ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ശരത്ത് എം വി എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

2016ലെ മഴക്കാലം. അന്ന് ഞാന്‍ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജില്‍ ജേണലിസം പിജിക്ക് പഠിക്കുന്നു. രാവിലെ എട്ടര മണിയാകുമ്പോഴേക്കും ഞാന്‍ കോളേജ് ബസ് സ്‌റ്റോപ്പിലെത്തും. കൂട്ടുകാരെയും കാത്ത് സ്‌റ്റോപ്പിന് അടുത്തുള്ള ദിനേഷേട്ടന്റെ കടയിലിരിക്കുന്ന സമയം. 

കുറച്ച് കഴിഞ്ഞപ്പോള്‍ ആകാശം ഇരുണ്ടു. ഇടി മിന്നല്‍. മഴ വരാറാവുന്നു. മഴയെത്തും മുമ്പുള്ള മിന്നല്‍ പ്രഭയിലേക്കാണ് അവള്‍ പൊട്ടിവീണത്. കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നിറങ്ങിയ ആ ചുരുള്‍മുടിക്കാരി എന്നെ നോക്കി. ഞാനവളെയും. എനിക്കുതോന്നി, ഇതുതന്നെയാവണം എന്റെ മഴയെന്ന്. 

മഴ ചോര്‍ന്നതും അവള്‍ കൂട്ടുകാരികളോടൊപ്പം കോളേജിലേക്ക് നടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞാനും. ആദ്യ ക്ലാസ്സില്‍ തന്നെ ലേറ്റായതിന് എച്ച് ഒ ഡി ദീപു സാറിന്റെ ഉപദേശം. വീട്ടുകാര്‍ പറഞ്ഞിട്ട് നന്നായില്ല പിന്നെയാ സാറ് എന്ന പുച്ഛഭാവത്തോടെ ഞാന്‍ ക്ലാസില്‍ കയറിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പെട്ടന്നൊരു ബെല്ലടി. ഇന്റര്‍വെല്ലാണ്. പുറത്തിറങ്ങിയപ്പോള്‍ ദേ... വീണ്ടും അവള്‍! അവളെ നോക്കാതെ ഞാന്‍ കോളേജ് ക്യാന്റീനിലേക്ക് നടന്നു. പിന്നീട് ആ ദിവസം മുഴുവന്‍ അവളെക്കുറിച്ചായിരുന്നു ചിന്തകള്‍.

ദിവസങ്ങള്‍ കടന്നു പോയി. അവളുടെ സീനിയറായി പഠിച്ച എന്റെ ഒരു പഴയ കാല സുഹൃത്തിനെ ശ്രീകണ്ഠപുരം ടൗണില്‍ കണ്ടുമുട്ടി. ഞാന്‍ അവനോട് അവളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: 'എന്റെ മോനേ... നിനക്ക് അവളെയല്ലാതെ വേറെ ആരേയും കൂട്ടുകാരിയാക്കാന്‍ ആഗ്രഹം തോന്നിയില്ലെ. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളോട് പോലും അവള്‍ മിണ്ടാറില്ല, പിന്നെയാ നീ..' 

എനിക്ക് അവളോട് ആരാധന കൂടി. ഇക്കാലത്ത് ആണ്‍കുട്ടികളോട് സംസാരിക്കാത്ത പെണ്ണോ..., എങ്കില്‍, അതൊന്നൊറിയണമല്ലോ എന്ന വാശി.

ഞാനവളുടെ ഫേസ് ബുക്ക് പൊഫൈല്‍ കണ്ടെത്തി. ആദ്യം ഒരു ഹായ് മെസേജ്. പിന്നീട് മറുപടിക്കായുള്ള കാത്തിരിപ്പ്. അത് മാസങ്ങളോളം നീണ്ടു. ഒടുവില്‍ ആ മറുപടി വന്നു. 'ആരാണ്? എന്തിനാ മെസേജ് അയച്ചത്? അറിയാത്ത ആളോട് മെസേജ് അയക്കാന്‍ എനിക്ക് താല്‍പര്യമില്ല...സോറി' 

ഡമാര്‍ പഠാര്‍ ഡും!

എല്ലാം അവിടം കൊണ്ട് തീര്‍ന്നു എന്ന് കരുതി ഞാന്‍ അവള്‍ക്ക് മറുപടി നല്‍കി. ദേ .. വീണ്ടും അവളുടെ മെസേജ് . അങ്ങനെ അവളുടെ ചോദ്യവും എന്റെ മറുപടിയും ചേര്‍ന്ന് ഞങ്ങളുടെ സുഹൃദ് ബന്ധം അവിടെ തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു. അങ്ങനെ കോളേജ് ലൈബ്രറിയുടെ മുന്നില്‍ വച്ച് കണ്ടുമുട്ടി. ആ കണ്ടുമുട്ടല്‍ ഒരു ചിരിയില്‍ മാത്രം ഒതുങ്ങി. ഉച്ചഭക്ഷണത്തിന് ശേഷം അന്ന് തന്നെ വീണ്ടും അവളെ ലൈബ്രറിയുടെ മുന്നില്‍ വച്ച് കണ്ടുമുട്ടി. അങ്ങനെ ഞങ്ങളുടെ ബന്ധം നല്ല രീതിയില്‍ മൂന്നോട്ട് പോയി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ നമ്മള്‍ ഇരുവരും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായി. അവളുടെ ക്ലാസും എന്റെ ക്ലാസും അടുത്തടുത്തായിരുന്നു. പഴയതിനേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ അടുത്തു. എല്ലാ കാര്യങ്ങളും പരസ്പരവിശ്വാസത്തോടെ പങ്കു വെക്കാന്‍ തുടങ്ങി. 


ഒരു ദിവസം കാണുമ്പോള്‍ അവളാകെ പേടിച്ചിരിക്കുന്ന പോലെ തോന്നി. എന്തിനാ പേടിച്ചിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. 

'ഏട്ടനെ കാണുമ്പോള്‍ അറിയാതെ മനസ്സിലേക്ക് പേടി കയറി വരുന്നു'-അവളുടെ മറുപടി. 

'എന്നെ കാണാതിരുന്നാല്‍ നിന്റെ പേടി പോകൂലെ.അപ്പോള്‍ നമ്മളിനി കാണില്ല' ഇതും പറഞ്ഞ് ഞാന്‍ അവിടുന്ന് എഴുന്നേറ്റുപോയി. 

പിന്നെയവളെ കണ്ടില്ല. ഓരോ മഴയും അവളുടെ ഓര്‍മ്മ നിറച്ചിട്ടും ഞാനവളെ കാണാന്‍ തയ്യാറായില്ല

ദിവസങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ അവളുടെ കൂട്ടുകാരി പറഞ്ഞു: അവള്‍ പറഞ്ഞത് സത്യമാണ്. പേടിയായിട്ടല്ല. അവള്‍ക്ക് ഏട്ടനെ ഒരു പാട് ഇഷ്ടമാണ്. അതു കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്.' 

അടുത്ത ദിവസങ്ങളിലൊന്നില്‍ ഞാനവളോട് മിണ്ടി. അവളും മിണ്ടാന്‍ തുടങ്ങി. ദിവസങ്ങളോളം ആ ബന്ധം തുടര്‍ന്നു. അങ്ങനെ അവസാന വര്‍ഷ പരീക്ഷ. അവളുടെ കോളേജ് ജീവിതത്തിലെ അവസാന ദിവസം ഞങ്ങള്‍ പരസ്പരം സംസാരിച്ചു. ആ കൂടിക്കാഴ്ച്ച കുറച്ച് സമയം മാത്രമായിരുന്നു. എന്തൊക്കെയോ മനസ്സില്‍ പറയാന്‍ ബാക്കി വച്ചിട്ടുള്ളത് പോലെയുള്ള ഒഴിഞ്ഞ് മാറ്റമായി എനിക്ക് ഫീല്‍ ചെയ്തു. എന്നിരുന്നാല്‍പ്പോലും അവള്‍ ഒരു ദിവസം പോലും മെസേജ് അയക്കാതിരിക്കില്ലായിരുന്നു. 

ഏപ്രില്‍ ഒന്നാം തീയതി അവളെനിക്ക് മെസേജ് അയച്ചു. 'എനിക്ക് എട്ടനെ കോളേജില്‍ വച്ച് തന്നെ ഇഷ്ടമായിരുന്നു. ഞാന്‍ ഏട്ടനെ ഒരു പാട് സ്നേഹിക്കുന്നുണ്ട്'. 

ഞാന്‍ അവളോട് പറഞ്ഞു:'എനിക്ക് നിന്നോട് അങ്ങനെ തോന്നിയിട്ടില്ലാരുന്നു. അതു കൊണ്ട് ഈ രീതിയിലുള്ള ബന്ധം വേണ്ട'

അവള്‍ പറഞ്ഞു: 'ഞാന്‍ ഏട്ടനെ ഏപ്രില്‍ ഫൂള്‍ ആക്കിയതാണ്'

രണ്ട് മാസം കഴിഞ്ഞപ്പോള്‍ ഒരു തമാശക്കെന്നോണം ഞാനും പറഞ്ഞു:'എനിക്ക് നിന്നെ ഇഷ്ടമാണ്'. 

വീണ്ടും ഡമാര്‍ പഠാര്‍ ഡും!

ദിവസങ്ങള്‍ കഴിയുന്തോറും ആ ബന്ധത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങി. ഇപ്പോഴാ ബന്ധം ഇല്ല എന്നു തന്നെ പറയാം. ആദ്യം പലവട്ടം ആലോചിച്ചിട്ടും കാരണം എനിക്കൊന്നും മനസ്സിലായില്ല. 

കൂടെയില്ലാതിരിക്കുമ്പോഴാണ് അവള്‍ എത്ര പ്രിയപ്പെട്ടവളാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.

മഴയെത്തും മുമ്പുള്ള ആകാശം ഇപ്പോള്‍ അവളുടെ ഓര്‍മ്മ മാത്രമാണ്. കാര്‍മേഘങ്ങള്‍ കാണുന്തോറും ബസ്സില്‍ നിന്നും ഇറങ്ങി വരുന്ന ആ പഴയ കാന്താരിയുടെ മുഖമാണ് മനസ്സില്‍ തെളിഞ്ഞു വരുന്നത്. പലവട്ടം മറക്കാന്‍ ശ്രമിച്ചിട്ടും അവളിങ്ങനെ പെയ്യുക തന്നെയാണ്. 

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ:മഴയുടെ സെല്‍ഫ് ഗോള്‍!

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു; കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!

കെ.വി വിനോഷ്: പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

ജാസ്‌ലിന്‍ ജെയ്‌സന്‍: മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍!

സഫീറ മഠത്തിലകത്ത്: സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം

ഹാഷ്മി റഹ്മാന്‍: കനലെരിഞ്ഞുതീര്‍ന്നൊരു മഴ

ഡോ. ഹസനത് സൈബിന്‍: ചാരായം മണക്കുന്നൊരു മഴ!

ഷാദിയ ഷാദി: മഴയെ എനിക്ക് ഭയമായിരുന്നു