അഗ്നിപർവ്വതങ്ങളെ അടുത്തുകണ്ടും പകര്‍ത്തിയും ജീവിതം, ഒടുവില്‍ മരണവും അതിനടുത്ത്; ഈ ദമ്പതികളെ അറിയാം...

By Web TeamFirst Published Jun 30, 2020, 9:08 AM IST
Highlights

അവർ വളരെയധികം ആവേശത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. ഒരിക്കൽ മൗറീസ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി “എന്റെ മരണം ഒരു അഗ്നിപർവ്വത സ്ഫോടനത്തിൽപെട്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, നിർഭാഗ്യവശാൽ എനിക്ക് അതിനുള്ള ഭാഗ്യമുണ്ടെന്നു തോന്നുന്നില്ല.”

ഭൂമിയുടെ ഉള്ളറകളിൽ പതുങ്ങിയിരിക്കുന്ന അഗ്നിപർവതങ്ങൾ തീർത്തും വിസമയമുളവാക്കുന്നതും അതേസമയം അപകടകാരികളുമാണ്. എപ്പോഴും ഭയത്തോടെ മാത്രം കാണുന്ന അവയെ പക്ഷേ വളരെ അധികം സ്നേഹിച്ചിരുന്നവരായിരുന്നു ഈ ദമ്പതികൾ. അഗ്നിപർവ്വതങ്ങളോട് ആകർഷണം തോന്നിയ അവർ അതിനെ കുറിച്ച് പഠിക്കാനായി തങ്ങളുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു.  കതിയയും, മൗറീസ് ക്രാഫ്റ്റുമായിരുന്നു അത്.

അഗ്നിപർവ്വതങ്ങളിൽ ആകൃഷ്‍ടരായ ധാരാളം ആളുകളുണ്ടാകും. എന്നാൽ, പൊട്ടിത്തെറിക്കുന്ന ഒരു പർവതത്തിന്‍റെ നിറുകയിൽ കയറി ഒഴുകുന്ന ലാവയെ കാണാൻ ചങ്കൂറ്റമുള്ളവർ കുറവായിരിക്കും. ഫ്രഞ്ച് ദമ്പതികളായ കതിയയും മൗറീസും പക്ഷേ അങ്ങനെയായിരുന്നു. അവർ സ്ഥലങ്ങൾ സന്ദർശിക്കുകയും അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ഫോട്ടോഗ്രാഫുകളും വിഡിയോയും ചിത്രീകരിക്കുകയും ചെയ്‍തു. എല്ലായ്പ്പോഴും സജീവമായ ഒരു അഗ്നിപർവ്വതം ആദ്യാവാസനം അവർ കാണും. ലാവാ പ്രവാഹങ്ങളിൽ നിന്ന് ഏതാനും അടി മാത്രം ദൂരെ നിന്ന് അവർ അത് കണ്ട് ആസ്വദിക്കും. ലോകമെമ്പാടുമുള്ള അഗ്നിപർവ്വത ശാസ്ത്രജ്ഞർ അവരെ വളരെയധികം ബഹുമാനിച്ചിരുന്നുവെന്ന് മാത്രമല്ല, അവരുടെ ധൈര്യത്തിൽ അസൂയപ്പെടുകയും ചെയ്‍തിരുന്നു.  

1960 -കളിൽ സ്ട്രാസ്ബർഗ് സർവകലാശാലയിൽ വിദ്യാർത്ഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്, തുടർന്ന് 1970 -ൽ വിവാഹിതരായി. കുട്ടിക്കാലം മുതലെ ഇരുവരുടെയും സ്വപ്‌നമായിരുന്നു ഒരു വൊൾകനോയിസ്റ്റ് ആകുക എന്നത്. അഗ്നിപർവ്വതങ്ങളോടുള്ള അവരുടെ താല്‍പര്യം അവരെ തമ്മിൽ കൂട്ടിയിണക്കി. ബിരുദം പൂർത്തിയാക്കിയശേഷം ഇരുവരും വൊൾക്കാനോ ഒബ്സർവർ ആയി ജോലിനോക്കാൻ ആഗ്രഹിച്ചു. ഇതിനായി കൈയിലുണ്ടായിരുന്ന മുഴുവൻ തുകയും മുടക്കി സ്ട്രോംബോളിയയിലെ അഗ്നിപർവ്വത പ്രദേശത്തേക്ക് അവർ യാത്ര തിരിച്ചു.    

അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്ന അത്യപൂർവ്വമായ നിമിഷം അടുത്ത് നിന്നുകൊണ്ടുതന്നെ ക്യാമറയിൽ പകർത്തി. അവിശ്വസനീയവും മൂല്യവത്തായതുമായ ആ ഫോട്ടോഗ്രാഫുകൾ ആളുകളിൽ ജിജ്ഞാസയുണ്ടാക്കി. അതേസമയം അഗ്നിപർവതങ്ങളെ കുറിച്ച് അറിയാൻ സഹായിക്കുന്ന ഇത് പൊതു ഉദ്യോഗസ്ഥർക്ക് ഉപയോഗപ്രദമായി തീരുകയും ചെയ്‍തു. കതിയയും മൗറീസും ലോകമെമ്പാടുമുള്ള നൂറുകണക്കിന് അഗ്നിപർവ്വതങ്ങൾ സന്ദർശിച്ചു. ഏറ്റവും അപകടം പിടിച്ച ഈ ജോലി അവർ സന്തോഷപൂർവ്വം ഏറ്റെടുത്തു.   

അവരുടെ പ്രവർത്തനങ്ങൾ അഗ്നിപർവ്വതങ്ങളെക്കുറിച്ചുള്ള പൊതുവിദ്യാഭ്യാസത്തിന് കാരണമായി. ഉദാഹരണത്തിന്, 1985 -ൽ കൊളംബിയയിൽ നെവാഡോ ഡെൽ റൂയിസ് പൊട്ടിത്തെറിച്ചതിന്‍റെ റെക്കോർഡിംഗുകൾ അക്കാലത്തെ ഫിലിപ്പൈൻ പ്രസിഡന്റ് കോറി അക്വിനോ ഉൾപ്പെടെ നിരവധി ആളുകൾ കാണുകയുണ്ടായി. പൊട്ടിത്തെറിയുടെ ദോഷകരമായ ഫലങ്ങൾ മനസിലാക്കിയ അക്വിനോ ഈ പ്രദേശം ഒഴിപ്പിക്കാൻ ഉത്തരവിട്ടു. 25 വർഷത്തെ അവരുടെ കരിയറിൽ, ഈ ദമ്പതികൾ നൂറുകണക്കിന് അഗ്നിപർവ്വതങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അവരുടെ ശേഖരത്തിൽ ആയിരക്കണക്കിന് സ്റ്റിൽ ഫോട്ടോകൾ, 300 മണിക്കൂർ ഫിലിം ഫൂട്ടേജ്, നിരവധി പുസ്‍തകങ്ങൾ, ബുള്ളറ്റിൻ ഓഫ് അഗ്നിപർവ്വതത്തിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയ ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അവർ വളരെയധികം ആവേശത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. ഒരിക്കൽ മൗറീസ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി “എന്റെ മരണം ഒരു അഗ്നിപർവ്വത സ്ഫോടനത്തിൽപെട്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, നിർഭാഗ്യവശാൽ എനിക്ക് അതിനുള്ള ഭാഗ്യമുണ്ടെന്നു തോന്നുന്നില്ല.” എന്നാൽ അത് അറംപറ്റിയത് പോലെയായി. 1991 ജൂണിൽ അമേരിക്കൻ അഗ്നിപർവ്വത ശാസ്ത്രജ്ഞൻ ഹാരി ഗ്ലിക്കെൻ ഉൾപ്പെടെ 40 പേരോടൊപ്പം കതിയയും, മൗറീസും ജപ്പാനിലെ മൗണ്ട് അൺസെൻ എന്ന സ്ഥലത്ത് അഗ്നിപർവ്വത പൊട്ടിത്തെറി ചിത്രീകരിക്കാൻ പോയി. പെട്ടെന്നു അപ്രതീക്ഷിതമായുണ്ടായ ലാവ പ്രവാഹത്തിൽ എല്ലാ ആളുകളും കൊല്ലപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കാറ്റിയയുടെയും മൗറീസിന്റെയും മൃതദേഹങ്ങൾ അഗ്നിപർവ്വത ഗർത്തത്തിന് ഏറ്റവും അടുത്തായി കണ്ടെത്തിയിരുന്നു. അവർക്ക് യഥാക്രമം 44 ഉം 45 ഉം വയസ്സായിരുന്നു. മൗറീസും കതിയയും ഈ ലോകത്തിൽ നിന്ന് വിടവാങ്ങിയത് അവർ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്‍തുകൊണ്ടാണ്, ജീവിതത്തിലും മരണത്തിലും അവരെ ഒന്നിപ്പിച്ചത് ഈ അഭിനിവേശമായിരുന്നു. അവർ ചെയ്തിരുന്നത് ഒരു സാധാരണ തൊഴിലല്ല, അതുകൊണ്ട് തന്നെ അവരുടെ മരണം ശാസ്ത്രത്തിന് ഒരു തീരാ നഷ്ടമായി ഇന്നും കണക്കാക്കുന്നു.  

click me!