ഇനിയും കൊവിഡ് 19 ചെന്നെത്താത്ത സ്ഥലങ്ങള്‍, തടുത്തുനിര്‍ത്താനാവട്ടെ മഹാമാരിയെ

By Web TeamFirst Published Apr 5, 2020, 11:08 AM IST
Highlights

ഏതെങ്കിലും പസഫിക് രാജ്യങ്ങളിൽ ഗുരുതരമായ വ്യാപനം ഉണ്ടായാൽ, രോഗികളെ വിദേശത്തേക്ക് അയയ്‌ക്കേണ്ടി വരും. അതിലും എളുപ്പം രാജ്യതിർത്തികൾ പൂട്ടിയിടുന്നതാണ്.

ജനുവരി 12 ന് കൊറോണ വൈറസ് ചൈനയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നായിരുന്നു. എന്നാൽ, പിന്നീട് ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ സ്ഥലങ്ങളിലേക്ക് അത് വ്യാപിക്കാൻ തുടങ്ങി. നേപ്പാൾ മുതൽ നിക്കരാഗ്വ വരെയുള്ള രാജ്യങ്ങളിലായി ഇപ്പോൾ ഒരു ദശലക്ഷത്തിലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകം മുഴുവൻ മരണസംഖ്യ കൂടുകയും ആശുപത്രികൾ കവിഞ്ഞൊഴുകുകയും ചെയ്യുമ്പോൾ, ഏതെങ്കിലും സ്ഥലങ്ങൾ ഇപ്പോഴും ഈ മഹാമാരിയിൽനിന്ന് രക്ഷപ്പെട്ട് നിൽക്കുന്നുണ്ടോ? ഉണ്ട്.

ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ 193 രാജ്യങ്ങളുണ്ട്. ഏപ്രിൽ 2 വരെ 18 രാജ്യങ്ങളിൽ കൊവിഡ് -19 റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു. യുദ്ധത്തിൽ തകർന്ന യെമനും, ഉത്തര കൊറിയയും ഇപ്പോൾ പുതിയ കേസുകളൊലൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ, വൈറസ് ബാധിക്കാത്ത രാജ്യങ്ങളുണ്ട്. മിക്കതും സന്ദർശകർ അധികം ഇല്ലാത്ത ചെറിയ ദ്വീപുകളാണ്. വാസ്തവത്തിൽ, യുഎൻ ഡാറ്റ പ്രകാരം ലോകത്തിലെ ഏറ്റവും കുറവ് സന്ദർശകരുള്ള 10 സ്ഥലങ്ങളിൽ ഏഴെണ്ണവും കോവിഡ് -19 -ൽ നിന്ന് മുക്തമാണ്.

പസഫിക് സമുദ്രത്തിലെ നൗറു, ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്‌. പതിനായിരത്തിലധികം ആളുകളുള്ള ഈ സ്ഥലമാണ്, ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം. ഭൂമിയിൽ ഏറ്റവും കുറവ് ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. ഏറ്റവും പുതിയ യുഎൻ ഡാറ്റയിൽ ഇത് കാണുന്നില്ലെങ്കിലും, ഒരു ടൂർ ഓപ്പറേറ്റർ പറയുന്നത് രാജ്യത്ത് പ്രതിവർഷം 160 വിനോദ സഞ്ചാരികളെങ്കിലുമെത്തുന്നു എന്നാണ്. അത്തരമൊരു വിദൂര സ്ഥലത്തിന് കൂടുതൽ നിയന്ത്രങ്ങൾ വേണ്ട എന്നുവിചാരിച്ചെങ്കിൽ, തെറ്റി. ഒരു ആശുപത്രി മാത്രമുള്ള, വെന്റിലേറ്ററുകളും, നഴ്‌സുമാരും കുറവുള്ള ഈ രാജ്യത്തിന് പക്ഷേ അത്തരമൊരു പരീക്ഷണത്തിന് സമയമില്ല. "ഞങ്ങൾ അതിർത്തിയിൽ ശക്തമായി നിയന്ത്രണം ഏർപ്പെടുത്തിരിക്കയാണ്..."  പ്രസിഡന്റ് ലയണൽ ഐംഗിമിയ പറഞ്ഞു.

അത് കൂടാതെ ക്വാറന്‍റൈന്‍ ചെയ്തവരെ എല്ലാ ദിവസവും രോഗലക്ഷണങ്ങൾക്കായി അവർ പരിശോധിക്കുന്നു. ചിലർക്ക് പനി വന്നപ്പോൾ, അവരെ കൂടുതൽ നിയന്ത്രണങ്ങളില്‍ നിര്‍ത്തുകയും കൊവിഡ് -19 ടെസ്റ്റിന് വിധേയമാക്കുകയും ചെയ്യുന്നു. ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു. നൗറു മാത്രമല്ല, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്, പസഫിക്കിലെ കിരിബതി, ടോംഗ, വാനുവാട്ടു, എന്നിവിങ്ങളും ഇതിൽപ്പെടുന്നു. ''ഈ സ്ഥലങ്ങളിൽ ശക്തമായ ആരോഗ്യ സംവിധാനങ്ങളില്ല. അവ ചെറുതാണ്, ദുർബലമാണ്, പലർക്കും വെന്റിലേറ്ററുകളില്ല. എങ്ങാൻ രോഗവ്യാപനം ഉണ്ടായാൽ അത് ജനസംഖ്യയെ നശിപ്പിക്കും" മുൻ ലോകാരോഗ്യ സംഘടനാ കമ്മീഷണറും പബ്ലിക് ഹെൽത്ത് വിദഗ്ധനുമായ ഡോ. തുക്കിറ്റോംഗ പറഞ്ഞു. ഏതെങ്കിലും പസഫിക് രാജ്യങ്ങളിൽ ഗുരുതരമായ വ്യാപനം ഉണ്ടായാൽ, രോഗികളെ വിദേശത്തേക്ക് അയയ്‌ക്കേണ്ടി വരും. അതിലും എളുപ്പം രാജ്യതിർത്തികൾ പൂട്ടിയിടുന്നതാണ്. അതിനാൽ, കഴിയുന്നിടത്തോളം രോഗത്തെ അകറ്റി നിർത്തുകയാണ് അവർ ചെയ്യുന്നതെന്നും ഡോ. തുക്കിറ്റോംഗ കൂട്ടിച്ചേർത്തു.  

കര അതിർത്തികളുള്ള ചെറിയ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ നിന്ന് രക്ഷപ്പെട്ടു നിൽക്കുകയാണ്. കിഴക്കൻ ആഫ്രിക്കയിലെ 18 ദശലക്ഷം ജനങ്ങളുള്ള മലാവിയിൽ ഈ അടുത്തകാലത്ത് മാത്രമാണ് ആദ്യത്തെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, അവർ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യാനായി നല്ല രീതിയിൽ ഒരുങ്ങി. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സ്കൂളുകൾ അടയ്ക്കുകയും മാർച്ച് 20 -ന് മുമ്പ് നൽകിയ എല്ലാ വിസകളും റദ്ദാക്കുകയും ചെയ്തു അവർ. കൊറോണ വൈറസ് എല്ലാ രാജ്യത്തും വരുമെന്നാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. എന്നാൽ, കൊവിഡ് -19 പിടിപ്പെടുന്ന ലോകത്തിലെ അവസാന സ്ഥലം എവിടെയായിരിക്കും?

തെക്കൻ പസഫിക്കിലെ, വിദൂര ദ്വീപുകളായിരിക്കാം അവസാനമായി കൊവിഡ് 19 പകരാൻ പോകുന്നതെന്നാണ് സതാംപ്ടൺ സർവകലാശാലയിലെ സ്പേഷ്യൽ ഡെമോഗ്രാഫി, എപ്പിഡെമിയോളജി പ്രൊഫസർ ആൻഡി ടാറ്റെം പറയുന്നത്. ലോക്ക്ഡൗണുകൾ പോലുള്ളവ പ്രവർത്തിച്ചേക്കാമെങ്കിലും എല്ലാകാലവും അങ്ങനെ ആകില്ല. "ഈ രാജ്യങ്ങൾ ഭൂരിഭാഗവും പുറത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്. അത് ഭക്ഷണമോ ചരക്കുകളോ ടൂറിസമോ, അതുമല്ലെങ്കിൽ സ്വന്തം സാധനങ്ങൾ കയറ്റുമതി ചെയ്യുകയോ ഏതുമാകാം. അതുകൊണ്ട് തന്നെ പൂർണ്ണമായ പൂട്ടിയിടൽ പ്രായോഗികമല്ല. അത് ഈ രാജ്യങ്ങൾക്ക് നാശമുണ്ടാക്കും. അതുകൊണ്ട് തന്നെ അധികം താമസിയാതെ അത് തുറക്കേണ്ടിവരും തീർച്ച" അദ്ദേഹം പറഞ്ഞു. കാറ്റിനേക്കാളും വേഗത്തിൽ പടർന്ന് കയറുന്ന ഈ മഹാമാരിയുടെ പിടിയിൽ നിന്ന് ഈ രാജ്യങ്ങൾക്ക് തൽകാലം രക്ഷപ്പെട്ട് നിൽക്കാം. പക്ഷേ, എത്രകാലം? ഇത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുമ്പോൾ തീർച്ചയായും ആ രാജ്യങ്ങളിലും ബാധിക്കപ്പെടും. എന്നാൽ, അതിനെ ചെറുക്കാൻ ഈ ചെറിയ രാജ്യങ്ങൾക്ക് കഴിയുമോ എന്നത് ഒരു വലിയ ആശങ്കയായി തന്നെ നിലനിൽക്കുന്നു.

നിലവില്‍, ഇതുവരെയില്ലാത്തയിടത്ത് ഒരിക്കലും ഈ മഹാമാരിയെത്തല്ലേയെന്നും, ഈ ലോകത്തുനിന്നു തന്നെ എത്രയും പെട്ടെന്ന് ഈ മാഹാമാരിയെ തുടച്ചുനീക്കാനാകട്ടേയെന്നും ആഗ്രഹിക്കാനും അതിനായി പ്രവര്‍ത്തിക്കാനും മാത്രമേ നമുക്ക് കഴിയൂ. 

(കടപ്പാട് : ബിബിസി)

click me!