പ്രകൃതിയുടെ താളം തെറ്റിക്കുന്നത് ആരാണ്?

By Speak UpFirst Published Sep 19, 2019, 6:49 PM IST
Highlights

എനിക്കും ചിലത് പറയാനുണ്ട്.  അക്ബര്‍ എഴുതുന്നു

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
 

നമുക്കറിയാവുന്നത് മാത്രമാണ് അറിവ് എന്നതിന്റെ യുക്തി എന്താണ്? ഒരാള്‍ക്ക് അറിയാനാവുന്നത് എത്രത്തോളമായിരിക്കും?  അവന്‍ വലിയ ആളല്ലേ, അവന്-അവള്‍ക്ക് നല്ല വിവരമുണ്ടാകും, ഇത്തരം താരതമ്യങ്ങള്‍ എങ്ങനെയാണ് സാധ്യമാവുക?. അറിവിന് അറ്റമില്ലാത്തതു പോലെ തന്നെ ഇത്തരം സംശയങ്ങള്‍ക്കും യാതൊരു അന്തവുമുണ്ടാവില്ല. ഒരാള്‍ നന്നായി കുഴിയെടുക്കുന്നു, അയാളേക്കാള്‍ ഒരു അധ്യാപകനും മികച്ചവരാകുന്നില്ല. മണ്ണെടുത്ത് കുഴി നിര്‍മ്മിക്കാനുള്ള കഴിവ്  സര്‍ഗ്ഗാത്മകത തന്നെയാണ്. അതിന്റെ വിരുത് മറ്റൊരു അറിവിന്റെ മുന്നില്‍ കുറയുന്നില്ല. എന്തുകൊണ്ടാണ് ചന്തയിലോ തെരുവിലോ ചുമട് എടുക്കുന്ന വൈദഗ്ദ്ധ്യം ഒരു വലിയ ബോഡി ബില്‍ഡര്‍ക്ക് ഇല്ലാതെ പോകുന്നത്. ഭാരദ്വഹനത്തിന്റെ ശാസ്ത്രീയ രീതികള്‍ അയാള്‍ക്ക് അറിയാന്‍ കഴിയും. പക്ഷേ ചന്തയില്‍ ചെന്ന് വലിയ ചാക്കു കെട്ടുകള്‍ ചുമക്കാന്‍ പറഞ്ഞാല്‍ നിരാശയാവും ഫലം. അതാണ് പറയുന്നത് അറിവ് എന്നത് വിദഗ്ദ്ധമായ ഒരു അളവുകോല്‍ കൊണ്ട് അളക്കാനാവില്ല. ബിരുദങ്ങളോ, ഗവേഷണങ്ങളോ ചിലതില്‍ എത്തിക്കുമെങ്കിലും പൂര്‍ണ്ണമായ അറിവനുഭവം അസാധ്യം തന്നെ.

ഒരു മരത്തില്‍ ഓടിക്കയറുന്നതു പോലെ എളുപ്പമല്ല അത്. അത്രയ്ക്ക് നിഗൂഢമായ എന്തോ അതിലുണ്ടാവാം. അവിടെയാണ് നാം തോറ്റുകൊണ്ടിരിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുന്നു, ജോലി ചെയ്യുന്നു, ഉറങ്ങുന്നു തുടങ്ങിയ നിത്യവൃത്തികള്‍ തന്നെയാവാം പ്രകൃതിയും ചെയ്യുന്നത്. പക്ഷേ അതിനിടയ്ക്ക് സമ്പാദിക്കുക എന്ന ഭീകരമായ ഒന്നിനെ ഒരു ചെടിയും ജീവിയും ഉള്ളിലിട്ട് സംഘര്‍ഷമാക്കാറില്ല! അതെന്താവാം? അതോ, പുസ്തകങ്ങള്‍ കൂടുതല്‍ വായിച്ചാല്‍ കൂടുതല്‍ അറിവ് കിട്ടുമെന്നുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും. ലോകത്തെ ഏറ്റവും വലുത്, ചെറുത് എന്നിങ്ങനെ കാണാതെ പഠിച്ചുവയ്ക്കാന്‍ മാത്രം പറ്റും. അനുഭവങ്ങളോ, അത് അയാളില്‍ തന്നെ നില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അത്ഭുതകരമായ ഒന്നും ലോകത്തില്ല. അത്ഭുതം എന്നതു തന്നെ പ്രകൃതിവിരുദ്ധമായ വാക്കാണ്. ചില കാഴ്ചകള്‍ക്ക് മുന്നില്‍ വിസ്മയിക്കാറുണ്ടെന്നത് നേരു തന്നെ. പക്ഷേ, അത് ക്ഷണികമാണ്. വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അതിന്റെ വിസ്മയം ഇല്ലാതാവും. കുഞ്ഞുങ്ങള്‍ പുതിയ ഉടുപ്പ് കിട്ടുമ്പോള്‍ അത് ധരിക്കാന്‍ കാട്ടുന്ന ആഗ്രഹമുണ്ടല്ലോ, അതാണ് വിസ്മയം എന്ന വാക്കിന്റെ നിര്‍വ്വചനം. പ്രകൃതിയും അങ്ങനെ തന്നെ.

പ്രകൃതിക്ക് പ്രത്യേക ശക്തി വിശേഷം ഒന്നും തന്നെയില്ല. എന്നാല്‍ ഒരു താളക്രമമുണ്ട്. അതിനെ കണ്ടില്ലെന്ന് നടിക്കുമ്പോള്‍, ആ താളത്തെ പ്രകൃതി തനിയെ വീണ്ടെടുക്കാന്‍ ശ്രമിക്കും. ഇപ്പോള്‍ സംഭവിക്കുന്ന കാലവര്‍ഷക്കെടുതികള്‍ അതാണ് സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലായി പെയ്യേണ്ട മഴ പെട്ടെന്ന് കുറച്ചു ദിവസങ്ങളില്‍ പെയ്തു തീരുക. മലകള്‍ ഇടിഞ്ഞുവീഴുക, നദികളില്‍ വെള്ളം കയറി വെള്ളപ്പൊക്കമുണ്ടാവുക തുടങ്ങിയ പ്രതിഭാസങ്ങള്‍ ഇതുപോലെ ഒരുതരം തിരിച്ചു പിടിക്കല്‍ ആയിരിക്കാം. ആദ്യം പറഞ്ഞതുപോലെ മനുഷ്യ കേന്ദ്രീകൃതം മാത്രമായ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് ഭയാനകമായ അനുഭവങ്ങള്‍ തന്നെ ആയിരിക്കും. അറിവിന്റെ നിസ്സഹായത അവിടെ തുടങ്ങുന്നു എന്നു പറയാം. പക്ഷേ അതൊരിക്കലും ആത്മീയമോ മതപരമോ അല്ല. കേവലാര്‍ത്ഥത്തില്‍ ഏക കോശ ജീവി മുതല്‍ ബഹുകോശ ജീവികള്‍ വരെയുള്ള വലിയ ഒരണിയുടെ താളാത്മകമായ ചലനം സുഗമമായില്ലെങ്കില്‍ ഒരിക്കലും ഒന്നുമുണ്ടാവില്ല എന്ന് ഈ കാലം ഊര്‍ന്നൊഴുകി പറഞ്ഞു തരുന്നു. അതെ അറിവോ, വിദ്യാഭ്യാസമോ അല്ല, മനസ്സറിഞ്ഞുള്ള ആന്തരികമായ ഒരുക്കമാണാവശ്യം.

എങ്ങനെയാവും മറ്റുള്ള ഒന്നിനെ കാണാനാവുക. അല്ലെങ്കില്‍ അത് അനുഭവിക്കാനാവുക? ഓരോ വ്യക്തിയും വ്യത്യസ്തമായ ഒരോ ജീവിയായിരിക്കെ, താന്‍ ഉള്‍പ്പെടുന്ന ജീവമണ്ഡലത്തെ ഒരാള്‍ അറിയുന്നത് അനുസരിച്ചാവാം ജീവിതം ഓടുന്നതു തന്നെ. പ്രളയത്തിലോ അതുപോലുള്ള വലിയ പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ടവരെ ഒരാള്‍ ഒരു നേട്ടവുമില്ലാതെ സഹായിക്കുന്നു എന്നിരിക്കട്ടെ. അയാള്‍ പ്രകൃതിയെ അനുസരിച്ചു തുടങ്ങുന്നു എന്ന് മനസ്സിലാക്കാം. അയാള്‍ പിന്നീട് ആഘോഷിക്കപ്പെട്ടേക്കാം. ആഘോഷവും സങ്കടവും ചേര്‍ന്നതാണ് ലോകം. പക്ഷേ ഇതു രണ്ടും കൃത്രിമമായി ഉണ്ടാക്കിയെടുക്കാനാവുമോ? അങ്ങനെ ചെയ്താല്‍ അതില്‍ എത്രമാത്രം ജീവന്‍ അടങ്ങിയിട്ടുണ്ടാവും. 

ഇങ്ങനെയൊക്കെ ആലോചിക്കുമ്പോള്‍ ഒരു ഉത്തരവുമുണ്ടാവില്ല. ഉത്തരം മരണമെന്നാണ് തത്വചിന്തകളില്‍ പറയുന്നത്. സാമീപ്യം കൊണ്ട് കുറച്ചുനാള്‍ ഉണ്ടായിരുന്നയാള്‍ ഇല്ലാതാവുമ്പോള്‍ കരയാറില്ലേ? അത് ഒരര്‍ത്ഥത്തില്‍ അത്മാര്‍ത്ഥമായ ഒന്നാണോ? മറ്റൊരാളോട് കടുത്ത ഇഷ്ടക്കേട് തോന്നാത്ത എത്ര പേരുണ്ടാവും? ആരും തന്നെയുണ്ടാവില്ല. പ്രിയത്തിനപ്പുറത്ത്, വിദ്വേഷവും ഉണ്ട്. ഒരു പക്ഷേ ഒരാളെ വലിയ അളവില്‍ ഇഷ്ടപ്പെടുന്നത് തന്നെ വലിയ അപ്രിയം ഉള്ളതുകൊണ്ടാവും. ചിലപ്പോ: അറിയാതെ അത് പുറത്തു വരും. ഉറപ്പ്.

അപ്പോള്‍ ജീവികളും ജീവനില്ലാത്തവയും അടങ്ങുന്ന ഒരു ഇടത്തില്‍ എങ്ങനെ പൂര്‍ണ്ണ സ്നേഹം ഉണ്ടാവും. പഴയ ആളുകള്‍ പറയുന്നതു കേട്ടിട്ടില്ലേ? മഴ ചതിച്ചു, വെയില്‍ ചതിച്ചു എന്നോക്കെ! പക്ഷേ നാം-മനുഷ്യന്‍ അല്ലേ ഇതിന്റെയൊക്കെ കാലക്രമങ്ങള്‍ മനപ്പൂര്‍വ്വം തെറ്റിക്കുന്നത്. നിശ്ചിതമായ സമയക്രമങ്ങളില്‍ ചിലപ്പോള്‍ തിരിച്ചും സംഭവിക്കാം. അതിനെ ചതി എന്നോക്കെ പറയുന്നത് തന്നെയാണ് വലിയ ചതി. ഒരു ചെടിയുടെ ഇലകള്‍ കണ്ടിട്ടില്ലേ? ഒരിക്കലും ആ ഇല തിന്നരുത് എന്ന് ഒരു പുഴുവിനോടോ പ്രാണികളോടോ അത് പറയില്ല. പിന്നെയും ഇലകള്‍ വന്നുകൊണ്ടിരിക്കും. ചെടിയും വളരുന്നു, പുഴുവും, പ്രാണിയും ഒക്കെയടങ്ങുന്നവയും ജീവിക്കുന്നു. അതിനെ മനുഷ്യന്റെ വരുതിക്ക് നിര്‍ത്തിയാലോ, പല ചെടികളും നശിക്കുന്നത് കാണാം. ഇലകളില്ലാതാവുമ്പോള്‍ പ്രാണികളും ലാര്‍വകളും ഇല്ലാതാവും. അപ്പോള്‍ ആരാണ് ഇത് തെറ്റിക്കുന്നത്. വിരല്‍ ആരിലേക്കാണ് ചൂണ്ടേണ്ടത്. കണ്ണാടിക്ക് മുന്നിലാണ് നാമൊക്കെ. കണ്ണാടിയിലേക്ക് സൂക്ഷിച്ചു നോക്കുക. ഉത്തരം തീര്‍ച്ചയായും അവിടുണ്ട്.

 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!