Asianet News MalayalamAsianet News Malayalam

മനുഷ്യരേ, 'വിശേഷം' ഇല്ലാത്തതിന്  കാരണങ്ങള്‍ വേറെയാണ്!

  • എനിക്കും ചിലത് പറയാനുണ്ട്
speak up Athira EV
Author
First Published Jul 12, 2018, 2:23 PM IST

ചുറ്റുമുള്ളത് കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍,ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ webteam@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak up Athira EV

'വിശേഷം ഉണ്ടോ?'

വിവാഹശേഷം ഞാന്‍ ഏറ്റവും അധികം ഉത്തരം പറഞ്ഞ ചോദ്യം ആണ് ഇത്. ആദ്യമൊക്കെ ആ ചോദ്യം കേള്‍ക്കുമ്പോള്‍ എനിക്ക് നാണം വരുമായിരുന്നു. മുഖം താഴ്ത്തി, കവിള്‍ തെല്ലൊന്നു ചുവപ്പിച്ചു ഞാന്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. ചോദ്യങ്ങളുടെ എണ്ണം കൂടി വരുംതോറും എന്റെ നാണം കുറഞ്ഞു വന്നു . ആദ്യമൊക്കെ ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നുമായിരുന്നു ചോദ്യം. പോകെപ്പോകെ ബൈക്കില്‍ മീന്‍ വില്‍ക്കാന്‍ വരുന്ന ഇക്കയും വീടിനു മുന്നിലെ വയലില്‍ പശുവിനെ കെട്ടാന്‍ വരുന്ന ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത ചേട്ടനും സുഹൃത്തിന്റെ വീട്ടിലെ വേലക്കാരിയും വരെ എനിക്ക് വിശേഷമുണ്ടാകാത്തതില്‍ കുണ്ഠിതപ്പെട്ടു താടിയ്ക്ക് കയ്യും കൊടുത്തു നില്‍ക്കാന്‍ തുടങ്ങി. 

അങ്ങനെ വര്‍ഷം ഒന്നു കഴിഞ്ഞു. 'ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത്?' എന്നായി പിന്നെ ചോദ്യം. അപ്പോഴേക്കും എന്റെ നാണം മുഴുവന്‍ പോയി ദേഷ്യം വരാന്‍ തുടങ്ങി. ഡോക്ടറെ ഒന്നും കാണുന്നില്ല എന്നും ഇപ്പോള്‍ പ്ലാന്‍ ഒന്നും ഇല്ലെന്നും പറഞ്ഞു മുഖം തിരിച്ചു. കല്യാണം കഴിഞ്ഞു ഉടന്‍ തന്നെ കുട്ടികള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും കുട്ടികള്‍ വേണ്ടെന്നു വെച്ചു പിന്നെ കുട്ടികള്‍ ഉണ്ടാകാതെ ചികിത്സയും മന്ത്രവും ആയി നടക്കുന്നവരുടെ കഥകളും വെച്ചു എന്റെ ചെവി പൊട്ടും വരെ ക്ലാസ് എടുത്തവരെ ഈ അവസരത്തില്‍ സ്മരിക്കാതെ വയ്യ.

രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു.  ഇപ്പോള്‍ ചോദ്യത്തിന്റെ മട്ടും ഭാവവും മാറി. ഒന്നു മാറ്റി നിര്‍ത്തി ശബ്ദം ഒന്നു താഴ്ത്തി 'ആര്‍ക്കാണ് കുഴപ്പം ?' എന്നാണ് ചോദ്യം. നാണവും ദേഷ്യവും മാറി ഇപ്പോള്‍ ഞാന്‍ അതിനെ തമാശയായി എടുത്തു തുടങ്ങി. ഉരുളി കമിഴ്ത്താന്‍ ഒന്നു കൂടെ വരുമോ,  കവിടി നിരത്തി നോക്കാന്‍ ഒരു ജോല്‍സ്യന്റെ അടുത്തു പോകാന്‍ വരുമോ എന്നൊക്കെ ചോദിച്ചു ഞാന്‍ അവരെയൊക്കെ കണ്ടം വഴി ഓടിച്ചു. 

ഇനി ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉള്ള ഉത്തരം പറയാം. ഇത് എല്ലാവരുടെയും മുന്നില്‍ പറയേണ്ടി വരുന്നത് എന്റെ ഗതികേട് ആണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും വാട്സ്ആപ്പിലും ഫേസ്ബുക്കിലും നേരിട്ടും വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തതുകൊണ്ടാണ് ഈ കുറിപ്പ്. 

നോക്കൂ, ഞങ്ങള്‍ ഇതു വരെ ഒരു കുട്ടിക്ക് വേണ്ടി ഒരു പ്ലാനും ചെയ്തിട്ടില്ല. അതുകൊണ്ടാണ് വിശേഷം ഒന്നും ഇല്ലാത്തത്. 

ഇതുവരെ വിശേഷം ഒന്നും ഇല്ല്യ ല്ലേ? ഏത് ഡോക്ടറെ ആണ് കാണിക്കുന്നത്?' എന്നായി പിന്നെ ചോദ്യം.

ആതെന്തു കൊണ്ടാണ് പ്ലാന്‍ ചെയ്യാത്തത് എന്നു ചോദിച്ചാല്‍ കാരണങ്ങള്‍ പലതുണ്ട്.

1. ഒരു പെണ്ണിന്റെ ജീവിതത്തില്‍ ആദ്യത്തെ കാര്യം ആര്‍ത്തവവും രണ്ടാമത്തെ കാര്യം കല്യാണവും മൂന്നാമത്തെ കാര്യം അമ്മയാകലും മാത്രം ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല. അതുപോലെ തന്നെ ഒരു പെണ്ണിന്റെ സ്ത്രീത്വവും ആണിന്റെ പുരുഷത്വവും ഒരു കുട്ടിയെ ഉണ്ടാക്കി തെളിയിക്കേണ്ട ഒന്നല്ല.

2. കുട്ടികളെ ഉണ്ടാക്കാനും മാതൃക കുടുംബം നയിക്കാനും വേണ്ടി മാത്രം കല്യാണം കഴിച്ച രണ്ടു പേരല്ല ഞങ്ങള്‍. ഈ ജീവിതം അടിച്ചുപൊളിക്കാന്‍ ഒരു പാര്‍ട്ണര്‍ വേണം എന്ന് തോന്നി കല്യാണം കഴിച്ചവരാണ്. ഒരു ഭാര്യയുടെ കടമ പോലും നേരെ ചൊവ്വേ ചെയ്യാന്‍ കഴിയാത്ത എനിക്ക് ഒരു അമ്മയുടെ റോള്‍ കൈകാര്യം ചെയ്യാന്‍ കുറച്ചു കൂടെ സമയം വേണം . 

ഈ ഒരു കാലഘട്ടം കടന്നു പോയാല്‍ പിന്നെ തിരിച്ചു വരില്ല. രണ്ടു പേര്‍ മാത്രം ഉള്ള ലോകം അത് വളരെ മനോഹരമാണ്. രാവിലെ കൊതി തീരും വരെ മൂടിപ്പുതച്ചു ഉറങ്ങാനും, തോന്നുമ്പോള്‍ ഒരു ബാഗില്‍ കയ്യില്‍ കിട്ടുന്നത് കുത്തി നിറച്ചു ബൈക്കില്‍ കയറി ഇരുന്നു യാത്ര പോകാനും, നല്ല മഴ കാണുമ്പോള്‍ അതില്‍ ഇറങ്ങി നനഞ്ഞു പനി പിടിപ്പിച്ചു മൂടി പുതച്ചിരിക്കാനും, നിനച്ചിരിക്കാത്ത നേരങ്ങളില്‍ പ്രണയം പങ്കു വെക്കാനും എന്തു രസമാണെന്നോ. ഈ പിണക്കങ്ങളുടെയും പരിഭവങ്ങളുടെയും പ്രണയത്തിന്റെയും ഇടയിലേക്ക് മൂന്നാമതൊരാള്‍ വരുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുക എന്നത് വലിയ കാര്യം ആണ്.

3. ഒരു ജോലി എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു. അത്യാവശ്യം നല്ല പൈസ മുടക്കി ആണ് എന്നെ അച്ഛനും അമ്മയും പഠിപ്പിച്ചത്. 4 വര്‍ഷം അവരുടെ എല്ലാ സമ്പാദ്യവും അവര്‍ എനിക്ക് വേണ്ടി ചിലവാക്കേണ്ടി വന്നു.  പകുതിയോളം വിദ്യാഭ്യാസ ലോണ്‍ എടുത്തു. ജോലി കിട്ടി കുറച്ചു കാലം എടുത്തു അത് തിരിച്ചടക്കാന്‍ ഒരു തുക കിട്ടുന്ന ശമ്പളത്തില്‍ എത്താന്‍. അപ്പോഴേക്കും പലിശയും കൂട്ടു പലിശയും ആയി ആ തുക ഇരട്ടി ആയിരുന്നു. അതിന്റെ അടവ് ഇപ്പോഴും അടച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ജോലി എന്നത് അത്യാവശ്യം ആണ്.  അതിനുപരി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി ഉള്ളത് എപ്പോഴും നല്ലതാണ്. 

ഞാന്‍ പ്രൈവറ്റ് ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ്. നാലും അഞ്ചും റൗണ്ട് ഉള്ള ഒരുപാട് ഇന്റര്‍വ്യൂ പങ്കെടുത്തു പാസായി കിട്ടിയ  ജോലി ആണ്. ജോലി കിട്ടാന്‍ ഉള്ളതിനേക്കാള്‍ വലിയ കഷ്ടപ്പാടാണ് അത് നിലനിര്‍ത്താന്‍. നല്ല പ്രോജക്ടും നല്ല കമ്പനിയും അല്ലെങ്കില്‍ ഏതു സമയത്തും ഈ ജോലി നഷ്ടമാകാം. പുതിയ ടെക്‌നോളജി അറിഞ്ഞില്ലെങ്കിലും മരിച്ചു കിടന്നു പണി എടുത്തില്ലെങ്കിലും  രാവിലെ ഒരു മെയില്‍ അയച്ചു വൈകുന്നേരത്തിനുള്ളില്‍ നമ്മളെ തൊഴില്‍ രഹിതന്‍ ആക്കിക്കളയും ഇവന്മാര്‍.  അങ്ങനെ ഉള്ളിടത്ത് ഗര്‍ഭകാലഘട്ടവും പ്രസവാവധിയും ഒരു തരത്തില്‍ പറഞ്ഞാല്‍  ത്രിശങ്കു ആണ്. ഈ സമയത്ത്  അവര്‍ക്ക് നമ്മളെ കൊണ്ടു വല്ല്യ ഉപകാരം ഒന്നും ഉണ്ടാകില്ല. അപ്പോള്‍ പിന്നെ ഗര്‍ഭിണി അല്ലെ വീട്ടില്‍ പോയി പ്രസവിച്ചിട്ടൊക്കെ പോരെ എന്നു പറഞ്ഞു തിരിച്ചു വിടും. മേറ്റര്‍ണിറ്റി പീരിയഡിനു മുന്‍പോ ശേഷമോ ജോലി നഷ്ടപ്പെട്ട കുറച്ചു പെണ്ണുങ്ങളെ എങ്കിലും എനിക്ക് അറിയാം. അങ്ങനെ ജോലി പോയി പ്രസവവും ശ്രുശൂഷയും കഴിഞ്ഞു എത്തിയാല്‍ മറ്റൊരു ജോലി കണ്ടെത്താന്‍ കുറച്ചു കഷ്ടപ്പെടേണ്ടി വരും. Career Gap എന്നത് അത്യാവശ്യം നല്ല ഒരു വില്ലന്‍ തന്നെയാണ്. ഇതുകൊണ്ടൊക്കെ തന്നെ കുറച്ചുപേരെങ്കിലും പ്രസവത്തോടെ ജോലി ഉപേക്ഷിച്ചു വീട്ടില്‍ ഒതുങ്ങി കൂടിയവരാണ്.

അതോടെ 16 വര്‍ഷത്തോളം കെട്ടുകണക്കിന് പുസ്തകങ്ങള്‍ പഠിച്ചു, അടികള്‍ വാങ്ങി, പരീക്ഷ എഴുതി കിട്ടിയ സര്‍ട്ടിഫിക്കറ്റ് അലമാരയില്‍ ഇരുന്നു വെറുതെ പൊടി പിടിച്ചു നശിക്കും. ജോലി ഇല്ലാതിരുന്ന ചുരുങ്ങിയ മാസങ്ങള്‍ കൊണ്ടു തന്നെ വിഷാദ രോഗത്തിന്റെ പടിക്കല്‍ എത്തിയ എനിക്ക് ജോലി ഇല്ലാത്ത അവസ്ഥയെക്കുറിച്ചു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കുട്ടി ഉണ്ടായി കഴിഞ്ഞുള്ള കുറച്ചു വര്‍ഷങ്ങള്‍ അടിപൊളി ആയിരിക്കുമെങ്കിലും ഒരു ആറു വര്‍ഷം കഴിഞ്ഞു കുട്ടി സ്‌കൂളില്‍ പോയി തുടങ്ങുമ്പോള്‍ നമ്മള്‍ വീണ്ടും തനിച്ചാകും. 6 വര്‍ഷം വെറുതെ ഇരുന്നു പിന്നെ ഒരു ജോലി കിട്ടണമെങ്കില്‍ തലയില്‍ വരച്ച വര നല്ല പെര്‍മനെന്റ് മാര്‍ക്കര്‍ കൊണ്ടു വരച്ചതാകണം. എന്റെ തലയില്‍ മഷിത്തണ്ടു കൊണ്ടാണ് വരച്ചത് എന്നു നല്ല നിശ്ചയം ഉണ്ട്.

4. അടുത്തത് പ്രസവ ശേഷം കുട്ടിയെ ആരു നോക്കും എന്നതാണ്. ജോലി ഉപേക്ഷിച്ചു കുട്ടിയെ നോക്കി ഇരിക്കാന്‍ നമ്മുടെ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തത് കൊണ്ട് ആ പരിപാടി നടക്കില്ല. പിന്നെ വീട്ടില്‍ നിന്ന് ആരെങ്കിലും വന്നു നില്‍ക്കുക എന്നതാണ്. വീട്ടിലെ ഫാമും അച്ഛനെയും അനിയനെയും ഒറ്റക്കിട്ടു വന്നു നില്‍ക്കാന്‍ എന്റെ അമ്മയുടെയും, പ്രായമായ അച്ഛനെ ഒറ്റക്കിട്ടു വരാന്‍ ഭര്‍ത്താവിന്റെ അമ്മയുടെയും സാഹചര്യങ്ങള്‍ അനുവദിക്കില്ല.  ഇത് ഒന്നോ രണ്ടോ വര്‍ഷത്തെ കാര്യം അല്ല. കുട്ടിയ്ക്ക് സ്‌കൂളില്‍ പോകാന്‍ ആകും വരെ എങ്കിലും ആരെങ്കിലും അടുത്തു വേണം. അല്ലെങ്കില്‍ ഡേ കെയര്‍ ഇല്ല ആക്കിയിട്ടു പോകണം. നല്ല ഒരു ഡേ കെയറിനു അയ്യായിരം മുതല്‍ പതിനായിരം വരെ ആണ് ഇവിടെ പ്രതിമാസ ഫീസ്. അതും ഒരു ഞാണിമേല്‍ കളി ആണ്.  പിന്നെ ഉള്ളത് ഒരു ആയയെ വെയ്ക്കുക എന്നതാണ്. അവര്‍ക്ക്  മാസം പതിനയ്യായിരമാണ് കുറഞ്ഞ ശമ്പളം. അതിനു പുറമെ ഭക്ഷണം താമസം നാട്ടില്‍ പോകാന്‍ ഉള്ള ചിലവ് ഇതെല്ലാം വേറെയും. എല്ലാം കൂടെ മാസം ഇരുപതിനായിരം വേണം.  ആ വഴിയും ഒരു പരീക്ഷണം ആണ. നല്ല ഒരാളെ കിട്ടാന്‍ പുണ്യം ചെയ്യണം എന്ന അവസ്ഥ ആണ്. ഒരു വര്‍ഷത്തിനിടയില്‍ മൂന്ന് ആയമാര്‍ മാറി വന്ന ഒരു സുഹൃത്തിന്റെ അവസ്ഥ നന്നായി കണ്ടതാണ്. വീട്ടില്‍ സി സി ടി വി വെച്ചു ഓഫീസില്‍ അതും നോക്കി ഇരുന്നിട്ടുണ്ട് അവള്‍ മാസങ്ങളോളം. അപരിചിതയായ സ്ത്രീയോട് നമ്മളും കുട്ടിയും അടുക്കും വരെ നെഞ്ചിനുള്ളില്‍ തീ കോരിയിട്ട അവസ്ഥ ആയിരിക്കും. 

'ആര്‍ക്കാണ് കുഴപ്പം ?' എന്നാണ് ചോദ്യം.

മറ്റുള്ളവരെ അവരുടെ വഴിയേ പോകാന്‍ അനുവദിക്കൂ
ഇത് ബാംഗ്ലൂരില്‍ ജീവിക്കുന്ന എന്റെ കാര്യം ആണ്. ഇതുപോലെ പല സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും.ഇതൊന്നും ആലോചിക്കാതെ കുട്ടി ആയില്ലേ, കുട്ടി വേണ്ടേ, കുട്ടിയ്ക്ക് വേണ്ടി ശ്രമിക്കുന്നില്ലേ , നിങ്ങള്‍ക്ക് അടിച്ചു പൊളിച്ചു നടക്കാന്‍ വേണ്ടി അല്ലെ കുട്ടി വേണ്ടെന്നു വെക്കുന്നത്, ആര്‍ക്കാണ് കുഴപ്പം, ഏത് ഡോക്ടറെ ആണ് കാണിക്കുന്നത് എന്നെല്ലാം ചോദിച്ചു മറ്റൊരാളെ ബുദ്ധിമുട്ടിക്കുമ്പോള്‍ മറുവശത്ത് നില്‍ക്കുന്ന ആളുടെ സാഹചര്യം കൂടി ഒന്നു പരിഗണിക്കുന്നത് നല്ലതാണ്. ഈ ചോദിക്കുന്ന നിങ്ങള്‍ക്ക് ഒരു 5 വര്‍ഷം ഇവിടെ വന്നു കുട്ടിയെ നോക്കാന്‍ കഴിയുമോ, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു ജോലി വാങ്ങി തരാന്‍ കഴിയുമോ, ഒന്നുമില്ലെങ്കില്‍ ഒരു ഉരുളി കമിഴ്ത്താന്‍ കൂടെ വരാന്‍ എങ്കിലും പറ്റുമോ. ഇല്ലല്ലോ. പിന്നെ എന്തിനാണ് നിങ്ങള്‍ മറ്റൊരാള്‍ക്ക് കുട്ടിയില്ലാത്തത്തില്‍ ഇത്ര ആകുലപ്പെടുന്നത്.  നിങ്ങളുടെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കൊണ്ട് എത്രയോ രാത്രികള്‍ അവരുടെ തലയിണ കണ്ണീരില്‍ കുതിര്‍ന്നു കാണും.

വിവാഹം, കുട്ടികള്‍ എല്ലാം ഒരാളുടെ അത്രയും വ്യക്തിപരവും സ്വകാര്യവുമായ ആയ കാര്യം ആണ്. അതില്‍ ഇടയ്ക്കിടയ്ക്ക് കോലിട്ടു കുത്തി നോക്കാതെ സ്വന്തം കാര്യം നോക്കി ജീവിച്ചൂടെ. ഓരോരുത്തരും അവരുടെ ജീവിതത്തില്‍ ഓരോ തിരുമാനങ്ങള്‍ എടുക്കുന്നതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകും. 5 വര്‍ഷമായി കുട്ടി ഉണ്ടാകാത്ത കഥയും പറഞ്ഞു പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. 

നിങ്ങളെ പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് ഗര്‍ഭം ഉണ്ടെന്ന് കള്ളം പറഞ്ഞു ഒടുവില്‍ പ്രസവത്തിന് ഒളിച്ചോടി പോവുന്ന പെണ്ണുങ്ങള്‍ ഉണ്ടാകുന്നത്. നാണക്കേട് ഭയന്നു അഞ്ചാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരുന്ന ആണുങ്ങള്‍ ഉണ്ടാകുന്നത്. മാനസികനില തെറ്റി ജീവിക്കുന്ന പെണ്ണുങ്ങള്‍ ഉണ്ടാകുന്നത്.  മറ്റുള്ളവരുടെ ജീവിതത്തിലേക്കു ചോദ്യ ശരങ്ങള്‍ തൊടുക്കുന്നത് നിര്‍ത്തി സ്വന്തം ജീവിതം ആസ്വദിക്കൂ. മറ്റുള്ളവരെ അവരുടെ വഴിയേ പോകാന്‍ അനുവദിക്കൂ.

 

അവര്‍ പറഞ്ഞത്
അനു അശ്വിന്‍: കീറിമുറിക്കുന്ന ആണ്‍നോട്ടങ്ങള്‍ നിര്‍ത്താറായില്ലേ?

ആരതി പി നായര്‍: പ്രണയത്തെ മനസ്സിലാക്കാന്‍  കേരളം എന്ന് പഠിക്കും?​

റഹ്മ സുല്‍ത്താന: നമ്മുടെ ഉള്ളിലെ വംശീയത  അറിയാന്‍ 26 സന്ദര്‍ഭങ്ങള്‍

റസിലത്ത് ലത്തീഫ്: നീനുവിന്റെ ജീവിതം എന്താവണമെന്ന് വിധിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം?​

അനഘ നായര്‍: പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് നിന്നാല്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?

നോമിയ രഞ്ജന്‍: ഈ മനുഷ്യവിരുദ്ധത എന്തിനാണ്  നിങ്ങളിങ്ങനെ ഫോര്‍വേഡ് ചെയ്യുന്നത്?

അനു കാലിക്കറ്റ്: ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!

അനിത: നിര്‍ത്തിക്കൂടേ ഈ താരാരാധന?

സ്വാതി ശശിധരന്‍: ഓണ്‍ലൈനില്‍ പെണ്ണുങ്ങളോട് അടിവസ്ത്രം ചോദിക്കുന്നവര്‍!

വിഷ്ണുരാജ് തുവയൂര്‍: ആണസോസിയേഷനാകണോ  സി.പി.എം?​

ജൂബി ടി മാത്യു: അധികാരികളേ നിങ്ങളറിയണം ഈ മനുഷ്യരെ...

റിയ ഫാത്തിമ: പെണ്‍മക്കള്‍ വിറ്റൊഴിക്കാന്‍  മാത്രമുള്ളതല്ല, മാതാപിതാക്കളേ​

ഫബീന റഷീദ്: ആണ്‍ലോകമേ ഉത്തരമുണ്ടോ  ഈ ചോദ്യങ്ങള്‍ക്ക്?

 തമന്ന: അതിനു ശേഷം ആര് അടുത്തുവന്നാലും വല്ലാത്ത ഭയം ആയിരുന്നു

അഡ്വ. ഷാനിബ അലി: നന്നായി ഇടപഴകുന്ന പെങ്കുട്ട്യോളെ  നിങ്ങളെന്തിനാണ് ഭയക്കുന്നത്?​

Follow Us:
Download App:
  • android
  • ios