കുളി കൊല്ലത്തില്‍ ഒന്നോരണ്ടോ തവണ, കറുത്ത പല്ല് അധികാരത്തിന്‍റെ ലക്ഷണം, കുട്ടികള്‍ക്ക് മയക്കുമരുന്ന്; ചില വിചിത്രശീലങ്ങള്‍

By Web TeamFirst Published Feb 2, 2020, 10:42 AM IST
Highlights

ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്ക് മരുന്നുകൾ ഇന്ന് നിയമവിരുദ്ധമാണ്. എന്നാൽ പഴയ ദിവസങ്ങളിൽ അവ സാധാരണമായാണ് കണക്കാക്കപ്പെട്ടിരുന്നത്.

നമ്മുടെ ലോകത്ത് 'സാധാരണം' എന്നത് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. മുമ്പ് സാധാരണമായി തോന്നിയത് പിന്നീട് അസാധാരണമായിത്തീരാം. ഉദാഹരണത്തിന്, ഇന്ന് സ്വവർഗ്ഗാനുരാഗികളെ അംഗീകരിക്കാനുള്ള പക്വതയിലേക്ക് ചില രാജ്യമെങ്കിലും എത്തിയിട്ടുണ്ട്. എന്നാൽ, 70 -കളിൽ ഒട്ടും അംഗീകരിക്കാൻ കഴിയാത്ത ഒന്നായിരുന്നു അത്. അതുപോലെ തിരിച്ചും സംഭവിക്കാം. അന്ന് സർവസാധാരണമായി നടന്നിരുന്ന ഒരുകാര്യം ഇപ്പോൾ ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങളായി മാറാം. പണ്ടുകാലത്ത് ലോകത്തിൽ നിലനിന്നിരുന്ന ചില വിചിത്രമായ ശീലങ്ങൾ ഇതാ.

രാത്രിയിൽ രണ്ടുതവണ ഉറങ്ങുന്നു

രാത്രിയിൽ നമ്മൾ എത്ര തവണ ഉറങ്ങും? ഒരു തവണ, അല്ലെ? എന്നാൽ മധ്യകാലഘട്ടത്തിൽ (എ.ഡി 476) ഏകദേശം 1800 വരെ ആളുകൾ രാത്രിയിൽ രണ്ടുതവണ ഉറങ്ങാറുണ്ടായിരുന്നുവത്രെ. വൈദ്യുതി കണ്ടുപിടുക്കുന്നതിന് മുൻപത്തെ കാര്യമാണ് ഈ പറയുന്നത്. അന്ന് സൂര്യൻ അസ്തമിക്കുമ്പോഴേക്കും ആ കാലത്തെ ആളുകൾ ഉറങ്ങാൻ കിടക്കും. പക്ഷേ, അങ്ങനെ ഉറങ്ങാൻ കിടന്നാൽ കുറേനേരം അടുപ്പിച്ചുറങ്ങാൻ സാധിച്ചു എന്ന് വരില്ല. അതുകൊണ്ടുതന്നെ, അർദ്ധരാത്രിയോടെ അവർ ഉറക്കമുണർന്ന് ദിവസം ആരംഭിക്കുന്നു. അവർ പ്രാർത്ഥിച്ചും, വായിച്ചും, അയൽക്കാരെ സന്ദർശിച്ചും, അല്ലെങ്കിൽ കുടുംബത്തോടൊപ്പമിരുന്നും കുറച്ച് മണിക്കൂർ ചെലവഴിയ്കുന്നു. അതിനുശേഷം പുലരുവോളം വീണ്ടും ഉറങ്ങുന്നു. 1800 മുതൽ ഈ സമ്പ്രദായം ഇല്ലാതാകാൻ തുടങ്ങി, 1900 -കളിൽ ഇത് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടുവെന്നാണ് പറയുന്നത്. വിചിത്രം അല്ലെ?

കുളിക്കാനോ, ഞാനില്ല!

പണ്ടുള്ളവർ പതിവായി കുളിച്ചിരുന്നില്ല, അവർ ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ അതുമല്ലെങ്കിൽ വർഷത്തിൽ ഒരിക്കലൊക്കെയാണ് കുളിക്കാറുണ്ടായിരുന്നത്. ആഴ്ചയിൽ ഒരിക്കൽ കുളിക്കുന്നവരെ എന്തോ പ്രശ്നമുള്ളവരായിട്ടാണ് കണ്ടിരുന്നത്. പകരമായി അവർ കൈയും മുഖവും  കഴുകുകയും ധാരാളം സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴയ ദിവസങ്ങളിൽ പേൻ സാധാരണമായിരുന്നതിനാൽ അവർ വെളുത്ത വിഗ്ഗുകൾ തലയിൽ ധരിച്ചിരുന്നു. വെള്ളത്തിൽ രോഗങ്ങൾ ഉണ്ടാകും എന്നവർ വിശ്വസിച്ചിരുന്നുവത്രെ. അതുകാരണം ദിവസവും കുളിച്ചാൽ പലവിധ രോഗങ്ങൾ പിടിപെടും എന്നവർ ഭയക്കുകയും ചെയ്‍തു.

കറുത്ത പല്ല് 

ഇന്ന് നമ്മൾ രണ്ട് നേരം പല്ല് തേക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് പറയാറുണ്ട്. എന്നാൽ 16, 17 നൂറ്റാണ്ടുകളിൽ അത് നേരെ മറിച്ചായിരുന്നു. ആ കാലത്ത് ഇംഗ്ലണ്ടിലേക്ക് പഞ്ചസാര ഇറക്കുമതി ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിൽ പഞ്ചസാര വളരെ വിലപിടിപ്പുള്ളതായിരുന്നു. സമൂഹത്തിലെ ഉയർന്ന തട്ടിലുള്ളവർ മാത്രമേ അത് ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ അവയുടെ അമിതമായ ഉപയോഗം അവരുടെ പല്ലുകൾ കേടാക്കി. എലിസബത്ത് രാജ്ഞിയ്ക്ക് മധുരപലഹാരങ്ങളോടുള്ള ഇഷ്ടം കാരണം അവരുടെ പല്ല് പലതും പൊഴിഞ്ഞു. മാത്രമല്ല അവൾ സംസാരിക്കുമ്പോൾ ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ സമൂഹത്തിൽ കറുത്ത പല്ല് സൗന്ദര്യത്തിൻ്റെയും അധികാരത്തിൻ്റെയും അടയാളമായി മാറി. അവസാനം ആളുകൾ പല്ലുകൾ കറുപ്പിക്കാൻ സൗന്ദര്യവർദ്ധകവസ്തുക്കളും, കരിയും ഉപയോഗിയ്ക്കാൻ തുടങ്ങി.

പുകവലി



വളരെക്കാലം മുൻപ് പുകവലി ഒരു ആചാരത്തിൻ്റെ ഭാഗമായിരുന്നു. ആശുപത്രികളിലും സ്കൂളുകളിലും വിമാനങ്ങളിലും എല്ലായിടത്തും അവർ പുകവലിച്ചിരുന്നു. സിഗരറ്റ് ശരീരത്തിന് നല്ലതാണെന്നും അത് "ശരീരത്തെ ചൂടാക്കുകയും" ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് അവർ കരുതി. പക്ഷേ, അവർക്ക് കിട്ടിയത് ക്യാൻസറായിരുന്നു.

കുട്ടികൾക്കുള്ള മയക്കുമരുന്നുകൾ



ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ മയക്ക് മരുന്നുകൾ ഇന്ന് നിയമവിരുദ്ധമാണ്. എന്നാൽ പഴയ ദിവസങ്ങളിൽ അവ സാധാരണമായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതും പോരാത്തതിന് മരുന്നായി പോലും അവ ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ്, മോർഫിന് പകരമായി ഹെറോയിനാണ് ഉപയോഗിച്ചിരുന്നത്. അത്  സ്റ്റോറുകളിൽ ചുമക്കുള്ള മരുന്നായി വിൽക്കുകയും ചെയ്തിരുന്നു. ഇത് പലപ്പോഴും കുട്ടികൾക്കും നല്കാറുണ്ടായിരുന്നു. ജർമ്മനി 1974 വരെ ഇത് ഉപയോഗിച്ചുരുന്നു. ഡിറ്റക്ടീവ് ഷെർലക് ഹോംസിൻ്റെ കഥകളിൽ ഇത് കാണാം.

ശൗചാലയം

ഇക്കാലത്ത് സെപ്റ്റിടാങ്ക് പോലുള്ള സൗകര്യങ്ങൾ നിലവിലുണ്ട്. എന്നാൽ, അതൊന്നുമില്ലാതിരിക്കുന്ന ഒരു കാലത്ത് എങ്ങനെയായിരുന്നിരിക്കും?  അതിനുമുമ്പ് വിസർജ്ജ്യം ജനാലയിലൂടെ പുറത്തേക്ക് കളയുകയാണ് പതിവ്. ചിലപ്പോൾ ആളുകൾ കടന്നുപോകുന്ന വഴിയിലും ഇത് കളയാറുണ്ട്. ടോയ്‌ലറ്റ് കണ്ടുപിടിക്കുന്നതിനുമുമ്പ്, സമ്പന്നർക്ക് പോട്ടിയും, ദരിദ്രർക്ക് ബക്കറ്റും ഉണ്ടായിരുന്നു, ബക്കറ്റ് നിറയുമ്പോൾ ഇന്നത്തെ പോലെയുള്ള സംവിധാനമില്ലാത്തതിനാൽ അത് തെരുവിലേക്ക് എറിഞ്ഞു കളയുമായിരുന്നുവത്രെ.
 

click me!