഓലക്കീറുകള്‍ക്കിടയിലെ തേരട്ട കുടുംബങ്ങള്‍ക്ക് മറ്റൊരിടം തേടേണ്ടി വന്നത്, അതായത് ഓല മാറി തകര ഷീറ്റിന്റെ ശബ്ദത്തിലേക്ക് മഴ പെയ്തു തുടങ്ങിയത്.

ഇതിനിടക്ക് ചായ്പ്പില്‍ വന്നു വീണ ഇടിയും, ഒരു സന്ധ്യക്ക് പുരപ്പുറത്ത് കാറ്റു കടപുഴക്കിയിട്ട കമുകും എന്റെ പ്രാര്‍ത്ഥനകളെ പടച്ചവനേ. ഇടിയും മിന്നലും കാറ്റും ഒന്നും വേണ്ട, മഴ മാത്രം മതി എന്നതിലേക്ക് മാറ്റി. കാരണം, മഴയേക്കാള്‍ അതിന്റെ അകമ്പടിക്കാരെ എനിക്ക് ഭയമായിരുന്നു.

മഴയ്ക്ക് താഴെ ശാന്തമായുറങ്ങാമെന്ന് നിനച്ചപ്പോഴൊക്കെ അശാന്തമായി നിലകൊണ്ട തകര ഷീറ്റിന് ചെവി കൊടുക്കാതെ ശബ്ദത്തിലെ നിശ്ശബ്ദത കണ്ടെത്തി നിദ്രയിലാണ്ട ദിനങ്ങള്‍ക്കും മഴയുടെ നനവ് തന്നെയാണ്. 

അങ്ങനെയാണ് ആദ്യമായി അനേകം കോലാഹലങ്ങള്‍ക്കിടയിലും എന്നെ നിശ്ശബ്ദമായി കൊണ്ടിരുത്താന്‍ ഞാനാദ്യം പഠിച്ചത്.

പതിയെ ഷീറ്റ് ഓടിലേക്ക് മാറിയപ്പോള്‍ ഇടക്ക് രാത്രിയിലെ പെരുമഴയില്‍ മൂലോടിന്റെ ഇടയിലൂടെ തുള്ളിയുറ്റുന്ന മഴനൂലുകളില്‍ പാമ്പിന്‍കുഞ്ഞുങ്ങള്‍ക്ക് പകരം പ്രണയാകാശത്തെ കണ്ടു തുടങ്ങിയത് അതിജീവനത്തിന്റെ പ്രിയപ്പെട്ട നിമിഷമായിരുന്നു.

ഓരോന്നും അനുഭവിക്കുന്നത് അനുഭവിക്കപ്പെടുന്നവന്റെ ചുറ്റുപാടാകെയും ചേര്‍ന്ന് വരച്ചു വെക്കുന്നതാകുമെന്ന് പഠിച്ചതായിരുന്നു വലിയ പാഠം.

ഓര്‍മ്മകള്‍ക്ക് മേല്‍ പെയ്യാറുള്ള അതേ മഴ നൂലുകളില്‍ അതിജീവനത്തിന്റെ പാമ്പിന്‍ കുട്ടികള്‍ ഇഴഞ്ഞിറങ്ങാറുണ്ട് ഇപ്പോഴും.

തളരാതിരിക്കാന്‍ ഏതു തണുപ്പിലും ഉള്ളിലെ ചൂട് ഊതി തെളിക്കാന്‍ പഠിപ്പിച്ചു തന്ന അതേ മഴ നൂലുകള്‍...

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!