'ഞാൻ ഒരു മൃഗമല്ല, മറിച്ച് നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്' എന്നലറേണ്ടിവന്ന ജോസഫ് മെറിക്ക്

By Web TeamFirst Published Sep 27, 2020, 4:06 PM IST
Highlights

പിതാവ് നിരന്തരം മെറിക്കിനെ അധിക്ഷേപിക്കുന്ന ഒരാളായിരുന്നു. അയാളുടെ രണ്ടാം ഭാര്യയും അദ്ദേഹത്തെ വല്ലാതെ ഉപദ്രവിച്ചിരുന്നു. 

'എലിഫന്‍റ് മാൻ' എന്നറിയപ്പെട്ടിരുന്ന ജോസഫ് മെറിക്ക് ഇന്നും ശാസ്ത്രലോകത്തിന് ഒരത്ഭുതമാണ്. അദ്ദേഹത്തെ പലരും ഒരു പാഴ്ജന്മമായിട്ടാണ് കണക്കാക്കിയിരുന്നത്. ഒരിക്കൽ ആളുകളുടെ വെറുപ്പ് നിറഞ്ഞ നോട്ടവും, പുച്ഛവും കണ്ടുസഹിക്കാൻ വയ്യാതെ അദ്ദേഹം 'ഞാൻ ഒരു മൃഗമല്ല, മറിച്ച് നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്' എന്ന് അലറി വിളിക്കുകയുണ്ടായി. 1862 ഓഗസ്റ്റ് അഞ്ചിന് ഇംഗ്ലണ്ടിലാണ് മെറിക്ക് ജനിച്ചത്. ജനിക്കുമ്പോൾ തികച്ചും ആരോഗ്യവാനായിരുന്ന അദ്ദേഹം പക്ഷേ അഞ്ചാം വയസ്സ് മുതൽ രൂപമാറ്റത്തിന് വിധേയനാകാൻ തുടങ്ങി. 

അസ്ഥികൾ അസാധാരണമാംവിധം വളർന്ന അദ്ദേഹത്തിന്റെ ചർമ്മവും രൂപമാറ്റത്തിന് വിധേയമായി. തലയോട്ടിക്ക് പുറകിലും മുഖത്തിന് മുന്നിലുമുള്ള തൊലി വലിഞ്ഞുതൂങ്ങാൻ തുടങ്ങി. അദ്ദേഹത്തിന്റെ വലതുകൈയും കാലുകളും വളഞ്ഞ് ഒടിഞ്ഞു. ഒരു വടി ഉപയോഗിച്ച് മാത്രമേ അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. പ്രായമാകുന്തോറും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കൂടിവന്നു. ഗർഭിണിയായിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ അമ്മയെ ഒരാന ചവിട്ടിയെന്നും, അങ്ങനെയാണ് തനിക്ക് ഈ വൈകല്യങ്ങൾ വന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.    

എന്നാൽ, ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് ഒരു ജനിതക വൈകല്യമാണ്. പ്രോട്ടിയസ് സിൻഡ്രോം എന്നറിയപ്പെടുന്ന അപൂർവ രോഗമായിരുന്നു അവന്. അസ്ഥികളും, ചർമ്മവും, മറ്റ് അവയവങ്ങളും അസാധാരണമായി വളരുന്നതാണ് ഇതിന്‍റെ ലക്ഷണങ്ങൾ. ദുരിതങ്ങളിലൂടെയുള്ള ഒരു നീണ്ടയാത്രയായിരുന്നു മെറിക്കിന്റെ ജീവിതം. 11 വയസുള്ളപ്പോൾ ജീവിതത്തിലെ താങ്ങുംതണലുമായിരുന്ന അമ്മയുടെ മരണം ആ ബാലനെ വല്ലാതെ ഉലച്ചു. 'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം' എന്നാണ് മെറിക്ക് പിന്നീട് അതിനെ വിശേഷിപ്പിച്ചത്. 

പിതാവ് നിരന്തരം മെറിക്കിനെ അധിക്ഷേപിക്കുന്ന ഒരാളായിരുന്നു. അയാളുടെ രണ്ടാം ഭാര്യയും അദ്ദേഹത്തെ വല്ലാതെ ഉപദ്രവിച്ചിരുന്നു. "ഭക്ഷണം വേണമെങ്കിൽ സ്വന്തമായി പോയി എന്തെങ്കിലും സമ്പാദിച്ച് കൊണ്ടു വാ" എന്നവർ മെറിക്കിനോട് പറഞ്ഞു. അതോടെ 11 -ാം വയസ്സിൽ പഠനം നിർത്തി ഒരു സിഗാർ ഫാക്ടറിയിൽ ജോലിയ്ക്ക് പോയി അദ്ദേഹം. എന്നാൽ, അദ്ദേഹത്തിന്റെ കൈ വല്ലാതെ വളയാൻ തുടങ്ങിയപ്പോൾ, പുകയില ഉരുട്ടാൻ പറ്റാതായി. തുടർന്ന് അച്ഛൻ അദ്ദേഹത്തിന് ഒരു സെയില്‍സ് ജോലി വാങ്ങിക്കൊടുത്തു. വീടുകൾ തോറും കയറിയിറങ്ങാൻ തുടങ്ങിയപ്പോഴും, മെറിക്കിന്റെ രൂപം കണ്ട് ആളുകൾ ഓടിയൊളിക്കാൻ തുടങ്ങി. ഒടുവിൽ പണമില്ലാതെ വീട്ടിലെത്തുന്ന മെറിക്കിനെ കാത്ത് അച്ഛൻ വടിയുമായി നിൽക്കുന്നുണ്ടാകും. പണം കൊണ്ടുവരാത്ത ദിവസം ഭക്ഷണം പോലും നൽകാൻ അദ്ദേഹത്തിന്റെ രണ്ടാനമ്മ വിസമ്മതിച്ചിരുന്നു. താൻ എന്തിനാണ് ജീവിക്കുന്നതെന്ന് പോലും മെറിക്ക് ചിന്തിച്ചുപോയി. ഒടുവിൽ 15 വയസ്സുള്ളപ്പോൾ, അദ്ദേഹം വീടുവിട്ട് ഓടിപ്പോയി.  

ദയാലുവായ അമ്മാവൻ ചാൾസ്, മെറിക്കിനെ കുറച്ചുകാലം കൂടെ താമസിപ്പിച്ചു. പിന്നീട് ഒരു വർക്ക്ഹൗസിൽ മെറിക്കിന് ജോലി വാങ്ങിക്കൊടുത്തു. അവിടെ പന്നികളെ നോക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. വളരെ കർശനമായ നിയമങ്ങളുള്ള അവിടെ അദ്ദേഹത്തിന്റെ ജീവിതം മതിലുകൾക്കുള്ളിൽ തളക്കപ്പെട്ടു. കുപ്രസിദ്ധമായ ആ വിക്ടോറിയൻ സ്ഥാപനത്തിൽ, ആരോഗ്യമുള്ള ഒരു വ്യക്തിക്ക് പോലും ജീവിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവിടെ അഞ്ച് വർഷം ചെലവഴിക്കാൻ നിരാലംബനായ മെറിക്ക് നിർബന്ധിതനായി. അതിനിടയിൽ അദ്ദേഹം  ശസ്ത്രക്രിയയ്ക്കും വിധേയനാക്കപ്പെട്ടു. മൂന്നോ, നാലോ ഔൺസ് മാംസം മെറിക്കിന്റെ മുഖത്ത് നിന്ന് മുറിച്ചു മാറ്റപ്പെട്ടു. വേദനയും, കണ്ണുനീരും, ഒറ്റപ്പെടലുമായിരുന്നു അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന കൂട്ട്.

മെറിക്ക് മാനസിക വൈകല്യമുള്ളയാളാണെന്നാണ് ആദ്യം ആളുകൾ വിശ്വസിച്ചിരുന്നത്. പക്ഷേ, സത്യത്തിൽ വായിക്കാനും എഴുതാനും അദ്ദേഹം സ്വയം പഠിച്ചിരുന്നു. എന്നാൽ, മുഖത്തെ വൈകല്യങ്ങൾ കാരണം അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഭക്ഷണം കഴിക്കാൻപോലും അദ്ദേഹം പാടുപെട്ടിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചറിഞ്ഞ ടോം നോർമൻ പ്രശസ്‍തമായ എക്സിബിറ്റുകളിൽ അദ്ദേഹത്തെ പ്രദർശിപ്പിക്കാൻ തുടങ്ങി. മെറിക്കിനെ 'പകുതി മനുഷ്യനും പകുതി ആനയും' എന്നാണ് ടോം വിശേഷിപ്പിച്ചിരുന്നത്. ഷോകളിൽ പ്രദർശിപ്പിച്ച മെറിക്കിനെക്കൊണ്ട് അയാൾ ധാരാളം പണം സമ്പാദിക്കുകയുമുണ്ടായി. മെറിക്കിനും ഇതുവഴി പണം ലഭിച്ചു. തെരുവിലെ ജീവിതത്തേക്കാൾ മികച്ചതാണ് ഇതെന്ന് മെറിക്ക് കരുതി. എന്നാൽ താമസിയാതെ പൊലീസ് അത് അടപ്പിച്ചു.  

അദ്ദേഹത്തിന്റെ മരണവും ഒരു വലിയ ദുരന്തമായിരുന്നു. മെറിക്കിന്‍റെ അസാധാരണമായ ചർമ്മവും അസ്ഥികളുടെ വളർച്ചയും തല ഉൾപ്പടെ ശരീരഭാഗങ്ങൾക്ക് വളരെയധികം നാശമുണ്ടാക്കി. ഭാരമുള്ള ത്വക്ക് മടക്കുകൾ അയാളുടെ തലയെ കൂടുതൽ ഭാരമുള്ളതാക്കി. അതുകൊണ്ടുതന്നെ മെറിക്ക് തലയ്ക്ക് താങ്ങുകൊടുത്ത് ഒരു കസേരയിലാണ് ഉറങ്ങാറ് പതിവ്. മറ്റുള്ളവരെപ്പോലെയാകാനുള്ള ആഗ്രഹത്തിൽ ഒരു ദിവസം കിടക്കയിൽ ഉറങ്ങാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ, തലയുടെ ഭാരം നിമിത്തം കഴുത്ത് ഒടിഞ്ഞ് സുഷുമ്‌നാ നാഡി തകർന്ന് അദ്ദേഹം മരിക്കുകയായിരുന്നു. ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്‌സിറ്റിയിൽ മെറിക്കിന്റെ അസ്ഥികൂടം ഇന്നും ഒരു സ്വകാര്യ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത്രയധികം ദുരന്തങ്ങൾ ഒരു മനുഷ്യജീവിതത്തിൽ എങ്ങനെ സംഭവിച്ചു എന്ന് നമുക്ക് അത്ഭുതം തോന്നാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മറക്കാൻ ഇന്നും ആർക്കും സാധിച്ചിട്ടില്ല. ഒരുപാട് പഠനങ്ങളും, എഴുത്തുകളും, ഒരു സിനിമ പോലും അദ്ദേഹത്തിന്റെ പേരിൽ ഇറക്കിയിട്ടുണ്ട്.  

click me!