അഞ്ചര ലക്ഷത്തിന്‍റെ ഒരൊറ്റ മീന്‍; പൊന്നും വിലകിട്ടാനുള്ള കാരണങ്ങള്‍ ഇതാണ്

By Web TeamFirst Published Aug 7, 2018, 8:29 PM IST
Highlights

അത്യപൂര്‍വ്വമായി മാത്രം ഇന്ത്യന്‍ കടലുകളില്‍ ലഭിക്കാറുള്ള ഘോല്‍ എന്ന മത്സ്യമാണ് മുംബൈ മുക്കുവ സഹോദരങ്ങളുടെ വലയില്‍ കയറിയത്

മത്സ്യബന്ധനം ജീവിതമാക്കിയവര്‍ക്ക് കടലമ്മയാണ് എല്ലാം. ആഴക്കടലിലേക്ക് പറന്നിറങ്ങുമ്പോള്‍ കടലമ്മ ചതിക്കില്ലെന്ന വിശ്വാസം അവര്‍ക്കുണ്ട്. അന്നത്തിനുള്ളതില്‍ കൂടുതലൊന്നും വേണ്ടെന്ന ചിന്തയും അരയന്‍മാര്‍ മുന്നോട്ട് വയ്ക്കാറുണ്ട്. എന്നാല്‍ കടലമ്മ ചിലപ്പോഴൊക്കെ അത്ഭുതം കാട്ടാറുണ്ട്.

ഒരൊറ്റ മീനിലൂടെ സഹോദരങ്ങളെ ലക്ഷപ്രഭുക്കളാക്കിയിരിക്കുകയാണ് കടലമ്മ. മുംബൈയിലെ കടലിലിറങ്ങുമ്പോള്‍ മുക്കുവ സഹോദരങ്ങള്‍ക്ക് അന്നത്തെ അന്നത്തിനുള്ളത് കണ്ടെത്തണമെന്നതില്‍ കൂടുതലായൊരു ചിന്തയും ഉണ്ടായിരുന്നില്ല. എന്നാല്‍ വലയില്‍ കുടുങ്ങിയത് ലക്ഷങ്ങളുടെ വിലയുള്ള മീനായിരുന്നു.

അത്യപൂര്‍വ്വമായി മാത്രം ഇന്ത്യന്‍ കടലുകളില്‍ ലഭിക്കാറുള്ള ഘോല്‍ എന്ന മത്സ്യമാണ് മുംബൈ മുക്കുവ സഹോദരങ്ങളായ മഹേഷിന്‍റെയും ഭരതിന്‍റെയും വലയില്‍ കയറിയത്.  കടലിലെ സ്വർണം എന്നറിയപ്പെടുന്ന  ഘോൽ മത്സ്യം ഇന്നലെയാണ് വലയില്‍ കുടുങ്ങിയത്.

കരയില്‍ കാത്തുനിന്നവരെല്ലാം ഘോലിനെ കണ്ട് ഞെട്ടി. ചിലര്‍ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. ലേലം വിളിയാകട്ടെ പൊടിപൊടിച്ചു.  30 കിലോയിലധികമുണ്ടായിരുന്ന ഘോലിന് വേണ്ടി വന്‍കിട വ്യാപാരികള്‍ തന്നെ രംഗത്തെത്തി. ഒടുവില്‍ അഞ്ചര ലക്ഷത്തിന് ലേലം ഉറപ്പിച്ചു. ഇവര്‍ക്ക് കുറഞ്ഞത് പത്തുലക്ഷത്തിനെങ്കിലും ഘോലിനെ വില്‍ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. കൊളോജൻ കൂടുതലായി അടങ്ങിയിട്ടുള്ള ഘോല്‍ മരുന്നുനിർമാണത്തിനാണ് ഉപയോഗിക്കാറുള്ളത്. 

1000 രൂപ മുതലാണ് കിലോയ്ക്ക് ഘോല്‍ മത്സ്യത്തിന്റെ വില. സിംഗപ്പൂര്‍, മലേഷ്യ, ഇന്തൊനേഷ്യ, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ തന്നെ കയറ്റുമതിക്കാണ് ഘോല്‍ മത്സ്യം കൂടുതലായി ഉപയോഗിക്കുന്നത്. കൊളാജെന്‍ എന്ന അതിവിശിഷ്ടമായ മാംസ്യം വളരെ കൂടുതല്‍ അളവില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഔഷധങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് കൊളാജന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ ഘോല്‍ മത്സ്യത്തിന് ആവശ്യക്കാരും ഏറെയാണ്.

click me!