ട്രംപിന്‍റെ പേരും നൊബേല്‍ പുരസ്‍കാരത്തിന്; ആര്‍ക്കൊക്കെ നാമനിര്‍ദേശം ചെയ്യാം, എന്താണ് മാനദണ്ഡം?

By Web TeamFirst Published Sep 10, 2020, 2:05 PM IST
Highlights

സ്ഥാനാർത്ഥികളെ പരിഗണിച്ച് സമ്മാനം നൽകുന്ന പ്രക്രിയ നോർവേയിലാണ് നടക്കുന്നത്. ഫെബ്രുവരി ഒന്നിനുള്ളിൽ നാമനിർദ്ദേശങ്ങൾ നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് അയക്കണം.

2021 -ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്‍തത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. യുഎസ് തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കുമ്പോഴാണ്, ട്രംപിന്‍റെ നൊബേൽ സമ്മാന സ്ഥാനാർത്ഥിത്വം പുറത്തു വരുന്നത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സ്‍പർധ ഇല്ലാതാക്കാൻ സഹായിച്ചതിനാണ് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്, ട്രംപിന്റെ പേര് മുന്നോട്ട് വച്ചത്. നാലുതവണ പാര്‍ലമെന്റ് അംഗമായ വ്യക്തിയാണ് ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്. ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ഇസ്‌ലാമിനെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണങ്ങളുടെ പേരിൽ നേരത്തെ ചര്‍ച്ചയായ വ്യക്തിയാണ്. കുടിയേറ്റ വിരുദ്ധതയെയും ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് പിന്തുണയ്ക്കുന്നു. മറ്റ് സമാധാന പുരസ്‌കാര സ്ഥാനാർത്ഥികളെക്കാളും രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചുവെന്നാണ് ട്രൈബിംഗ് പറയുന്നത്.     

എന്നാൽ, നാമനിർദേശം കൊണ്ട് മാത്രം കാര്യമില്ല. യഥാർത്ഥ വിജയിയെ കണ്ടെത്താൻ 13 മാസത്തെ കാത്തിരിപ്പാവശ്യമാണ്. 2021 സമ്മാന ജേതാവിനെ അടുത്ത വർഷം ഒക്ടോബർ വരെ പ്രഖ്യാപിക്കില്ല. ഇതുവരെ 318 പേരുകളാണ് നൊബേൽ സമ്മാനത്തിനായി സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ പേരുകൾ നിർദേശിക്കാൻ ആർക്കാണ് അധികാരം എന്നൊരു ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയർന്നേക്കാം? ഏതൊരു ദേശീയ നിയമനിർമ്മാതാവിനും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യാം. അതുകൂടാതെ, രാഷ്ട്രത്തലവന്മാർ മുതൽ ദേശീയ തലത്തിൽ സേവനമനുഷ്ഠിക്കുന്ന രാഷ്ട്രീയക്കാർക്ക് വരെ നാമനിർദ്ദേശം നടത്താം. യൂണിവേഴ്‍സിറ്റി പ്രൊഫസർമാർ, ഫോറിൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടർമാർ, നൊബേൽ സമ്മാന ജേതാക്കൾ, നോർവീജിയൻ നൊബേൽ കമ്മിറ്റി അംഗങ്ങൾ എന്നിവർക്കും നാമനിർദ്ദേശം സമർപ്പിക്കാനുള്ള യോഗ്യതയുണ്ട്.  

സ്ഥാനാർത്ഥികളെ പരിഗണിച്ച് സമ്മാനം നൽകുന്ന പ്രക്രിയ നോർവേയിലാണ് നടക്കുന്നത്. ഫെബ്രുവരി ഒന്നിനുള്ളിൽ നാമനിർദ്ദേശങ്ങൾ നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് അയക്കണം. ഓൺലൈനായിട്ടാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. അതേസമയം, സ്ഥാനാർത്ഥികളുടെ പട്ടിക 50 വർഷം വരെ നൊബേൽ സംഘടന രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമം. നാമനിർദ്ദേശങ്ങൾ സമർപ്പിച്ച ശേഷം, സ്വീകർത്താവിനെ അഞ്ച് വ്യക്തികളുള്ള നൊബേൽ കമ്മിറ്റി തെരഞ്ഞെടുക്കുന്നു. കമ്മിറ്റിയെ നോർവീജിയൻ പാർലമെന്റാണ് നിയമിക്കുന്നത്. ഇതിൽ രസകരമായ കാര്യം, ട്രംപ് ഇതാദ്യമായല്ല സമാധാന പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യപ്പെടുന്നത് എന്നതാണ്. 2018 -ലാണ് ട്രംപിന്‍റെ പേര് ആദ്യമായി നൊബേൽ സമ്മാന സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടുന്നത്. അന്നും ട്രംപിന്റെ പേര് നിർദേശിച്ചത് ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് തന്നെ. ഉത്തര കൊറിയയും, ദക്ഷിണ കൊറിയയുമായുള്ള അനുരഞ്ജന ചർച്ചകൾക്ക് ചുക്കാൻ പിടിച്ചതിനെ തുടർന്നായിരുന്നു അത്. എന്നാൽ, ട്രംപ് അന്ന് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നില്ല. 

അതേസമയം, ഇതിനെതിരെ കടുത്തവിമർശനവുമായി പലരും രംഗത്ത് വന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ തമ്മിലുള്ള സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും, സ്വന്തം രാജ്യത്ത് കടുത്ത ഉച്ചനീചത്വങ്ങളാണ് ട്രംപ് നടപ്പാക്കുന്നതെന്ന് വിമർശകർ പറയുന്നു. അമേരിക്കക്കാരെ ഒരുമിച്ച് നിർത്തുന്നതിനേക്കാൾ, അവർക്കിടയിലുള്ള ഭിന്നിപ്പുകൾ ചൂഷണം ചെയ്‍ത് ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് ട്രംപെന്നും വിമർശകർ കുറ്റപ്പെടുത്തി. നാമനിർദേശം ചെയ്‍തു എന്നതിന്റെ പേരിൽ മാത്രം സമ്മാനം ലഭിക്കണമെന്നൊന്നുമില്ല. സ്ഥാനാർത്ഥിയ്ക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്ന് വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ വിജയിയെ പ്രഖ്യാപിക്കുകയുള്ളൂ. ചരിത്രം പരിശോധിച്ചാൽ, മുൻപും പല വിവാദ നായകന്മാരുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ കയറിക്കൂടിയിട്ടുണ്ട്. 1939 -ൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്ലറിന്റെ പേര് സമാധാന സമ്മാനത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നാമനിർദ്ദേശം ഉടൻ പിൻവലിക്കുകയും ചെയ്‌തു. കുറച്ച് വർഷങ്ങൾക്ക് ശേഷം, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനെ ഇതേപോലെ നാമനിർദ്ദേശം ചെയ്യുകയുണ്ടായി, അതും രണ്ടുതവണ. 

ട്രംപിനെ കൂടാതെ, പ്രസിഡന്റ് വില്യം ഹോവാർഡ് ടാഫ്റ്റ്, പ്രസിഡന്റ് ഹെർബർട്ട് ഹൂവർ, പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റ് എന്നിവരും മുൻപ്  സമാധാന സമ്മാന നാമനിർദേശം ലഭിച്ച അമേരിക്കൻ പ്രസിഡന്റുമാരാണ്. അതുപോലെത്തന്നെ പല മുൻ അമേരിക്കൻ പ്രസിഡന്റുമാരും നൊബേൽ സമ്മാന ജേതാക്കളായിട്ടുണ്ട്. 1906 -ൽ തിയോഡോർ റൂസ്‌വെൽറ്റ്, 1920 -ൽ വുഡ്രോ വിൽസൺ, 2002 -ൽ ജിമ്മി കാർട്ടർ, 2009 -ൽ ബരാക് ഒബാമ എന്നിവരാണ് അത്.  

click me!