ഇന്ത്യയിലെ ഈ രാജാവിന്‍റെ പേരിൽ പോളണ്ടിൽ ഒരു സ്കൂൾ വന്നതെങ്ങനെ?

By Web TeamFirst Published May 10, 2020, 10:09 AM IST
Highlights

ആ കുട്ടികളും സ്ത്രീകളും അനുഭവിച്ച പീഡനാവസ്ഥകളെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹം അവർക്ക് അഭയം നൽകാൻ തയ്യാറായി. ഈ അഭയാർഥികളെ സ്വീകരിച്ച ആദ്യത്തെ രാജ്യം ഇന്ത്യയാണ്.

ഇന്ത്യയും പോളണ്ടും എല്ലായ്‌പ്പോഴും അന്താരാഷ്ട്ര തലത്തിൽ സഹകരണത്തോടെയും, സൗഹൃദത്തോടെയുമാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, ഈ സ്നേഹബന്ധം എപ്പോൾ ആരംഭിച്ചുവെന്നു കുറച്ച് പേർക്ക് മാത്രമേ അറിയൂ. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയം. 85 ദശലക്ഷത്തിലധികം ആളുകൾ മരണപ്പെട്ട അത് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമായി കണക്കാക്കുന്നു. ലോകം മുഴുവൻ യുദ്ധം ചെയ്യുന്ന ആ സമയത്ത്, നമ്മുടെ ഇന്ത്യയും ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ സ്വാതന്ത്ര്യത്തിനായി പട പൊരുതുകയായിരിക്കുന്നു. എന്നാൽ, ആ സമയത്താണ് നവാനഗറിലെ രാജാവ് പാവപ്പെട്ട അനാഥരായ പോളിഷ് കുട്ടികളെയും സ്ത്രീകളെയും നാസി ജർമ്മനിയുടെയും സോവിയറ്റ് യൂണിയന്റെയും അതിക്രമങ്ങളിൽനിന്നും രക്ഷിച്ച് ഇന്ത്യയിലേയ്ക്ക്  കൊണ്ടുവരുന്നത്.

അഭയം തേടി വരുന്നവരെയും, അതിഥികളെയും ഇന്ത്യ എല്ലാകാലവും രണ്ടുകൈയും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ. നവാഗറിലെ രാജാവായ ജാം സാഹേബ് ദിഗ്‌വിജയ്സിങ്ജി രഞ്‌ജിത്‌സി ജഡേജയും ഈ കാര്യത്തിൽ വ്യത്യസ്‍തനായിരുന്നില്ല. 1939 -ൽ ജർമ്മനിയും സോവിയറ്റ് യൂണിയനും പോളണ്ട് ആക്രമിക്കാനിടയായി. രാജ്യം തകർന്നു. ദശലക്ഷക്കണക്കിന് പോളിഷുകാർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് കുട്ടികൾ അനാഥരാവുകയും ചെയ്തു. ഈ കുട്ടികളെ പിന്നീട് സ്റ്റാലിന്റെ റെഡ് ആർമി സോവിയറ്റിന്റെ നേതൃത്വത്തിലുള്ള ലേബർ ക്യാമ്പുകളിൽ ജോലിക്ക് കൊണ്ടുപോയി. അവിടെ ആ പാവങ്ങൾ പീഡനവും, പട്ടിണിയും, തണുപ്പും മൂലം മരണപ്പെട്ടുകൊണ്ടിരുന്നു.
 
1941 -ൽ ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ, പൊതുമാപ്പ് പ്രഖ്യാപിക്കുകയുണ്ടായി. ഇത് അനാഥരായ കുട്ടികളെ ലേബർ ക്യാമ്പുകളിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചു. നിർഭാഗ്യവശാൽ, യുദ്ധത്തിൽ തകർന്ന പോളണ്ടിലേക്ക് പോകാൻ അവർക്ക് ഒരു വഴിയുമില്ലായിരുന്നു. ഒടുവിൽ അഭയം നൽകുമെന്ന പ്രതീക്ഷയിൽ മധ്യേഷ്യയിലെ തെക്കൻ പ്രദേശങ്ങളിലേക്ക് ആ കുഞ്ഞുങ്ങൾ യാത്ര ആരംഭിച്ചു. എന്നാൽ, ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. തണുപ്പും, വിശപ്പും, നിർജ്ജലീകരണവും കാരണം നിരവധി യാത്രക്കാർക്ക് വഴിയിൽ ജീവൻ നഷ്ടപ്പെട്ടു. ഈ യാത്ര തുർക്ക്മെനിസ്ഥാനിലെ അഷ്കാബാദ്, ഇറാനിലെ മഷാദ്, ഇസ്ഫഹാൻ, ടെഹ്‌റാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാനിലെ കറാച്ചി തുടങ്ങിയ രാജ്യങ്ങളിലൂടെ ഒടുവിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് അവസാനിച്ചു.  

ഗ്രേറ്റ് ബ്രിട്ടന്റെ യുദ്ധ മന്ത്രിസഭയിലേക്കുള്ള ഹിന്ദു പ്രതിനിധിയായിരുന്നു നവനഗറിലെ മഹാരാജാവ്. ആ കുട്ടികളും സ്ത്രീകളും അനുഭവിച്ച പീഡനാവസ്ഥകളെക്കുറിച്ച് നന്നായി അറിയാവുന്ന അദ്ദേഹം അവർക്ക് അഭയം നൽകാൻ തയ്യാറായി. ഈ അഭയാർഥികളെ സ്വീകരിച്ച ആദ്യത്തെ രാജ്യം ഇന്ത്യയാണ്. ആ കൂട്ടത്തിൽ അഞ്ഞൂറോളം കുട്ടികളുണ്ടായിരുന്നു. ഔദ്യോഗിക ഓർമ്മക്കുറിപ്പുകൾ പ്രകാരം, ആദ്യ ബാച്ച് നവനഗറിലെത്തിയപ്പോൾ അവരെ വ്യക്തിപരമായി മഹാരാജാവ് സ്വീകരിച്ചു: “നിങ്ങൾ ഇപ്പോൾ അനാഥരല്ല, മറിച്ച് നവനഗരികളാണ്, ഞാൻ എല്ലാ നവനഗരികളുടെയും പിതാവും.”

എന്നാൽ, അതോടെ തന്റെ ഉത്തരവാദിത്വങ്ങൾ തീർന്നു എന്ന് കരുതി മാറിനിൽക്കുന്ന ഒരു രാജാവായിരുന്നില്ല അദ്ദേഹം. ഒരച്ഛന്റെ എല്ലാ കടമകളും അദ്ദേഹം ആ കുട്ടികൾക്കായി നിറവേറ്റി. അദ്ദേഹത്തിന്റെ സഹായമനസ്ഥിതി വളരെ വലുതായിരുന്നു. വിശന്നുതളർന്ന ഈ അനാഥർക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആഹാരം അദ്ദേഹം നൽകി. മാത്രമല്ല, ജാംനഗറിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ബാലചാഡിയിൽ അവർക്ക് ഒരു പാർപ്പിടം നിർമ്മിക്കുകയും ചെയ്തു. ഏതൊരു പിതാവിനെയും പോലെ മഹാരാജാവും അനാഥരായ അഭയാർഥികൾക്ക് വസ്ത്രങ്ങളും വൈദ്യസഹായവും ശരിയായ വിദ്യാഭ്യാസവും നൽകി. കുട്ടികൾ അഞ്ച് വർഷം വരെ അവിടെ കഴിഞ്ഞു.

യുദ്ധം അവസാനിച്ചതിനുശേഷം, അവരോടു പോളണ്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിരവധി അഭയാർഥികൾ ഇന്നും ഇന്ത്യയിൽ ചെലവഴിച്ച ആ സമയത്തെ കുറിച്ച് സ്നേഹത്തോടെ ഓർക്കുന്നു. അത് അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുകയും അവർക്ക് ജീവിതത്തിൽ പുതിയ പ്രതീക്ഷ നൽക്കുകയും ചെയ്യ്തു. മഹാരാജാവ് കാണിച്ച ഈ ദയയോടുള്ള നന്ദി സൂചകമായി അദ്ദേഹത്തിന്റെ പേരിൽ പോളണ്ടിലെ വാർസയിൽ ഒരു സ്കൂളും റോഡുമുണ്ട്. 2011 -ൽ പോളണ്ട് റിപ്പബ്ലിക്കിന്റെ കമാൻഡറുടെ ക്രോസ് ഓഫ് ഓർഡർ ഓഫ് മെറിറ്റ് ജാം സാഹിബിനും മരണാനന്തരം ലഭിച്ചു.
 

click me!