എഴുത്തുകാരനും വിദ്യാർത്ഥിയുമായ ദില്ലിയിലെ ചായക്കടക്കാരൻ; എഴുതിയത് ഇരുപത്തഞ്ചോളം നോവലുകൾ ​

By Web TeamFirst Published Nov 21, 2020, 3:33 PM IST
Highlights

ഒരു എഴുത്തുകാരൻ മാത്രമല്ല ഈ ചായ്‌വാല, നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. അദ്ദേഹം തന്റെ പോരാട്ടങ്ങളുടെ കഥകൾ പങ്കുവെക്കുകയും തടസങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് എങ്ങനെ മുന്നോട്ട് പോകാമെന്ന് ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നു. 

ജീവിതത്തിൽ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോഴും, ചുറ്റിലും ഇരുട്ട് മൂടുമ്പോഴും, പ്രതീക്ഷയുടെ ഇത്തിരിവെട്ടത്തിൽ ജീവിതത്തിന്റെ ലക്ഷ്യങ്ങൾക്ക് പിന്നാലെ കാലിടറാതെ മുന്നോട്ട് പോകുന്ന ചിലരുണ്ട്. പ്രായവും, പട്ടിണിയും മറ്റ് തടസങ്ങളും മറികടന്ന് ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുന്നവർ. അത്തരത്തിൽ ഒരാളാണ് ദില്ലിയിലെ റോഡരികിൽ ചായവില്പന നടത്തുന്ന ലക്ഷ്മൺ റാവു. അദ്ദേഹത്തിന്റെ ചായക്ക് മാത്രമല്ല രുചിയുള്ളത്, വാക്കുകൾക്ക് കൂടിയാണ്. അക്ഷരങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഈ 65 -കാരൻ 25 നോവലുകൾ എഴുതിയിട്ടുണ്ട്. അതിൽ 12 എണ്ണം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ കഥകൾ വായിച്ച് ആരാധന മൂത്ത് അദ്ദേഹത്തെ തേടിവരുന്നവർ, പക്ഷേ കാണുന്ന കാഴ്ച സാധാരണക്കാരിൽ സാധാരണക്കാരനായി തെരുവോരത്ത് ചായക്കച്ചവടം നടത്തുന്ന എഴുത്തുകാരനെയായിരിക്കും.  

ഒരു എഴുത്തുകാരനാവാനുള്ള സ്വപ്നവുമായി റാവു 1975 -ലാണ് ദില്ലിയിലെത്തുന്നത്. അന്ന് അദ്ദേഹത്തിന്റെ കൈയിൽ വെറും 40 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദില്ലിയിലെത്തി റാവു പലതരം ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയി. കാന്റീനുകളിൽ വെയിറ്ററായി ജോലിചെയ്യുകയും ഐടിഒയിലെ വിഷ്ണു ദിഗാംബർഗിലും തൂപ്പുകാരനായി ജോലിചെയ്യുകയും ചെയ്തു അദ്ദേഹം. പിന്നീട് 1977 -ൽ അദ്ദേഹം ഒരു പാൻ കട തുറന്നു. ഈ സമയത്താണ്, റാവു തന്റെ ആദ്യ നോവലായ രാംദാസ് പൂർത്തിയാക്കുന്നത്. നോവൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിച്ച അദ്ദേഹം നഗരത്തിലുടനീളമുള്ള പ്രസാധകരെ സമീപിച്ചെങ്കിലും, നിർഭാഗ്യവശാൽ ആരും തന്നെ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. “വളരെ പ്രശസ്തനായ ഒരു പ്രസാധകൻ എന്നോട് ഓഫീസിൽ നിന്ന് പുറത്തുകടക്കാൻ ആജ്ഞാപിച്ചു. ഒരു പാൻവിൽപ്പനക്കാരന് ഒരിക്കലും എഴുതാൻ കഴിയില്ല എന്നദ്ദേഹം എന്നോട് പറഞ്ഞു. എന്നാൽ, അതോടെ എത്ര കഷ്ടപ്പെട്ടാലും എന്റെ സ്വന്തം കൃതി പ്രസിദ്ധീകരിക്കാൻ ഞാൻ തീരുമാനിച്ചു" റാവു പറയുന്നു.

വീടുപണിയാനായി അദ്ദേഹം സ്വരുക്കൂട്ടി വച്ചിരുന്ന 6,000 രൂപയെടുത്ത് അദ്ദേഹം നോവൽ പ്രസിദ്ധീകരിച്ചു. അങ്ങനെ ചെയ്‌തതിൽ ഒരിക്കലും തനിക്ക് കുറ്റബോധം തോന്നിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, രാംദാസ് എന്ന ആ നോവൽ ഇപ്പോഴും അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകമാണ്. അതിൻ്റെ 4,000 കോപ്പികൾ ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. കൂടാതെ, നോവലിന് 2003 -ൽ ഇന്ദ്രപ്രസ്ഥ സാഹിത്യ ഭാരതി അവാർഡ് ലഭിക്കുകയുമുണ്ടായി. ആദ്യമൊക്കെ ആരും വാങ്ങാതിരുന്ന ആ പുസ്തകം വിൽക്കാനായി അദ്ദേഹം സൈക്കിളും എടുത്ത് സ്കൂളുകളുടെയും, കോളേജുകളുടെയും മുന്നിലൂടെ യാത്ര ചെയ്യുമായിരുന്നു. അവിടത്തെ വിദ്യാർത്ഥികൾക്ക് അദ്ദേഹം പുസ്തകങ്ങൾ വിതരണം ചെയ്തു.   

എന്നാൽ, അപ്പോഴും അദ്ദേഹം പട്ടിണിയിലായിരുന്നു. ഒടുവിൽ പാൻ കട അടച്ച് പൂട്ടി ഒരു ചായക്കട തുറന്നു അദ്ദേഹം. അങ്ങനെ തന്റെ വരുമാനവും, പുസ്തകങ്ങളുമായി സംതൃപ്തനായി കഴിയുമ്പോഴാണ് ഒരുദിവസം ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട് ചോദിക്കുന്നത് നിങ്ങളുടെ യോഗ്യത എന്താണെന്ന്. "പത്താം ക്ലാസ് വരെ അനൗപചാരികമായി പഠിച്ചിട്ടുണ്ടെന്ന് പറയാൻ എനിക്ക് ലജ്ജ തോന്നി. അങ്ങനെയാണ് തുടർന്ന് പഠിക്കാൻ ഞാൻ തീരുമാനിക്കുന്നത്" അദ്ദേഹം പറഞ്ഞു. 

സിബിഎസ്ഇയുടെ കറസ്പോണ്ടൻസ് കോഴ്സിന്റെ ഭാഗമായി 1989 -ൽ 37 -ാം വയസ്സിൽ അദ്ദേഹം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ പാസ്സായി. 52 -ാം വയസ്സിൽ ദില്ലി സർവകലാശാലയുടെ വിദൂര പഠനം വഴി ബിരുദം പൂർത്തിയാക്കി. മൂന്ന് വർഷം മുമ്പ് ഇഗ്നോയിൽ നിന്ന് ഹിന്ദിയിൽ എം.എ. യും എടുത്തു. എന്നിട്ടും പക്ഷേ, അവിടം കൊണ്ട് നിർത്താൻ അദ്ദേഹം തയ്യാറല്ല. അറിവിന് പരിധികളില്ലെന്ന് റാവു വിശ്വസിക്കുന്നു. പിഎച്ച്ഡി ചെയ്യാനും ഇംഗ്ലീഷ് സാഹിത്യത്തിൽ ഒരു കോഴ്‌സ് ചെയ്യാനും അദ്ദേഹം ആഗ്രഹിക്കുന്നു. വൈകുന്നേരം ഒമ്പത് വരെ ചായ വിൽക്കുന്ന അദ്ദേഹം പുലർച്ചെ ഒരുമണി വരെ എഴുതുമായിരുന്നു. ഇതിനിടയിൽ അദ്ദേഹം പഠിക്കുകയും ചെയ്യുന്നു. ഷേക്‌സ്‌പിയറിനെ പോലെ എഴുതണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. 

ഒരു എഴുത്തുകാരൻ മാത്രമല്ല ഈ ചായ്‌വാല, നല്ലൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. അദ്ദേഹം തന്റെ പോരാട്ടങ്ങളുടെ കഥകൾ പങ്കുവെക്കുകയും തടസങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് എങ്ങനെ മുന്നോട്ട് പോകാമെന്ന് ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നു. അന്തരിച്ച ഇന്ദിരാഗാന്ധിയും മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും അദ്ദേഹത്തെ അനുമോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവരോടും ഒരു ഉപദേശം മാത്രമേ നൽകാനുള്ളൂ, “ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ജീവിതം കഠിനമാണ്. പക്ഷേ, നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ഒരു ദിവസം ലക്ഷ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും."  

(ചിത്രങ്ങൾ: ഫേസ്ബുക്ക്, Laxman Rao Author)

 

click me!