ഓട്ടം തുടങ്ങൂ, നിങ്ങളാകെ മാറും; വിഷാദം സ്ഥലംവിടും

By Web TeamFirst Published Aug 7, 2018, 1:25 PM IST
Highlights

അതുപോലെ, ഓടുന്ന വേറെയും ആള്‍ക്കാരില്‍ നിന്നും കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹം തോന്നി മാര്‍ട്ടിന്. എങ്ങനെയാണവര്‍ ഓടാന്‍ തുടങ്ങിയതെന്ന്, അതെങ്ങനെയാണ് അവരുടെ മാനസികാരോഗ്യത്തിനെ ബാധിച്ചതെന്ന് ഒക്കെ അറിയാനുള്ള ആഗ്രഹമാണ് ഫോട്ടോ സ്റ്റോറിയിലെത്തി നിന്നത്. 


ഓട്ടവുമായി മനുഷ്യന്‍ ഇഷ്ടത്തിലാകുന്നത് എങ്ങനെയൊക്കെയാണ്? ഓട്ടം മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതാണ്. അത് വ്യക്തമാക്കുന്ന ഫോട്ടോ സ്റ്റോറിയാണ് മാര്‍ട്ടിന്‍ എബര്‍ട്ടലിന്‍ എന്ന ഫോട്ടോഗ്രാഫര്‍ തയ്യാറാക്കിയിരിക്കുന്നത്. മുടങ്ങാതെ ഓടുന്ന ചിലരോട് സംസാരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 

സ്വന്തം അനുഭവത്തില്‍ നിന്നായിരുന്നു തുടക്കം. 'ഓട്ടം എന്‍റെ ചിന്തകളെ നിയന്ത്രിക്കാന്‍ സഹായിച്ചു. ഏതിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിച്ചു'. മാര്‍ട്ടിന്‍ പറയുന്നു. 

അതുപോലെ, ഓടുന്ന വേറെയും ആള്‍ക്കാരില്‍ നിന്നും കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹം തോന്നി മാര്‍ട്ടിന്. എങ്ങനെയാണവര്‍ ഓടാന്‍ തുടങ്ങിയതെന്ന്, അതെങ്ങനെയാണ് അവരുടെ മാനസികാരോഗ്യത്തിനെ ബാധിച്ചതെന്ന് ഒക്കെ അറിയാനുള്ള ആഗ്രഹമാണ് ഫോട്ടോ സ്റ്റോറിയിലെത്തി നിന്നത്. അങ്ങനെ സഞ്ചരിച്ച് ഓട്ടക്കാരെ കണ്ടെത്തി മാര്‍ട്ടിന്‍ ഫോട്ടോ സീരീസ് തയ്യാറാക്കി. ഓടുന്നവര്‍ (Those Who Run) എന്നാണ് പരമ്പരയുടെ പേര്.

മൈക്കല ബാവിന്‍

2016ലാണ് മൈക്കല ഓട്ടം തുടങ്ങുന്നത്. ആദ്യമാദ്യം ഒരു മിനിട്ടില്‍ കൂടുതല്‍ അവള്‍ക്ക് ഓടാനാകുമായിരുന്നില്ല. പക്ഷെ, അവള്‍ പിന്‍മാറിയില്ല. ഇപ്പോഴവള്‍ക്ക് ഓടാതിരിക്കാനാകില്ല. അത്രയേറെ അതവളില്‍ മാറ്റമുണ്ടാക്കി. ചിന്തകളില്‍ നിന്നും തനിക്ക് മോചനം തന്നത് ഓട്ടമാണെന്നാണ് മൈക്കല പറയുന്നത്. 

ഓട്ടം തുടങ്ങുന്നതിന് മുമ്പ് മൈക്കലയ്ക്ക് പല പ്രശ്നങ്ങളുമുണ്ടായിരുന്നു, ഭക്ഷണക്രമമില്ലായിരുന്നു, മാനസികാരോഗ്യക്കുറവുമുണ്ടായിരുന്നു. അതെല്ലാം മാറി.

മൈക്കലയിപ്പോള്‍ ആഴ്ചയില്‍ രണ്ട് തവണയാണ് ഓടുന്നത്. പത്തു കിലോമീറ്റര്‍ ഓടും. 'ഓട്ടം തുടങ്ങിയത് തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. വിജയങ്ങള്‍ക്കൊപ്പം നിന്നു. ശ്വാസോച്ഛ്വാസം നേരെയായി. അത് പല ബുദ്ധിമുട്ടുകളേയും തരണം ചെയ്യാന്‍ സഹായിച്ചു. ഇപ്പോള്‍, ലോകം തന്നെ കീഴടക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്' മൈക്കല പറയുന്നു. 

ബേത്ത് ലാക്കന്‍ബി

സൌത്ത് ലണ്ടനിലെ വീടിനടുത്തുള്ള പാര്‍ക്കിലാണ് ബേത്ത് സ്ഥിരമായി ജോഗിങ്ങ് നടത്തുന്നത്. അമിതമായ ഉത്കണ്ഠ, ഒബ്സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ (എല്ലാം പലതവണ പരിശോധിക്കുന്ന അവസ്ഥ, വാതിലടച്ചോ, ഗ്യാസ് ഓഫ് ചെയ്തോ തുടങ്ങിയവ) എന്നീ പ്രശ്നത്താല്‍ ബുദ്ധിമുട്ടുകയായിരുന്നു ബേത്ത്. അതുപോലെ ഒസിഡി യും അവളെ പ്രയാസത്തിലാക്കിയിരുന്നു. അതൊക്കെ ചേര്‍ന്ന് വിഷാദത്തിലായിരുന്നു ബേത്ത്. അതില്‍ നിന്നെല്ലാം മോചനം തന്നത് ഈ ദിവസേനയുള്ള ഓട്ടമാണെന്ന് ബേത്ത് പറയുന്നു. 

 കൊറാലി  ഫ്രോസ്റ്റ്

ഭക്ഷണകാര്യത്തിലെ ഓര്‍ഡറില്ലായ്മയായിരുന്നു കൊറാലി അനുഭവിക്കുന്ന പ്രശ്നം. പത്തുവര്‍ഷമായി അവരീ പ്രശ്നം അനുഭവിക്കുകയായിരുന്നു. വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവയൊക്കെ അവളെ ബുദ്ധിമുട്ടിച്ചു. 

അവള്‍ ഓടാന്‍ തന്നെ തീരുമാനിച്ചു. 2016ല്‍ അവളൊരു ബ്ലോഗ് തുടങ്ങി. അതില്‍ പറഞ്ഞത്, ഓട്ടം എങ്ങനെയാണ് അവളുടെ മാനസികാരോഗ്യത്തെ മാറ്റിയതെന്നാണ്. അവളുടെ ശരീരത്തോട് തന്നെ അവള്‍ക്ക് ബഹുമാനം തോന്നുന്ന തരത്തിലായിരുന്നു ആ മാറ്റം. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഓട്ടം ഒരു തെറാപ്പി തന്നെയാണെന്നാണ് കൊറാലി പറയുന്നത്. ഇപ്പോഴവര്‍ സര്‍പന്‍റൈന്‍ റണ്ണിങ് ക്ലബ്ബില്‍ അംഗമാണ്. അവരുടെ മെന്‍റല്‍ ഹെല്‍ത്ത് അംബാസിഡര്‍ കൂടിയാണവള്‍. അംഗങ്ങളുടെ മാനസിക പ്രയാസങ്ങളും മറ്റും ചര്‍ച്ച ചെയ്യാനും ക്ലബ്ബ് അവസരമൊരുക്കുന്നുണ്ട്. 

അവള്‍ ആദ്യമായി അവളുടെ ബോയ് ഫ്രണ്ടിനെ കണ്ടുമുട്ടുന്നത് ആദ്യത്തെ മാരത്തണിനുള്ള പരിശീലനത്തിലാണ്. അങ്ങനെയും ഓട്ടത്തിലൂടെ അവളുടെ ജീവിതം മാറി. 

പോള്‍ ഷെഫേര്‍ഡ് 

വീടിനടുത്തുള്ള ബീച്ചിലും പരിസരത്തുമാണ് പോളിന്‍റെ ഓട്ടം. ഓടുന്നത് അയാള്‍ക്ക് ശരീരം ഫിറ്റായിരിക്കുന്നതിന് സഹായമായി. മാത്രമല്ല, മനസിന് അയവു നല്‍കി. വിഷാദമുണ്ടായിരുന്നതില്‍ നിന്ന് മുക്തി നല്‍കി. 

2016ലൊക്കെ രാത്രി ഷിഫ്റ്റുകളും, മണിക്കൂറുകള്‍ നീണ്ട ജോലിയുമെല്ലാം ചേര്‍ന്ന് അയാളെ താറുമാറാക്കിയിരുന്നു. കൂടാതെ ഒരു വര്‍ഷത്തോളം ഉറക്കമില്ലായ്മയും അയാളെ പിടികൂടിയിരുന്നു. എല്ലാ ആഴ്ചാവസാനങ്ങളിലും അയാള്‍ക്ക് മദ്യവും ആവശ്യമായിത്തീര്‍ന്നു. അതയാളെ വിഷാദത്തിനടിമയാക്കി. ആത്മഹത്യയെ കുറിച്ച് അയാള്‍ നിരന്തരമാലോചിച്ചു.  

2017ല്‍, അയാളുടെ നില അങ്ങേയറ്റം ബുദ്ധിമുട്ടിലായിരുന്നു. ഒരുദിവസം വൈകുന്നേരം അയാള്‍ മ്യൂസിക് ആര്‍ട്ടിസ്റ്റായ പ്രൊഫ. ഗ്രീനിന്‍റെ ഇന്‍ര്‍വ്യൂ കണ്ടു. അച്ഛന്‍ മരിച്ചപ്പോള്‍ തനിക്കുണ്ടായ കൊടിയ വിഷാദത്തെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അത് പോളിനെ വല്ലാതെ അലട്ടി. താന്‍ മരിച്ചാല്‍ തന്‍റെ മകനെങ്ങനെയായിരിക്കും അനുഭവപ്പെടുകയെന്ന് അയാള്‍ ചിന്തിച്ചുപോയി. 

അങ്ങനെ പോള്‍ ചാരിറ്റി കാം എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടു. അവരയാള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു. അങ്ങനെയാണ് പോള്‍ ജീവിതത്തിലേക്ക് തിരികെ വന്നത്. മകന്‍റെ കൂടെയുള്ള സന്തോഷസമയങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത് ഓട്ടമാണ്. ജീവിതത്തില്‍ പുതിയ പ്രകാശം കൊണ്ടുവന്നതും. 

ലൂസി ത്രേവ്സ്

ലൂസി ത്രേവ്സ് പറയുന്നത്, ഓട്ടമില്ലാതിരുന്നെങ്കില്‍ തന്‍റെ ജീവിതത്തെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ്. അടുത്തിടെയാണ് ലൂസി ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്തത്. പക്ഷെ, അവളുടെ ആദ്യത്തെ ഓട്ടത്തിന്‍റെ അനുഭവം അത്ര നല്ലതായിരുന്നില്ല. 

യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന സമയത്താണ്. അവള്‍ ഓടാന്‍ പോയപ്പോള്‍ ഒരു കാര്‍ വന്ന് ഇടിച്ചു. രണ്ട് കാലും പൊട്ടി. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് പരിക്ക് ഭേദമായി. പക്ഷെ, അപകടം കൊണ്ടുണ്ടായ ഭയത്തില്‍ നിന്നും മുക്തി നേടാനായില്ല. കൂടാതെ, അമിത ഉത്കണ്ഠയും. അത് നിയന്ത്രിക്കാന്‍ പറ്റാതായി. ഉറക്കമില്ലായ്മയ്ക്കും മറ്റും കാരണമായി. അങ്ങനെ അവള്‍ സ്വയം ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിപ്പോയി. 

കൃത്യമായ ചികിത്സയിലൂടെ അവള്‍ ജീവിതത്തിലേക്ക് തിരികെ വന്നു. ലൂസി പറയുന്നത്, അവളെ തിരികെ കൊണ്ടുവരുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിച്ചതും ഓട്ടം തന്നെയാണെന്നാണ്. അതാണവള്‍ക്ക് അവളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും. 

കരേന്‍ ജോണ്‍സ്

2005ന് മുമ്പ്, ഓട്ടമില്ലാത്ത കാലത്തേക്ക് തിരിഞ്ഞുനോക്കാന്‍ പോലുമിഷ്ടപ്പെടുന്നില്ലെന്നാണ് കരേന്‍ പറയുന്നത്. പ്രസവശേഷം കരേന്‍ വിഷാദത്തിലേക്ക് വീണുപോയി. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാ (പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന വിഷാദം) യിരുന്നു അത്. അവളുടെ ഡോക്ടറാണ് അവളോട് എന്തെങ്കിലും വ്യായാമം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ഓടാന്‍ തീരുമാനിച്ചത് അവള്‍ തന്നെയാണ്. 2006ല്‍ കരേൻ ലണ്ടന്‍ മാരത്തണില്‍ ഓടി. കാന്‍സര്‍ ബാധിച്ചവരെ സഹായിക്കാന്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു അത്. 

ഓട്ടം അവളെ വിഷാദം മറികടക്കാന്‍ മാത്രമല്ല സഹായിച്ചത്. ആരോഗ്യകരമായ ഭക്ഷണരീതി ശീലിക്കാനും, മാനസികാരോഗ്യത്തിനും സന്തോഷം കണ്ടെത്താനുമെല്ലാം അതവളെ സഹായിച്ചു. നാല്‍പത്തിനാലാമത്തെ വയസില്‍ കരേന്‍ പേഴ്സണല്‍ ട്രെയിനറായി നിരവധി പേര്‍ക്ക് വ്യായാമത്തില്‍ പരിശീലനം നല്‍കുന്നു.

കരീം-ജാക്ക് 

ഇന്ത്യയിലേക്കുള്ള യാത്രയാണ് ഈ ദമ്പതികളുടെ  ജീവിതം മാറ്റിയത്. ഇന്ത്യയിലെത്തിയ ശേഷം ഇവര്‍ ഓടാനും, മെഡിറ്റേഷനും, യോഗയും പരിശീലിക്കാനും തുടങ്ങി. കരീമിന് വിഷാദമടക്കം പല ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. അതെല്ലാം മാറ്റിയത് ഈ ജീവിത രീതിയാണ്. 

ജാക്ക് പറയുന്നതും ഇതുതന്നെ. ഭക്ഷണകാര്യത്തില്‍ നല്ല ശീലങ്ങള്‍ പിന്തുടരുന്നതിനും ശരീരം നന്നായിരിക്കാനും ഓട്ടം സഹായകമായി എന്ന് ജാക്ക് പറയുന്നു. 

മറൈക്ക

മറൈക്ക പറയുന്നത്, മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഓടുന്നത് എന്നാണ്. 2016ലാണ് മറൈക്കയ്ക്ക് സ്തനാര്‍ബുദം തിരിച്ചറിയപ്പെട്ടത്. അതിന്‍റെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനായാണ് ഓട്ടം തുടങ്ങുന്നത്. ആദ്യമൊക്കെ വീടിന് അടുത്തായിരുന്നു ഓടിയത്. കാരണം ക്ഷീണം തോന്നിയാല്‍ പെട്ടെന്ന് വീട്ടിലെത്തുന്നതിനായിരുന്നു അത്. ഇപ്പോള്‍ അവളൊരു റണ്ണിങ് ക്ലബ്ബ് അംഗമാണ്. ആരോഗ്യകരമായ സൌഹൃദത്തിന് അതവളെ സഹായിക്കുന്നു. 

 

കടപ്പാട്: ബിബിസി

click me!